ഐക്യതയോടെ നിന്നാൽ അമേരിക്കയിൽ അപ്പൊസ്തല പ്രവൃത്തി 2 ആവർത്തിക്കും: പാസ്റ്റർ ക്യാപ്റ്റൻ സ്റ്റാൻലി ജോർജ്

ഐക്യതയോടെ നിന്നാൽ അമേരിക്കയിൽ അപ്പൊസ്തല പ്രവൃത്തി 2 ആവർത്തിക്കും: പാസ്റ്റർ ക്യാപ്റ്റൻ സ്റ്റാൻലി ജോർജ്

അജിഫിന കോൺഫറൻസിനു പ്രൗഢമായ തുടക്കം

ന്യൂയോർക്ക്: അമേരിക്കയിലെ മലയാളി അസംബ്ലീസ് ഓഫ് ഗോഡ് സമൂഹം ഐക്യതയോടെ കാത്തിരുന്നാൽ സഭകളിൽ അപ്പോസ്തല പ്രവർത്തി രണ്ടാം അദ്ധ്യായം ആവർത്തിക്കപ്പെടുമെന്ന് പാസ്റ്റർ ക്യാപ്റ്റൻ സ്റ്റാൻലി ജോർജ് പ്രസ്താവിച്ചു.

ന്യൂയോർക്ക് കാറ്റ്സ്കിൽസ് ഹോണേഴ്സ് ഹവൻ റിട്രീറ്റ് സെൻ്ററിൽ നടക്കുന്ന അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യ ഫെലോഷിപ്പ് ഓഫ് നോർത്ത് അമേരിക്ക (AGIFNA) 26 മത് കോൺഫറൻസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വിവിധ തലങ്ങളിൽ നിന്നും ഉയരുന്ന എതിർപ്പുകളുടെ മദ്ധ്യേ ദൈവത്തിൻ്റെ കരുതലും കാവലും ദൈവമക്കൾക്കുണ്ടാകുമെന്നും ഐക്യതയോടെ നിന്നാൽ പരിശുദ്ധാത്മാവിൻ്റെ ശക്തി യാൽ നിറയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ഭയചകിതരായവർ ഒരുമനപ്പെട്ട് കൂടിയപ്പോൾ പരിശുദ്ധാത്മ ശക്തിയാൽ ശക്തരായെന്നും ആ ശക്തിയിൽ അവർ ലോകത്തെ കീഴ്മേൽ മറിക്കുന്നവരായിത്തിർന്നെന്നും ക്യാപ്റ്റൻ സ്റ്റാൻലി ജോർജ് പറഞ്ഞു.

യെരുശലേമിൽ കാത്തിരുന്നവരുടെ മേൽ കത്തിയ പരിശുദ്ധാത്മാവിൻ്റെ അഗ്നിയെ തല്ലിക്കെടുത്താൻ സാത്താൻ വിവിധ കാലങ്ങളിൽ പരിശ്രച്ചിച്ചെങ്കിലും ആ അഗ്നി ചിതറിത്തെറിച്ചിടെത്തെല്ലാം ഉണർച്ച് ഉണ്ടായി. കഴിഞ്ഞ നൂറ്റാണ്ടിൻ്റെ ആരംഭത്തിൽ അമേരിക്കയിൽ ഉണ്ടായ ഉണർവ്വിൽ നിയോഗമേറ്റെടുത്ത് പെന്തെക്കോസ്ത് മിഷനിമാർ ലോകമെങ്ങും ഉണർവ്വിൻ്റെ അഗ്നി പടർത്തി.

അവരിൽ ചിലർ ലോകമെമ്പാടും എത്തി. അങ്ങനെ ഭാരതത്തിലും നമ്മുടെ നാട്ടിലുമെത്തി. അവരിലൂടെ ഉണർവ്വുണ്ടായിടെത്തെല്ലാം സഭകളുണ്ടായി. സാമാന്യജനങ്ങൾ ഒട്ടനവധി പേർ ക്രിസ്തുവിനെ അറിഞ്ഞു. പിൽക്കാലത്ത് കുറേയേറെപ്പേർ പെന്തെക്കോസ്തിൻ്റെ വാഹകരായി അമേരിക്കയിലേക്ക് കുടിയേറി. അവരിലൂടെ അമേരിക്കയിൽ അപ്പോസ്തല പ്രവർത്തി രണ്ടാം അദ്ധ്യായത്തിൻ്റെ പ്രവർത്തനം ആവർത്തിക്കുമെന്നും ഒത്തൊരുമിച്ച് നിന്ന് മുന്നേറാമെന്നും ക്യാപ്റ്റൻ സ്റ്റാൻലി ജോർജ് ആഹ്വാനം ചെയ്തു.

ഉൽഘാടന സമ്മേളനത്തിൽ പാസ്റ്റർ റോയി ചെറിയാനും പൊതുയോഗത്തിൽ പാസ്റ്റർ ജേക്കബ് വർഗീസും അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ ജയിംസ് ജോർജ് സ്വാഗതം പറഞ്ഞു. റവ. രാജു ജോർജ്ജ്, ഡോ. തോംസൺ കെ. പള്ളിൽ, റവ.ഒ.ജി. സാമുവൽ, റവ. കെ.കെ. സാമുവൽ എന്നിവർ പ്രാർത്ഥിച്ചു.

മറ്റു ദിവസങ്ങളിൽ റവ. ഡോ. വിൽഫ്രഡോ ചാക്കോ, റവ. മൈക്ക് സിഗ്നരെല്ലി, റവ. ടി.ജെ. സാമുവൽ, റവ. രാജേഷ് മാത്യു, പാസ്റ്റർ അനിൽ കൊടിത്തോട്ടം, പാസ്റ്റർ ഡോ. സാബു വർഗീസ് എന്നിവർ പ്രസംഗിക്കും.

റവ. ക്യാപ്റ്റൻ സ്റ്റാൻലി ജോർജ് (നാഷണൽ കൺവീനർ), പാസ്റ്റർ തോമസ് വർഗീസ് (അഡ്മിനിസ്ട്രേഷൻ), പാസ്റ്റർ ജയിംസ് ജോർജ് (ഫിനാൻസ്), പാസ്റ്റർ ജോർജ് വി. ഏബ്രഹാം ( ലോജിസ്റ്റിക്സ് ), ലിജി കുര്യൻ (ഇംഗ്ലീഷ് - കോർഡിനേറ്റർ), ലിസി ജോൺസൺ (ലേഡീസ് കോർഡിനേറ്റർ), പ്രൊഫ. സണ്ണി മാത്യു (ജനറൽ കോർഡിനേറ്റർ) എന്നിവരടങ്ങുന്ന വിപുലമായ കമ്മിറ്റിയാണ് നേതൃത്വം നല്കുന്നത്.

ഓഗ. 4 ന് ഞായാറാഴ്ച നടക്കുന്ന സഭായോഗത്തോടെ യോഗം അവസാനിക്കും.