മണിപ്പൂര്‍ : സമാധാന നൈറ്റ് മാർച്ച് നാളെ ജൂലൈ 27 ന് തിരുവല്ലയില്‍

മണിപ്പൂര്‍ : സമാധാന നൈറ്റ് മാർച്ച്  നാളെ ജൂലൈ 27 ന്  തിരുവല്ലയില്‍

തിരുവല്ല : മനസ്സാക്ഷി മരവിക്കുന്ന സംഭങ്ങളിലൂടെ മണിപ്പൂരിനെ പിച്ചിച്ചീന്തിയ നരാധമന്മാര്‍ക്കെതിരെയും മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടും വിവിധ ക്രൈസ്തവസഭകളുടെ സഹകരണത്തോടെ നാഷണല്‍ ക്രിസ്ത്യന്‍ മുവ്‌മെന്റ് ഫോര്‍ ജസ്റ്റിസ് സംഘടിപ്പിക്കുന്ന ഐക്യദാര്‍ഢ്യ സാമാധാന നൈറ്റ് മാർച്ച് നാളെ (27/07/2023, വ്യാഴം) തിരുവല്ല പട്ടണത്തില്‍ നടക്കും.

മെഴുകുതിരിയുമേന്തി നാളെ വൈകിട്ട് 6.30-ന് തുകലശേരി സെന്റ് തോമസ് സിഎസ്‌ഐ പള്ളി അങ്കണത്തില്‍ നിന്നും തുടങ്ങുന്ന നൈറ്റ് മാര്‍ച്ച് ബൈപ്പാസ് വഴി ടൗണ്‍ ചുറ്റി സെന്റ് ജോണ്‍സ് കത്തീഡ്രല്‍ പള്ളി അങ്കണത്തില്‍ സമാപിക്കും. 

ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രപ്പൊലീത്ത, ആര്‍ച്ച് ബിഷപ്പ് ഡോ.തോമസ് മാര്‍ കുറിലോസ്, ഡോ. യുഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പൊലീത്ത, ബിഷപ്പ് തോമസ് സാമുവേല്‍, കുര്യാക്കോസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത, ഡോ. ഗീവര്‍ഗീസ് മാര്‍ കുറിലോസ് മെത്രാപ്പൊലീത്ത, മാത്യൂസ് മാര്‍ സില്‍വാനിയോസ് എപ്പിസ്‌കോപ്പ, മേജര്‍ ഒ.പി.ജോണ്‍, പാസ്റ്റര്‍മാരായ രാജു പുവക്കാല, ജെ. ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കും. കൂടാതെ വിവിധ സഭാവിഭാഗങ്ങളിലെ വൈദീകരും, പാസ്റ്റര്‍മാരും, വിശ്വാസ സമൂഹവും പങ്കെടുക്കും. എം സി റോഡില്‍ ചെങ്ങന്നുര്‍ ഭാഗത്ത് (തെക്ക്) നിന്നും വരുന്ന വാഹനങ്ങള്‍ സിഎംഎസ് സ്‌കൂള്‍ ഗ്രൗണ്ടിലും തിരുവല്ല ഭാഗത്ത് (വടക്ക്) നിന്നും വരുന്ന വാഹനങ്ങള്‍ സെന്റ് തോമസ് പള്ളിയുടെ സമീപമുള്ള ഗ്രൗണ്ടിലും പാര്‍ക്ക് ചെയ്യേണ്ടതാണ്. 

സെന്റ് ജോണ്‍സ് കത്തീഡ്രലില്‍ എത്തുന്നവരെ തിരികെ തുകലശേരിയില്‍ കൊണ്ടുവരുവാന്‍ വാഹന സൗകര്യം ക്രമികരിച്ചിട്ടുണ്ടെന്ന് എന്‍സിഎംജെ സംസ്ഥാന സെക്രട്ടറി പാസ്റ്റര്‍ ജെയ്‌സ് പാണ്ടനാട്, നൈറ്റ് മാര്‍ച്ച് ചെയര്‍മാന്‍ റവ. അലക്‌സ് പി. ഉമ്മന്‍ എന്നിവര്‍ അറിയിച്ചു. ഫോണ്‍ : 9446392303