ക്രിസ്തുവിൽ മറഞ്ഞിരുന്ന് ജീവിതം ധന്യമാക്കിയ പഴവന മോനച്ചായൻ

0
2055

അനുസ്മരണം:

ക്രിസ്തുവിൽ മറഞ്ഞിരുന്ന് ജീവിതം ധന്യമാക്കിയ പഴവന മോനച്ചായൻ

ചാക്കോ കെ. തോമസ്, ബെംഗളുരു

ചെങ്ങന്നൂർ പഴവന വീട്ടിൽ പരേതരായ പി.വി.മാത്യൂ – റേച്ചൽ ദമ്പതികളുടെ രണ്ടാമത്തെ മകനായി 1951 ഏപ്രിൽ 9ന് ജോർജ് മാത്യു എന്ന പഴവന മോനച്ചൻ ജനിച്ചു. ബിസിനസ് സംരംഭകൻ വരെ വളർന്നെങ്കിലും ക്രിസ്തുവിൽ മറഞ്ഞിരുന്ന് ജീവിതം നയിക്കുവാൻ ആഗ്രഹിച്ചിരുന്നു. തന്റെ മാതാവ് ക്രിസ്തീയ വിശ്വാസത്തിൽ അടിയുറച്ച് വിശ്വസിച്ചിരുന്നതിനാൽ ചെറുപ്രായം മുതൽ സൺഡെസ്ക്കൂൾ പഠിക്കുന്നതിനും യേശുവിന്റെ സ്നേഹം തന്നിലുള്ളതിനാലും മറ്റുള്ളവരെ സ്നേഹിക്കുവാനും ബഹുമാനിക്കുവാനും അവരെ സഹായിക്കുവാനുള്ള നല്ല മനസാക്ഷിയും അദ്ദേഹത്തിന് ഉണ്ടായിരുന്നു. തന്റെ ചെറുപ്പത്തിൽ കഷ്ടതയുടെയും പട്ടിണിയുടെയും മദ്ധ്യേ ജീവിച്ചിരുന്ന സമയത്തും തന്റെ മാതാവ് സ്വഭവനം വിറ്റ് ദി പെന്തെക്കോസ്ത് മിഷൻ ( ടി പി എം) വിശ്വാസ ഭവനത്തിന് നൽകിയിരുന്നു. സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം
ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ നിന്നും വിദ്യാഭ്യാസം പൂർത്തികരിച്ച് 1970 ൽ രാജസ്ഥാനിലെ ജയ്പൂരിലെക്ക് ജോലി അന്വേഷിച്ച് പോകുകയും ദൈവ ക്രപയാൽ രാജസ്ഥാൻ ഗവൺമെന്റ് സർവീസിൽ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. ജയ്പൂരിലെ തന്റെ ജീവിതകാലത്ത് ദി പെന്തെക്കോസ്ത് മിഷൻ സഭാ ശുശ്രൂഷകനും ഇപ്പോൾ നിത്യതയിൽ വിശ്രമിക്കുന്നതുമായ പാസ്റ്റർ ജെ എസ് മനോഹരനെ കണ്ടുമുട്ടുവാനിടയായ്. പാസ്റ്റർ മനോഹരന്റെ വചനാടിസ്ഥാനത്തിൽ യേശുവിനെ സ്വന്തരക്ഷകനായ് സ്വീകരിച്ച് ജലസ്നാനമേറ്റു.
1975 ൽ പട്ടാഴി കോട്ടപ്പണിക്കേത്തു വീട്ടിൽ മറിയാമ്മയെ വിവാഹം ചെയ്ത് കുടുംബസ്ഥനായ്.
1977-ൽ സർക്കാരുദ്യോഗം രാജിവെച്ച് ദുബായിലെത്തുകയും ദുലാം ഇന്റർനാഷണൽ ഓഫ് ഷോർ എന്ന കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചു. തൊണ്ണൂറുകളിൽ കമ്പനി പ്രവർത്തനം അവസാനിപ്പിക്കുവാൻ തീരുമാനിച്ചപ്പോൾ അദ്ദേഹം അത് ഏറ്റെടുത്തു. ജന്മനാടായ ചെങ്ങന്നൂരിലും പരിസരങ്ങളിലുള്ള ധാരാളം യുവജനങ്ങൾക്ക് സ്ഥാപനത്തിൽ ജോലിയും നൽകി. കിടപ്പാടം വിറ്റ് ദൈവവേലയ്ക്കായി സകലതും സമർപ്പിച്ച തന്റെ മാതാവിൽ നിന്നും പഠിച്ച പാഠങ്ങൾ ഉൾക്കൊണ്ടു കൊണ്ട് സഭയ്ക്കും സഭാ വിശ്വാസികൾക്കും ശുശ്രൂഷകർക്കും വേണ്ടി സദായത്നിക്കുമായിരുന്നു.
1978 കാലയളവിൽ കേരളത്തിൽ നിന്ന് ജോലിയ്ക്കായ് മണലാരണ്യത്തിൽ എത്തിയിട്ടുള്ള വിശ്വാസികളെ സംയോജിപ്പിച്ച് പ്രാർഥനാ കൂട്ടം നടത്തുവാൻ മോനച്ചായൻ വളരെ ഉത്സാഹിയായിരുന്നു. പിന്നീട് പാസ്റ്റർ ഫിലിപ്പ് ചാണ്ടപ്പിള്ളയെ ദുബായിൽ കൊണ്ടുവരുകയും ടി പി എം സഭയുടെ ഒരു വേല ആരംഭിക്കുവാനും ഇടയായി. ദുബായിൽ എവിടെയെങ്കിലും വിശ്വാസികൾ ഉണ്ടെന്ന് അറിഞ്ഞാൽ ലേബർ ക്യാമ്പുകൾ സന്ദർശിച്ച് അവരെ കണ്ടെത്തി ആത്മീകമായും ഭൗതികമായും അവരെ സഹായിച്ചിരുന്നു.
തന്റെ 42 വർഷത്തെ ഔദ്യോഗിക ജീവിതത്തിനിടയ്ക്ക് ചെന്നെത്തിയ ഇടങ്ങളിലെല്ലാം ദൈവം ചെയ്ത സകല അനുഗ്രഹങ്ങളെക്കുറിച്ച് സാക്ഷ്യപ്പെടുത്തുവാനും ദൈവരാജ്യത്തിന്റെ കെട്ടുപണിക്ക് തന്നാലാവത് ചെയ്യുന്നതിലും ശ്രദ്ധാലുവായിരുന്നു. കഷ്ടത അനുഭവിച്ചു വളർന്നതിനാൽ ജാതിമത വ്യത്യാസമെന്യ തന്റെ അടുക്കൽ വരുന്നവരെ കൈനിറയെ സഹായിക്കുമായിരുന്നു.
ജന്മനാടായ ചെങ്ങന്നൂരിന്റെ വളർച്ചയ്ക്കായ് 2015ൽ പ്രൊവിഡൻസ് കോളേജ് ഓഫ് എൻജിനീയറിങ് ആരംഭിച്ചു. സാമൂഹിക സാംസ്കാരിക സേവന രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്നു പഴവന മോനച്ചൻ.
ഉത്തമ കുടുബനാഥനായ അദ്ദേഹത്തിന് ദൈവം രണ്ട് ആൺമക്കളെയും ഒരു മകളെയും അവർക്ക് തുണകളായ മരുമക്കളെയും ആറ് കൊച്ചു മക്കളെയും നൽകി ദൈവം അനുഗ്രഹിച്ചു. യാത്രാ തിരക്കുകൾക്കിടയിലും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിൽ ഏറെ ശ്രദ്ധിച്ചിരുന്നു. ഏത് കാര്യം ചെയ്താലും പരിപൂർണത അദ്ദേഹത്തിന് നിർബന്ധമായിരുന്നു.
” ഇത്രത്തോളം എന്നെ കൊണ്ടു വന്നീടുവാൻ ഞാനും എൻ കുടുംബവും എന്തുള്ളു?” എന്ന് ദാവീദ് രാജാവിനോടൊപ്പം അദ്ദേഹവും എപ്പോഴും പാടുകയും തന്റെ ഭവനത്തിലെ സന്ദർശക മുറിയിൽ ആ വചനം എഴുതിയും വെച്ചിട്ടുണ്ട്.
2018ൽ കേരളത്തിലുണ്ടായ പ്രളയത്തിൽ അകപ്പെട്ട ചെങ്ങന്നൂരിലുള്ള തന്റെ കുടുംബത്തെ കാണുവാനായ് ദുബായിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചേർന്നു. എന്നാൽ ചെങ്ങന്നൂർ ഭാഗത്ത് റോഡിൽ വെള്ളം നിറഞ്ഞതിനാൽ യാതൊരു വാഹനങ്ങളും ലഭിക്കാതെ അദ്ദേഹംദുഃഖിതനായ് തീർന്നു. പ്രാർഥന കേൾക്കുന്ന ദൈവം പന്തളം വരെ ഒരു ടാക്സി ഒരുക്കുകയും പന്തളത്ത് നിന്ന് പച്ചക്കറി കയറ്റി വന്ന തമിഴ്നാട് ലോറിയിൽ കയറി അദ്ദേഹം ഭവനത്തിൽ എത്തിച്ചേർന്നതും അന്ന് ചെങ്ങന്നൂർ കരിങ്ങാട്ടിലെ ഭവനത്തിൽ നടന്ന സഭാ യോഗത്തിലെ സാക്ഷിയിൽ പ്രസ്താവിച്ചിരുന്നു. അന്നത്തെ സഭാ യോഗത്തിൽ പ്രിയ മോനച്ചായനൊടൊപ്പം എനിക്കും പങ്കെടുക്കുവാൻ സാധിച്ചിരുന്നു. തന്നെ തേടിയെത്തിവർക്കൊക്കെ കൈ നിറയെ നൽകാൻ യാതൊരു മടിയും കാണിച്ചിരുന്നില്ല. ഒരിക്കൽ അദ്ദേഹത്തെ കണ്ടുമുട്ടിയ ഒരാൾക്ക് പോലും അദ്ദേഹത്തിന്റെ പുഞ്ചിരി തൂകുന്ന മുഖവും ആശ്വാസവാക്കും മറക്കുവാൻ കഴിയുകയില്ല.
പല പ്രാവശ്യം രോഗക്കിടയിൽ ആയിരുന്നുവെങ്കിലും ദൈവ ക്രപയിൽ ആശ്രയിച്ച് ജീവിച്ചു.
ഒരു പുരുഷായുസ് മുഴുവൻ ക്രിസ്തുവിൽ മറഞ്ഞിരുന്ന് ജീവിതം ധന്യമാക്കിയ പഴവന മോനച്ചായൻ സെപ്റ്റംബർ 9 ന് രാത്രി 10.20ന് ദുബായിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു.
കാരുണ്യത്തിന്റെ കരസ്പർശവുമായി കരുത്തുറ്റ മനസ്സോടെ കാലത്തിനൊപ്പം നടന്ന് കാലയവനികയ്ക്കുള്ളിൽ മറഞ്ഞ പ്രിയ മോനച്ചായനെ കാഹളനാദത്തിങ്കൽ കാണാമെന്ന പ്രത്യാശയോടെ!

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here