എന്നാൽ സ്വന്തകണ്ണിലെ കോൽ ഓർക്കാതെ സഹോദരന്റെ കണ്ണിലെ കരടു നോക്കുന്നതു എന്തു?

എന്നാൽ സ്വന്തകണ്ണിലെ കോൽ ഓർക്കാതെ സഹോദരന്റെ കണ്ണിലെ കരടു നോക്കുന്നതു എന്തു?
  • എന്നാൽ സ്വന്തകണ്ണിലെ കോൽ ഓർക്കാതെ സഹോദരന്റെ കണ്ണിലെ കരടു നോക്കുന്നതു എന്തു? അല്ല, സ്വന്ത കണ്ണിൽ കോൽ ഇരിക്കെ നീ സഹോദരനോടു: നില്ലു, നിന്റെ കണ്ണിൽ നിന്നു കരടു എടുത്തുകളയട്ടേ, എന്നു പറയുന്നതു എങ്ങനെ? (മത്തായി 7:3-5)

ന്റെ മഹത്തായ ഗിരിപ്രഭാഷണത്തിൽ, യേശുക്രിസ്തു ചിലപ്പോൾ ഭാഷയിലെ  "അതിശയോക്തി " പ്രയോഗം ഉപയോഗിച്ചിട്ടുണ്ട്. അത്തരത്തിലുള്ള ഒരു ഉദാഹരണമാണിത്. മറ്റൊരു തർജ്ജമ കുറേക്കൂടി വിശേഷമായിത്തോന്നുന്നു. "യേശു ചോദിച്ചു, “നീ എന്തിനാണ് നിന്റെ സഹോദരന്റെ കണ്ണിലെ മരപ്പൊടി നോക്കുകയും സ്വന്തം കണ്ണിലെ പലക ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്നത്? നിങ്ങളുടെ സ്വന്തം കണ്ണിൽ എല്ലായ്‌പ്പോഴും ഒരു പലക ഉണ്ടായിരിക്കുമ്പോൾ, ‘നിന്റെ കണ്ണിലെ കരട് ഞാൻ എടുത്തുകളയട്ടെ’ എന്ന് നിങ്ങൾക്ക് എങ്ങനെ നിങ്ങളുടെ സഹോദരനോട് പറയാൻ കഴിയും? കപടഭക്തിക്കാരേ, ആദ്യം സ്വന്തം കണ്ണിലെ പലക എടുത്തുകളയുക, അപ്പോൾ നിങ്ങളുടെ സഹോദരന്റെ കണ്ണിലെ കരട് നീക്കം ചെയ്യാൻ നിങ്ങൾ വ്യക്തമായി കാണും". 

സ്വന്തം കണ്ണിൻ്റെ കാഴ്ച മറയ്ക്കത്തക്ക പലക വച്ചുകൊണ്ടു  ഒരു സുഹൃത്തിന്റെ കണ്ണിൽ നിന്ന് വീണുപോയ ഒരു ചെറിയ അറവുപൊടി  വേർതിരിക്കുക എന്ന സെൻസിറ്റീവ് ബിസിനസ്സുമായി മല്ലിടുന്ന ഒരാളുടെ ഉജ്ജ്വലമായ വാഗ്മയചിത്രം യേശു ഇവിടെ വരച്ചു കാണിക്കുന്നു .  

യേശു ഇവിടെ അക്ഷരാർത്ഥത്തിൽ സംസാരിച്ചിട്ടില്ലെന്ന് വ്യക്തമാണ്. പകരം, മറ്റുള്ളവരുടെ ചെറിയ കുറവുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ പലരും  പലപ്പോഴും തന്റെ വലിയ തെറ്റുകൾ മറച്ചുവയ്‌ക്കുന്നു  എന്ന സത്യം മനുഷ്യ മനസ്സുകളിലേക്ക് കടത്തിവിടാൻ  ഒരു  അതിശയോക്തി പ്രയോഗിക്കുകയായിരുന്നു. നമ്മുടെ സ്വന്തം പാപത്തെ അവഗണിക്കുകയോ ചെറുതാക്കുകയോ ആരെങ്കിലും ക്ഷമിക്കുകയോ ചെയ്യുമ്പോൾ അപരന്റെ  കുറവുകൾ കാണാനും അവരുടെ പാപത്തെ വിലയിരുത്താനുമുള്ള സ്വാഭാവിക മനുഷ്യ പ്രവണതയെ ക്രിസ്തുവിന്റെ പ്രസംഗത്തിന്റെ ഈ ഭാഗം അഭിസംബോധന ചെയ്യുന്നു.

വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രീയെ യേശുവിന്റെ സന്നിധിയിൽ കൊണ്ടുവന്നപ്പോൾ, അവൻ ശാസ്ത്രിമാരോടും പരീശന്മാരോടും പറഞ്ഞു, "നിങ്ങളിൽ പാപമില്ലാത്തവൻ അവളെ ആദ്യം കല്ലെറിയട്ടെ" (യോഹന്നാൻ 8: 7) . യേശു ആ സ്ത്രീയുടെ പാപത്തെ ന്യായീകരിക്കുകയല്ല, പകരം ന്യായവിധി നടത്തുമ്പോൾ സ്ഥിരത, സത്യസന്ധത, വിനയം എന്നിവയുടെ ആവശ്യകത ചൂണ്ടിക്കാട്ടുകയായിരുന്നു .

ന്യായവിധിയുടെ കത്തി ഇരുതല മൂർച്ചയുള്ളതെന്നു കർത്താവ് നമ്മെ ഓർമ്മിപ്പിക്കുന്നു . നാം മറ്റുള്ളവരെ വിധിക്കുമ്പോൾ നമ്മെത്തന്നെ കുറ്റപ്പെടുത്തുന്നു. ആത്മാർത്ഥമായും കൃത്യമായും സ്വയം വിലയിരുത്താൻ നമ്മൾ  തയ്യാറായില്ലെങ്കിൽ, മറ്റുള്ളവരുടെ ജീവിതം സൂക്ഷ്മമായി പരിശോധിക്കാനുള്ള നമ്മുടെ സ്വാഭാവം  നമ്മളെത്തന്നെ  ഇല്ലായ്മ ചെയ്കയാണ്. യേശു പറഞ്ഞു, “വിധിക്കരുത്, അല്ലെങ്കിൽ നിങ്ങളും വിധിക്കപ്പെടും. നിങ്ങൾ മറ്റുള്ളവരെ വിധിക്കുന്നതുപോലെ നിങ്ങളും വിധിക്കപ്പെടും" (മത്തായി 7:1-2; ലൂക്കോസ് 6:37-42 കൂടി കാണുക). 1 കൊരിന്ത്യർ 11:31-ൽ പൗലോസ് പഠിപ്പിച്ചു, "നമ്മൾ നമ്മെത്തന്നെ ശരിയായി വിധിക്കുന്നെങ്കിൽ, നാം വിധിക്കപ്പെടുകയില്ല". 

ഖേദകരമെന്നു പറയട്ടെ, “സ്വന്തം കണ്ണിലെ പലക എടുത്തുകളയുക” എന്ന ക്രിസ്തുവിന്റെ നിർദ്ദേശം എല്ലാ ന്യായവിധികൾക്കും എതിരായി  പൊതുവായ ഒരു നിരോധനമായി പലപ്പോഴും തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. പാപത്തിൽ കുടുങ്ങിയ മറ്റ് ആളുകളെ സഹായിക്കാൻ വിശ്വാസികൾ വിളിക്കപ്പെട്ടിരിക്കുന്നു. പൗലോസ് പറഞ്ഞു, "പ്രിയ സഹോദരീസഹോദരന്മാരേ, ഒരു മനുഷ്യൻ വല്ലതെറ്റിലും അകപെട്ടുപോയെങ്കിൽ ആത്മികരായ നിങ്ങൾ അങ്ങനെയുള്ളവനെ സൌമ്യതയുടെ ആത്മാവിൽ യഥാസ്ഥാനപ്പെടുത്തുവിൻ; നീയും പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ സൂക്ഷിച്ചുകൊൾക." (ഗലാത്യർ 6:1). എന്നാൽ ഒരു സഹോദരനെയോ സഹോദരിയെയോ ശരിയായ പാതയിലേക്ക് മടങ്ങി വരുവാൻ സഹായിക്കുന്നതിന് മുമ്പ് - മറ്റൊരാളുടെ കണ്ണിലെ കരട് നീക്കംചെയ്യുന്നതിന് മുമ്പ് - നമ്മൾ  ആദ്യം നമ്മുടെ സ്വന്തം പാപത്തെ  സത്യസന്ധമായി വിലയിരുത്തണം .

കർത്താവ് പറഞ്ഞ  ദൃഷ്ടാന്തത്തിൽ, നമ്മുടെ കണ്ണിൽ ഒരു "പലക" ഉണ്ട്, എന്നാൽ നമ്മുടെ സഹോദരന്റെ കണ്ണിൽ ഒരു "പൊടി " മാത്രമേ ഉള്ളൂ എന്ന വസ്തുത, ആ കാര്യത്തിന്റെ കാതലിലുള്ള  കാപട്യവും ആത്മനീതിയും അഭിമാനവും തുറന്നുകാട്ടുന്നു. പലപ്പോഴും, നമ്മൾ  മറ്റുള്ളവരിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എന്നാൽ  നമ്മുടെ സ്വന്തം പാപങ്ങൾ വളരെ ഗുരുതരമാണെന്ന് നമുക്ക് തിരിച്ചറിയാൻ കഴിയുന്നുമില്ല. ഗുരുതരമായ സ്വന്തം തെറ്റുകളിൽനിന്നു മോചനം നേടുമ്പോൾ നാം മറ്റുള്ളവരെ അവരുടെ നേരിയ കുറ്റങ്ങൾക്കുപോലും വിമർശിക്കുന്നു. പലപ്പോഴും, മറ്റുള്ളവരെ  നാം വിധിക്കുന്ന ആ തെറ്റുകൾ നമ്മിലുള്ളത്  സമ്മതിക്കാൻ കഴിയാത്തതും  അതുപോലെതന്നെയുള്ള  പോരായ്മയാണ്.

കണ്ണ് ഉൾപ്പെടുന്ന ഒരു ദൃഷ്ടാന്തത്തിലൂടെ  കർത്താവ് തിരഞ്ഞെടുത്തത് ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ആത്മീയ അവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു: “കണ്ണ് ശരീരത്തിന്റെ വിളക്കാണ്. നിങ്ങളുടെ കണ്ണുകൾ ചൊവ്വുള്ളതെങ്കിൽ, നിങ്ങളുടെ ശരീരം മുഴുവൻ പ്രകാശം നിറഞ്ഞതായിരിക്കും. എന്നാൽ നിങ്ങളുടെ കണ്ണുകൾക്ക് അനാരോഗ്യമുണ്ടെങ്കിൽ നിങ്ങളുടെ ശരീരം മുഴുവൻ ഇരുട്ട് നിറഞ്ഞതായിരിക്കും. നിങ്ങളുടെ ഉള്ളിലെ വെളിച്ചം ഇരുട്ടാണെങ്കിൽ, ആ ഇരുട്ട് എത്ര വലുതാണ്! (മത്തായി 6:22-23).

കർത്താവ് എല്ലാ വിശ്വാസികളെയും വിളിക്കുന്നത് വിശുദ്ധവും ദൈവികവുമായ ജീവിതം നയിക്കാനാണ് (1 പത്രോസ് 1:14-16).  മറ്റുള്ളവരുടെ  തെറ്റുകൾ അഹങ്കാരത്തോടെ ചൂണ്ടിക്കൊണ്ട് സ്വന്തം തെറ്റുകളെ അവഗണിക്കാനുള്ള നമ്മുടെ പ്രവണത  ഒരിക്കലും ശരിയല്ല. എല്ലാ അധാർമ്മികതയും ഉത്കണ്ഠയ്ക്ക് കാരണമാകുന്നു, അത് നമ്മിലായാലും മറ്റുള്ളവരിലായാലും. മറ്റൊരാളെ സഹായിക്കാനും പുനഃസ്ഥാപിക്കാനും നമ്മൾ  ആഗ്രഹിക്കുന്നുവെങ്കിൽ, നാം നമ്മുടെ സ്വന്തം പാപങ്ങളെ സത്യസന്ധമായി അഭിമുഖീകരിക്കുകയും അവ ഏറ്റുപറയുകയും വേണം. ആദ്യം നമ്മുടെ സ്വന്തം കണ്ണിലെ പലകയാണ് എടുത്തുമാറ്റേണ്ടത് .

  • വസ്ത്രങ്ങളെക്കുറിച്ച് നിങ്ങൾ എന്തിനാണ് ഉത്കണ്ഠപ്പെടുന്നത്? (മത്തായി 6:28)

യേശു പറഞ്ഞ “നാളെക്കായി വിചാരപ്പെടരുതു; നാളത്തെ ദിവസം തനിക്കായി വിചാരപ്പെടുമല്ലോ; അതതു ദിവസത്തിന്നു അന്നന്നത്തെ ദോഷം മതി” (മത്തായി 6:34) എന്ന വചനവും ഒരുമിച്ചു ചേർത്ത് നമുക്ക് ഈ ചോദ്യത്തിന്റെ സാരാംശം ഗ്രഹിക്കാൻ ശ്രമിക്കാം.

തന്റെ പ്രഭാഷണത്തിന്റെ ഈ ഭാഗത്ത്, എന്ത് ഭക്ഷിക്കും, എന്ത് ധരിക്കും എന്നതിനെക്കുറിച്ച് ആകുലരാകരുതെന്ന് യേശു ശിഷ്യന്മാരെ പഠിപ്പിക്കുന്നു. അതിനുവേണ്ടിയായിരുന്നു ഈ ചോദ്യം. ഈ രണ്ടു കാര്യങ്ങളും മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളെ പ്രതിനിധീകരിക്കുന്നു. തന്റെ കൈകളിൽ പിടിച്ചിരിക്കുന്ന ദൈവത്തെക്കാൾ  ഭാവി കാര്യങ്ങളിൽ ഉത്കണ്ഠയോടെശ്രദ്ധ കേന്ദ്രീകരിക്കുന്നവരോട്  ഇത് മൂന്നാം പ്രാവശ്യമാണ് , "വിഷമിക്കേണ്ട" എന്ന കൽപ്പന ക്രിസ്തു നൽകുന്നത് , ഒരുപക്ഷേ അത് വിപരീതമായി പ്രവർത്തിക്കാനുള്ള സാർവത്രിക മാനുഷിക പ്രവണത ക്രിസ്തുവിനു അറിയാമായിരുന്നതുകൊണ്ടായിരിക്കണം. അതിനെതിരെ ശക്തമായ ദൈവിക വാഗ്ദത്തങ്ങൾ നമുക്കു നല്കപ്പെട്ടിട്ടുണ്ട്. " നിങ്ങൾ പ്രത്യാശിക്കുന്ന ശുഭഭാവി വരുവാൻ തക്കവണ്ണം ഞാൻ നിങ്ങളെക്കുറിച്ചു നിരൂപിക്കുന്ന നിരൂപണങ്ങൾ ഇന്നവ എന്നു ഞാൻ അറിയുന്നു; അവ തിന്മെക്കല്ല നന്മെക്കത്രേയുള്ള നിരൂപണങ്ങൾ എന്നു യഹോവയുടെ അരുളപ്പാടു."( യിരേമ്യാവു 29:11 ); ഇതോടൊപ്പം സങ്കീർത്തനം 23  കൂടി കാണുക.

ഒന്നിനെക്കുറിച്ചുംആകുലരാകേണ്ട : മത്തായി 6:34-ൽ, യേശു തന്റെ പാഠം വിപുലീകരിക്കുന്നു. ഭാവിയിൽ ഉയർന്നുവന്നേക്കാവുന്ന ആശങ്കകളെക്കുറിച്ച് പ്രത്യേകിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് ശിഷ്യന്മാരെ ഉത്ബോധിപ്പിക്കുന്നു. കർത്താവിന്റെ പ്രാർത്ഥനയിൽ "ഞങ്ങൾക്കു ആവശ്യമുള്ള ആഹാരം ഇന്നു തരേണമേ" എന്ന് പ്രാർത്ഥിക്കാൻ യേശു ശിഷ്യന്മാരെ പഠിപ്പിച്ചു (മത്തായി 6:11). ദൈവരാജ്യത്തിന്റെ ദാസന്മാർ വർത്തമാനകാലത്ത് ജീവിക്കുന്നവരാകണം. ദൈവം എല്ലായ്പ്പോഴും തന്റെ ദാസന്മാരെ നോക്കുന്നു. അവൻ അവർക്ക് അവരുടെ ദൈനംദിന അപ്പവും ഇന്നത്തെ ആവശ്യത്തിനുള്ള  മറ്റെന്തും നൽകുന്നു. നാളെയെക്കുറിച്ച് അവർ വിഷമിക്കേണ്ടതില്ല, കാരണം നാളത്തെ "ഇന്നിൽ" എന്തെങ്കിലും ആശങ്കകൾ കൈകാര്യം ചെയ്യാൻ ദൈവം അവരോടൊപ്പം ഉണ്ടാകും (മത്തായി 28:20; സങ്കീർത്തനം 73:23-26).

മരുഭൂമിയിൽ, ദൈവം യിസ്രായേൽ മക്കളെ അന്നന്നത്തെ കരുതലിനായി യഹോവയെ ആശ്രയിക്കുക എന്ന അതേ തത്വം പഠിപ്പിച്ചു. ആ ദിവസത്തേക്ക് അവരുടെ ജീവൻ നിലനിറുത്താൻ ആവശ്യമായ മന്നാ അവൻ അവർക്ക് നൽകി. പിറ്റേന്നത്തേക്കുള്ള ഭക്ഷണം കരുതിവെച്ച് അവർ നാളെയെക്കുറിച്ചു വേവലാതിപ്പെടുമ്പോൾ ആ മന്ന ദ്രവിച്ചുപോകും. ഓരോ ദിവസവും, ഓരോ ചുവടും, ദൈവജനം അവന്റെ വിശ്വസ്ത വിതരണത്തിൽ ആശ്രയിക്കണം.വീണുപോയ ഈ ലോകത്ത് ഉത്കണ്ഠയുണ്ടാക്കുന്ന നിരവധി സംഭവങ്ങളും സാഹചര്യങ്ങളും നാം അഭിമുഖീകരിക്കുന്നുണ്ടെന്ന് കർത്താവിന് അറിയാം. അങ്ങനെയെങ്കിൽ, നാളെയെക്കുറിച്ചുള്ള ആകുലതകൾ അവസാനിപ്പിക്കാനുള്ള അവന്റെ കൽപ്പന നമുക്ക് എങ്ങനെ പിന്തുടരാനാകും?

*എല്ലാറ്റിനും വേണ്ടി പ്രാർത്ഥിക്കുക* : ഫിലിപ്പിയർ 4:6-7 ആശങ്കയ്ക്കെതിരായ നമ്മുടെ ഏറ്റവും ശക്തമായ ആയുധം: “ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു.എന്നാൽ സകലബുദ്ധിയേയും കവിയുന്ന ദൈവ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും." ദൈവം നമ്മോടൊപ്പമുണ്ടെന്ന് അംഗീകരിച്ചുകൊണ്ട് നമുക്ക് ആ നിമിഷത്തിൽ ജീവിക്കാം. നമ്മുടെ നന്ദിയുള്ള മനോഭാവം അവന്റെ തുടർച്ചയായ കരുതലിന്റെയും സ്നേഹത്തിന്റെയും പ്രതീകമാണ്, അത് ശീലമാക്കുക. സ്വർഗീയ പിതാവിന്റെ സന്നിധിയിൽ നമ്മുടെ ആശങ്കകൾ പങ്കുവച്ചുകൊണ്ടു നാം സമയം ചെലവഴിക്കുന്ന പ്രാർത്ഥനാസമയം , നമ്മുടെ ഹൃദയങ്ങളെയും മനസ്സിനെയും കാത്തുസൂക്ഷിക്കുന്ന അമാനുഷിക സമാധാനം നൽകിക്കൊണ്ട് അവൻ പ്രതികരിക്കുന്നു. പ്രാർത്ഥനയിൽ പിതാവിലേക്ക് തിരിയാൻ നാം തുടങ്ങുമ്പോൾ, നമ്മുടെ ഉത്കണ്ഠാകുലമായ നിമിഷങ്ങളിൽ നമ്മെ സഹായിക്കാൻ കർത്താവു തൽക്ഷണം സമീപേ  കടന്നു വരുന്നു.

*ദൈവകൃപയിൽ ആശ്രയിക്കുക* : അപ്പോസ്തലനായ പൗലോസിന് കാര്യമായ ഉത്കണ്ഠ ഉളവാക്കിയ ജഡത്തിലെ ഒരു ശൂലത്തെക്കുറിച്ചു അദ്ദേഹം പറയുന്നത് ഇപ്രകാരമാണ് : “വെളിപ്പാടുകളുടെ ആധിക്യത്താൽ ഞാൻ അതിയായി നിഗളിച്ചുപോകാതിരിപ്പാൻ എനിക്കു ജഡത്തിൽ ഒരു ശൂലം തന്നിരിക്കുന്നു; ഞാൻ നിഗളിച്ചുപോകാതിരിക്കേണ്ടതിന്നു എന്നെ കുത്തുവാൻ സാത്താന്റെ ദൂതനെ തന്നേ. അതു എന്നെ വിട്ടു നീങ്ങേണ്ടതിന്നു ഞാൻ മൂന്നു വട്ടം കർത്താവിനോടു അപേക്ഷിച്ചു. അവൻ എന്നോടു: എന്റെ കൃപ നിനക്കുമതി; എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു എന്നു പറഞ്ഞു. ആകയാൽ ക്രിസ്തുവിന്റെ ശക്തി എന്റെമേൽ ആവസിക്കേണ്ടതിന്നു ഞാൻ അതിസന്തോഷത്തോടെ എന്റെ ബലഹീനതകളിൽ പ്രശംസിക്കും. അതുകൊണ്ടു ഞാൻ ക്രിസ്തുവിന്നു വേണ്ടി ബലഹീനത, കയ്യേറ്റം, ബുദ്ധിമുട്ടു, ഉപദ്രവം, ഞെരുക്കം എന്നിവ സഹിപ്പാൻ ഇഷ്ടപ്പെടുന്നു; ബലഹീനനായിരിക്കുമ്പോൾ തന്നേ ഞാൻ ശക്തനാകുന്നു.(2 കൊരിന്ത്യർ 12: 7–9). പ്രാർഥനയിൽ പൗലോസ് തന്റെ ആശങ്ക കർത്താവിനോട് പറഞ്ഞു. പ്രശ്നം നിലനിന്നപ്പോൾ, തുടരാനുള്ള കൃപ നൽകുന്നതിന് അപ്പോസ്തലൻ കർത്താവിൽ ആശ്രയിച്ചു. തന്റെ ബലഹീനതയിൽ കർത്താവ് എങ്ങനെ മഹത്ത്വീകരിക്കപ്പെടുമെന്ന് കാണാനുള്ള ദൈവകൃപ പൗലോസിന് നൽകപ്പെട്ടു : 

*മനസ്സിനെ വരുതിയിലാക്കുക* : പ്രാർത്ഥിക്കുകയും ദൈവസമാധാനം പ്രാപിക്കുകയും ചെയ്തതിനുശേഷം, നാം നമ്മുടെ മനസ്സിനെ അച്ചടക്കത്തിലാക്കണം: “ഒടുവിൽ സഹോദരന്മാരേ, സത്യമായതു ഒക്കെയും ഘനമായതു ഒക്കെയും നീതിയായതു ഒക്കെയും നിർമ്മലമായതു ഒക്കെയും രമ്യമായതു ഒക്കെയും സല്കീർത്തിയായതു ഒക്കെയും സൽഗുണമോ പുകഴ്ചയോ അതു ഒക്കെയും ചിന്തിച്ചുകൊൾവിൻ.” (ഫിലിപ്പിയർ 4:8). നമ്മുടെ ചിന്തകൾ ദൈവത്തിന്റെ സത്യവും വിശ്വസ്തവുമായ വാഗ്ദാനങ്ങളിൽ കേന്ദ്രീകരിക്കപ്പെടുമ്പോൾ വിഷമിക്കുക ബുദ്ധിമുട്ടാണ്. അലസവും അച്ചടക്കമില്ലാത്തതുമായ ചിന്ത ഉത്കണ്ഠ ഉണ്ടാക്കുന്നു. പകരം, "ഭീരുത്വത്തിന്റെ ആത്മാവിനെ അല്ല, ശക്തിയുടെയും സ്നേഹത്തിന്റെയും സുബോധത്തിന്റെയും ആത്മാവിനെയത്രേ ദൈവം നമുക്കു തന്നതു." (2 തിമോത്തി 1:7) എന്ന വചനത്തിൽ നമ്മുടെ മനസ്സിനെ പരിശീലിപ്പിക്കേണ്ടതുണ്ട്.

*പുതിയ ചുവടുകൾ വയ്ക്കുക* : നാളെയെക്കുറിച്ചുള്ള ആകുലതയിൽ നമുക്ക് പൂർണ്ണമായും നമ്മെ ദൈവത്തിന് സമർപ്പിക്കാനാവില്ല. നാളയെക്കുറിച്ചുള്ള ആകുലത ദൈവത്തിൽ ആശ്രയിക്കുന്നതിലെ പരാജയമാണ്, അവർ ഒന്നും നേടുന്നില്ല (മത്തായി 6:27-29). പത്രൊസ് ബുദ്ധിപൂർവ്വം ഉപദേശിക്കുന്നു, "അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെ മേൽ ഇട്ടുകൊൾവിൻ." (1 പത്രൊസ് 5: 7). നാളെയെക്കുറിച്ച് ആകുലപ്പെടേണ്ടതില്ല എന്ന കർത്താവിന്റെ കൽപ്പന അനുസരിക്കാൻ ചില ചുവടുകൾആവശ്യമാണ്. പൗലോസ് പഠിപ്പിക്കുന്നത് ഇപ്രകാരമാണല്ലോ: “നിങ്ങൾ എന്നിൽ നിന്ന് പഠിച്ചതും സ്വീകരിച്ചതും-എന്നിൽ നിന്ന് കേട്ടതും ഞാൻ ചെയ്യുന്നത് കണ്ടതുമായ എല്ലാം പ്രയോഗത്തിൽ വരുത്തുക. അപ്പോൾ സമാധാനത്തിന്റെ ദൈവം നിങ്ങളോടുകൂടെ ഉണ്ടായിരിക്കും" (ഫിലിപ്പിയർ 4:9). 

നിങ്ങളുടെ നാളെയെ കുറിച്ചുള്ള ഭയം നിങ്ങളെ ഇന്ന് തളർത്തുന്നുണ്ടെങ്കിൽ, ഉത്കണ്ഠാകുലമായ വിഷയത്തിൽ പ്രത്യേകമായി ഒരു ആഴത്തിലുള്ള ദൈവവചന പഠനം നടത്തുന്നത് പരിഗണിക്കുക. വചനം പഠിപ്പിക്കുന്നതോ പ്രസംഗിക്കുന്നതോ ആയ ഒരു വ്യക്തിയുടെ ഉപദേശം തേടേണ്ടതായി വന്നേക്കാം. നിങ്ങളുടെ ഫലശൂന്യവും വിനാശകരവുമായ ആകുലതകളെ ഇല്ലാതാക്കുന്ന ഒരു ബൈബിൾ പ്രവർത്തന പദ്ധതി തയ്യാറാക്കാൻ നടപടികൾ കൈക്കൊള്ളുക. “നാളെയെക്കുറിച്ചു വിഷമിക്കേണ്ട” എന്ന കർത്താവിന്റെ കൽപ്പന, ദൈവരാജ്യ വേലക്കാർക്കു ഈ നിമിഷത്തിൽ ജീവിക്കാനും എല്ലാ സന്ദർഭങ്ങളിലും സാഹചര്യങ്ങളിലും അവനിൽ വിശ്വാസമർപ്പിക്കാനും ഉതകുന്ന ഒരു ഓർമ്മപ്പെടുത്തലാണ്. നമ്മുടെ മഹാനായ ദൈവത്തിനു കഴിയാത്തതായി ഒന്നുമില്ല. നാളെയെക്കുറിച്ചുള്ള വേവലാതി നമ്മുടെ ഭാവിയെ ഇരുട്ടിലാക്കും. അത് നമ്മെ പരിപാലിക്കാൻ ദൈവം ഉണ്ടാകില്ലെന്ന മട്ടിലാണ്. എന്നാൽ ഓരോ ദിവസവും ദൈവസന്നിധിയിൽ ജീവിക്കാനും ഓരോ പ്രശ്നവും കൈകാര്യം ചെയ്യാനും യേശു നമ്മെ പഠിപ്പിക്കുന്നു: പ്രാർത്ഥനയിലൂടെ. നമ്മുടെ സ്വർഗ്ഗസ്ഥനായ പിതാവ് നമ്മെ പരിപാലിക്കാൻ നമ്മോടൊപ്പം എന്നും എപ്പോഴും ഉണ്ടായിരിക്കും.

  • വിചാരപ്പെടുന്നതിനാൽ തന്റെ നീളത്തോടു ഒരു മുഴം കൂട്ടുവാൻ നിങ്ങളിൽ ആർക്കു കഴിയും? (മത്തായി 6:27)

ത്കണ്ഠയോ ആകുലതയോ കൊണ്ട് ജീവിതത്തിൽ ഒന്നും നേടാനില്ലെന്ന് യേശു തൻ്റെ അനുയായികളോട് പറയുന്നു. ആശങ്കയെക്കുറിച്ചുള്ള ഈ വീക്ഷണം ഇന്ന് വൈദ്യശാസ്ത്ര സമൂഹത്തിൽ പരക്കെ അംഗീകരിക്കപ്പെട്ട ഒന്നാണ്, അമിതമായ ഉത്കണ്ഠ ആയുസ്സ് വളരെവേഗം കുറയ്ക്കുന്നതിന് ഇടയാക്കുമെന്നതിന് നിരവധി   തെളിവുകൾ വൈദ്യശാസ്ത്രം നൽകുന്നുണ്ട്.

ഇവിടെ, മത്തായി 6:27 -ൽ കർത്താവു എന്താണ് അർത്ഥമാക്കുന്നത്?

ദൈവജനത്തിൻ്റെ ഹൃദയത്തിലും മനസ്സിലും പണത്തിനുള്ള സ്ഥാനത്തെക്കുറിച്ചാണ് യേശു പഠിപ്പിക്കുന്നത്. തനിക്കുവേണ്ടിമാത്രം  ഭൂമിയിൽ സമ്പത്ത് കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ ജീവിക്കുന്നത്, കാഴ്ചക്കുറവുള്ള കണ്ണുകളോടെ ജീവിക്കുന്നതിന് തുല്യമാണെന്ന് യേശു പറയുന്നു. അത് ഒരു വ്യക്തിയുടെ ഉള്ളിൽ ധാർമ്മിക അന്ധകാരം സൃഷ്ടിക്കുന്നു. (മത്തായി 6:22-23). 

പണത്തെക്കുറിച്ചുള്ള ഉത്കണ്ഠ തള്ളിക്കളയാൻ യേശു തൻ്റെ അനുയായികളോട് കൽപ്പിച്ചു. നിങ്ങൾ പണം കൈയിലില്ലാത്തപ്പോൾ പണത്തെക്കുറിച്ച് ആകുലപ്പെടുന്നത് ദൈവത്തിനു  പകരം പണത്തെ  സേവിക്കുന്നതിന് തുല്യമാണ്. ദൈവത്തെ സേവിക്കുന്നവർ തങ്ങൾക്ക് ആവശ്യമുള്ളതെല്ലാം നൽകിത്തരുമെന്ന് ദൈവത്തിൽ വിശ്വസിക്കുന്നു. തെറ്റായ വിശ്വാസത്തിൻ്റെ, അല്ലെങ്കിൽ വിശ്വാസമില്ലായ്മയുടെ  തെളിവാണ് ഉൽക്കണ്ഠ (മത്തായി 6:24-25).

ഉത്കണ്ഠ ഒരു സ്വാഭാവിക മനുഷ്യ പ്രതികരണമാണ്-പ്രത്യേകിച്ച് നിങ്ങളുടെ കുടുംബത്തെ എങ്ങനെ പോറ്റണം എന്ന് നിങ്ങൾ ചിന്തിക്കുമ്പോൾ. ആ യഥാർത്ഥ ആവശ്യങ്ങളെ സംബന്ധിച്ചിടത്തോളം ആ വികാരങ്ങൾ ശക്തിയില്ലാത്തതാണ്. ആ പ്രശ്നവും  യേശു ഇവിടെ ചൂണ്ടിക്കാണിക്കുന്നു: എനിക്കുവേണ്ടി ആരും പ്രവർത്തിക്കുന്നില്ല. ആരും സഹായിക്കുന്നില്ല. ഇങ്ങനെയുള്ള  ആകുലതയ്ക്ക് ആരുടേയും ജീവിതത്തോട്  ഒരു മണിക്കൂർ പോലും ചേർക്കാൻ കഴിയില്ല എന്നത് ഒരു യഥാർത്ഥ വസ്തുതയാണ്. ആശങ്ക ഒരിക്കലും ഫലം തരികയില്ല.

തീർച്ചയായും, ഉത്കണ്ഠ നമുക്ക് തനിയെ നീക്കം ചെയ്യാൻ കഴിയുന്ന ഒന്നല്ല. ദൈവത്തിന് ഇത് അറിയാം, ബുദ്ധിമുട്ടുള്ള സമയങ്ങളിൽ ദൈവത്തിൽ ആശ്രയിക്കുന്നത് എത്ര ബുദ്ധിമുട്ടാണെന്ന് മനസ്സിലാക്കുന്നു. വാസ്തവത്തിൽ, ഈ ഓർമ്മപ്പെടുത്തലുകൾ തിരുവെഴുത്തുകളിൽ ഉള്ളത് അതുകൊണ്ടാണ്. വീണ്ടും ജനിച്ച വിശ്വാസിയെന്നത് നമ്മുടെ എല്ലാ ഭയങ്ങളെയും  സംശയളെയും ഇല്ലാതാക്കിയെങ്കിൽ, നമ്മൾ വിഷമിക്കേണ്ടെന്ന് സദാ നമ്മെ ഓർമ്മിപ്പിക്കാൻ ദൈവശബ്ദവും ദൈവവചനവും നമുക്കുണ്ട്! ദൈവജനം ഉത്കണ്ഠ അകറ്റാൻ ശ്രമിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് കാണിക്കാൻ യേശു ഈ ഭാഗത്തിൽ തുടർന്നു പറയുന്നു: 

അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നതു: എന്തു തിന്നും എന്തു കുടിക്കും എന്നു നിങ്ങളുടെ ജീവന്നായിക്കൊണ്ടും എന്തു ഉടുക്കും എന്നു ശരീരത്തിന്നായിക്കൊണ്ടും വിചാരപ്പെടരുതു; ആഹാരത്തെക്കാൾ ജീവനും ഉടുപ്പിനെക്കാൾ ശരീരവും വലുതല്ലേയോ? ആകാശത്തിലെ പറവകളെ നോക്കുവിൻ; അവ വിതെക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയിൽ കൂട്ടിവെക്കുന്നതുമില്ല എങ്കിലും സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു അവയെ പുലർത്തുന്നു; അവയെക്കാൾ നിങ്ങൾ ഏറ്റവും വിശേഷതയുള്ളവരല്ലയോ ? വിചാരപ്പെടുന്നതിനാൽ തന്റെ നീളത്തോടു ഒരു മുഴം കൂട്ടുവാൻ നിങ്ങളിൽ ആർക്കു കഴിയും? ഉടുപ്പിനെക്കുറിച്ചു വിചാരപ്പെടുന്നതും എന്തു? വയലിലെ താമര എങ്ങനെ വളരുന്നു എന്നു നിരൂപിപ്പിൻ; അവ അദ്ധ്വാനിക്കുന്നില്ല, നൂല്ക്കുന്നതുമില്ല. എന്നാൽ ശലോമോൻ പോലും തന്റെ സർവ്വ മഹത്വത്തിലും ഇവയിൽ ഒന്നിനോളം ചമഞ്ഞിരുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. ഇന്നുള്ളതും നാളെ അടുപ്പിൽ ഇടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ ചമയിക്കുന്നു എങ്കിൽ, അല്പവിശ്വാസികളേ, നിങ്ങളെ എത്ര അധികം. ആകയാൽ നാം എന്തു തിന്നും എന്തു കുടിക്കും എന്തു ഉടുക്കും എന്നിങ്ങനെ നിങ്ങൾ വിചാരപ്പെടരുതു. ഈ വക ഒക്കെയും ജാതികൾ അന്വേഷിക്കുന്നു; സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു ഇതൊക്കെയും നിങ്ങൾക്കു ആവശ്യം എന്നു അറിയുന്നുവല്ലോ. മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും. അതുകൊണ്ടു നാളെക്കായി വിചാരപ്പെടരുതു; നാളത്തെ ദിവസം തനിക്കായി വിചാരപ്പെടുമല്ലോ; അതതു ദിവസത്തിന്നു അന്നന്നത്തെ ദോഷം മതി ”  (മത്തായി 6: 25-34)

മറ്റുള്ളവരുടെ അംഗീകാരം കൊണ്ടല്ല, തന്നോടുള്ള ആത്മാർത്ഥമായ ഭക്തിയാൽ പ്രചോദിതമായ പ്രവൃത്തികൾക്ക് ദൈവം പ്രതിഫലം നൽകുന്നുവെന്ന് യേശു പഠിപ്പിക്കുന്നു. ലളിതവും ആധികാരികവുമായ ഒരു മാതൃകാ പ്രാർത്ഥനയാണ് കർത്താവു പഠിപ്പിക്കുന്നത്. ഭൂമിയിൽ പണവും സ്വത്തുക്കളും സംഭരിക്കുന്നതിനെതിരെ ക്രിസ്തു മുന്നറിയിപ്പ് നൽകുന്നു. പകരം, സ്വർഗത്തിൽ നിധി സംഭരിക്കുന്നത്തിനുള്ള  തിരഞ്ഞെടുപ്പുകളാണ്  വിശ്വാസികൾ നടത്തേണ്ടത് . ഒരു വ്യക്തിയുടെ മുൻഗണന ഒന്നുകിൽ ദൈവമോ അല്ലെങ്കിൽ പണമോ ആകാം, പക്ഷേ രണ്ടും ആകാൻ കഴിയില്ല. നമുക്ക് എന്താണ് വേണ്ടതെന്ന് സ്വർഗ്ഗസ്ഥനായ പിതാവിന് അറിയാം. നാം ചെയ്യേണ്ടത് അവൻ്റെ രാജ്യവും നീതിയും പിന്തുടരുക എന്നതാണ്; അങ്ങനെയെങ്കിൽ നമ്മുടെ ആവശ്യങ്ങൾ അവിടുന്ന് ദിനംപ്രതി നോക്കിക്കൊള്ളും .

  • നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചാൽ നിങ്ങൾക്കു എന്തു പ്രതിഫലം? ചുങ്കക്കാരും അങ്ങനെ തന്നേ ചെയ്യുന്നില്ലയോ?സഹോദരന്മാരെ മാത്രം വന്ദനം ചെയ്താൽ നിങ്ങൾ എന്തു വിശേഷം ചെയ്യുന്നു? ജാതികളും അങ്ങനെ തന്നേ ചെയ്യുന്നില്ലയോ? (മത്തായി 5:47, 48)

സംസ്കാരത്തെയും മനുഷ്യപ്രകൃതിയെയും വെല്ലുവിളിച്ചുകൊണ്ട്, ശത്രുക്കളെ സ്നേഹിക്കാൻ യേശു തന്റെ ശിഷ്യന്മാരോട് കൽപ്പിച്ചിക്കുന്നു. അങ്ങനെ ചെയ്യുമ്പോൾ, പുത്രന്മാർ സ്വാഭാവികമായും തങ്ങളുടെ പിതാക്കന്മാരെ അനുകരിക്കുന്നതു  പോലെ നമ്മൾ ദൈവത്തെ അനുകരിക്കുകയായിരിക്കും. എല്ലാറ്റിനുമുപരിയായി,  തന്നെ അവർ സ്നേഹിക്കുന്നുവോ അല്ലെങ്കിൽ  വെറുക്കുന്നുവോ എന്നത് പരിഗണിക്കാതെ  ദൈവം ഭൂമിയിലുള്ള എല്ലാവർക്കും  നന്മ ചെയ്യുന്നു. അവിടുന്ന് എല്ലാ മനുഷ്യർക്കും വെയിലും മഴയും നൽകുന്നു (മത്തായി 5:43-46).

നിങ്ങൾ നിങ്ങളുടെ അയൽക്കാരെ സ്നേഹിക്കുന്നതു  പിതാവായ ദൈവത്തെപ്പോലെ ആകാനുള്ള നീതിക്കുവേണ്ടിയല്ല; എന്തെന്നാൽ തങ്ങളെ ഇതിനകം സ്നേഹിക്കുന്ന ആളുകളെ സ്നേഹിക്കുന്നതിന് സ്വർഗ്ഗരാജ്യത്തിൽ ആർക്കും പ്രതിഫലം ലഭിക്കുന്നില്ല. ചുങ്കക്കാരും അങ്ങനെ തന്നേ ചെയ്യുന്നില്ലയോ? (മത്തായി 5:46) ചുങ്കക്കാരും എന്ന മത്തായിയുടെ  വാചകത്തിൽ മുമ്പു  ചുങ്കക്കാരനായിരുന്ന  മത്തായി  ഒരു തമാശ ഉൾപ്പെടുത്തിയിട്ടുള്ളതുപോലെ തോന്നും.

നിങ്ങളെപ്പോലെ നല്ല ഒരാളെ സ്നേഹിക്കാൻ ആർക്കും പ്രത്യേക കഴിവും വിശ്വാസവും ആവശ്യമില്ല. ശത്രുവിനെ സ്നേഹിക്കുന്നത് എങ്ങനെയായിരിക്കുമെന്നതിന് യേശു ഒരു ഉദാഹരണം നൽകുന്നു: ആദ്യം അവരെ അഭിവാദ്യം ചെയ്യുക! എല്ലാവരും  തങ്ങളെ സ്നേഹിക്കുന്ന ആളുകളെയാണ് അഭിവാദ്യം ചെയ്യുന്നതെന്ന് യേശു പറഞ്ഞു. പ്രത്യക്ഷത്തിൽ, യഥാർത്ഥ നീതിമാൻ മാത്രമേ തങ്ങളെ എതിർക്കുന്നവരെ അഭിവാദ്യം ചെയ്യുന്നുള്ളൂ എന്ന് ഇത് അർത്ഥമാക്കുന്നു. ഈ സാംസ്കാരിക പശ്ചാത്തലത്തിൽ, ഒരാളെ സന്തോഷപൂർവ്വം അഭിവാദ്യം ചെയ്യുന്നതിനു  നിങ്ങളുടെ ഹൃദയത്തിൽ ആ വ്യക്തിയോടുള്ള നീരസം നീക്കം ചെയ്യേണ്ടതുണ്ട്.  ശത്രുക്കളെ അഭിവാദ്യം ചെയ്യുന്ന ഒരാൾ യഥാർത്ഥത്തിൽ ദൈവസ്നേഹം പ്രകടിപ്പിക്കുന്നു. ഇതിലൂടെ നിങ്ങൾ മനുഷ്യർക്ക് സാധാരണമായതിലും അധികമുള്ള സ്നേഹവും നീതിയുമാണ് നൽകുന്നത്. എന്തെന്നാൽ യേശു തന്റെ ശിഷ്യന്മാരിൽ നിന്ന് പ്രതീക്ഷിക്കുന്നത് അതാണ്.

'യേശു ചോദിക്കുന്നു'; പംക്തി എല്ലാ വ്യാഴാഴ്ച്ചയും

യേശുക്രിസ്തു തന്റെ പരസ്യശുശ്രൂഷാ കാലയളവിൽ പലപ്പോഴായി ജനത്തോടും പരീശൻമാരോടും തന്നെ പരീക്ഷിക്കുവാനും പരിഹസിക്കുവാനും ചോദ്യംചെയ്യുവാനും വന്നവരോടും, പീഡിപ്പിക്കാൻ വന്നവരോടും അങ്ങനെ നാനാ തുറയിലുള്ളവരോടും തന്റെ ശിഷ്യന്മാരോടും അനുഗാമികളോടുമായി ചോദിച്ചിട്ടുള്ള നിരവധി ചോദ്യങ്ങൾ നാലു സുവിശേഷങ്ങളിലുമായി ചിതറിക്കിടപ്പുണ്ട്.

അവയിൽ 100 എണ്ണം പെറുക്കിയെടുത്തു പുസ്തകക്രമത്തിൽ അതിന്റെ ലക്ഷ്യവും സന്ദർഭവും ആശയവും ഓൺലൈൻ ഗുഡന്യൂസ് വായനക്കാർക്കുവേണ്ടി മാനേജിങ് എഡിറ്റർ റ്റി.എം. മാത്യു തയ്യാറാക്കിയിട്ടുണ്ട്. ആഗസ്റ്റ്‌ 1 മുതൽ വ്യാഴാഴ്ച്ചതോറും വായിക്കാം.

Advertisement 

Advertisement