കരുത്തുള്ളവരാകുക
കരുത്തുള്ളവരാകുക
ജേക്കബ് പാലക്കൽ ജോൺ, പാട്ന
കാട്ടിൽ നിന്നും വിറക് ശേഖരിക്കുന്ന ഒരാൾക്ക് ഒറ്റപ്പെട്ടു പോയ വിശന്നു തളർന്ന ഒരു സിംഹക്കുട്ടിയെ കിട്ടി. മറ്റൊന്നും ആലോചിയ്ക്കാതെ അയാൾ അതിനെ തന്റെ വീട്ടിൽ കൊണ്ടുവന്ന് വളർത്തി. ആ വീട്ടിലുള്ള എല്ലാവരോടും വളരെ അടുപ്പത്തോടും സ്നേഹത്തോടും കൂടെ ജീവിച്ചു വന്നു. അങ്ങനെയിരിക്കെ നാട്ടുകാരിൽ ഭയം ജനിച്ചു. നാട്ടുകാരിൽ ആരും അവരുടെ വീട്ടിൽ വരാതെയായി. ചുറ്റുപാടുള്ളവരുടെയും അയൽക്കാരുടെയും നിർബന്ധം മൂലം ഈ സിംഹത്തെ താൻ തിരികെ കാട്ടിൽ കൊണ്ടുപോയി ഉപേക്ഷിച്ചു.
കുറേ ദിവസങ്ങൾ ഈ സിംഹം വളരെ ദുഃഖിതനായിരുന്നു. തന്നെ വളർത്തിയ താൻ സ്വന്തം എന്ന് കരുതിയ തൻ്റെ ഉടമസ്ഥനും വീട്ടുകാരും, നഷ്ടപ്പെടില്ലെന്ന് കരുതിയ സ്നേഹവും ലാളനയും എല്ലാം തനിക്ക് എന്നേക്കുമായി നഷ്ടപ്പെട്ടിരിക്കുന്നു. സിംഹം വിചാരിച്ചു, തൻ്റെ വർഗ്ഗത്തിലുള്ള മറ്റ് സിംഹങ്ങളുടെ കൂടെ വസിക്കാം. അങ്ങനെ കാട്ടിൽ അലഞ്ഞു നടന്ന സിംഹം തൻ്റെ വർഗ്ഗത്തിലുള്ള ഒരു കൂട്ടം സിംഹങ്ങളെ കണ്ടെത്തി. എന്നാൽ താൻ പ്രതീക്ഷിച്ച രീതിയിലല്ല അവർ സ്വീകരിച്ചത്. നീ ആരാണ്? എവിടെയായിരുന്നു ഇത്രയും നാൾ? എന്താണ് ജീവിതത്തിൽ സംഭവിച്ചത്? ചോദ്യങ്ങൾ പലതായി ഇതിനെല്ലാം വ്യക്തമായ മറുപടി നൽകിയിട്ടും മനുഷ്യരോടൊപ്പം കഴിഞ്ഞ നിന്നെ ഞങ്ങളോടൊപ്പം സ്വീകരിക്കുവാൻ കഴിയില്ല എന്ന് പറഞ്ഞു മറ്റ് സിംഹങ്ങൾ തന്നെ പുറത്താക്കി. വളരെ വിഷമത്തോടെ താൻ തിരികെ നടന്നു. ഏകനായി ഒരു പാറയുടെ പിളർപ്പിൽ വിഷണ്ണനായി കിടന്നു. ശക്തമായ വിശപ്പ് തന്നെ അലട്ടുവാൻ തുടങ്ങിയപ്പോൾ പുറത്തിറങ്ങി നടന്ന സിംഹം കണ്ട ചെറിയ ജീവികളെ എല്ലാം പിടിച്ച് ഭക്ഷണമാക്കി. കുറച്ചു കഴിഞ്ഞപ്പോൾ തനിക്കൊരു കാര്യം മനസ്സിലായി തനിക്ക് ഇനി ആരും തുണയില്ലെന്ന്. എന്നെ വേണ്ടാത്തവരെ ഇനി എനിക്കും വേണ്ട എന്നുവച്ച് താൻ ഒറ്റയ്ക്ക് ജീവിക്കുവാൻ തയ്യാറായി. അതിനാൽ ആ കാട്ടിലെ ഏറ്റവും കരുത്തനായ സ്വഭാവമുള്ള ഒരു സിംഹമായി താൻ മാറി.
പലരിലും ആശ്രയം അർപ്പിച്ചാൽ സ്വയമായി വളരാൻ നിനക്ക് സാധിക്കില്ല. നിൻ്റെ ചിന്തകൾ ഉണരണമെങ്കിൽ നീ തനിയെ ആകണം. ഒറ്റയ്ക്ക് ആകുക എന്ന് വെച്ചാൽ കരുത്തരാകുക എന്നൊരു അർത്ഥവും കൂടെ ഉണ്ട്. ഒറ്റപ്പെട്ടാൽ നിൻ്റെ പുറമേയുള്ള കണ്ണുകളെക്കാൾ അകമയുള്ള കണ്ണുകൾ പ്രകാശിക്കുവാൻ ആരംഭിക്കും.
അബ്രഹാം ഹാഗാറിനെയും ഇശ്മായേലിനെയും വീട്ടിൽ നിന്ന് തന്റെ ഭാര്യയായ സാറയുടെ ആവശ്യപ്രകാരം ഇറക്കി വിട്ടു. മരുഭൂമിയിൽ അലഞ്ഞു നടന്ന്, ഒറ്റപ്പെടലിന്റെയും ദാഹത്തിന്റെയും വിശപ്പിന്റെയും കാഠിന്യം മൂലം തളർന്ന് അവശരായ ഒരമ്മയ്ക്കും മകനും വേണ്ടി മരുഭൂമിയിൽ ഉറവതുറക്കാൻ അവരെ സൃഷ്ടിച്ചവന് മടിയുണ്ടായില്ല.
40 ദിവസം മരുഭൂമിയിൽ ഉപവാസത്തോടുകൂടി ഒറ്റയ്ക്കിരുന്ന യേശു ലോകം മുഴുവൻ നേടുവാനും മരണത്തെ ജയിക്കുവാനുമുള്ള കരുത്തുമായി മടങ്ങി വന്നു. മൂന്നുവർഷം മരുഭൂമിയിൽ ആയിരുന്ന പൗലോസ് ഒരു വലിയ കരുത്തനായ ശുശ്രൂഷകനായി മാറിയത് ഒറ്റയ്ക്കാകുവാൻ തയ്യാറായതിനാലാണ്. പത്മോസിന്റെ ഏകാന്തതയിൽ തനിയെ ആക്കപ്പെട്ട യോഹന്നാനിലൂടെ ആണ് ദൈവം തമ്പുരാൻ വരാനിരിക്കുന്ന ലോകത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ വെളിപ്പാടുകൾ രചിച്ചത്. യാബ്ബോക്കിൻ്റെ കടവിൽ ഒറ്റയ്ക്കിരുന്ന് ദൂതനോട് മല്ലു പിടിച്ച യാക്കോബ് ആണ് ഇസ്രായേൽ ആയി മാറിയത്. അങ്ങനെ നിരവധി ആത്മീക വ്യക്തികളെ വേദപുസ്തകം പരിചയപ്പെടുത്തുന്നുണ്ട്.
പ്രിയപ്പെട്ടവരെ, ജീവിതത്തിൽ ഏകനെന്ന് നീ കരുതുമ്പോൾ തലയിണയായി കല്ല് മാത്രമേ ഉള്ളൂ എന്ന് യാക്കോബിനെ പോലെ ചിന്തിക്കുമ്പോഴും നാളെ എൻ്റെ ഭാവി എന്താകുമെന്ന് വിചാരപ്പെടുമ്പോഴും സ്വർഗീയമായ ഒരു സ്വരം നിന്നെ തേടിയെത്തും. ആ വാക്കുകൾ അല്ലെങ്കിൽ ആ സ്പർശനം അത് തരുന്ന സുഖം നിൻ്റെ എല്ലാ പ്രശ്നത്തിനും പരിഹാരം കണ്ടെത്തിയ സ്വർഗീയ നാഥന്റെ ആയിരിക്കും.