ജോസ് പ്രകാശ് കരിമ്പിനേത്തിന്റെ സംഗീത സപര്യയുടെ 50-ാം വാർഷികം ജന്മനാട്ടിൽ

ജോസ് പ്രകാശ് കരിമ്പിനേത്തിന്റെ സംഗീത സപര്യയുടെ 50-ാം വാർഷികം ജന്മനാട്ടിൽ

തിരുവല്ല: 'സംഗീതത്തിലൂടെ സുവിശേഷീകരണം' എന്ന ലക്ഷ്യത്തോടെ ക്രൈസ്തവ സംഗീതരംഗത്ത് ഇന്ത്യയിലും അമേരിക്കയിലും സജീവമായി പ്രവർത്തിച്ച, ദിവ്യധാരാ മ്യൂസിക് മിനിസ്ട്രി സ്ഥാപകൻ ജോസ് പ്രകാശ് കരിമ്പിനേത്തിന്റെ സംഗീത ശുശ്രൂഷയുടെ അൻപതാം വാർഷികം ജന്മനാടായ തിരുവല്ല പുളിക്കീഴിൽ നടക്കും.

"നന്ദിയോടെ.... @50" എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ മെഗാ സംഗീത നിശയിൽ കേരളത്തിലെ പ്രമുഖ ഗായകരും കലാകാരന്മാരും പങ്കെടുക്കും. പവ്വർ വിഷൻ ചെയർമാൻ പാസ്റ്റർ കെ.സി. ജോൺ മുഖ്യ പ്രഭാഷണം നടത്തും. പൗരാവലി ജോസ് പ്രകാശ് കരിമ്പിനേത്തിനെ ആദരിക്കും. തിരുവല്ല - മാവേലിക്കര റൂട്ടിൽ വളഞ്ഞവട്ടത്ത് റിയോ - ടെക്സസ് കൺവൻഷൻ സെന്ററിൽ 2024 ജനുവരി 6 ന് നടക്കുന്ന  പ്രോഗ്രാമിനോടനുബന്ധിച്ച് വിവിധ ജീവകാരുണ്യ സഹായങ്ങളുടെ വിതരണവും നടക്കും.

നാട്ടിൽ പി.വൈ.പി.എ.യിലൂടെ പൊതുപ്രവർത്തനത്തിലും സംഗീത ശുശ്രൂഷയിലും സജീവമായ ജോസ് പ്രകാശ് പിന്നീട് അമേരിക്കയിലേക്ക് കൂടിയേറി. അമേരിക്കൻ മലയാളി കോൺഫ്രൻസിന്റെ ആരംഭകാല സംഘാടക സമിതിയിൽ പ്രവർത്തിക്കുകയും ദീർഘകാലം കോൺഫ്രൻസിന്റെ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകുകയും ചെയ്തു. ഐപിസി ഫാമിലി കോൺഫറൻസ്കളുടെ മൂസിക് കോർഡിനേറ്റർ ആയും പ്രവർത്തിച്ചിട്ടുണ്ട്.

ഗായകൻ, ഗാനരചയിതാവ്, സംഘാടകൻ, ഫിലിം പ്രൊഡ്യൂസർ എന്നീ നിലകളിലൊക്കെ പ്രവർത്തിച്ചു. കുമ്പനാട് കൺവൻഷനെ കുറിച്ച് ആദ്യമായി ഡോക്യുമെന്ററി നിർമ്മിച്ചതും ഇദ്ദേഹമാണ്. ഡാളസിലെ പി.വൈ.സി.ഡി എന്ന യുവജനപ്രസ്ഥാനത്തിന്റെ സ്ഥാപകരിൽ ഒരാളാണ്. 

തിരുവല്ല പുളിക്കീഴ് കരിമ്പിനേത്ത് കെ.വി ജോസഫ് - അച്ചാമ്മ ദമ്പതികളുടെ മകനായാണ് ജനനം. ഭാര്യ: ഗ്രെയ്സ് - സീയോൻ ഗീതാവലി എന്ന പാട്ടുപുസ്തകത്തിന്റെ ആരംഭകനായ പാസ്റ്റർ എം.ടി. ജോസഫിന്റെ മകളാണ്. മൂന്ന് മക്കൾ. 

ഡാളസിൽ ആദ്യമായി ലിമോസിൽ ബിസിനസ് ആരംഭിച്ച ഇന്ത്യക്കാരൻ എന്ന നിലയിലും പ്രസിദ്ധനാണ്. ഇപ്പോൾ വിശ്രമ ജീവിതത്തോടൊപ്പം മെറിഡിയൻ ഫെലോഷിപ്പ് എന്ന ആത്മീയ കൂട്ടായ്മക്ക് നേതൃത്വവും നൽകുന്നു.

മരണത്തെ മുഖാമുഖം കണ്ട നിരവധി ജീവിതാനുഭവങ്ങളുടെയും ദൈവീക വിടുതലുകളുടെയും നേർസാക്ഷികൂടെയാണ് ജോസ് പ്രകാശ് എന്ന സംഗീത ശുശ്രൂഷകൻ.

Advertisement