ഏറ്റവും വലിയ ക്രിസ്തീയ പാട്ടുപുസ്തകം പ്രസിദ്ധീകരിച്ചു

ഏറ്റവും വലിയ ക്രിസ്തീയ പാട്ടുപുസ്തകം പ്രസിദ്ധീകരിച്ചു

തിരുവല്ല: ഇന്ത്യയിലെ ഏറ്റവും വലിയ ക്രൈസ്തവ ഗാനസമാഹാരം ഹാലേലൂയ്യാ ബുക്സ് പുറത്തിറക്കി. 5591 ഗാനങ്ങൾ അടങ്ങിയ ശാലോം ഗീതങ്ങൾ സമാഹരിച്ചത് തിരുവല്ല ചെളേളത്ത് സീയോനിൽ ഏലിയാമ്മ സ്കറിയ എന്ന 82 വയസ്സുകാരിയായ റിട്ടയേർഡ് അദ്ധ്യാപികയാണ്.

മെയ് 26 ന് കുമ്പനാട് എലീം ഐപിസിയിൽ നടന്ന ചടങ്ങിൽ പാസ്റ്റർ സി.സി എബ്രഹാമില്‍ നിന്ന് പ്രഥമ കോപ്പി പാസ്റ്റർ രാജു പൂവക്കാല ഏറ്റുവാങ്ങി. പാസ്റ്റർ സി.ഐ പത്രോസ് അധ്യക്ഷത വഹിച്ചു. പാസ്റ്റർ സാംകുട്ടി ചാക്കോ നിലമ്പൂർ പ്രസ്താവന നടത്തി.

ആറായിരത്തോളം ക്രൈസ്തവ ഗാനങ്ങളുടെ മഹാസമാഹാരമാണിത്. ക്രൗൺ വൺ ഫോർത്ത് സൈസിൽ 1145 പേജുകൾ ഉള്ള ഈ പാട്ട് പുസ്തകത്തിന് 1500 രൂപയാണ് വില.

ഹിന്ദി അധ്യാപികയായി റിട്ടയർ ചെയ്ത ഏലിയാമ്മ സ്കറിയാ 60 വർഷം കൊണ്ട് ശേഖരിച്ച് എഴുതിവെച്ച ഗാനങ്ങളാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. മുണ്ടിയപ്പള്ളി മുണ്ടക്കൽ പാസ്റ്റർ എം.ഡി ജോർജിന്റെ മകളായി ജനിച്ച ഏലിയാമ്മയെ പിതാവാണ് പാട്ടുകൾ ശേഖരിച്ചുവയ്ക്കുവാനും വലിയൊരു പാട്ടു പുസ്തകം പ്രസിദ്ധീകരിക്കുവാനും ആദ്യ പ്രേരണ നൽകുന്നത്. മിലിട്ടറിയിൽ എൻജിനീയറും പിൽക്കാലത്ത് പാസ്റ്ററുമായ ഭർത്താവ് പാസ്റ്റർ സ്കറിയ തോമസും ഈ ദൗത്യത്തിൽ പങ്കാളിയായി.

ശേഖരിച്ച ഗാനങ്ങൾ എല്ലാം സ്വന്തം കൈപ്പടയിൽ 16 വലിയ ഡയറികളിലായി എഴുതി സൂക്ഷിച്ചു. പെന്തെക്കോസ്ത്, ബ്രദറൻ, മാർത്തോമ, സി എസ് ഐ സഭകളുടെ പാട്ടുപുസ്തകങ്ങളും അനേക വർഷങ്ങളിലെ കൺവെൻഷൻ പാട്ടുപുസ്തകങ്ങളും 1964 മുതലുള്ള സിയോൻ ഗീതാവലികളും ഏലിയാമ്മയുടെ ശേഖരത്തിലുണ്ട്.

തലമുറകളായി പാടിയതും ഭക്തന്മാർ രചിച്ചതുമായ ഗാനങ്ങൾ വരുംതലമുറകൾക്ക് കൈമാറുക എന്ന ഏക ലക്ഷ്യത്തോടെ ഒരു റഫറൻസ് ഗ്രന്ഥമായാണ് ഈ സമാഹാരം തയ്യാറാക്കിയിരിക്കുന്നത്.

പാട്ടു പുസ്തകം ആവശ്യമുള്ളവർ ഹാലേലയ്യാ ഓഫീസുമായി ബന്ധപ്പെടുക. Ph. 9349500155 / 6282936289 പോസ്റ്റലായും പുസ്തകം അയച്ചു തരും.

Advertisement