അറുനൂറോളം കുഞ്ഞുങ്ങളിൽ ആത്മീയ ചൈതന്യം പകർന്ന് ആൽപ്പാറ വിബിഎസ്
വാർത്ത: സജി പീച്ചി
തൃശൂർ : അറുനോറൂറോളം കുട്ടികളിൽ സുവിശേഷ താല്പര്യവും ആത്മീയ ചൈതന്യവും പകർന്നു നല്കിയ ആൽപ്പാറ വിബിഎസ് ശ്രദ്ധേയമായി.
ഐപിസി ആൽപ്പാറ ഹെബ്രോൻ സഭാഹാളിൽ നടന്ന പവർ വിബിഎസിൽ വാണിയംപാറ മുതൽ മാന്ദാമംഗലം വരെയും സമീപ പ്രദേശങ്ങളിൽ നിന്നും ബാലികാ ബാലന്മാർ പങ്കെടുത്തു.
ബാലികാബാലന്മാരുടെ അന്ത:കരണത്തിൽ സുവിശേഷത്തിന്റെ വെള്ളിവെളിച്ചം പകരാൻ കഴിഞ്ഞതിലുള്ള സംതൃപ്തിയിലാണ് അദ്ധ്യാപകരും സംഘാടകരും.
നല്ല മുന്തിരി വള്ളി (Great Grapes John 15:1) എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി വ്യത്യസ്ത ആശയങ്ങൾ ഉൾക്കൊള്ളുന്ന ഗാനങ്ങളും ക്രിസ്തു കേന്ദ്രീകൃത പഠനങ്ങളും ബൈബിൾ സംഭവങ്ങൾ ഇതിവൃത്തമാക്കി അവതരിപ്പിച്ച സ്കിറ്റുകളും നല്ല നിലവാരം പുലർത്തി.
പാസ്റ്റർ സനൽ വർഗീസ് പ്രാർത്ഥിച്ച് ആരംഭിച്ച വിബിഎസിൽ പാസ്റ്റർ ഷിജു സാമുവേൽ അധ്യക്ഷനായിരുന്നു. പാസ്റ്റർ ജോൺ തോമസ് ഉദ്ഘാടനം ചെയ്തു. അഞ്ചു ദിനങ്ങളും ഉത്സവപ്രതീതി നിറഞ്ഞ അന്തരീക്ഷമായിരുന്നു ആൽപ്പാറ ഹെബ്രോൻ ഹാൾ പരിസരവും.
ഐപിസി കേരള സ്റ്റേറ്റ് സൺഡേ സ്കൂൾ അസോസിയേഷന്റെ നിയന്ത്രണത്തിലുള്ള പവർ വി ബി എസ് സിലബസാണ് ഈ വർഷം പഠനത്തിനായി തെരെഞ്ഞെടുത്തത്. വിവിധ പ്രസ്ഥാനങ്ങളിൽപ്പെട്ട തൃശൂരിലെ നാൽപ്പത്തിയേഴോളം സഭകളുടെ സഹകരണത്തിലാണ് ഇത്തവണ വിബിഎസ് സംഘടിപ്പിച്ചത്.
എല്ലാ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സന്നദ്ധ സേവനം ചെയ്തവർക്കും സമ്മാനം നൽകി. സമാപന ദിനം നടന്ന റാലി ആവേശോജ്വലവും ശ്രദ്ധയാകർഷിക്കുന്നതുമായിരുന്നു.
പാസ്റ്റർമാരായ ഷിജു സാമുവേൽ, ജോബി ജോസഫ്, സഹോദരന്മാരായ ഇ.യു ജോർജ്, ഇ. വി ജോർജ്, കെ എം ദാനിയേൽ, സിസ്റ്റർ സിഞ്ചു മാത്യു എന്നിവരും ആൽപ്പാറ സഭാ വിശ്വാസികളും ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.