ഒറീസക്കാരി പെൺകുട്ടിയുടെ മടങ്ങിവരവ്

0
3626

പിൻമാറ്റവും …പിന്നെ ഒരു മടങ്ങിവരവും

മേഴ്സി പി ബാബു, ബരാംപൂർ

1999 – ലെ വെള്ളപ്പൊക്കത്തിൽ രാത്രി പകലാക്കിയ ദിനം – അന്നത്തെ രാത്രിയിൽ അഭയംതേടി ഞങ്ങളുടെ ഭവനത്തിൽ വന്നവരിൽ ഒരാൾ ആയിരുന്നു സഞ്ജു. അന്നാണ് ഞാൻ അവളെ ആദ്യമായി കാണുന്നത്. ഒന്ന് രണ്ടു മാസം കഴിഞ്ഞാണ് അവളോട് നേരിട്ട് സംസാരിക്കുന്നത്. ബോംബെ നഗരത്തിലെ വാസം അവളെ നന്നായി മാറ്റിയിരിക്കുന്നു. ടീ ഷർട്ടും ബർമുഡയും മിനിസ്കേർട്ടും – മടിയോടെ ആണ് ഞാൻ അവളെ വീട്ടുജോലിക്ക് വിളിച്ചത്.

ഓ.. ഒരു മടിയുമില്ല, എൻ്റെ തൊഴിൽ അതല്ലേ? ആ ഉത്തരത്തിൽ അവളിലെ താഴ്മയ തിരിച്ചറിഞ്ഞു. ജോലിയുടെ ആദ്യദിനം മുതൽ എനിക്ക് എൻ്റെ യേശുവിനെ കത്തോലിക്കാ വിശ്വാസിയായ അവൾക്ക് കൊടുക്കാൻ വെമ്പൽ കൊണ്ടു. അതിന് ഒറിയ ഭാഷ ഒരു തടസ്സമായില്ല. യേശുവിൻ്റെ ശക്തിയും മാധുര്യവും അവൾ തിരിച്ചറിഞ്ഞു. യേശുവിനെ മാത്രം കർത്താവായി സ്വീകരിക്കാർ അവൾ തീരുമാനിച്ചു. അന്നുമുതൽ അവൾ യേശുവിൻ്റെ പൈതലും ഒപ്പം എൻ്റെ സഹോദരിയുമായി മാറിയിരുന്നു. വചനം അവളിൽ വളരാൻ തുടങ്ങി. ഇടയ്ക്കിടെ ഉത്തരേന്ത്യൻ പര്യടനത്തിൽ എത്താറുള്ള സാജുച്ചായൻ്റെ ബൈബിൾ ക്ലാസ് അവളുടെ ജീവിതത്തിൽ വളരെ സ്വാധീനം ചെലുത്തി. ഒപ്പം അവളുടെ സഹോദരിയും യേശുവിനെ കണ്ടെത്തി.

താഴ്മയും വിനയവും അനുസരണയും അവളൊരു ഭൂഷണം ആയി തിരഞ്ഞെടുത്തു. സ്വർഗ്ഗസ്ഥനായ പിതാവ് സൽഗുണപൂർണനായി ഇരിക്കുന്നത് പോലെ നിങ്ങളും സൽഗുണപൂർണരായിരിപ്പിൻ എന്ന വചനം അവളുടെ ആപ്തവാക്യം ആക്കി. യേശുവിനോട് ചേരുവാൻ സ്നാനം ഏൽക്കുവാൻ അവൾ തീരുമാനിച്ചു. ഇനി എന്ത് മാറ്റം കൂടെ ആണ് വേണ്ടത്. എനിക്കറിയില്ല. എന്നെ സ്നാനപ്പെടുത്തൂ അവർ കെഞ്ചി. വെള്ളം വിലക്കാൻ നാം ആര്? മദ്യപാനിയായ പിതാവിൻ്റെയും അജ്ഞാനി ആയ മാതാവിൻ്റെയും അസാന്നിദ്ധ്യത്തിൽ അവളും സഹോദരിയും സ്നാനപ്പെട്ടു. തനി പെന്തക്കൊസ്തുകാരി.

സിസ്റ്റർ സഞ്ജു ഭർത്താവ് രാജുവും മക്കളുമൊത്ത്

ഇനി ജീവിക്കുന്നത് ഞാനല്ല ക്രിസ്തുവത്രേ എന്നിൽ ജീവിക്കുന്നത്  എന്ന് അവൾ ഏറ്റു പറഞ്ഞു. അവളുടെ ഉള്ളിൽ പിറന്ന യേശു ജീവിക്കാൻ തുടങ്ങി, വളരാൻ തുടങ്ങി, രണ്ടാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള അവൾ വചനം വായിക്കാൻ തുടങ്ങി. അടുത്തുനിൽക്കുന്ന സ്നേഹിതൻ എന്നപോലെ യേശുവിനോട് അവൾ സംസാരിക്കാൻ തുടങ്ങി – പാരമ്പര്യ പ്രാർത്ഥനയിലെ വാക്സാമർത്ഥ്യവും ചടങ്ങ് പ്രാർത്ഥനയും എല്ലാം അവളുടെ ആത്മ നിറവിലുള്ള ആത്മാർത്ഥമായ പ്രാർത്ഥനയുടെ മുൻപിൽ വഴിമാറിക്കൊടുത്തു. അവളുടെ പ്രാർത്ഥന സഭയെ ഉണർത്താൻ തുടങ്ങി. അന്യഭാഷ അടയാളമായി ലഭിച്ച അന്ന് അവളുടെ അനുതാപത്തിൻ്റെ അലർച്ചയും കരച്ചിലും സഭയെ പിടിച്ചുകുലുക്കി.

ഇതോടൊപ്പം അവളുടെ സാഹചര്യത്തിനും മാറ്റം വന്നു. എട്ടോളം വീടുകളിൽ പണി ചെയ്തു കിട്ടുന്ന ആയിരം രൂപയിൽ 100 ൽ കൂടുതൽ രൂപ ദൈവവേലയ്ക്കാക്കായി കൊടുക്കാർ അവൾ മടിച്ചില്ല. കർത്താവിന് കൊടുക്കുന്നതിൻ്റെ മഹത്വത്തെ സഭയിലെ സാക്ഷ്യത്തിലും വർണിച്ചു തുടങ്ങി. സാധുവായ പെൺകുട്ടിയുടെ സാക്ഷ്യം സഭയിലും സ്വാധീനം ചെലുത്തി. അവളുടെ കഠിനപരിശ്രമം കണ്ട കർത്താവ് അവളുടെ സ്ഥിതിക്ക് ഭേദം വരുത്തി. ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ആയ ആയി ജോലികിട്ടി. അവൾ എപ്പോഴും കണ്ണുനീരോടുകൂടെ ദൈവത്തിനു നന്ദി കരേറ്റി കൊണ്ടിരുന്നു. ആത്മാക്കളെ നേടുന്നതിൽ, സുവിശേഷം പങ്കുവെക്കുന്നതിൽ അവൾ പിന്നോക്കമല്ലായിരുന്നു. സുവിശേഷ വയലിൽ അന്യദേശത്ത് എത്തിയ ഞങ്ങളുടെ ഭാരത്തിനും അവൾ ഒരു പങ്കു വഹിച്ചു.

പെട്ടെന്നാണ് അവളുടെ പിതാവിന് കടുത്തപനി ഉണ്ടായത്. ഒറീസയിൽ അനേകരെ വിഴുങ്ങിയ മലേറിയ തന്നെ. ഞങ്ങൾ കുടുംബമായി ചെന്ന് പ്രാർത്ഥിച്ചു. മദ്യപാനിയായ അദ്ദേഹം പാപം ഏറ്റുപറഞ്ഞ് പ്രാർത്ഥിച്ചു. ഉടനെതന്നെ ഒരു കുപ്പി രക്തം വേണമെന്ന് ഡോക്ടർ പറഞ്ഞു. എൻ്റെ ഭർത്താവ് തന്നെ അത് കൊടുത്തു. എങ്കിലും വിധിയെ തടയാൻ ആയില്ല. അദ്ദേഹം ഈ ലോകം വിട്ടു. ഒരു സന്തോഷം മാത്രം. അവസാനമായി ” ദൈവമേ സ്വർഗ്ഗരാജ്യത്തിൽ എനിക്കും ഒരു സ്ഥാനം നൽകണം ” എന്ന് പ്രാർത്ഥിച്ചു. തൻ്റെ സ്വന്തം ഗ്രാമത്തിൽ അടുത്ത ജില്ലയിൽ അദ്ദേഹത്തെ അടക്കം ചെയ്തു.

ആശ്വസിപ്പിക്കാൻ വന്ന കൂട്ടത്തിൽ നമ്മുടെ പെൺകുട്ടിയുമായി “പഴയ ബന്ധം ” ഉണ്ടായിരുന്ന ഒരു പയ്യൻ ഉണ്ടായിരുന്നു രാജു. അവനെ കണ്ടപ്പോൾ അവളിൽ ഉള്ള പഴയ മനുഷ്യനും ഉണർന്നു. ഉണരുക അല്ലായിരുന്നു ജീവിക്കുകയായിരുന്നു!! സർപ്പം ഹവ്വായെ ഉപായത്തിൽ ചതിച്ചത് പോലെ ക്രിസ്തുവിനോടുള്ള ഏകാഗ്രത അവളെ വിട്ടു മാറി. കർത്താവിൻ്റെ വിശുദ്ധ ദിവസം പോലും അവൾ മറന്നു. അഞ്ചു ദിവസത്തിനു ശേഷം അവളെ കണ്ടുമുട്ടിയപ്പോൾ അവൾ പൊട്ടിക്കരഞ്ഞു. ദീദി – എനിക്കിനി ദൈവസന്നിധിയിൽ നില്പാൻ കഴിയുകയില്ല. ഞാൻ തെറ്റിപ്പോയിരിക്കുന്നു എന്ന് പറഞ്ഞു. ഞങ്ങൾ രണ്ടുപേരും അവളെ നാലു മണിക്കൂറോളം ഉപദേശിച്ചു, പ്രാർത്ഥിച്ചു.

പക്ഷേ പിറ്റേന്ന് അവനുമായി സഞ്ജു അപ്രത്യക്ഷയായി. ഏകദേശം പത്ത് ദിവസം ഞങ്ങൾക്ക് ഭക്ഷണം കഴിക്കാൻ പോലും മനസ്സ് അനുവദിക്കാതെ അവളുടെ മടങ്ങി വരവിനായി ഉപവസിച്ച് പ്രാർത്ഥിച്ചു.

ആസ്യക്കാർ എല്ലാവരും പൗലോസിനെ വിട്ടു പോയപ്പോൾ ദുഃഖം ഇത്ര തീവ്രമായിരുന്നുവോ? കൂടെ നടന്ന ദേമാസ് ഈ ലോകത്തെ സ്നേഹിച്ച് വിട്ടുപോയപ്പോൾ പൗലോസിൻ്റയും ഉറക്കം കെട്ടുപോയിരുന്നുവോ? ആർക്കറിയാം! സഭയിൽ നക്ഷത്രത്തെ പോലെ ശോഭിച്ച അവൾ പെട്ടെന്ന് ആയിരുന്നല്ലോ കെട്ടു പോയത്. വചനം കേൾക്കാൻ ആഗ്രഹം ഇല്ലാത്തതുകൊണ്ടല്ല പാപത്തിന് അടിമപ്പെടാൻ ജഡത്തെ സ്വയം അനുവദിച്ചതു കൊണ്ടല്ലേ ആ നക്ഷത്രം വെളിച്ചം നൽകാതെ പോയത്? സ്വന്ത സ്ഥിരത വിട്ടു പോകാതിരിക്കാൻ നമുക്കും സൂക്ഷിക്കാം! നിൽക്കുന്നു എന്നു തോന്നുന്നവൻ വീഴാതിരിപ്പാൻ നമുക്കും കർത്താവിൻ്റെ കരങ്ങളിൽ തന്നെത്താൻ ഏൽപ്പിക്കാം.

സഞ്ജുവിൻ്റെ ഭർത്താവ് രാജു ഒറീസയിലെ കൊന്തമാൾ വാസിയാണ്. സുമുഖനും ജോലിക്കാരനും ഒപ്പം നല്ലൊരു കത്തോലിക്ക ഭക്തനും. പെട്ടെന്നാണ് 2008-ൽ വർഗീയ കലാപം പൊട്ടിപുറപ്പെട്ടത്. രാത്രിയിലെ ആക്രമണത്തിൽ നിന്നും രക്ഷനേടാൻ പ്രാണരക്ഷാർത്ഥം അവളും ഭർത്താവും അവരുടെ മാതാപിതാക്കളും കുട്ടികളും ആയി വനാന്തരങ്ങളിൽ അഭയം പ്രാപിച്ചു. കാട്ടുകോഴിയെ ചുട്ടു തിന്നും കായ് ഖനികൾ ഭക്ഷിച്ചും രണ്ടാഴ്ച കഴിഞ്ഞു. കലാപം ശമിച്ചതോടെ ഇവർ കൂട്ടമായി അടുത്ത ജില്ലയിൽ അഭയം പ്രാപിച്ചു. അവളുടെ വീട് ഒരു മൺകൂനയായി മാറിയിരുന്നു. അങ്ങനെ നാലു വർഷത്തിനുശേഷം വീണ്ടും അവൾ ബരാംപൂരിൽ ആരാധനക്കായി വന്നു. വീണ്ടും ദൈവസന്നിധിയിൽ തന്നെ കൊണ്ടു വരുവാൻ വേണ്ടി ദൈവം അയച്ച കലാപമായിരുന്നു അതെന്ന് അവൾ ചിന്തിച്ചു. സഭയോടും ദൈവദാസനോടും അവൾ ക്ഷമ ചോദിച്ചു. ദൈവദാസനെയും കുടുംബത്തെയും വേദനിപ്പിച്ചതും ദൈവ സാന്നിധ്യം തിരിച്ചറിയാൻ കഴിയാത്തതും ആയിരുന്നു അവളുടെ ഏറ്റവും നികത്താനാവാത്ത ദുഃഖം. ദൈവകൃപയെ തുഛീകരിച്ചാൽ ഉണ്ടാകുന്ന നിരാശയുടെ ആഴം എത്ര വലുതാണ്. വെറുപ്പും വിദ്വേഷവും ഉള്ളിൽ നിറഞ്ഞിരുന്നു എങ്കിലും അതെല്ലാം ദൈവനാമത്തിൽ ക്ഷമിക്കാനും വീണ്ടും അവരെ ഉൾക്കൊള്ളാനും ദൈവം കൃപ ചെയ്തു. നിരന്തരമായ ആരാധനയിലെ പങ്കാളിത്വം മൂലം സത്യം തിരിച്ചറിയാൻ ദൈവം രാജുവിനെയും സഹായിച്ചു. 2012 ജൂൺ മാസത്തിൽ അവനും ജലത്തിൽ കർത്താവിനെ അംഗീകരിച്ചു. തിരികെ ഗ്രാമത്തിലെത്തിയ അവരെ സ്വാഗതം ചെയ്തത് വിരോധികളായ ഒരുപറ്റം ക്രിസ്ത്യാനികളും സ്വന്തം കുടുംബക്കാരും ആയിരുന്നു. അവളെ അടിക്കുകയും മുറിപ്പെടുത്തുകയും ചെയ്തു. മൗനമായി അവൾ അതെല്ലാം സഹിച്ചു. ക്രൂശിൽ ക്രിസ്തു അനുഭവിച്ച വേദനയുടെ മുൻപിൽ തൻ്റെ വേദന ഒന്നുമില്ല എന്ന് അവൾ പറഞ്ഞു.

ഇന്ന് ചുറ്റുപാടുമുള്ള ഗ്രാമങ്ങളിലും മലമുകളിലും സഞ്ചരിച്ച് കുടുംബമായി അവരെ രക്ഷിച്ച കർത്താവിനെ അവർ സാക്ഷിച്ചു കൊണ്ടിരിക്കുന്നു. പ്രവാസത്തിൽ നിന്നും മടക്കി വരുത്തിയ യിസ്രായേൽമക്കളെ പോലെ വീണ്ടും സ്തുതിയും ആർപ്പും ദൈവം അവർക്ക് തിരികെ കൊടുത്തു. പത്തു വർഷത്തിനുശേഷം പ്രാർത്ഥനയുടെ ഫലമായി വീണ്ടും ദൈവം അവരെ തിരികെ തന്നു. യേശു വീണ്ടും സഞ്ജുവിൻ്റെ ജീവിതത്തിൽ യാഥാർഥ്യമായി. അന്ത്യം വരെ ദൈവം അവരെ ദൈവകൃപയിൽ നിർത്തുമാറാകട്ടെ !!

LEAVE A REPLY

Please enter your comment!
Please enter your name here