അക്ഷര നഗരിയിൽ ആത്മചൈതന്യം പകർന്ന വിക്ലിഫ് ഇന്ത്യ സമ്മേളനം

അക്ഷര നഗരിയിൽ ആത്മചൈതന്യം പകർന്ന വിക്ലിഫ് ഇന്ത്യ സമ്മേളനം

കോട്ടയം :  വിവിധ സഭകളുടെ സഹകരണത്തോടെ വിക്ലിഫ് ഇന്ത്യ നടത്തിയ പ്രൊമോഷണൽ സമ്മേളനവും സുവിശേഷയോഗവും അക്ഷരനഗരിയിൽ ആത്മചൈതന്യം പകർന്നു. മെയ് 21 ന് ഐ.പി.സി.സയോൺ ടാബർനാക്കിൾ ചർച്ചിൽ നടന്ന സമ്മേളനത്തിൽ വിക്ലിഫ് ഇന്ത്യ സി.ഇ.ഒ സാം കൊണ്ടാഴി അദ്ധ്യക്ഷത വഹിച്ചു. ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് സ്‌റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ടി.എം. കുരുവിള ഉദ്ഘാടനം നിർവഹിച്ചു.

വിക്ലിഫ് ഇന്ത്യ സ്ഥാപക പ്രസിഡന്റ് റവ. ജേക്കബ് ജോർജ്ജ് ബൈബിൾ പരിഭാഷ മിനിസ്ട്രിയുടെ ആരംഭവും വളർച്ചയും വിശദീകരിച്ച് പ്രസംഗിച്ചു. പാസ്റ്റർ ബാബു ചെറിയാൻ മുഖ്യപ്രഭാഷണം നടത്തി. നാഗ്പൂരിൽ 20 വർഷമായി ബൈബിൾ പരിഭാഷ പ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്ന ഇവാ.തോമസ് മാത്യുവും കുടുംബവും മിഷൻ ഫീൽഡിലെ അനുഭവങ്ങൾ പങ്കുവെച്ചു.

വിക്ലിഫ് ഇന്ത്യയുടെ വിവിധ പ്രവർത്തനങ്ങളെ പരിചയപ്പെടുത്തുന്ന വീഡിയോ പ്രദർശനവും നടത്തി. കോട്ടയം തിയോളജിക്കൽ സെമിനാരി പ്രിൻസിപ്പാൾ ഡോ.എബി പീറ്റർ പ്രസംഗിച്ചു. ടോണി ഡി. ചെവ്വൂക്കാരൻ യോഗം ലീഡ് ചെയ്തു.

പ്രോഗ്രാം കമ്മറ്റി കൺവീനർ എബി ചാക്കോ ജോർജ്ജ് സ്വാഗതവും ഇവാ. ജിജി മാത്യു നന്ദിയും പറഞ്ഞു. ഷാരോൺ വർഗീസും, ജിസൻ കെ. ജോർജ്ജും ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. പാസ്റ്റർമാരായ കുര്യൻ കെ. ഫിലിപ്പ്, കെ.ജെ.ജോബ്, ഫിന്നി കുരുവിള എന്നിവർ പ്രാർത്ഥന നയിച്ചു.

പാസ്റ്റർമാരായ ക്രിസ്റ്റോഫർ വർഗീസ്, പി.ജെ.ഡേവിഡ്, പി.ജെ.പോൾസൺ, ബ്രദർ മാത്യുസ് ജോർജ്ജ് (ബിനോയ്), സിജോ ചെറിയാൻ, വർഗീസ് ബേബി എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകി.