അക്സ ജോസ് എന്ന സമാധാന പുത്രി
ഷാജൻ ജോൺ ഇടയ്ക്കാട്
ഇന്ന് ഫേസ് ബുക്കിൽ അടൂർ എം.എൽ. എ ശ്രീ ചിറ്റയം ഗോപകുമാർ എഴുതിയ ചില വരികൾ മനസിനെ വല്ലാതെ തൊട്ടു. ആ വരികളും ചിത്രവും പങ്കുവയ്ക്കപ്പെടേണ്ടതു തന്നെയായിരുന്നു
ആ വരികൾ ഇതാണ്
“എൻ്റെ സുഹൃത്ത് ജോസിൻ്റെ മകൾ അക്സാ ജോസ് ഒരു മാസത്തെ പെൻഷൻ തുക 5000 രൂപാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനായി ആക്സാമോളുടെ കൈയ്യിൽ നിന്ന് ഏറ്റുവാങ്ങുന്നു.”
ഇനിയുള്ള വരികൾ ഞാൻ കുറിക്കുന്നു.
അക്സ ജോസിനെ എനിക്കറിയാവുന്നത് സുവിശേഷ തല്പരനായ ഒരു സുഹൃത്തായ ജോസ് കടമ്പനാടിൻ്റെ മകളെന്ന നിലയിലാണ്. കുടുംബം പോറ്റാനായി കാലങ്ങളായി സൗദി അറേബ്യയിൽ ജീവിക്കുന്ന ഒരു പ്രവാസി മലയാളി. അപ്പോൾ തന്നെ സുവിശേഷ പ്രവർത്തനങ്ങളിൽ അതീവ തല്പരൻ. ജോസ്- സൂസൻ ദമ്പതികൾക്ക് രണ്ട് മക്കൾ അക്സയും ആൻസിയും. തുവയൂർ ചർച്ച് ഓഫ് ഗോഡ് സഭാംഗങ്ങളാണ്.
അക്സമോൾ പന്തളം എൻ. എസ്. എസ് കോളേജിൽ നിന്നും ഇംഗ്ലീഷിൽ ബിരുദ പഠനം പൂർത്തിയാക്കി പി.എസ്.സി കോച്ചിംഗിന് പോയി കൊണ്ടിരിക്കയായിരുന്നു. ദൈവം വ്യത്യസ്ത കഴിവുമായി നല്കിയ ജീവിതത്തിനുടമയായ അക്സമോൾ നാടെങ്ങും ദുരിതം പെയ്തിറങ്ങിയ ഈ ദിവസങ്ങളിലും വ്യത്യസ്തയാവുകയാണ്.
ദുരിത ജീവിതം നാടെങ്ങും നടമാടുമ്പോൾ ഭിനശേഷിയുള്ളവർ കഴിയുന്നത്ര ബുദ്ധിമുട്ടുകൾ ഒഴിവാക്കി ജീവിക്കട്ടെയെന്നു കരുതിയാണ് സർക്കാർ അവർക്കു നല്കേണ്ട ആശ്വാസസഹായം ചില മാസങ്ങളിലെ ഒന്നിച്ചു നല്കിയത്. അക്സക്ക് അങ്ങനെ കിട്ടിയ അയ്യായിരം രൂപ കിട്ടിക്കഴിഞ്ഞപ്പോഴേ മാതാപിതാക്കളോടാഗ്രഹം പ്രകടിപ്പിച്ചു ” ഈ സാഹചര്യത്തിൽ തുക മുഖ്യമന്ത്രിയുടെ ആശ്വാസ ഫണ്ടിലേക്ക് നല്കാം ” അതാണ് ഞാനിപ്പോൾ ചെയ്യേണ്ടതെന്ന് മനസ് പറയുന്നു. കേട്ടതും ആ മാതാപിതാക്കളുടെ മനസ് നിറഞ്ഞു. ഒട്ടും വൈകിയില്ല അക്സയുടെ ആഗ്രഹം എം.എൽ.എ യുടെ അറിവിലെത്തി. ശ്രീ ചിറ്റയം ഗോപകുമാർ അക്സമോളുടെ വീട്ടിലെത്തി തുക സ്വീകരിച്ചു.
“എൻ്റെ ദൈവം സമാധാന” മെന്നാണ് അക്സ എന്ന പേരിൻ്റെ അർത്ഥം. സമാധാന പുത്രിയുടെ ഹൃദയം നിറയെ ലോക സമാധാനത്തെ കുറിച്ചുള്ള ചിന്തകളാണ്. അതിനു വേണ്ടി ദൈവത്തോടുള്ള പ്രാർത്ഥനയും. ചെറിയൊരു സഹായം ചെയ്യുവാൻ കഴിഞ്ഞതിൻ്റെ ആശ്വാസം ആണ് ആ മനസു നിറയെ. അഭിനന്ദനത്തിൻ്റെ വാക്കുകൾ ആ കാതിലേക്ക് ചൊരിഞ്ഞപ്പോഴും അമിതാഹ്ലാദമൊന്നുമില്ല ആ കുഞ്ഞു മനസിൽ. ഇനിയും എന്തെങ്കിലും ഒക്കെ ചെയ്യുവാൻ കഴിയണം എന്നാഗ്രഹവുമായി അക്സ പ്രതീക്ഷാനിർഭരയാകുന്നു.
അഭിനന്ദനം അക്സമോൾ.
ദൈവം അനുഗ്രഹിക്കട്ടെ…
ഈ വഴി പകർത്താൻ മനസുള്ളവർ പകർത്താൻ ഒട്ടും കാത്തിരിക്കല്ലേ.