ശുദ്ധീകരിക്കുക; നാളത്തേക്കു തയ്യാറാവുക

0
191

ശുദ്ധീകരിക്കുക; നാളത്തേക്കു തയ്യാറാവുക

ലോക്ഡൗൺ കാലത്തെ
നൽമാർഗചിന്തകൾ | ഷാജൻ ജോൺ ഇടയ്ക്കാട്

നാം ജീവിക്കുന്ന ലോകം കാഴ്ചയ്ക്ക് മനോഹരമാണ്.
അനുദിനം വികാസം സംഭവിക്കുന്നിടവുമാണ്.
നിത്യതയെക്കുറിച്ചുള്ള അത്യന്തമോഹമൊക്കെ മനസിൽ നിറഞ്ഞു തുളുമ്പുമ്പോൾ തന്നെ ലോകത്തിൻ്റെ ഇമ്പങ്ങളും നമ്മെ ചിലപ്പോഴൊക്കെ ഭ്രമിപ്പിച്ചേക്കാം.
നാം ഒരു സമൂഹത്തിൻ്റെ ഭാഗമായാണല്ലോ ജീവിക്കുന്നത്.
വിശുദ്ധരുടെ കൂടെ മാത്രമൊന്നുമല്ലല്ലോ പൂർണമായും നമ്മുടെ സംസർഗം.
വിശ്വാസജീവിതത്തെയും നേർവഴി സഞ്ചാരത്തെയും തുച്ഛീകരിക്കുകയോ ലളിതവൽക്കരിക്കുകയോ അല്ല.
യാഥാർത്ഥ്യങ്ങളെ വിശകലന വിധേയമാക്കുന്നു എന്നു മാത്രം.
പലപ്പോഴും പരീക്ഷകളും പ്രലോഭനങ്ങളും വേർതിരിച്ചു കാണുവാൻ പോലും നമുക്ക് കഴിയാറില്ല.
പരീക്ഷകളേക്കാൾ പ്രലോഭനങ്ങളിലാണ് ഏറെപേരും പെട്ടു പോകുന്നതും.
പരീക്ഷകൾ ദൈവത്തിൽ നിന്നാണെങ്കിൽ
പ്രലോഭനങ്ങൾ ശത്രുവിൽ നിന്നത്രെ.
ദൈവത്തിൻ്റെ പരീക്ഷകൾ അത്യാവശ്യ ഘട്ടത്തിലെങ്കിൽ ശത്രുവിൻ്റെ പ്രലോഭനങ്ങൾ നിരന്തരവുമത്രെ.
അത്രയൊക്കെ നമുക്ക് നിശ്ചയമുണ്ടായിരിക്കണം. എന്തും ചെയ്തു കൂട്ടിയിട്ട് മുഴുവൻ ദൈവത്തിൻ്റെ തലയിൽ വയ്ക്കരുത്. പ്രലോഭനങ്ങളിൽ വീണിട്ട് രക്ഷപ്പെടാൻ പഴുതന്വേഷിച്ചു തമ്പുരാനെ കൂട്ടുപിടിക്കാൻ നോക്കുകയെ വേണ്ട.
തെറ്റ് ഏറ്റു പറയാൻ വ്യവസ്ഥയുണ്ട്. അബദ്ധമായി എന്ന ഒത്തുതീർപ്പിനൊന്നും അവിടെ വ്യവസ്ഥയില്ല.
പരീക്ഷകൾ വിജയിക്കാനാണെങ്കിൽ പ്രലോഭനങ്ങൾ തകർത്തു കളയുവാൻ മാത്രമാണ്. വിജയത്തിൻ്റെ പടിക്കയറ്റത്തിൽ നിന്നും പിന്നോട്ടടിക്കുകയാണ് ഓരോ പ്രലോഭനങ്ങളും.
ഒരാൾ തീരുമാനിച്ചാൽ ചിലപ്പോൾ ഒരു സമൂഹം മുഴുവൻ തോറ്റു തകർന്നു പോയേക്കാം.
ഒരാളിൻ്റെ താല്കാലിക സംതൃപ്തി ഒരു സമൂഹത്തിൻ്റെ തകർച്ചയ്ക്കും അയാളുടെ തന്നെ നിത്യ മരണത്തിനും നിദാനമായേക്കാം എന്നും മറക്കേണ്ടതില്ല.

യിസ്രായേൽ എന്ന ദൈവത്തിൻ്റെ ജനം വാഗ്ദത്ത നാട്ടിലേക്കുള്ള യാത്രയിലുടനീളം ഇവ രണ്ടിലൂടെയും കടന്നു പോയിട്ടുണ്ട്.
യോശുവാ നായകനായിരിക്കുന്ന ഒരു ഘട്ടത്തിൽ പൊരുതി പൊരുതി മുന്നേറി വരവേ ഒരിക്കൽ ഹായി പട്ടണം പിടിച്ചടക്കേണ്ട സാഹചര്യം വന്നു. ഒറ്റു നോക്കിയവർ വളരെ ലളിതമായ ഒരു ടാസ്ക് ആണെന്നും. മൂവായിരം പേരോളം യുദ്ധത്തിന് പോയാൽ മതിയെന്നും ബാക്കിയുള്ളവർ വിശ്രമിക്കട്ടെയെന്നും നിർദ്ദേശിച്ചു.
അങ്ങനെ അവർ പോയി. യുദ്ധം തോറ്റു. മുപ്പത്തിയാറുപേർ കൊല്ലപ്പെട്ടു. വലിയ മാനഹാനിയുണ്ടായി. ആത്മവിശ്വാസം പൊലിഞ്ഞു.
പരാജയങ്ങൾ മിക്കപ്പോഴും ഏറെ പിന്നോട്ടടിക്കും. മുന്നോട്ടേക്കായാനുള്ള ശക്തി ചോർത്തിക്കളയും നേതൃ രംഗത്തും ആശയക്കുഴപ്പമുണ്ടാക്കും. അന്നും യോശുവ വല്ലാതെ തകർന്നു ദൈവസന്നിധിയിൽ നെടുമ്പാടു വീണു.
എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു? യോശുവയുടെ ചോദ്യത്തിന് ദൈവത്തിൻ്റെ ഉത്തരം “അർപ്പിത വസ്തുക്കൾ മോഷ്ടിച്ചെടുത്തിരിക്കുന്നു”. ഒരൊറ്റയാൾ ചെയ്ത ഹീനകൃത്യത്തിൻ്റെ ഫലം ഒരു സമൂഹത്തിൻ്റെ തലയിൽ വാളായി ഭവിച്ചിരിക്കുന്നു,

 

ദൈവത്തിൻ്റെ ഭണ്ഡാരത്തെ തുരന്നെടുത്ത് അതിൽ നിന്നും മോഷ്ടിക്കപ്പെട്ടത് വീട്ടിൽ കുഴിച്ചിട്ടത് കൂടെയുള്ള ആരും കണ്ടെന്നു വരികയില്ല, ഇനി കണ്ടാൽ തന്നെ അതിലെ തെറ്റും ശരിയും ബോധ്യപ്പെടുത്താൻ ശ്രമിച്ചെന്നും വരികയില്ല. ചിലപ്പോൾ കണ്ടവർ അതെല്ലാം മറന്ന് മറ്റു മികവുകളെ പുകഴ്ത്തി നമ്മെ ശ്രേഷ്ഠനാക്കി നിർത്തിയെന്നും വന്നേക്കാം.
പക്ഷെ അതിലൊന്നും ഒരു കാര്യവുമില്ലെന്ന തിരിച്ചറിവിന് വൈകരുത്. ദൈവസന്നിധിയിൽ നിന്നും വീണു പോയാൽ നിയമം ദൈവത്തിൻ്റേതാണ്. കല്ലെറിഞ്ഞു കൊല്ലാനാണ് തീരുമാനമെങ്കിൽ ആദ്യം കല്ലെറിയാൻ നിയോഗിക്കപ്പെടുന്നത് നമ്മെ ഏറ്റവും അധികം പിന്തുണച്ചവരുമായേക്കാം.
അന്നു കല്ലെറിഞ്ഞു പിന്നെ ചുട്ടു കൊന്നു. മോഷ്ടിച്ചവനെ മാത്രമല്ല അവൻ്റെ കുടുംബത്തെയും.
ഭയപ്പെടുത്താനെഴുതിയതല്ല, ഓർമ്മിപ്പിക്കാൻ ശ്രമിക്കുന്നുവെന്നു മാത്രം.
ഒരാൾ നിമിത്തം ഒരു കുടുംബം എരിഞ്ഞടങ്ങുകയും ഒരു സമൂഹം തോറ്റു തുന്നം പാടിയതും ആവർത്തിച്ചു മനസിൽ ഉയർന്നു വന്നപ്പോൾ സൂചന തന്നുവെന്നു മാത്രം.
നമുക്കുള്ളതിൽ തൃപ്തിയടയുക. ലോകത്തിൻ്റെ സൗന്ദര്യങ്ങൾ ആസ്വാദനമാകാതിരിക്കുക, അർപ്പണ വസ്തുക്കളിൽ കണ്ണുവയ്ക്കാതിരിക്കുക,
ജീവിതം ദൈവത്തിൽ ആസ്വദിച്ചനുഭവിക്കേണ്ടതാണ്.
പരീക്ഷകൾ ദൈവം തരുന്നതാണ്
അത് ദൈവം നമ്മെ അടുത്ത പടിയിലേക്കുയർത്താനാണ്. ഓരോ പരീക്ഷകൾ നേരിടേണ്ടി വരുമ്പോഴും അവിടുന്ന് നമ്മെ അദൃശ്യകരങ്ങളാൽ താങ്ങുന്നുണ്ടെന്ന കാര്യം മറക്കരുത്
പ്രലോഭനങ്ങൾ ശത്രുവിൻ്റെതാണ് അത് നമ്മെ തകർക്കുവാൻ വേണ്ടി മാത്രമാണ്.
ഇനി ഒന്ന് ഓർത്തെടുക്കുകയോ എഴുതി നോക്കുകയോ ചെയ്യാം
പരീക്ഷകൾ നാം കടക്കേണ്ടി വന്നിട്ടുണ്ടോ അതോ അനുഭവിച്ചതത്രയും പ്രലോഭനങ്ങളായിരുന്നോ?

അടച്ചിട്ട മുറിയിലിരുന്നു സ്വയം ആശ്വസിക്കുകയല്ല വേണ്ടത്.
അവനിൽ ആശ്വാസം കണ്ടെത്തുക തന്നെയാണ്. അർപ്പിതമായതിനെ അറിഞ്ഞോ അറിയാതെയോ കൈക്കലാക്കിയെങ്കിൽ ഇപ്പോൾ തന്നെ ഏറ്റു പറയാം.
ദൈവം കണക്കു പറയുന്നതിന് മുമ്പ് നമുക്ക് ദൈവത്തോട് കണക്കുതീർക്കാം.
മോഷ്ടിച്ചതും, ചതിച്ചതും, പാരവച്ചതും, ദൂഷണം പറഞ്ഞതും, നിഗളിച്ചതും എല്ലാം എല്ലാം ഏറ്റു പറയാം ഒരു നാണക്കേടും തോന്നേണ്ട കാര്യം ഇല്ല.
മറ്റൊരു പരിഹാരവുമില്ല തന്നെ.
നിത്യതയിലേക്കുള്ള യാത്രാവഴിയിൽ പട്ടു പോകാതിരിക്കാൻ അതീവ ജാഗ്രത വേണം.
ജാഗ്രത പ്രലോഭനം എന്ന വൈറസിനെതിരെ ലോക്ഡൗൺ തീർന്നാലും ഉണ്ടാകണം,
കൊറോണയെക്കുറിച്ചുള്ള ഭയം ലോക്ഡൗൺ തീരുമ്പോൾ മാറിയേക്കാം.
നിത്യതയിലെത്തിക്കാതിരിക്കാനുള്ള വൈറസ് പ്രയോഗം അപ്പോഴും ശത്രു തുടർന്നു കൊണ്ടേയിരിക്കും.
ജാഗ്രതൈ!

LEAVE A REPLY

Please enter your comment!
Please enter your name here