പക്വത വന്നവർക്ക് പ്രോത്സാഹനങ്ങളല്ല, ലക്ഷ്യമാണ് പ്രധാനം!

0
721

പക്വത വന്നവർക്ക് പ്രോത്സാഹനങ്ങളല്ല, ലക്ഷ്യമാണ് പ്രധാനം!

അനീഷ് കൊല്ലംകോട്

തു മേഖലയുമായിക്കോട്ടെ, ഇരുത്തം വന്നവരുടെ ശ്രദ്ധാ കേന്ദ്രം ഏറ്റെടുത്ത നിയോഗത്തിന്റെ വിജയകരമായ പൂർത്തീകരണമായിരിക്കും. അഥവാ ലക്ഷ്യസ്ഥാനമായിരിക്കും. നവാഗതർ ആഗ്രഹിക്കും പോലെ കാണികളുടെ ലൈക്കുകളും പ്രോത്സാഹനങ്ങളുമായിരിക്കില്ല അവരുടെ ലക്ഷ്യം!

എയ്റോ പ്ലെയിൻ ഭൂമിയിൽ നിന്ന് നിശ്ചിത ഘട്ടത്തിലേക്ക് ഉയർന്നു കഴിഞ്ഞാൽ പിന്നെ സ്വഭാവികമായ പറക്കൽ സാധ്യമാകണം. അങ്ങനെയാണല്ലോ അതിന്റെ സംവിധാനം. പറക്കൽ തുടങ്ങുമ്പോഴുള്ള കാഴ്ചക്കാരുടെ ആകാംക്ഷയും ശ്രദ്ധയും കയ്യടിയും അത്ഭുതത്തോടെയുള്ള നോട്ടവും ഒന്നും പിന്നീട് അനന്ത വിഹായസ്സിലൂടെയുള്ള സ്വാഭാവിക പറക്കലിന് ലഭിക്കില്ല.

മാനത്തേക്ക് ഉയർന്നു പൊങ്ങാൻ ഉപയോഗിക്കുന്നതിന്റെ വളരെ കുറച്ച് ശക്തി മതിയാകും തുടർന്ന് ലക്ഷ്യത്തിലെത്തുന്നതുവരെയുള്ള സ്വാഭാവിക പറക്കലിന്.
ഉയർന്നു പൊങ്ങി സ്വാഭാവിക പറക്കൽ സാധ്യമായി കഴിഞ്ഞാൽ പിന്നെ മുന്നിലുള്ളത് ലക്ഷ്യം മാത്രം. കാണാൻ ആദ്യഘട്ടത്തെപ്പോലെ കാഴ്ചക്കാരില്ല, കയ്യടിക്കാനും അത്ഭുതത്തോടെ നോക്കിനിൽക്കാനും ആരുമില്ല. കണ്ണെത്താ ദൂരത്ത് മേഘങ്ങൾക്കും മുകളിലൂടെ ബന്ധപ്പെട്ട എയർപോർട്ടുകളിൽ നിന്നു ലഭിക്കുന്ന നിർദ്ദേശങ്ങൾ മാത്രം ശ്രദ്ധിച്ച് പറക്കൽ തുടരുകയാണ്; ലക്ഷ്യപ്രാപ്തി കൈവരിക്കുന്നതുവരെയും.

അതേ! ആദ്യം ഘട്ടം കഴിഞ്ഞ്‌ ഉയർന്നു പൊങ്ങി ബന്ധപ്പെട്ട മേഖലകളിൽ സ്വാഭാവിക പറക്കൽ സാധ്യമായിട്ടുള്ള എല്ലാവരും ഇനിയും പ്രോത്സാഹനങ്ങൾക്കും കയ്യടികൾക്കും വേണ്ടിയുള്ള ശ്രമങ്ങൾ ഉപേക്ഷിക്കണം. പ്രോത്സാഹനങ്ങൾ നവാഗതർക്കുള്ളതാണ്.

ഒരു നല്ല പ്രവൃത്തി ചെയ്താൽ, ആരോടെങ്കിലും കരുണ കാണിച്ചാൽ, ആർക്കെങ്കിലും വേണ്ടി പ്രാർത്ഥിച്ചാൽ, നന്നായി പ്രസംഗിച്ചാൽ, പഠിപ്പിച്ചാൽ, എഴുതിയാൽ, നന്നായി പാടാനായാൽ, ആരോടെങ്കിലും ക്ഷമിക്കാൻ കഴിഞ്ഞാൽ, വീഴ്ചയിൽ താങ്ങിയാൽ,
വായ്‌പ നൽകിയാൽ, ദാനം നൽകിയാൽ എന്നു തുടങ്ങി പരോപകാര പ്രദമായ എന്തുചെയ്താലും അവയ്ക്കൊന്നിനും
ഇരുത്തം വന്നവർ
കാണികളുടെ കയ്യടി പ്രതീക്ഷിക്കില്ല. അതേസമയം, സ്വാഭാവികമായി ലഭിക്കുന്ന പ്രോത്സാഹനത്തെ ലക്ഷ്യത്തിലേക്കുള്ള ഊർജ്ജമാക്കി മാറ്റുന്നവരാണവർ.

 

ഉയർന്നു പറക്കുന്നവർക്ക് കയ്യടി കിട്ടുന്നത് വിരളമാണ്. അവരെ അധികമാരും കാണുന്നില്ല എന്നതാണ് സത്യം. (വലിയ വലിയ ശാസ്ത്രജ്ഞരേക്കാളും പണ്ഡിതരേക്കാളും ഒക്കെ കൂടുതൽ കയ്യടി ലഭിക്കുന്നത് താരതമ്യേന അതേ മേഖലകളിൽ വളർന്നു വരുന്ന നവാഗതർക്കാണെന്നതല്ലേ സത്യം!. ഏതു മേഖലയിലും അങ്ങനെ തന്നെയാണ്. നമ്മുടെ കാര്യത്തിലും അതേ. സാധാരണക്കാർക്കിടയിൽ പ്രസംഗിക്കുന്നവർക്ക് ലഭിക്കുന്ന പ്രോത്സാഹനം അവരുടെ പ്രസംഗത്തിലെ ആശയങ്ങളുടെ ഉറവിടങ്ങളായ ദൈവശാസ്ത്രജ്ഞർക്ക് ലഭിക്കാറില്ലല്ലോ. എയ്‌റോ പ്ലെയിൻ വിഹായസ്സിൽ ഉയർന്നു പറക്കുന്നതുപോലെ കാണാനാവാത്തവിധം വളരെ ഉയരത്തിൽ പറക്കുന്നവർ നവാഗതർക്കും താഴെത്തട്ടിൽ നിൽക്കുന്നവർക്കും ലഭിക്കുന്ന കയ്യടിയിൽ ആശ്ചര്യപ്പെടേണ്ടതില്ല.

കുട്ടിത്തത്തിൽ നിന്നും സ്വർത്ഥതയിൽ നിന്നും, സ്വന്തം നേട്ടങ്ങളിൽ മാത്രം അഭിമാനിച്ചിരുന്ന
ആരംഭകാലത്തെ അനുഭവങ്ങളിൽ നിന്നും
പ്രോത്സാഹനവും കയ്യടിയും മാത്രം പ്രതീക്ഷിച്ചിരുന്ന തലത്തിൽ നിന്നും ജീവിതം മറ്റുള്ളവർക്കും കൂടിയാണെന്ന അവബോധത്തിലേക്ക് നയിക്കപ്പെടുമ്പോഴാണ് ഇരുത്തം
വന്ന വ്യക്തിത്വത്തിലേക്ക് ഉയരുന്നത്. കയ്യടിയും അത്ഭുതത്തോടെയുള്ള കാണികളുടെ നോട്ടവും പ്രോത്സാഹനവും ലക്ഷ്യപ്രാപ്തിയോളം കൂടെയുണ്ടാവണമെന്നില്ല. അവയൊക്കെയും പ്രാരംഭ ഘട്ടത്തിലെ താത്കാലിക പ്രോത്സാഹങ്ങനൾ മാത്രമാണെന്നും ലക്ഷ്യത്തിലെത്തുന്നവർ തിരിച്ചറിയുന്നു. ഒപ്പം, കൈവരിക്കപ്പെടുന്ന ലക്ഷ്യപ്രാപ്തി മറ്റുള്ളവർക്കു വേണ്ടിയും കൂടി ആണെന്നും മനസ്സിലാക്കുമ്പോൾ പിന്നെ പ്രോത്സാഹനങ്ങളെപ്പറ്റിയുള്ള ചിന്താഭാരമില്ല; ലക്ഷ്യപ്രാപ്തിലേക്കുള്ള പരിശ്രമങ്ങൾ മാത്രമേയുള്ളൂ.

Advertisement 

ശുശ്രൂഷയിലേക്കുള്ള രംഗപ്രവേശനത്തിൽ യേശുവിനെ അനുഗമിക്കാനും കൈയടിക്കാനും ആർപ്പുവിളിക്കാനും ആരാധകരായി അനേകരുണ്ടായിരുന്നു. എന്നാൽ ജനക്കൂട്ടത്തിനു യേശുവിന്റെ ദൗത്യത്തിന്റെ വ്യത്യസ്തത വ്യക്തമായി കഴിഞ്ഞപ്പോൾ അവർ കയ്യടിയും അനുധാവനവും എല്ലാം അവസാനിപ്പിച്ചു. യേശു അത് പ്രതീക്ഷിച്ചിരുന്നു. അതേസമയം, തന്റെ ദൗത്യത്തിൽ നിന്ന് അണുവിട വ്യതിചലിക്കാൻ താൻ തയ്യാറായില്ല. ജനം നൽകിയ അംഗീകാരം മൂലമാണ് ദേവാലയത്തിൽ കയറി അനീതിയെ ചോദ്യം ചെയ്യാൻ യേശുവിനു സാധിച്ചത് എന്നു ചിന്തിക്കുമ്പോൾ തന്നെ പ്രായശ്ചിത്ത മരണം എന്ന തന്റെ മഹാ ദൗത്യം തികയ്ക്കാൻ ഒരൊറ്റ മനുഷ്യന്റെയും പ്രോത്സാഹനവും തനിക്ക് അവശ്യമില്ലായിരുന്നു എന്നതാണ് യാഥാർഥ്യം.

സ്വയം വിലയിരുത്താം നമുക്ക്! പ്രോത്സാഹനങ്ങൾ മാത്രം ലക്ഷ്യമിട്ടുള്ളതും കാണികളുടെ ലൈക്കുകൾക്കും കയ്യടികൾക്കും വേണ്ടിയുള്ളതും മാത്രമാണോ നമ്മുടെ പ്രവർത്തനങ്ങൾ? അതോ, അതിനുമപ്പുറത്തേയ്ക്ക് ആരുടെയും കണ്ണെത്താ ദൂരത്തും ലക്ഷ്യപ്രാപ്തി മുൻ നിർത്തി മുന്നേറുകയാണോ നാം? പ്രോത്സാഹിപ്പിക്കുന്നവരുടെ കാഴ്ചയ്ക്കപ്പുറത്തേയ്ക്കും കണ്ണെത്താ ദൂരത്തേയ്ക്കുമുള്ള സ്വാഭാവിക പറക്കൽ ( ഫ്ലയിങ്) നമുക്ക് സാധ്യമായിട്ടുണ്ടോ?

Advertisement 

LEAVE A REPLY

Please enter your comment!
Please enter your name here