ദുരാരോപണങ്ങളിൽ പങ്കാളികളോ? 

സി.റ്റി. ലൂയിസ്‌കുട്ടി   

ദുരാരോപണങ്ങളിൽ പങ്കാളികളോ? 

ദുരാരോപണങ്ങളിൽ പങ്കാളികളോ? 

   സി.റ്റി. ലൂയിസ്‌കുട്ടി   

ഹുമാനപ്പെട്ട ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തോടുള്ള ബന്ധത്തിൽ അനേകം പ്രമുഖരുടെ അനുശോചന സന്ദേശങ്ങളും പ്രസ്താവനകളും ഒക്കെ വായിച്ചുകൊണ്ടിരിക്കുകയാണല്ലോ. രാഷ്ട്രീയ എതിരാളികൾ പോലും അദ്ദേഹത്തിന്റെ സ്വഭാവ വൈശിഷ്ട്യങ്ങളെ പ്രഘോഷിക്കുന്നു. ഞങ്ങൾ ചങ്ങനാശ്ശേരി S.B. കോളേജിൽ പഠിക്കുന്ന കാലത്ത് പരിചയപ്പെട്ടിട്ടുണ്ടായിരുന്നെങ്കിലും വലിയ അടുപ്പമൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും ഞാൻ വളരെ ബഹുമാനിച്ചിരുന്ന ഒരു രാഷ്ട്രീയനേതാവായിരുന്നു അദ്ദേഹം. എന്നാൽ അദ്ദേഹത്തിന്റെ അപദാനങ്ങളെ വർണ്ണിക്കുക എന്നതല്ല ഈ ലേഖനത്തിന്റെ ഉദ്ദേശ്യം.

ചില വർഷങ്ങൾക്കു മുമ്പു ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരിക്കുന്ന കാലത്ത് ഒരു സ്ത്രീ അദ്ദേഹം ലൈംഗികാതിക്രമം നടത്തിയതായി ആരോപിച്ചു കേസ് കൊടുത്തു. അദ്ദേഹത്തിന്റെ രാഷ്ട്രീയ വിരോധികൾ ആ വിഷയം പറഞ്ഞു അദ്ദേഹത്തെ ആക്രമിക്കുകയും രാജി ആവശ്യപ്പെട്ടുകൊണ്ട് പത്രസമ്മേളനങ്ങൾ നടത്തുകയും പിന്നീട് ഉന്നതതലത്തിലുള്ള ഏജൻസികളെ ഉപയോഗിച്ച് അന്വേഷണം നടത്തുകയും ചെയ്തത് എല്ലാവർക്കും അറിവുള്ള കാര്യമാണല്ലോ. അടുത്ത തെരഞ്ഞെടുപ്പിൽ അദ്ദേഹത്തെയും തന്റെ പക്ഷത്തെയും തോല്പിക്കുവാൻ ഈ ആരോപണം പ്രയോജനപ്പെട്ടു. ഇത് ശരിയായ കാര്യമല്ലായിരുന്നു എന്നും ഈ കുപ്രചരണത്തിന്റെ പങ്കാളികൾ ആയതിൽ ഖേദിക്കുന്നു എന്നും ചില രാഷ്ട്രീയ നേതാക്കന്മാരും പത്രപ്രവർത്തകരും അദ്ദേഹത്തിന്റെ മരണശേഷം ഏറ്റുപറയുന്നതും കേട്ടു. എന്നാൽ ഈ കുപ്രചരണത്തിന്റെ ഫലം കൊയ്ത ഒരുപാടു പേരും ഈ വിഷയത്തിൽ ഇപ്പോളും നിശബ്ദരാണ് എന്നത് ദുഃഖകരമാണ്. അക്കാലത്തു തന്നെ ഞാൻ ചിലരോടു പങ്കുവെച്ച ഒരു ചിന്തയുണ്ട്. അദ്ദേഹത്തോടുകൂടെ അസംബ്ലിയിലും രാഷ്ട്രീയ രംഗത്തും അൻപതു വർഷം ഉണ്ടായിരുന്ന ഒരു എതിരാളി, "എനിക്ക് അദ്ദേഹത്തെ നല്ലവണ്ണം അറിയാം, അദ്ദേഹത്തിന്റെ രാഷ്ട്രീയാശയങ്ങളോടോ പ്രവർത്തനരീതിയോടോ ഞാൻ യോജിക്കുന്നില്ല; എന്നാൽ അദ്ദേഹം ഇത്തരത്തിലുള്ള വ്യക്തിയാണ് എന്ന് ഞാൻ കരുതുന്നില്ല" എന്ന് പറയുവാനുള്ള ആർജ്ജവവും തന്റേടവും കാണിച്ചിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു! അതിനു വലിയവർ ആരും ഒരുമ്പെടാത്തത് അദ്ദേഹത്തിനും കുടുംബത്തിനും എത്ര വേദനാജനകമായിരുന്നിരിക്കണം,,

ഞാൻ ഒരു രാഷ്ട്രീയ നിരൂപകൻ അല്ല. അതിനാൽ ഉമ്മൻ ചാണ്ടിയുടെ ശത്രുക്കളെ കുറ്റം പറയുവാൻ ഞാൻ ഒരുങ്ങുന്നില്ല. എന്നാൽ ഈ സംഭവത്തിന്റെ വെളിച്ചത്തിൽ ആത്മീയ മണ്ഡലത്തിൽ കാണുന്ന സംഗതികളെ വായനക്കാരുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരുവാൻ ആഗ്രഹിക്കുന്നു. വിശ്വാസികളും ആത്മീയനേതാക്കന്മാരും എല്ലാ കാര്യങ്ങളിലും യോജിച്ചെന്നു വരികയില്ല. തങ്ങളോടു യോജിക്കാത്തവർക്ക് എതിരെ പ്രസ്താവനകൾ ഉണ്ടാക്കിയും, മറ്റുളവരുടെ ആരോപണങ്ങൾ തെറ്റാണെന്നു അറിഞ്ഞുകൊണ്ടു തന്നെ അവ പങ്ക് വെച്ചും, ദുരാരോപണങ്ങൾ ഉണ്ടാകുമ്പോൾ അവ വ്യാജമെന്നു അറിയാമെങ്കിലും നിശബ്ദത പാലിച്ചും വ്യക്തിഹത്യ നടത്തുകയും തന്മൂലം താത്കാലിക ലാഭങ്ങൾ കൊയ്യുകയും ചെയ്യുന്നവർ നമ്മുടെ ഇടയിൽ ഇല്ലേ? അടുത്ത കൺവൻഷൻ സ്റ്റേജിൽ ഒന്നിച്ചു കൂടുമ്പോൾ പല്ലിളിച്ചു കാണിക്കുകയും ഒരുമിച്ച് തിരുവത്താഴം നടത്തുകയും പങ്കെടുക്കുകയും ചെയ്യുന്നതു കൊണ്ട് ദൈവമോ മനുഷ്യരോ എല്ലാം മറന്നുവെന്നു കരുതേണ്ട.

ബൈബിളിലെ രണ്ടു കഥാപാത്രങ്ങൾ ഇത്തരുണത്തിൽ ഓർമ്മയിലേക്ക് വരുന്നു ഒന്ന് യോസഫ് ആണ് പൊത്തിഫറിന്റെ ഭാര്യയുടെ ലൈംഗീകാക്രമണത്തിനും വ്യാജാരോപണത്തിനും വിധേയനായ ആ യുവാവിനെ അറിയാവുന്നവർ ആരും ആ കൊട്ടാരത്തിൽ ഇല്ലായിരുന്നുവോ? അവരുടെ യജമാനത്തിയുടെ നോട്ടവും ഭാവവും ദുസ്വഭാവവും ഒക്കെ അറിയാവുന്നവർ അസൂയ കൊണ്ടോ ഭയം കൊണ്ടോ നിശബ്ദരായിരുന്നതിനാൽ ആ നിഷ്കളങ്കൻ എത്ര വർഷങ്ങൾ ജയിലിൽ കിടക്കേണ്ടിവന്നു! എല്ലാം ദൈവികപരിപാടി ആയിരുന്നുവെന്നും രാജ്യത്തെ ക്ഷാമത്തിൽ നിന്ന് രക്ഷിക്കുവാനുള്ള പദ്ധതിയുടെ ഭാഗമായിരുന്നു എന്നുമൊക്കെ പിൽക്കാലത്തു ആശ്വസിക്കാം, എന്നാൽ ആ ചെറുപ്പക്കാരൻ കടന്നുപോയ പ്രതിസന്ധിയിൽ കൂട്ടാളി ആയി ആരെങ്കിലും ഉണ്ടായിരുന്നോ? ആരോപണങ്ങൾക്ക് വിധേയരാകുന്ന നിഷ്കളങ്കരാടുള്ള ആത്മീയരുടെ മാനാഭാവമെന്താണ്? വേദന അനുഭവിക്കുന്ന മനുഷ്യന്റെ വേദനയെ ലഘാകരിക്കുവാൻ ശ്രമിച്ചാൽ നമ്മുടെ മേലും ആരോപണം ഉണ്ടായേക്കാം എന്നു ഭയപ്പെട്ടു ഓടി ഒളിക്കുന്നവരല്ല നാം?

വിദേശത്തുനിന്നും അടിമയായി പ്രവാസത്തിൽ കൊണ്ടുവന്ന ദാനിയേലിനെ ദാര്യാവേശ് രാജാവ് രാജ്യത്തെ ഏറ്റവും വലിയ സ്ഥാനത്തേക്കു ഉയർത്തുവാൻ പോകുന്നു. എന്നറിഞ്ഞ ഭരണാധ്യക്ഷന്മാർ അസൂയാലുക്കൾ ആയി അദ്ദേഹത്തെ നശിപ്പിക്കുവാൻ ഗൂഡലോചന നടത്തി. ദാനിയേലിന്റെ വ്യക്തിജീവിതത്തിലോ ഭരണരീതിയിലോ രാജാവിനോടുള്ള കൂറിലൊ ഒരു കുറ്റവും കാണാൻ കഴിയാഞ്ഞതിനാൽ ദൈവത്തെ ആരാധിക്കുന്ന കാര്യത്തിൽ അദ്ദേഹത്തെ കുറ്റക്കാരനാക്കി. രാജാവ് അദ്ദേഹത്തെ ശിക്ഷിച്ചു സിംഹക്കുഴിയിലേക്ക് അയയ്ക്കുകയും ചെയ്തു. ഇതിനോടുള്ള ബന്ധത്തിൽ രണ്ടു ചോദ്യങ്ങൾ, ഒന്ന്, നമ്മുടെ സഹപാഠികളോ, സഹപ്രവർത്തകരോ അയൽവാസികളോ നമ്മിൽ കുറ്റം കണ്ടുപിടിക്കാൻ ആഗ്രഹിച്ചാൽ അതിനു എത്ര സമയംവേണ്ടിവരും? മണിക്കൂറുകൾ? മിനിട്ടുകൾ? സെക്കന്റുകൾ? ദാനിയേലിന്റെ ദൈവം നമ്മെയും സിംഹക്കുഴിയിൽ നിന്ന് വിടുവിക്കുമെന്ന വിശ്വാസപ്രഖ്യാപാനവും വീരവാദവും മുഴക്കുമ്പോൾ ഇതുകൂടെ ചിന്തിക്കുന്നതു നന്നായിരിക്കും. രണ്ട്, ആ ഭരണകർത്താക്കൾ

ഒന്നിച്ചു കൂടി ദാനിയേലിന്നെതിരെ എന്തെങ്കിലും ദൂഷ്യങ്ങൾ ആരോപിച്ചു രാജാവിനെ വിശ്വസിപ്പിക്കാൻ അത്ര പ്രയാസമായിരുന്നോ? അല്ല. എന്നാൽ തങ്ങളുടെ എതിരാളി രാജാവിനോടല്ല, യഹോവയായ ദൈവത്തോടാണ് പ്രാർത്ഥിക്കുന്നത് എന്നു മാത്രമായിരുന്നു അവരുടെ ആരോപണം, അത് സത്യമായിരുന്നു താനും. ആ വിജാതീയരും അസൂയാലുക്കളും അധികാരമോഹികളും ആയിരുന്നവർ കാണിച്ചതിനേക്കാൾ നികൃഷ്ടമായ കാര്യങ്ങൾ അല്ലെ ഇന്ന് ആത്മീയരെന്ന് ധരിച്ചിരിക്കുന്നവരും തങ്ങൾ ആത്മീയരാണെന്നു മറ്റുള്ളവരെ ധരിപ്പിക്കുവാൻ ശ്രമിക്കുന്നവരും കാട്ടിക്കൂട്ടുന്നത്.

ഇനിയും യഥാർത്ഥ ക്രിസ്തുശിഷ്യരായി ജീവിക്കുവാൻ ആഗ്രഹിക്കുന്നവരോട് ഒരു ചിന്ത, "എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ടു എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ ( മത്തായി 5 : 11 ) എന്നാണ് കർത്താവ് പറഞ്ഞത്. അങ്ങനെയുള്ളവർ തുള്ളിച്ചാടട്ടെ (അഥവാ, ഡാൻസ് ചെയ്യട്ടെ) എന്നു യേശു പറഞ്ഞതായി ലൂക്കോസ് 6:23ൽ വായിക്കുന്നു. നാം ആരോപിതരായെന്നു വരാം. അപ്പോൾ പ്രതികാരം ചെയ്യാൻ ഒരുങ്ങാതെ ആ വിഷയം ദൈവസന്നിധിയിൽ സമർപ്പിക്കുകയും നമ്മെ നശിപ്പിക്കുവാൻ ശ്രമിക്കുന്നവരോടു ക്ഷമിക്കുകയും കർത്താവിന്റെ കല്പന അനുസരിച്ചു സന്തോഷിക്കുകയും ചെയ്യാം. എല്ലാ തിന്മയും കളവായി പറയുന്നവരുടെ വായ് അടച്ചുപൂട്ടിക്കുവാൻ നമുക്കു കഴികയില്ല. അവരുടെ ആരോപണങ്ങളിൽ സത്യം ഒട്ടും ഇല്ല എന്നു തെളിയിക്കുന്നതായിരിക്കണം നമ്മുടെ ജീവിതം. കൂടാതെ, മറ്റുള്ളവർക്കെതിരായി കള്ളമായ ആരോപണങ്ങൾ ഉയർന്നു വരുമ്പോൾ ആ ദുഷ്പ്രവൃത്തിയിൽ ഒരു പങ്കും ഇല്ല എന്നുറപ്പു വരുത്തി നമുക്കുജീവിക്കാം

Advertisement