മാറ്റം ദൈവസഭയ്ക്ക് അനിവാര്യമോ?

മാറ്റം ദൈവസഭയ്ക്ക് അനിവാര്യമോ?

മാറ്റം ദൈവസഭയ്ക്ക് അനിവാര്യമോ?


 ജോബിൻ സാം വർഗ്ഗീസ്

മാനതകളില്ലാത്ത വെല്ലുവിളികളിലൂടെയാണ് ഇന്ന് സഭ കടന്നു പോകുന്നത്. പരിശുദ്ധാത്മാവിന്റെ ആലോചനയും ഭൂരിപക്ഷത്തിന്റെ അഭിപ്രായവും നടപ്പിലാക്കുന്നതിന്റെ ഇടയിലുള്ള ഒരു അന്തരം ഇന്ന് നമ്മുടെ സഭകളിൽ കാണുന്നു. പല സംഘടനകളിലും ദൈവഹിതം മനസ്സിലാക്കാതെ തികച്ചും ഏകാധിപത്യപരമായാണ് തീരുമാനങ്ങൾ എടുക്കുന്നതും നടപ്പിലാക്കുന്നതും. ഇത് കൊണ്ട് തന്നെ നമ്മുടെ സഭാ നേതൃത്വങ്ങളിലും സംഘടനകളിലും ഒരു നവോത്ഥാനത്തിന്റെ ആവശ്യകത വലുതാണ്. ആ ഒരു മാറ്റത്തിനും നവീകരണത്തിനും ആയി നടപ്പിലാക്കുന്ന ചില കാര്യങ്ങൾ ചുവടെ ചേർക്കുന്നു.

1) തലമുറ മാറ്റവും പദവിയുടെ വിഗ്രഹവൽക്കരണവും
തലമുറ മാറ്റം എന്ന ഈ പ്രയോഗം ഒരിടവേളയ്ക്ക് മുമ്പ് രാഷ്ട്രീയ കേരളം ഏറ്റവും കൂടുതൽ ചർച്ച ചെയ്തതാണ്. എന്നാൽ ഇത് കേവലം രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ മാത്രം അല്ല, മറിച്ച് നമ്മുടെ സഭാനേതൃത്വങ്ങളിലും അതിനോടനുബന്ധിച്ചുള്ള മറ്റു സംഘടനകളിലും സംഭവിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. ദൈവ വചനം പഠിക്കുമ്പോൾ ദൈവവചനത്തിൽ അപ്പോസ്തല പ്രവൃത്തിയിൽ ഒരു പുതിയ  വ്യക്തിയെ നേതൃത്വത്തിലേക്ക് കൊണ്ടുവരുവാൻ ശ്രമിക്കുന്നത് എങ്ങനെയാണെന്ന് നമുക്ക് കാണാൻ സാധിക്കും. ലഭിച്ച അധികാരത്തിൽ ജീവിതകാലം മുഴുവൻ തുടരാൻ ആഗ്രഹിക്കുന്നതും, പദവിയുടെ വിഗ്രഹ വൽക്കരണവും ഇന്നത്തെ സഭകളുടെ ഏറ്റവും വലിയ പോരായ്മയാണ്. മുതിർന്ന നേതൃത്വത്തിന്റെ സേവനത്തെ ബഹുമാനത്തോടെ അംഗീകരിക്കുമ്പോൾ തന്നെ കാലത്തിൻറെ പുരോഗതിക്കനുസരിച്ച് പുതിയ തലമുറയ്ക്ക് അവസരങ്ങൾ നൽകുവാൻ അവർ തയ്യാറാകണം. ഇതോടെ പുതിയ തലമുറ നേതൃത്വത്തിന് പ്രായത്തിന്റെയും അനുഭവങ്ങളുടെയും പശ്ചാത്തലത്തിൽ ഇവർക്ക് നല്ല ആലോചനകളും മാർഗ്ഗനിർദ്ദേശങ്ങളും നൽകുവാൻ കഴിയും. ആജീവനാന്ത അധ്യക്ഷ സ്ഥാനവും, കൂടുതൽ ഫണ്ടുകൾ പ്രസ്ഥാനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ പണം ഉള്ളവരെ നേതൃസ്ഥാനങ്ങളിൽ കൊണ്ടുവരുന്ന കാഴ്ചയും വളരെ ദയനീയമാണ്.
വിവിധ സ്ഥാനങ്ങളും പദവികളും നൽകുന്നതിലൂടെ മനുഷ്യരെ പ്രീതിപ്പെടുത്തുന്നവരായി മാത്രം നമ്മൾ മാറുന്ന ഒരു കാഴ്ചയാണ് കാണുന്നത്. അങ്ങനെ വരുന്നതിലൂടെ പള്ളിയിൽ മുഖ്യാസനവും അങ്ങാടിയിൽ വന്ദനവും പ്രിയമാകുന്ന പരീശന്മാരുമായി നമുക്ക് എന്ത് വ്യത്യാസം? യേശുവിന്റെയും ശിഷ്യന്മാരുടെയും ജീവിതവും പഠിപ്പിക്കലുകളും ഒരിക്കൽപോലും അധികാരത്തിനോ സ്ഥാനമാനങ്ങൾക്കോ വേണ്ടി ആയിരുന്നില്ല. നമ്മുടെ സമൂഹത്തിന് പുറത്തുള്ള രീതികൾ പോലെ സെലിബ്രിറ്റി സ്റ്റാറ്റസ് എന്ന ഒരു അവസ്ഥ നമ്മുടെ സമൂഹത്തിലേക്കും കടന്നുകൂടിയിട്ടുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ആളുകൾ ബഹുമാനിക്കുന്ന അല്ലെങ്കിൽ പ്രശംസിക്കുന്ന പദവികൾ നേടുന്നതിന് വേണ്ടി പല്ലും നഖവും ഉപയോഗിച്ച് പോരാടുന്ന ഒരു കാഴ്ചയാണ് നമുക്ക് കാണാനാകുന്നത്. 

അധികാരത്തിന് വേണ്ടിയും പ്രതികാരം ചെയ്യുക എന്ന മനോഭാവത്തോടെയും സഭയ്ക്കുള്ളിലുള്ളവർ മതേതര കോടതികളിൽ അന്യോന്യം കേസ് കൊടുക്കുമ്പോൾ നാം നമ്മെത്തന്നെ പരിഹസിക്കുന്നത് കൂടാതെ അപ്പോസ്തലിക പഠിപ്പിക്കലുകളുടെ ലംഘനവുമാണ് സംഭവിക്കുന്നത്.  അപ്പോസ്തലനായ പൗലോസ് 1 കൊരിന്ത്യർ 6 ൽ സഹോദരന്മാർക്ക് ഇടയിലുളള വ്യവഹാരം സഭയ്ക്കുള്ളിൽ തന്നെ തീർക്കാൻ ഉപദേശിക്കുന്നുണ്ട്. 

 ഈയൊരു സാഹചര്യത്തിൽ നവീകരണത്തിനും ശുദ്ധീകരണത്തിനും ദൈവഹിത പ്രകാരമുള്ള ആത്മീയ നേതൃത്വങ്ങൾ നമ്മുടെ പ്രസ്ഥാനങ്ങളിൽ വരുന്നതിനായി നമുക്ക് പ്രാർത്ഥിക്കാം.

പുതിയ തലമുറ കേവലം യുവജന മീറ്റിംഗ് നടത്തുന്നതോ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നതോ കൂടാതെ അതിലുമധികം ചെയ്യുവാൻ കഴിവുള്ളവരാണ്. അവർ വിശാലമായി ചിന്തിക്കുകയും സമൂഹത്തെ അടുത്തറിയുന്നവരുമാണ്. അവരിൽ പ്രാപ്തിയും പക്വതയുമുള്ളവരെ തിരഞ്ഞെടുത്ത് നേതൃസ്ഥാനങ്ങളിൽ കൊണ്ടുവരട്ടെ. യൗവ്വന പ്രായം കഴിഞ്ഞവരായ പലരും യുവജന പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ ഉള്ളത് തികച്ചും വിരോധാഭാസമാണ്. യുവാക്കൾ നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞു അതിന് പ്രതിവിധി കണ്ടെത്തുന്നതിന് ഇത് തടസ്സമായി നിലകൊള്ളുന്നു.

തീർച്ചയായും ഇത്തരത്തിൽ സമൂഹത്തിലെ മാറ്റങ്ങളെ  മനസ്സിലാക്കാനും അതിനെ അഭിമുഖീകരിക്കാനും കഴിവും പ്രാപ്തിയുമുള്ള യുവതി യുവാക്കളെ സഭാനേതൃത്വം പ്രോത്സാഹിപ്പിക്കുകയും അതിനുള്ള അവസരങ്ങൾ അവർക്ക് നൽകേണ്ടതുമാണ്.

2)  നേതൃത്വം എടുക്കുന്ന തീരുമാനങ്ങൾ പ്രാർത്ഥനാപൂർവുമാണോ? 
പ്രാർത്ഥന എന്നത് ഒരു പരിപാടിയുടെ യോഗക്രമത്തിൽ 'ആരംഭ പ്രാർത്ഥന' എന്നത് മാത്രമായി ഒതുക്കേണ്ട ഒന്നല്ല. കൂടാതെ ദൈവഹിതത്തിനായി കാത്തിരിക്കുക എന്നത് പ്രസംഗത്തിലെ ഒരു വാചകമായി ചുരുക്കേണ്ടതുമല്ല. ദൈവവചനത്തിൽ ഉടനീളം ദൈവത്തിന്റെ ദാസന്മാർ ദൈവഹിതത്തിനായി കാത്തിരുന്ന ഒട്ടേറെ ഉദാഹരണങ്ങൾ കാണാൻ സാധിക്കുന്നു. ഇസ്രായേൽ മക്കളുടെ യാത്രയ്ക്കുമുമ്പ് എസ്രായും, രാജാവിനെ കാണുന്നതിനും മതിൽ പണിയുന്നതിനു മുൻപ് നെഹമ്യാവും, സുവിശേഷവുമായി ഇറങ്ങി പുറപ്പെടുന്നതിനു മുമ്പ് അപ്പോസ്തലന്മാരുമൊക്കെ നമുക്ക് മുമ്പിലുള്ള ഉദാഹരണങ്ങളാണ്. ദൈവമക്കൾ ഐക്യതയോടും പ്രാർത്ഥിച്ചു ദൈവഹിതം മനസ്സിലാക്കിയതിൻ പ്രകാരം ആയിരിക്കണം സഭകളിലെ തീരുമാനങ്ങൾ എടുക്കേണ്ടത്. മറ്റ് ഗൂഢ താൽപര്യങ്ങൾക്കുവേണ്ടിയുo, ഭൂരിപക്ഷത്തെ പ്രീതിപ്പെടുത്താൻ നോക്കിയും, വോട്ടുകളുടെ എണ്ണം അടിസ്ഥാനമാക്കിയും സഭകളിൽ തീരുമാനങ്ങളെടുക്കുന്നത് നിരാശാജനകമായ ഒരു കാര്യമാണ്. ഇതു പരിശുദ്ധാത്മാവിന്റെ പ്രവർത്തിക്ക് തടസ്സമാകും. സഭകളിൽ എടുക്കുന്ന പല തീരുമാനങ്ങൾക്കും മുൻപ് സഭാ ദൈവത്തിന്റേതാണെന്നും, ദൈവമാണ് പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് എന്ന ബോധ്യം നമ്മളിൽ ഉണ്ടായിരിക്കണം.

3) ഒരു വ്യക്തിയുടെ പദവി പ്രായം അല്ലെങ്കിൽ സീനിയോറിറ്റി എന്നിവ നിർദേശത്തെ വിലകൽപ്പിക്കുന്നതിന് തടസ്സമാകുന്നുണ്ടോ?
അടുത്തതായി സഭകളിലെ ലജ്ജാകരമായ പ്രവൃത്തി പ്രായവും പദവിയും നോക്കി അഭിപ്രായങ്ങൾക്ക് വില കൽപ്പിക്കുന്നതാണ്. ദൈവത്തിൽ നിന്ന് ആലോചന പ്രാപിച്ചവർ ഈ പറയുന്ന നേതൃത്വം കണക്കാക്കിയിരിക്കുന്ന  യോഗ്യതകൾ ഇല്ലാത്തവരായതിനാൽ പലപ്പോഴും ഇവരുടെ അഭിപ്രായങ്ങൾ വിലകൽപ്പിക്കാതെ പോകുകയാണ്. 
ദൈവവചനത്തിൽ പലയിടങ്ങളിലായി ദൈവത്തിൻറെ അരുളപ്പാട് അറിയിക്കുവാൻ സമൂഹത്തിൽ താഴ്ന്നവരായി കണക്കാക്കിയവരെയും ബാലന്മാരെയും ഉപയോഗിച്ചതായി കാണുന്നു. വിലയേറിയ അഭിപ്രായങ്ങൾക്ക് ചെവി കൊടുക്കാതെ, സ്വേച്ഛാധിപത്യ രീതി പിന്തുടരുന്ന ഒരു സഭയോ സ്ഥാപനമോ ദൈവരാജ്യം അല്ല പ്രസ്ഥാനത്തെ അല്ലെങ്കിൽ വ്യക്തികളുടെ സാമ്രാജ്യമാണ് പണിയുന്നത്.

4) സമയവും കാലവും നമ്മൾ മനസ്സിലാക്കുന്നുണ്ടോ?
ദൈവഹിതം മനസ്സിലാക്കി ഉറപ്പു കിട്ടിയതിനുശേഷം ഒരു പ്രത്യേക കാര്യം അല്ലെങ്കിൽ പദ്ധതി നടപ്പിലാക്കേണ്ട സമയം/ കാലം എപ്പോഴാണെന്ന് പ്രാർത്ഥിച്ചു തീരുമാനിക്കേണ്ടിയിരിക്കുന്നു. ദൈവാലയം പണിയാനുള്ള ദാവീദിന്റെ ആഗ്രഹത്തിൽ സന്തുഷ്ടനായിരുന്ന ദൈവം അത് തൻറെ കാലത്തല്ല മകനായ ശലോമോന്റെ കാലത്താണ് പണിയേണ്ടത് എന്ന് വ്യക്തമാക്കിയ കാര്യം നാം ശ്രദ്ധിക്കണം. കാത്തിരിക്കുവാൻ ദൈവം പറഞ്ഞിട്ടും വാഗ്ദത്ത ദേശത്തേക്ക് പ്രവേശിക്കാൻ തിരക്ക് കാണിച്ച യിസ്രായേൽ മക്കളെ പോലെയാകരുത് നാം ഒരിക്കലും. 

5) കേവലം യോഗങ്ങൾ ക്രമീകരിക്കുന്നത് മാത്രമാണോ നമ്മുടെ നിലനിൽപ്പിന്റെ ലക്ഷ്യം?
 വിവിധ യോഗങ്ങളും മറ്റും സാഹചര്യങ്ങൾക്കനുസരിച്ച് അതിൻറെ ഘടനയ്ക്ക് മാറ്റം വരുത്തുകയോ അത് റദ്ദാക്കുകയോ ചെയ്യേണ്ടതാണ്. ജനങ്ങളെ പ്രീതിപ്പെടുത്തുവാൻ വേണ്ടി 'വെൻറിലേറ്റർ മോഡിൽ' യോഗങ്ങൾ നടത്തുന്നത് വലിയ ദൗർഭാഗ്യകരമാണ്. ഒരു യോഗത്തിന്റെ കാര്യാസക്തി നഷ്ടപ്പെട്ടാൽ അതിൽനിന്ന് പിന്മാറുന്നതാണ് ഏറ്റവും ഉചിതമായ തീരുമാനം. മാറുന്ന കാലത്തിനനുസരിച്ച് സുവിശേഷ സത്യങ്ങളിൽ ഒട്ടുംതന്നെ മായം ചേർക്കാതെ സമകാലിന വെല്ലുവിളികളെ ഉൾക്കൊണ്ട് അർത്ഥവത്താക്കി ജനങ്ങളിലേക്ക് എത്തിക്കുവാൻ വേണ്ടി ദൈവിക ജ്ഞാനത്തിനായ് നമുക്ക് പ്രാർത്ഥിക്കാം. വിവിധ രാജ്യങ്ങളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലും സഭ നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും വെവ്വേറെയാണ്. ഇത് ഉൾക്കൊണ്ട് ഇതിനെ അഭിമുഖീകരിക്കേണ്ട രീതിയിൽ സഭാ രീതികളും പ്രവർത്തനങ്ങളും പാകപ്പെടുത്തേണ്ടത് അനിവാര്യമാണ്. അപ്പോസ്തലനായ പൗലോസ് സുവിശേഷം അറിയിക്കാൻ ഉപയോഗിച്ച മാർഗങ്ങൾ വെവ്വേറെ യാണ്. വിവിധയിടങ്ങളിൽ ചെല്ലുന്നതിനനുസരിച്ച് തന്റെ പ്രവർത്തന രീതികളിലും മാറ്റങ്ങൾ വരുത്തുവാൻ താൻ ശ്രദ്ധിച്ചിരുന്നു.

1 കൊരിന്ത്യർ 9 ൽ പൗലോസ് പറയുന്നത് ശ്രദ്ധിക്കുക: “യെഹൂദന്മാരെ നേടേണ്ടതിന്നു ഞാൻ യെഹൂദന്മാർക്കു യെഹൂദനെപ്പോലെ ആയി…”
ദശാബ്ദങ്ങളായി ഒരേ രീതിയിൽ തന്നെ യോഗക്രമത്തിൽ പോലും മാറ്റം വരുത്താതെ ഒരു പ്രസ്ഥാനത്തിന്റെ വാർഷിക കൺവൻഷൻ നടത്തുന്നത് പോലെ അതിലെ പ്രസംഗകരെയും ഉള്ളടക്കത്തിൽ പോലും മാറ്റം വരുത്താതെ പല യുവജന മീറ്റിംഗുകളും നടത്തുന്നത് വലിയ ദുഃഖകരമാണ്. ഇത്തരത്തിൽ മീറ്റിംഗുകൾ നടത്തുന്നതിലൂടെ ഇവിടെ യുവജനങ്ങളിൽ നാം ഉദ്ദേശിക്കുന്ന രീതിയിൽ ഉള്ള പരിവർത്തനം ഉണ്ടാകുന്നുണ്ടോ എന്ന് ഇന്നത്തെ നേതൃത്വം ചിന്തിക്കേണ്ടിയിരിക്കുന്നു. ഇതുപോലുള്ള കാരണങ്ങളാണ് പലപ്പോഴും ഇന്നത്തെ തലമുറ ദൈവസഭകൾ വിട്ട് പോകുവാൻ നിമിത്തമാകുന്നത്. വളരെയധികം കാര്യങ്ങൾ ഇന്നത്തെ സഭകൾ യുവജനങ്ങൾക്കായി ചെയ്യുന്നുണ്ടെങ്കിലും അതുമായി യുവജനങ്ങൾക്ക് തങ്ങളെത്തന്നെ ബന്ധപ്പെടുത്താനോ അവർ ഉൾപ്പെട്ടു നിൽക്കുന്ന സമൂഹത്തിൽ അവർ നേരിടുന്ന വെല്ലുവിളികളെ അഭിസംബോധന ചെയ്യാനോ ഇത്തരത്തിലുള്ള മീറ്റിങ്ങുകൾ ഉപകരിക്കുന്നില്ല എന്നതാണ് വസ്തുത.  കോവിഡിനെ തുടർന്ന് ഓൺലൈൻ ആരാധനകൾ ആരംഭിച്ചിട്ടും പല സഭകളിലും പണ്ടത്തെ രീതിയിൽ ക്രമീകരണങ്ങൾ തുടരുകയായിരുന്നു. സന്ദർഭോചിതമായ മാറ്റങ്ങൾ വരുത്താൻ സഭകൾക്ക് കഴിഞ്ഞില്ല എന്നത് ഒരു യാഥാർത്ഥ്യമാണ്. 

6) നിറവേറുന്നത് വ്യക്തിതാത്പര്യങ്ങളാണോ, പരിശുദ്ധാത്മാവിന്റെ ആലോചനകളാണോ?
പലപ്പോഴും നാം ക്രമീകരിക്കുന്ന മീറ്റിംഗുകൾ നമ്മുടെ ചിന്തയിൽ അത് ആവശ്യമാണ് എന്ന് കണക്ക്കൂട്ടിയാണ്. ദൈവം നമ്മെ എന്തിനാണ് വിളിച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കാതെ നാം സംഘടിപ്പിച്ച പലകാര്യങ്ങളും ന്യായീകരിക്കുന്നത് 'ഞങ്ങൾക്ക് അനുഗ്രഹം ആയിരുന്നു' എന്ന് ആരെങ്കിലും പറഞ്ഞതിനെ അടിസ്ഥാനമാക്കിയാണ് . ഇത് അടുത്തത് ചെയ്യാൻ ഒരു പ്രോത്സാഹനമായി നിൽക്കുന്നു.ഈ സാഹചര്യത്തിൽ നാം മനസ്സിലാക്കേണ്ട ഒരു കാര്യം, വിവിധ കൾട്ട് ഗ്രൂപ്പുകളിൽ കൂടി വരുന്നവരും ഉപയോഗിക്കുന്ന ഒരു പ്രയോഗമാണ് ‘ഞങ്ങൾക്ക് അനുഗ്രഹമായിരുന്നു '.  ദൈവത്തിൻറെ അരുളപ്പാടിനെ ലംഘിച്ച് ശത്രുക്കളെ പൂർണമായി നശിപ്പിച്ച് അവിടുന്ന് കൊണ്ടുവന്ന നല്ല മൃഗങ്ങളെ യഹോവയ്ക്ക് യാഗം അർപ്പിക്കാം എന്ന ശൗൽ രാജാവിൻറെ ഉദ്ദേശം പോലെ, ഒരിക്കലും നമ്മുടെ തെറ്റിനെ ആത്മീയവല്ക്കരിക്കുവാൻ നാം ശ്രമിക്കരുത്. 
സദ്യശ്യ 29:18 ഇപ്രകാരം പറയുന്നു : ‘ദർശനം ഇല്ലാത്തിടത്ത് ജനം അധോഗതി പ്രാപിക്കുന്നു.’ 
സഭാ മൂപ്പന്മാർ ഇട കൂട്ടായ്മകൾക്ക് നേതൃത്വം കൊടുക്കുന്നവർ, യുവജനങ്ങളെ നയിക്കുന്നവർ എന്നീ തുടങ്ങിയവരായ നാം, കുറേ യോഗങ്ങൾ ക്രമീകരിക്കുന്നവരായി മാത്രം മാറാതെ അടിസ്ഥാന ഉപദേശത്തിലേക്ക് മടങ്ങി പോകാം.  
അപ്പോസ്തലനായ പത്രോസ് ഉപദേശിക്കുന്നത് 

“അതുകൊണ്ടു സഹോദരന്മാരേ, നിങ്ങളുടെ വിളിയും തിരഞ്ഞെടുപ്പും ഉറപ്പാക്കുവാൻ അധികം ശ്രമിപ്പിൻ.”

ഈ അവസരത്തിൽ ദൈവിക ജ്ഞാനത്തിനും, പദ്ധതിക്കുമായി നമുക്ക് നമ്മെത്തന്നെ സമർപ്പിക്കാം. നിങ്ങളുടെ കൂട്ടായ്മയിൽ പ്രാർത്ഥനാപൂർവ്വം സംസാരിക്കുന്നത് നിങ്ങൾ മാത്രമാണെങ്കിൽ പോലും അതിൽ മടുക്കാതെ, നിർത്താതെ അത് തുടരുക. നിങ്ങളുടെ അഭിപ്രായത്തിന് വിലയില്ല എന്ന് ചിന്തിച്ചു മിണ്ടാതിരിക്കരുത്.  എവിടെയായിരുന്നാലും പ്രാർത്ഥനാപൂർവ്വം ദൈവഹിതം അറിയിക്കുന്നുവരായി ദൈവ ഇഷ്ടം ചെയ്യുന്നവരായിരിപ്പാൻ ദൈവം നമ്മെ സഹായിക്കട്ടെ!