വയലിൽ നിന്നും വീട്ടിലേക്ക്

വയലിൽ നിന്നും വീട്ടിലേക്ക്

അനുസ്മരണം:

വയലിൽ നിന്നും വീട്ടിലേക്ക്

ഇവാ മോൻസി മാമ്മൻ തിരുവനന്തപുരം (വൈസ് പ്രസിഡന്റ്, പെന്തെകോസ്ത് യങ് പീപ്പിൾസ് അസോസിയേഷൻ, കേരള സ്റ്റേറ്റ്)

ഴിഞ്ഞ ദിവസം രാവിലെ ഞാൻ കേട്ടുണർന്ന വാർത്ത പ്രിയ വിത്സൻ ബ്രദറിന്റെ വേർപാടിന്റെ വാർത്ത ആയിരുന്നു. വളരെ ഞെട്ടലോടെയും വേദനയോടുമാണ് ആ വാർത്ത ഞാൻ കേട്ടത്. പ്രിയ വിൽ‌സൺ അങ്കിളിനെകുറിച്ച് ഓർക്കുമ്പോൾ ഓർമ്മകൾ പോകുന്നത് എന്റെ ബാല്യകാലത്തെക്കാണ്. പരശുവക്കൽ ലൗ ആർമി ക്രൂസേഡിന്റെ നേതൃത്വത്തിൽ എല്ലാ വേനലാവധിസമയത്തും നടത്തി വരുന്ന സ്റ്റുഡന്റസ് ക്യാമ്പ്. ഒരു പരിധി എന്നെ സുവിശേഷ വേലയിലേക്ക് നയിച്ചതും മിനിസ്ട്രിക്ക് വേണ്ടി സമർപ്പിക്കുവാൻ തീരുമാനം എടുക്കുവാൻ പ്രേരിപ്പിച്ചതും ഈ സ്റ്റുഡന്റ് ക്യാമ്പുകൾ ആയിരുന്നു. എനിക്ക് മാത്രമല്ല ഓരോ വർഷവും നൂറു കണക്കിന് കുട്ടികൾ ക്രിസ്തുവിനെ സ്വന്ത രക്ഷിതാവായി സ്വീകരിക്കുവാനും സുവിശേഷ വേലക്ക് സമർപ്പിക്കപെടുവാനും സ്റ്റുഡന്റ് ക്യാമ്പിന് കഴിഞ്ഞിരുന്നു. എനിക്ക് വ്യക്തിപരമായി വിത്സൻ അങ്കിളുമായുള്ള ബന്ധം എന്റെ പിതാവിന്റെ ശുശ്രുഷയുമായി ഉള്ള ബന്ധത്തിലാണ്. എന്റെ പിതാവ് ശുഷ്രുഷിച്ചിരുന്ന സഭയിലായിരുന്നു പ്രിയ വിത്സൻ ബ്രദറിന്റെ സഹോദരിയെ വിവാഹം ചെയ്ത് അയച്ചിരുന്നത്. അന്ന് മുതൽ വിത്സൻ ബ്രദറുമായും അദ്ദേഹത്തിന്റെ പ്രസ്ഥാനവുമായും അടുത്ത് പ്രവർത്തിക്കുവാനുള്ള ഒത്തിരി അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. 

സ്വന്തമായി ഒരു വലിയ സുവിശേഷ പ്രസ്ഥാനത്തെ നയിക്കുമ്പോഴും അതിന്റെ യാതൊരു അഹങ്കാരമോ ജാഡകളോ ഇല്ലാത്ത ഒരു നേതാവായിരുന്നു ബ്രദർ ജെ വിത്സൻ. പേരുകൊണ്ടും ജന്മം കൊണ്ടും അദ്ദേഹം ഒരു മലയാളി ആണെങ്കിലും തന്റെ പ്രവർത്തന മണ്ഡലത്തിൽ ഭൂരിഭാഗം സമയവും ചിലവഴിച്ചത് ഉത്തരേന്ത്യയിലും അയൽ രാജ്യങ്ങളായ ഭൂട്ടാനിലും നേപ്പാളിലും ആയിരുന്നു. അത് കൊണ്ട് തന്നെ തന്റെ സ്വന്ത നാട്ടിൽ അപൂർവമായി മാത്രമെ താൻ വന്നിരുന്നുള്ളൂ. തന്റെ ഹൃദയവും ശരീരവും പൂർണമായും വടക്കെന്ത്യക്കു വേണ്ടി സമർപ്പണം ചെയ്ത മിഷണറി ആയിരുന്നു വിത്സൻ ബ്രദർ. അത് കൊണ്ട് തന്നെയാണ് കേരളത്തിലെ പ്രസംഗവേദികളിലും മിഷൻ ചലഞ്ച് സെമിനാർ വേദികളിലും ഒന്നും തന്നെ അത്ര കണ്ട് സുപരിചിതൻ ആയിരുന്നില്ല ജെ. വിത്സൻ. 

അദ്ദേഹം എല്ലാ വർഷവും നടത്തി വന്നിരിന്ന ഭാരത പ്രാർത്ഥന യാത്രകൾ അനേകം പേർക് സുവിശേഷ രണാങ്കാണത്തിൽ അവരുടെ പ്രേക്ഷിത വേല തുടരുവാനുള്ള ഒരു ഊർജ സ്രോതസ് ആയിരുന്നു. ആരും അറിയപ്പെടാതെ കിടക്കുന്ന വടക്കെ ഇന്ത്യൻ ഗ്രാമങ്ങളിൽ കടന്ന് ചെന്ന് അവിടെയുള്ള മിഷൻ പ്രവർത്തകരുമായി പ്രാർത്ഥനയിൽ ചിലവഴിക്കുന്ന സമയങ്ങൾ എന്നും അവർക്ക് അവരുടെ പ്രതികൂല ഘട്ടങ്ങളിൽ ഒരു പ്രചോദനം ആയിരുന്നു. അങ്ങനെ ഒരു യാത്രക്കിടെയാണ് പ്രിയ വിത്സൻ ബ്രദർ തന്റെ ഓട്ടം പൂർത്തിയാക്കി താൻ പ്രിയം വെച്ച വീട്ടിലേക്ക് യാത്രയായതും. ഇന്ത്യയുടെ ഉണർവിനായി കൊതിച്ച ഒരുഹൃദയത്തിന്റെ ഉടമയായിരുന്നു വിത്സൻ ബ്രദർ. ഇന്ത്യയുടെ എല്ലാ ജില്ലകളിലും പോയി പ്രാർത്ഥിച്ചു സുവിശേഷം അറിയിച്ച ക്രിസ്തുവിന്റെ ധീര പോരാളിയായിരുന്നു. ഭാരതത്തിലെ എല്ലാ ജില്ലകളിലും യാത്ര ചെയ്തു ഒരു ജില്ലയിൽ അവിടെയുള്ള ദൈവദാസന്മാരെ കൂട്ടി മൂന്ന് മണിക്കൂർ എന്ന ക്രമത്തിൽ പ്രാർത്ഥനകൾ നടത്തി 325 ജില്ലകൾ പിന്നിട്ടു ഹരിയാനയിലെ റീവാരി ജില്ലയിൽ കഴിഞ്ഞ ദിവസം വൈകുന്നേരം എത്തിച്ചേർന്നപ്പോഴാണ് നിത്യതയിലേക്ക് ചേർക്കപെട്ടത്.

ഇന്ത്യയിലെ തന്നെ ഒരു വലിയ സാമാന്തര സുവിശേഷ പ്രസ്ഥാനം തന്നെയാണ് ലൗ ആർമി ക്രൂസെഡ് (LAC). കേരളത്തിൽ ലാക് മിനിസ്ട്രിസിന്റെ ആസ്ഥാന കേന്ദ്രം തിരുവനന്തപുരം ജില്ലയിലെ കേശവദാസപുരത്തും പരശവക്കലുമായിട്ടാണ്. ആയിരക്കണക്കിന് യുവതീ യുവാക്കന്മാരെ ഭാരത സുവിശേഷികരണത്തിനു സജ്ജ്‌മാക്കുന്നതിനു പരശുവെക്കലിൽ നടക്കുന്ന ഒരു മാസ ട്രെയിനിങ് പ്രോഗാമുകൾക്ക് സാധിച്ചിട്ടുണ്ട്. 

വിളിച്ചവനെ പ്രസാദിപ്പിക്കാൻ പോർക്കളത്തിൽ ധീരതയോടെ പോരാടിയ ശക്തനായ പടയാളിയായിരുന്നു വിത്സൻ ബ്രദർ എന്ന് പറയുന്നതിൽ യാതൊരു അതിശയോക്തിയും ഇല്ല. ഭാരത ഉണർവിന് വേണ്ടി എന്തും ചെയ്യുവാനും, എവിടെ പോകുവാനും തയ്യാറായ അത്യുൽസാഹിയായിരുന്നു.സുവിശേഷ സഞ്ചാരപ്രിയൻ, പ്രാർത്ഥന വീരൻ, പ്രേരകാത്മാവുള്ള അഭിഷിക്തൻ, ഈ തലമുറയിലെ സുവിശേഷകർക്ക് മാതൃകയാക്കാൻ കൊള്ളാവുന്ന മാർഗ്ഗദർശി. ഇതൊക്കെ മാത്രമല്ല എന്നെ പോലുള്ള അനേകം യുവ സുവിശേഷകർക്ക് പ്രചോദനം തന്നെയാണ് വിത്സൻ ബ്രദറിന്റെ സുവിശേഷ ജീവിതം. പ്രിയപ്പെട്ട വിൽസൺ ബ്രദർ.താങ്കൾ ഞങ്ങൾക്ക് അഭിമാനമാണ്.താങ്കൾ വെച്ചേച്ചു പോയ നല്ല മാതൃക പിന്തുടരുവാൻ ഞങ്ങൾ ബാധ്യസ്ഥരാണ്. 

സ്വന്ത ദേശത്തേക്കാളും, കുടുംബ കല്ലറകളേക്കാളും മിഷനറിമാർ ഏറ്റവും ആഗ്രഹിക്കുന്നത് അവരുടെ ഭൗതീക ശരീരം അവരുടെ കർമ്മ ഭൂമിയിൽ അലിഞ്ഞു ചേരുന്നതാണ്. വിത്സൻ ബ്രദറിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു ഉത്തരേന്ധ്യയുടെ മണ്ണിൽ വെച്ച് തന്നെ തന്റെ യാത്ര അവസാനിക്കണം എന്നുള്ളത്. തന്റെ ആഗ്രഹം പോലെ തന്നെ തന്റെ ജീവിതത്തിലെ ഓട്ടം അവസാനിക്കുന്നത് തന്റെ പ്രേക്ഷിത വയലിൽ വെച്ച് തന്നെ. 

കർത്താവിന്റെ കാഹള നാദത്തിങ്കൽ, വിശുദ്ധന്മാരുടെ ഉയർപ്പിൻ പെൻപുലരിയിൽ തേജസ്സോടെ പ്രീയ ദൈവ ഭൃത്യനെ വീണ്ടും കാണാം എന്ന പ്രത്യാശയോടെ വിട ചൊല്ലുന്നു.

Advertisement