
ജോൺ എം തോമസ് ന്യൂഡൽഹി
ആലപ്പുഴ: സൈക്കിളിനായി കൂട്ടി വച്ച നാണയത്തുട്ടുകൾ ബീഹാറിലെ മിഷനറിമാർക്കു നല്കി ആലപ്പുഴയിലെ രണ്ട് പെൺകുഞ്ഞുങ്ങൾ.
വെളിയനാട് ന്യൂ ഇന്ത്യ ദൈവസഭാംഗങ്ങളായ എബി തോമസിന്റെയും ബിസ്മി എബിയുടെയും മക്കളായ നാലാം ക്ലാസുകാരി അബിയയും (പത്തു വയസ്) യു.കെ.ജിയിൽ പഠിക്കുന്ന അബീററയും (ഏഴു വയസ്) ആണ് സൈക്കിളിനായി കരുതി വെച്ച സമ്പാദ്യം ബീഹാറിനു നല്കിയത്. പ്രിയപ്പെട്ടവർ നൽകിയ ചില്ലറ നാണയങ്ങൾ ശേഖരിച്ച് സൈക്കിൾ വാങ്ങുവാൻ കരുതിവച്ച തുക ബീഹാർ സുവിശേഷീകരണത്തിനു സുവിശേഷ പ്രവർത്തക സിസ്റ്റർ സാറാമ്മയ്ക്ക് നല്കി മാതൃകയായി.
വിദേശ ധനത്തിന്റെ വരവു കുറഞ്ഞതിനാൽ സുവിശേഷ വേലക്കാർ സുവിശേഷ വേല നിർത്തി വേറെ ജോലികളിലേക്ക് തിരിയുന്നു എന്ന കുപ്രചരണങ്ങൾ നടക്കുന്ന സമയത്താണ് ഇതൊന്നും അറിയാതെ ഈ കുഞ്ഞുങ്ങൾ ദൈവത്തോടുള്ള സ്നേഹത്താൽ ദൈവരാജ്യത്തിനായി നൽകിയത്.
കുറച്ചു നാളുകൾക്ക് മുൻപ് ബീഹാറിൽ മിഷണറിമാരെ സന്ദർശിക്കുവാൻ പോയി മടങ്ങി വന്ന വെളിയനാട് ന്യൂ ഇന്ത്യ ദൈവസഭയുടെ ശുശ്രൂഷകനായ പാസ്റ്റർ സണ്ണി കെ.യു. അവിടെയുള്ള മിഷണറിമാരുടെയും ദൈവമക്കളുടെയും ജീവിത സാഹചര്യങ്ങളെപ്പറ്റി സഭയിൽ പറയുകയും പ്രാർത്ഥിക്കുകയും ചെയ്തതാണ് കുഞ്ഞുങ്ങൾക്ക് പ്രചോദനമായത്. മാത്രമല്ല, സമൃദ്ധിയുടെ ശേഷം വന്ന ഞെരുക്കത്തിലും കടഭാരങ്ങളിലും മാതാപിതാക്കൾ ദൈവരാജ്യത്തിനു വേണ്ടി കൊടുക്കുന്ന മാതൃകയാണ് കുഞ്ഞുങ്ങളും പിൻപറ്റുന്നതെന്ന് അവരുടെ സഭാ ശുശ്രുഷകൻ സാക്ഷ്യപ്പെടുത്തുന്നു. പിതാവ് എബി സ്വന്തം വാഹനം ടാക്സി ഓടിയാണ് കുടുംബം പുലർത്തുന്നത്. എന്നാൽ ഇൻഷുറൻസും ടാക്സും അടയ്ക്കുവാൻ കഴിയാഞ്ഞതിനാൽ വാഹനം പുറത്തിറക്കുവാൻ കഴിയാതെയായിരിക്കുന്നു.
ഇക്കഴിഞ്ഞ ജൂൺ 23 ഞായറാഴ്ച അതേ സഭയിലെ അംഗമായ കാനഡയിലുളള റ്റിഷോ ആന്റണി പട്ടത്താനം കുഞ്ഞുങ്ങൾക്കായി ഒരു സൈക്കിൾ പ്രോത്സാഹനമായി നല്കുവാൻ ഇടയായി.