സഭയെ വഴിതെറ്റിച്ചത് ആസ്തിവികസനം 

സജി ഫിലിപ്പ് തിരുവഞ്ചൂർ

സഭയെ വഴിതെറ്റിച്ചത് ആസ്തിവികസനം 

സഭയെ വഴിതെറ്റിച്ചത് ആസ്തിവികസനം 

സജി ഫിലിപ്പ് തിരുവഞ്ചൂർ

ക്രൈസ്തവസഭകൾ ഇന്ന് അഭിമുഖീകരിക്കുന്ന പ്രതിസന്ധികളുടെ അടിസ്ഥാനകാരണം ഭൗതിക ആസ്തിവിസനത്തിനു മുൻതൂക്കം നൽകിയതാണ്. എപ്പിസ്‌കോപ്പൽ സഭാവിഭാഗങ്ങളിൽ തുടങ്ങി പെന്തെക്കോസ്തു പ്രസ്ഥാനങ്ങളിൽവരെ ഭിന്നതകൾ രൂപപ്പെടുന്നതു ആത്മീയതയുടെയോ ആരാധനാക്രമത്തിന്റെയോ പേരിരല്ലെന്നതു വിശ്വാസികൾ തിരിച്ചറിയണം. വേദപുസ്തകം വരച്ചുകാണിച്ചിരിക്കുന്ന മിഷൻമാർഗരേഖകളെ ബോധപൂർവം അവഗണിക്കുന്നതു സഭാരംഗത്തു പൊതുവെ കണ്ടുവരുന്ന യാഥാർഥ്യമാണ്. 

ആദിമസഭ ആരംഭ തലമുറയിൽ തന്നെ അന്നത്തെ ലോകതലസ്ഥാനമായ റോംവരെ സുവിശേഷത്തിന്റെ വിജയക്കൊടി പാറിച്ച്, സഭകൾ സ്ഥാപിച്ചതു പള്ളിയും പള്ളിക്കൂടങ്ങളും വേദപഠനശാലകളും ധർമസ്ഥാപനങ്ങളും ഭദ്രാസനങ്ങളും ഹെഡ്ക്വാർട്ടേഴ്‌സും ഒന്നും കൂടാതെയായിരുന്നു. സഭയ്‌ക്കെതിരെ മതങ്ങളും രാഷ്ട്രീയ, സാമൂഹിക ശക്തികളും തീർത്ത അതിശക്തമായ പ്രതിരോധങ്ങളെ തകർത്തുകൊണ്ടാണു ദൈവജനം തങ്ങളുടെ ദൗത്യത്തിൽ മുന്നേറിയത്. എന്നാൽ കാലാന്തരത്തിൽ സ്ഥാപനവത്ക്കരണത്തിലൂടെ സഭയുടെ ദൗത്യത്തിന്റെ മുനയൊടിക്കാൻ സാത്താൻ ഒരുക്കിയ തന്ത്രം വിജയിച്ചതുപോലെ തോന്നാം. 

ആളുകൾ എന്തിനാണു സഭയിലെത്തുന്നത്. ഭൗതികനേട്ടങ്ങളുണ്ടാക്കാൻ ആരും സഭയിൽ വരേണ്ട എന്നു പറയാൻ ധൈര്യമുണ്ടാകണം. കച്ചവടക്കണ്ണോടെ അപ്പൊസ്തലന്മാരെ സമീപിച്ചവനോട്, 'നിന്റെ പണം നിന്നോടുകൂടെ നശിച്ചുപോകട്ടെ' എന്നു അന്നു പറഞ്ഞതുപോലെ ഇന്നുള്ളവർക്കു പരിശുദ്ധാത്മശക്തി ഇല്ലാതെപോയി. സഭയുടെ നിലപാടുകൾ തീരുമാനിക്കേണ്ട പരിശുദ്ധാത്മാവിനെ പണംകൊണ്ടു ഉപരോധിച്ചു. സഭയ്ക്കു ലേഖനങ്ങളിലൂടെ നൽകിയ മാർഗരേഖകളെ പ്രസ്ഥാനങ്ങളുടെ ഭരണഘടനകൊണ്ടു നാം തടങ്കലിലാക്കി. ദൈവരാജ്യത്തിന്റെ സമകാല യാഥാർഥ്യമാകേണ്ട - ദൈവഹിതം പൂർണമായും നടപ്പിലാക്കേണ്ട ഇടം - സഭ പല നിലയിലും കോർപ്പറേറ്റ് മാനേജ്‌മെന്റായി. ഇവിടെ നിക്ഷേപിച്ച്, നേട്ടങ്ങൾ കൊയ്യാൻ പലരും മുന്നോട്ടുവന്നു. അതായിരുന്നു തകർച്ചയുടെ തുടക്കം.

ഇന്നു നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങളുടെ വെളിച്ചത്തിൽ ആരു ജയിച്ചെന്നോ ആരു തോറ്റെന്നോ എവിടെയാണു നീതി എന്നൊന്നും വിധിക്കാൻ നമുക്കു കഴിയില്ലെങ്കിലും ദൈവത്തിന്റെ നാമം അപമാനിക്കപ്പെട്ടു എന്നതു ഉറപ്പാണ്. 'നിങ്ങൾ നിമിത്തം ജാതികളുടെ ഇടയിൽ ദൈവത്തിന്റെ നാമം അപമാനിക്കപ്പെട്ടു.' ലോകകോടതിയിൽപോലും 'ഡീഫെയ്‌മേഷൻ' അഥവാ മാനഹാനി വലിയ കേസാണ്. ലോകജനതയുടെ മുൻപിൽ ദൈവത്തിനു 'മാനഹാനി' വരുത്തുന്നതു പാപമാണെന്നു അധികാരക്കൊതി മൂത്തവർ എന്നു മനസിലാക്കും? അടുത്ത കാലത്തെ സഭാരാഷ്ട്രീയത്തിലെ സംഭവങ്ങൾ അറിഞ്ഞ, സംഭവങ്ങൾ അരങ്ങേറിയ സ്ഥലത്തു കച്ചവടം നടത്തുന്ന ഒരു അക്രൈസ്തവൻ തന്റെ അയൽക്കാരിയായ പെന്തെക്കോസ്തു സഹോദരിയോടു പറഞ്ഞത് ഇങ്ങനെ: 'ചേച്ചീ, ഞങ്ങൾ മോശക്കാരും നിങ്ങൾ (പെന്തെക്കോസ്തുകാർ) നല്ലവരുമാണെന്നു ഞാൻ കരുതി. എനിക്കു തെറ്റിപ്പോയി. നിങ്ങൾ എത്ര മോശക്കാരാണെന്നു ഇപ്പോൾ ഞാൻ മനസിലാക്കുന്നു.' ഇതു നമ്മുടെ തലയെ താഴ്ത്തണം. ഇനി നമ്മുടെ എത്ര നേതാക്കൾക്കു ദൈവരാജ്യവും സുവിശേഷവും പ്രസംഗിക്കാൻ അവകാശമുണ്ട്?  

പരിശുദ്ധാത്മാവിനെയും അഭിഷേകത്തെയും കുറിച്ചു ഘോരഘോരം പ്രസംഗിച്ചവർ അപ്പൊസ്തലപ്രവൃത്തികളിലെ ഒന്നാം അധ്യായത്തിൽ വിവരിച്ചിരിക്കുന്ന യൂദായുടെ കാര്യം വായിച്ചിട്ടില്ലെന്നു തോന്നുന്നു. ഏറ്റവും വലിയ ഗുരുവിൽ നിന്നും വേദജ്ഞാനവും പ്രായോഗികപരിശീലനവും നേടിയിട്ടും ദ്രവ്യാഗ്രഹം ഒരുവനെ തകത്തുകളഞ്ഞ ഞെട്ടിക്കുന്ന ആ സംഭവകഥ ഏതെങ്കിലും കൺവൻഷനിൽ പ്രസംഗിച്ചതായി കേട്ടിട്ടില്ല. ഞെട്ടിക്കുന്ന ആ കഥ വായിക്കാതെ ആരും പെന്തെക്കോസ്തുനാളിലെ സംഭവത്തെക്കുറിച്ചു വായിക്കരുതെന്നു പരിശുദ്ധാത്മാവ് ചിന്തിച്ചിട്ടാണു ലൂക്കൊസിന് ആ ക്രമം നൽകിയത്. നമുക്കു ഗ്രീക്കിലും ഹീബ്രുവിലുമൊക്കെ എത്ര പ്രാവീണ്യം നല്ലതാണെങ്കിലും വേദപുസ്തകവാക്യങ്ങളെ തലനാരിഴകീറി വ്യാഖ്യാനിക്കാനുള്ള പാടവമുണ്ടെങ്കിലും സ്ഥാനമാനപദവികൾക്കോ ദ്രവ്യത്തിനോ വേണ്ടിയുള്ള ആഗ്രഹം നമ്മിൽകുടികൊള്ളുന്നെങ്കിൽ അതു വരുത്തിവയ്ക്കുന്ന വിന വലുതുതന്നെയായിരിക്കും. പൊതുലോകം സഭയിൽനിന്ന് അതാണു ഇപ്പോൾ മനസിലാക്കിക്കൊണ്ടിരിക്കുന്നത്. ഇത് ആവർത്തിച്ചാൽ ഇനി ആത്മീയതയുടെ പേരിൽ കോടതികയറ്റം മാത്രമല്ല, സഭാരാഷ്ട്രീയകൊലപാതകം പോലും നടക്കാനുള്ള സാധ്യത തള്ളിക്കളായാനാകില്ല. സഭ അനുതപിക്കണം. സഭയുടെ അനുതാപം ലോകത്തിന്റെ രക്ഷയ്ക്കു വഴിതുറക്കട്ടെ.

Advertisement