ക്രിസ്തുവിനെ ധരിക്കുക

0
703

ക്രിസ്തുവിനെ ധരിക്കുക; ഭോഷ്കിന്റെ ആത്മാവിനെ തിരിച്ചറിയുക

ഡോ. ബിനു ഡാനിയേൽ

ദൈവസഭ വളരെ നിർണായകമായ ഒരു കാലഘട്ടത്തിൽ കൂടി ആണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. വംശനാശം സംഭവിച്ച ജീവികളെ പോലെ വിശുദ്ധിയും വേർപാടും അനുഷ്ഠിച്ചു ജീവിക്കുന്ന ജീവിതങ്ങളുടെ വംശനാശം അധികം താമസിയാതെ ഈ ലോകത്തിൽ സംഭവിക്കും.
വിശുദ്ധിക്ക് പരമപ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഒരു ക്രിസ്തീയ ജീവിതത്തിനു ഈ ലോകത്തിൽ വിലഇല്ലാത്ത വിധത്തിൽ ആത്മീയ അധഃപതനം സംഭവിച്ചു കൊണ്ടിരിക്കുന്നു. ലോകത്തിനും അതിന്റെ മോഹനമായ കാര്യങ്ങൾക്കും ഊന്നൽ കൊടുത്തു കൊണ്ട് ജീവിക്കുന്ന ഒരു തലമുറ നമ്മുടെ ആത്മീയ ലോകത്തിൽ പണ്ടെങ്ങും ഉണ്ടായിട്ടില്ല. നമ്മുടെ പിതാക്കന്മാർ നമ്മെ പഠിപ്പിച്ച വചനാടിസ്ഥാനത്തിൽ ഉള്ള ക്രിസ്തീയ ജീവിതം ഇന്ന് കേട്ടുകേൾവി പോലും ഇല്ലാതായിരിക്കുന്നു.
ക്രിസ്തുവിനെ ധരിക്കുക എന്നതാണ് വചനം നമ്മെ പഠിപ്പിക്കുന്നത് റോമർ (13:14). അതിന്റെ സ്ഥാനത്തു ഒരുവന്റെ ഇഷ്ടനുഷ്ടങ്ങൾ അനുസരിച്ചു ജീവിച്ചു ലോകമോഹത്തിനു അടിമപ്പെട്ടു ദൈവത്തെ പ്രസാദിപ്പിക്കുന്ന ജീവിതം ആണ്  നമുക്ക് ചുറ്റിനും. പകൽ അന്തിയോളം ഓൺലൈൻ ചാനലുകൾ തുറന്നു യഥേഷ്ടം സിനിമകൾ കണ്ട്‌, ദൈവമായി ഒരു ബന്ധവും ഇല്ലാത്ത സിനിമ കഥാപാത്രങ്ങളെ അനുകരിച്ചു ജീവിക്കാൻ ഒരു ദൈവപൈതൽ ഒരുമ്പെട്ടാൽ ദൈവരക്ഷ അവനോട് അകന്നിരിക്കുക തന്നെ ചെയ്യും. ദൈവകൽപ്പന അനുസരിച്ചവർ തനിക്കു ബോധിച്ച വിധം നടക്കാൻ പാടില്ല. ദൈവത്തിന് ഇഷ്ടമില്ലാത്ത കാര്യം ഒരാൾ ചെയ്തു എന്ന് ആരെങ്കിലും പറഞ്ഞാൽ, തെറ്റ് ചൂണ്ടികാട്ടിയാൽ അതിനെ അംഗീകരിക്കാതെ ദൈവം എന്നോട് നേരിട്ട് സംസാരിച്ചാൽ മാത്രമേ അത് ഞാൻ അംഗീകരിക്കു എന്ന് വാശി പിടിക്കുന്നവർ കണ്ടിട്ടുണ്ട്. തെറ്റാണെന്നു അറിയാമെങ്കിൽ കൂടി, മനസ്സിൽ മൊട്ടിട്ട മോഹം എങ്ങനെ എങ്കിലും ജീവിതത്തിൽ അനുകരിക്കണം എന്ന് വാശി പിടിക്കുന്നത് കൊണ്ടതാണ് ദൈവവചനത്തെയും കൽപ്പനയെയും കോട്ടി കളയുന്നത്. സ്വന്തഹിതപ്രകാരം ലോകത്തിന്റെ മോഹങ്ങളിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്ന നിങ്ങൾ ചെയ്യുന്നത് തെറ്റാണ് എന്ന് ബോധ്യപ്പെടുത്താൻ ശ്രമിച്ചാൽ, ദൈവവചനത്തിൽ അങ്ങനെ എഴുതിയിട്ടുണ്ടോ എന്ന് ചോദിച്ചു വാദപ്രതിവാദം ചെയ്യുന്നത് കണ്ടിട്ടുണ്ട്. അങ്ങനെ ഉള്ളവർ എപ്പോഴും വചനത്തിൽ അങ്ങനെ ചെയ്യരുത് എന്ന് എഴുതിയിട്ടുണ്ടെ ങ്കിൽ അത് കാണിച്ചു തരാൻ ആവശ്യപ്പെട്ടു ദുർവാശി പിടിക്കും.
ക്രിസ്തുവിനെ ധരിക്കുന്നവർ ലോകമോഹത്തിനും സ്വന്തമോ ഹത്തിനും അടിമപ്പെടുകയില്ല. മോഹം ഗർഭം ധരിച്ചാണല്ലോ പാപത്തെ പ്രസവിക്കുന്നത് (യാക്കോബ് 1 :15). പാപത്തിന്റെ ശമ്പളം മരണം അത്രേ.(റോമർ 6 : 23). പാപം മുഴുതിട്ടു മരണത്തെ പെറുന്നു. ഒരു തികഞ്ഞ ദൈവപൈതലായി ജീവിക്കണ മെങ്കിൽ ഏതൊക്കെ പ്രവർത്തികൾ ആണ് പാപം എന്ന് നാം അറിയണം.
സിനിമ, മദ്യപാനം, പ്രണയം, ആഭരണമോഹം, നഗ്നത പ്രദർശിപ്പിച്ചു വസ്ത്രം ധരിക്കുന്ന രീതി ഒന്നും എപ്പോൾ പാപത്തിന്റെ ഗണത്തിൽ പെടുന്നില്ല. അങ്ങനെ ഉള്ളവർ പറയുന്ന പാപത്തിന്റെ പട്ടിക ഞാൻ കേട്ടിട്ടുണ്ട്. ഗലാത്യർ 5 :19 -21 വരെ പറഞ്ഞിട്ടുള്ള പാപം മാത്രമേ പാപത്തിന്റെ പട്ടികയിൽ വരികയുള്ളു. അതിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ അനുഷ്ഠിക്കുന്നവർ മുകളിൽ പറഞ്ഞരിക്കുന്ന മോഹങ്ങൾക്കും അധീനമാകയില്ല. ഗലാത്യർ 5 :17 . ജഡാഭിലാഷം ആത്മാവിനും ആത്മാഭിലാഷം ജഡത്തിനും വിപരീതം ആയിരിക്കുന്നു. ക്രിസ്തുയേശു    വിനുള്ളവർ ജഡത്തെ അതിന്റെ രാഗമോഹങ്ങളോടും കൂടെ ക്രൂശിച്ചിരിക്കുന്നു (ഗലാത്യർ 5 :24 ). അതിന്റെ അർഥം, നമ്മുടെ മനസ്സിൽ അങ്കുരിക്കുന്ന മോഹം എന്ത് തന്നെ ആയാലും ദൈവ സന്നിധിയിൽ പാപം തന്നെ.
ദൈവത്തെ പ്രസാദിപ്പിക്കുന്ന ഒരു വ്യക്തിയുടെ മനസ് മോഹത്തിന് അടിമപ്പെടുകയില്ല. ഒരു ദൈവപൈതൽ മാന്യമായി വസ്ത്രം ധരിക്കും. അവന്റെ ശരീരം കുത്തിതുളക്കുകയോ, ശരീരസൗന്ദര്യം വര്ധിപ്പിക്കുകയോ ചെയ്യുകയില്ല. ദൈവം നമ്മുക്ക് ഓരോരുത്തർക്കും തന്നിട്ടുള്ള സൗന്ദര്യത്തിനു അതീതമായി ഒന്നും കൂട്ടുകയും കുറക്കുകയും ചെയ്യരുത്. കാരണം ദൈവം തന്റെ സാദൃശ്യത്തിലും സ്വരൂപത്തിലും ആണ് നമ്മെ സൃഷ്ടിച്ചത്. പരിശുദ്ധത്മാവിന്റെ മന്ദിരമാണ് നമ്മുടെ ശരീരം 1 കൊരി 6:19). നമ്മുടെ ഇഷ്ടപ്രകാരം കുത്തിതുളക്കാൻ ഉള്ളതും, പച്ചകുത്തി വികൃതമാകാൻ ഉള്ളതും അല്ല. അങ്ങനെ ചെയ്യുന്നവർ ശരീരത്തിന് ഭംഗി കൂട്ടാൻ ശ്രമിക്കുന്നതാണ് എന്ന് വേണം കരുതാൻ. അത് മോഹത്തിൽ (Desires ) നിന്നും വന്നതാണല്ലോ. മോഹം നമ്മിൽ ഉരുവാകുന്നത് രണ്ടു വിധത്തിൽ ആണ്
മോഹം കേൾവിയാൽ വരാം. മോഹം കാഴ്ചായാൽ വരാം. മനുഷ്യനിൽ മോഹം ഉടലെടുക്കുന്നത് ദൈവത്തിൽ നിന്നും അല്ലല്ലോ.അത് അവന്റെ സ്വന്തത്തിൽ നിന്നും തന്നെ. ഏദൻ തോട്ടത്തിൽ ഹവ്വയെ സാത്താൻ സമീപിച്ചത് മോഹന വാഗദാനം നൽകിയാണ്. എന്നാൽ കർത്താവായ യേശുവിനെ സാത്താൻ പരീക്ഷിക്കാൻ ചെന്നപ്പോൾ സാത്താനെ കർത്താവ് ശാസിച്ചു അവന്റെ അടുത്ത് നിന്നും ആട്ടിപായിച്ചതു നമ്മുക്ക് മാതൃകയായിരിക്കട്ടെ.
മോഹം എല്ലാവര്ക്കും ഉണ്ടാകാം. പക്ഷെ അതിനെ ജയിക്കുക എന്നതാണ് നമ്മുടെ ലക്‌ഷ്യം. നിനക്ക് അങ്ങനെ ചെയ്തു കൂടെ! അങ്ങനെ ചെയ്‌താൽ ഒന്നും സംഭവിക്കുകയില്ല എന്നും! ദൈവം കോപിക്കുകയില്ല എന്നും ഒക്കെ തന്ത്രങ്ങൾ ഓതിത്തരാൻ ആളുകൾ ചുറ്റിനും കാണും. ഒരു പെഗ് മദ്യം കുടിച്ചത് കൊണ്ടോ, ഒരു കുപ്പി ബിയർ കുടിച്ചത് കൊണ്ടോ ദൈവം ഒന്നും കോപിക്കാൻ പോകുന്നില്ല എന്നും,നിനക്ക് ഇഷ്ടമുള്ള വസ്ത്രവും ആഭരണവും അണിഞ്ഞു എന്ന് കരുതി ദൈവം നിന്നെ മറന്നു കളയുകയില്ല എന്നും ഒക്കെ തന്ത്രങ്ങൾ ഓതാൻ ആളുകൾ ചുറ്റിനും കാണും. സിനിമ കണ്ടാൽ നിന്റെ ആത്മീയം നഷ്ടപ്പെടുമോ! വിശ്വാസം നമ്മുടെ മനസ്സിൽ അല്ലേ വേണ്ടത്! എന്നൊക്കെ ധാരാളം ഉപദേശങ്ങൾ പറയാൻ ആളുകൾ നമുക്കെ ചുറ്റിനും കാണും. ലോകമോഹങ്ങൾ നാം നമ്മുടെ ജീവിതത്തിൽ പകർത്തുമ്പോൾ, ലോകപ്രകാരം നാം ജാതികളെ പോലെ ജീവിക്കുമ്പോൾ പിന്നീട് നമ്മുടെ കൈപ്പിടിയിൽ ഒതുങ്ങാൻ പറ്റാത്ത രീതിയിൽ നമ്മുടെ ജീവിതത്തെ കോട്ടി കളയാൻ ഇടവരും. സ്വൽപ്പം ലോകവും സ്വൽപ്പം ആത്മീയവും എന്ന രീതി ദൈവമക്കളുടെ ഇടയിൽ ഉണ്ടാകരുത്. ലോകക്കാരെയും ലോകത്തിൽ ഉള്ള ലോകമക്കളെയും അനുകരിക്കാൻ ശ്രമിക്കരുതേ. അതിന്റെ അവസാനം നല്ലതായിരിക്കയില്ല. പൂർണമായും ദൈവഹിതത്തിനായി സമർപ്പിക്കുക. സ്വന്ത ഹിതത്തിലും മോഹത്തിലും ഊന്നൽ കൊടുക്കരുത്.


വീണ്ടും ജനനം പ്രാപിച്ച ഒരു ദൈവപൈതലിന്റെ സംസാരവും, ജീവിതവും എല്ലാം മറ്റുള്ളവർക്ക് മാതൃകയായിരിക്കും. ഭോഷ്ക്കിന്റെ ആത്മാവ് ഈ കാലങ്ങളിൽ വളരെ അധികം പേരെ അടിമകളാക്കുന്നതായി കാണുന്നു. ഒരു ലജ്ജയും കുറ്റബോധവും ഇല്ലാതെ കള്ളം പ്രചരിപ്പിക്കുകയും പറയുകയും ചെയ്യുന്ന ഒരു തലമുറ മുമ്പ് ഒന്നും ഉണ്ടായിട്ടില്ല എന്ന് തോന്നുന്നു. ഭർത്താവ് ഭാര്യയോടും ഭാര്യ ഭർത്താവിനോടും മക്കൾ അപ്പനമ്മമാരോടും പാസ്റ്റർ വിശ്വാസികളോടും വിശ്വാസികൾ പാസ്റ്ററോടും എന്ന് വേണ്ട ഭോഷ്ക്കു നിശ്വസിക്കുന്നവർ കൂടി വരുന്നു. പിശാചിന്റെ ആയുധമായ ഭോഷ്ക്കിനെ നാം എന്ത് കൊണ്ട് തിരസ്ക്കരിക്കുന്നില്ല. ഇനി ഭോഷ്ക്കു പറയില്ല എന്ന് ഒരു തീരുമാനം എടുത്താലോ?. അത് ദൈവസന്നിധിയോടു കൂടുതൽ നമ്മെ അടുപ്പിക്കുകയുള്ളു. ദൈവത്തെ ആരാധിക്കുന്നു എന്ന് പറയുകയും, ഭോഷ്ക്കു നിശ്വസിക്കുകയും ചെയ്യുന്ന മനുഷ്യൻ പിശാചിന്റെ മക്കൾ എന്ന് ദൈവവചനം പറയുന്നു. മനുഷ്യരുടെ മുമ്പിൽ ദൈവമക്കൾ എന്ന് തോന്നിച്ചാലും അങ്ങനെ ഉള്ളവർ ദൈവസന്നിധിയിൽ കുറ്റക്കാർ തന്നെ ( യോഹന്നാൻ 8 :44 )
കോപം ജ്വലിച്ചു, ചീത്ത വാക്കുകൾ പറയുന്ന ശീലം ഉപേക്ഷിക്കാൻ ഒരിക്കൽ കൂടി ദൈവാത്മാവ് നമ്മെ ബുദ്ധി ഉപദേശിക്കുന്നു. കോപിച്ചാൽ പാപം ചെയ്യാതെ ഇരിപ്പിൻ. കേൾക്കുന്നവന് കൃപ ലഭിക്കേണ്ടതിനു ആവശ്യം പോലെ ആത്മീയ വർധനക്കായി നല്ല വാക്കല്ലാതെ ആകാത്തത് ഒന്നും നിങ്ങളുടെ നാവിൽ നിന്നും പുറപ്പെടരുത്.( എഫെസ്യർ 4 :26 -30 ). നമ്മുടെ വായിൽ നിന്നും ശാപവാക്കുകൾ, ചീത്തതരം ഒന്നും പുറപ്പെടാൻ പാടുള്ളതല്ല. ദൈവമക്കളുടെ അധരത്തിൽ നിന്നും ഒരിക്കലും അങ്ങനെ ഉള്ളത് പുറപ്പെടുകയില്ല. സുവിശേഷം പ്രചരിപ്പിചത്‌ കൊണ്ടോ, അനേക വേദികളിൽ പ്രസംഗിച്ചത് കൊണ്ടോ, പണം വാരി ചെലവാക്കിയത് കൊണ്ടോ ഒന്നും ദൈവസാന്നിധ്യം നമ്മുടെ കൂടെ ഉണ്ടാകണം എന്നില്ല. ദൈവം ഒരുവനിൽ നിന്നും ആഗ്രഹിക്കുന്നത് ആദ്യം അവന്റെ മാനസാത്തരം ആണ്. ദൈവകൽപ്പന അനുസരിച്ചു പാപം ചെയ്യാതെ ജീവിക്കുക എന്നതാണ് നമ്മുക്ക് ദൈവത്തിനു മുമ്പിൽ സമർപ്പിക്കാൻ പറ്റുന്ന ഏറ്റവും വലിയ സമർപ്പണം. ഈ പുതു വർഷത്തിൽ എങ്കിലും അങ്ങനെ ഒരു സമർപ്പണം നമ്മുടെ ജീവിതത്തിൽ ഉണ്ടാകട്ടെ.
ഭോഷ്ക്കും കോപവും മൂലം ഉണ്ടാകുന്ന പാപ പ്രവർത്തികൾ നമ്മുടെ പാടെ ഉപേക്ഷിക്കാൻ സാധിച്ചാൽ ദൈവ പ്രസാദം നമ്മിൽ ഉദിക്കും എന്നത് തീർച്ച. നാളെ നേരം പുലരുമ്പോൾ വേണ്ട അടുത്ത നിമിഷം നാം ഏതു അവസ്ഥയിൽ ആയി തീരും നാം അറിയുന്നില്ല, അതുകൊണ്ടു, ജീവിക്കുന്നടുത്തോളം കാലം ദൈവത്തിനു പ്രസാദം ഉള്ള ജീവിതം നയിക്കാൻ ഒരു തീരുമാനം കൈക്കൊള്ളാം. പ്രതിഫലം ദൈവം തരും. ഈ ലോകം തരുന്ന പ്രശംസകൾ നമുക്ക് വേണ്ടെന്ന് വെക്കാം.

 

LEAVE A REPLY

Please enter your comment!
Please enter your name here