ഞാനുമൊരു ചാവേർ; നിങ്ങളോ?

0
5036

ഞാനുമൊരു ചാവേർ; നിങ്ങളോ? ഒരു തുറന്നെഴുത്ത്

സിഞ്ചു മാത്യു നിലമ്പൂർ

കഴിഞ്ഞ ദിവസത്തെ ഒരു പ്രഭാതം ഞെട്ടലോടെയാണ് എല്ലാവരും ആ വാർത്ത കേട്ടുണർന്നത്;   യേശു ക്രിസ്തുവിന്റെ ഉയർപ്പ് നാളിൽ ലോകം ആഘോഷിക്കുമ്പോൾ ശ്രീലങ്കയിലെ ഒരു ക്രിസ്ത്യൻ പള്ളിയിൽ നിഷ്കളങ്കരായ പിഞ്ചു കുഞ്ഞുങ്ങളടക്കം അനേകർ കൂട്ടമരണത്തിനിടയായി. കൊലയാളി ആരാണന്നോ??? ആരേയും ഭയക്കാത്ത സ്വയം മരിക്കാൻ തയ്യാറായി ഇറങ്ങി തിരിച്ച ഒരു തീവ്രവാദി. നാം ഒറ്റ ഭാഷയിൽ വിളിക്കും “ചാവേർ “, ചാവേറിന്റെ ലക്ഷ്യം ഒന്ന് മാത്രം അനേകരെ കൊല്ലണം എന്നിട്ട് സ്വയം ചാകണം. ആർക്ക് വേണ്ടി എന്ന് ചോദിച്ചാൽ? ഉത്തരം താൻ പഠിച്ച തത്വത്തിന് വേണ്ടി.  ഇങ്ങനെ എത്ര പേരെ കൊന്ന് സ്വയം ജീവൻ വെടിയുമോ അവർക്ക് ലഭിക്കുന്ന പ്രതിഫലം സ്വർഗ്ഗം അത്രേ, മനുഷ്യൻ മനുഷ്യനെ കൊന്നാൽ ഏത് സ്വർഗ്ഗമാണ് പ്രിയരേ നമ്മെ കാത്തിരിക്കുന്നത്? അങ്ങനെ നീച പ്രവൃത്തിയിൽ പ്രസാദിക്കുന്നത് ദൈവമോ? പിശാചോ ? 

എന്റെ കുഞ്ഞുനാളുമുതൽ എന്നും മനസ്സിൽ നിറഞ്ഞ് നിൽക്കുന്ന ഒരു പേടി എന്തെന്നാൽ രക്തം കണ്ടാൽ തല കറങ്ങും, ഇൻജക്ഷൻ ചെയ്യുക എന്ന് കേട്ടാലേ ഓടും, സത്യം പറയാലോ ഇന്നും ഇത് തന്നെ അവസ്ഥ.

പക്ഷേ ഞാൻ എങ്ങനെ ചാവേറായി എന്ന കഥ നിങ്ങൾക്ക് കേൾക്കണോ? ജീവിതത്തിന്റെ എല്ലാ സുഖ സൗകര്യത്തിലും ജീവിക്കുമ്പോഴും എന്റെ ഹൃദയത്തിൽ ഒരു ശൂന്യത ഞാൻ അനുഭവിച്ചിരുന്നു, എന്റെ ഹ്യദയത്തിന്റെ ശൂന്യത എന്താണെന്ന് എനിക്ക് വ്യക്തമാക്കാൻ സാധ്യമല്ല, പക്ഷേ ആ ശൂന്യതയെ നികത്താൻ ആർക്കും കഴിഞ്ഞില്ല, ആവശ്യത്തിലധികം സുഹൃത്തുക്കൾ, ബന്ധുമിത്രാധികൾ ഇവർക്കൊന്നും എന്റെ ഹൃദയ ശൂന്യതയെ മനസ്സിലാക്കാൻ കഴിഞ്ഞില്ല. അങ്ങനെയിരിക്കുമ്പോൾ ജീവിതത്തിൽ ചില പ്രതികൂല കാറ്റടിക്കുന്ന സമയം, എല്ലാം അസ്തമിച്ചു എന്ന് തോന്നിയ നിമിഷം, ആരും എനിക്കില്ല എന്ന് തോന്നിയ നിമിഷം, ഒരു ചാൺ കയറിൽ ജിവിതം ഒടുക്കിയാൽ മതി എന്ന് തോന്നിയ നിമിഷം, എന്നോട് തന്നെ വെറുപ്പ് തോന്നിയ നിമിഷം; എന്റെ ജീവിതത്തിൽ യേശു കടന്നു വന്നു.  തൂലികയിലൂടെ എങ്ങനെ വിവരിക്കണം എന്ന് എനിക്കറിയില്ല, കോളേജ് വിദ്യാഭാസ സമയത്ത് ഞാൻ എന്റെ യേശുവിനെ കണ്ടെത്തി.ഹ്യദയത്തിൽ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം. ഹൃദയത്തിലെ ശൂന്യതയെ യേശുക്രിസ്തു  മാറ്റിക്കളഞ്ഞു. അന്നു ഞാൻ തീരുമാനിച്ചു; എനിക്കും ജീവിക്കണം. യേശുവിന് വേണ്ടി അനേകരോട് എന്റെ യേശുവിനെക്കുറിച്ച് പറയണം, ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന സന്തോഷം അനേകർ അനുഭവിക്കണം എന്ന ഉറച്ച തീരുമാനത്തിൽ ഞാനും ഇറങ്ങി തിരിച്ചു .

സർവ്വ സുഖവും വെടിഞ്ഞ് ഞാനും ഓടുന്നു. ലക്ഷ്യം ഒന്ന് മാത്രം, നിത്യത. ഞാൻ ഇന്ന് ചാവേറാണ്. ആരുടെയാണെന്നോ? “യേശു ക്രിസ്തുവിന്റെ, ”

യേശു ആരെയും കൊല്ലാൻ പഠിപ്പിക്കുന്നില്ല.  നേരെ മറിച്ച് ഒരു കരണത്തടിച്ചവന് മറ്റേ കരണം കൂടി കാണിച്ച് കൊടുക്കാൻ പഠിപ്പിച്ച ഗുരു ഒരാൾ മാത്രം” യേശു ക്രിസ്തു “, ആ യേശുവിന്റെ ചാവേറാണ് ഞാൻ, ആരെയും കൊല്ലാനല്ല; നേരെ മറിച്ച് എല്ലാവരെയും സ്നേഹിക്കും, മരിക്കും വരെ സ്നേഹിക്കും, ക്രിസ്തുവിന്റെ വചനം ഒരു പേപട്ടിയെപ്പോലെ ഞാൻ ഓടിനടന്ന്  അറിയിക്കും. തല്ലിയാൽ ക്രിസ്തുവിന് വേണ്ടി തല്ല് കൊള്ളും. കൊന്നാൽ ക്രിസ്തുവിന് വേണ്ടി ഞാൻ മരിക്കും, പൗലോസിന്റെ കൂടെ ഞാനും വിളിച്ച് പറയും” എന്നാൽ നിങ്ങളുടെ വിശ്വാസം എന്ന യാഗം അർപ്പിക്കുന്ന ശ്രുശ്രൂഷയിൽ എന്റെ രക്തം ഒഴിക്കേണ്ടി വന്നാലും ഞാൻ സന്തോഷിക്കും;നിങ്ങളോട് എല്ലാവരോടും കൂടെ സന്തോഷിക്കും”.ഫിലിപ്പിയർ 2 :17 -പ്രിയരേ താത്കാലികമായ ഈ ലോകത്തിനു വേണ്ടി അനേകർ ചാവേർ ആകുമ്പോൾ, ക്രിസ്തുവിനു വേണ്ടി ജീവൻ കൊടുക്കാൻ, നല്ല ചാവേർ ആകാൻ നിങ്ങളും ഒരുക്കമാണോ?. കാലത്തിന്റെ അവസാനം അതിവിദൂരമല്ല, നമുക്ക് ഓടാം. സുവിശേഷത്തിൻ ദീപമായി ലോകത്തിന്റെ ഓരോ കോണിലും ഇരുളിൻ പ്രകാശമായി നല്ല ചാവേറായി എരിഞ്ഞടങ്ങാം.

ദൈവം എല്ലാവരെയും അനുഗ്രഹിക്കുമാറാകട്ടെ

LEAVE A REPLY

Please enter your comment!
Please enter your name here