എ.ജി മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ ജനുവരി 29 മുതൽ പറന്തലിൽ

എ.ജി മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ ജനുവരി 29 മുതൽ പറന്തലിൽ

ഷാജൻ ജോൺ ഇടയ്ക്കാട്, ജോൺസൻ ജോയി (മീഡിയ കൺവീനേഴ്സ്)

അടൂർ: അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ 2024 ജനുവരി 29 മുതൽ ഫെബ്രുവരി 4 വരെ പറന്തൽ എ.ജി. കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. 29 തിങ്കളാഴ്ച വൈകിട്ട് 5.30 ന് ആരംഭിക്കുന്ന പ്രാരംഭയോഗത്തിൽ സഭാ സൂപ്രണ്ട് പാസ്റ്റർ ടി.ജെ. സാമുവേൽ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. സാധാരണ ചൊവ്വാഴ്ച ആരംഭിച്ചിരുന്ന കൺവൻഷൻ ഈ വർഷം തിങ്കളാഴ്ച ആരംഭിക്കും എന്ന പ്രത്യേകതയുണ്ട്. 

പാസ്റ്റേഴ്സ് കോൺഫറൻസ്, മിഷൻ സമ്മേളനങ്ങൾ, വിവിധ ഡിപ്പാർട്ട്മെൻറുകളുടെ വാർഷിക യോഗങ്ങൾ, സൺഡേസ്കൂൾ സമ്മേളനം, സി.എ.വാർഷികയോഗം, പൊതുസമ്മേളനങ്ങൾ, സംയുക്ത ആരാധനയും കർതൃമേശ തുടങ്ങിയവ വിവിധ ദിവസങ്ങളിൽ നടക്കും.

തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽ ആയിരത്തി അഞ്ഞൂറോളം സഭകളാണ് അസംബ്ലീസ് ഓഫ് ഗോഡിനുള്ളത്. ഈ സഭകളിൽ നിന്നുള്ള പാസ്റ്റർമാരും വിശ്വാസികളും യോഗങ്ങളിൽ സംബന്ധിക്കും. ഞായറാഴ്ച എല്ലാ സഭകളും ഒന്നിച്ചുള്ള ആരാധനയും കർതൃമേശയും ഉണ്ടായിരിക്കും. 

മലയാളം ഡിസ്ട്രിക്ടിലെ സഭകളിൽ നിന്നും വിവിധരാജ്യങ്ങളിൽ കുടിയേറിയിട്ടുള്ള വിശ്വാസികളും ഈ യോഗങ്ങളിൽ സംബന്ധിക്കും.
സഭാ പ്രസ്ബിറ്ററി കൂടി കൺവൻഷൻ നടത്തിപ്പിനായി വിപുലമായ കമ്മിറ്റി രൂപീകരിച്ചു. സഭയുടെ സൂപ്രണ്ട് പാസ്റ്റർ ടി.ജെ. സാമുവേൽ ചെയർമാനും സഭാ സെക്രട്ടറി പാസ്റ്റർ തോമസ് ഫിലിപ്പ് ജനറൽ കൺവീനറുമാണ്. സഭാ ഭാരവാഹികളായ ഡോ.ഐസക് വി.മാത്യു, പാസ്റ്റർ പി.കെ.ജോസ്, പാസ്റ്റർ പി.ബേബി തുടങ്ങിയവർ കൺവൻഷന് നേതൃത്വം നല്കും.

ജനറൽ കൺവൻഷൻ ദിവസങ്ങളിൽ പ്രാദേശിക സഭകൾ മറ്റു യോഗങ്ങൾ ക്രമീകരിക്കാതെ പൂർണമായും ജനറൽ കൺവൻഷനിൽ സംബന്ധിക്കുവാൻ ശ്രദ്ധിക്കണമെന്നു സംഘാടകർ അറിയിച്ചിട്ടുണ്ട്.

Advertisement