വിഡ്ഢിത്തങ്ങളില്ലാത്ത വിഡ്ഢിദിനം

0
643

 

കൂട്ടുകാരനെ വഞ്ചിച്ചിട്ട് അതു കളി എന്നു പറയുന്ന മനുഷ്യൻ തീക്കൊള്ളികളും അമ്പുകളും മരണവും എറിയുന്ന ഭ്രാന്തനെപ്പോലെയാകുന്നു (സദൃശ്യവാക്യങ്ങൾ 26:18,19)

ന്ന് ഏപ്രിൽ 1 വിഡ്ഢിദിനം. കള്ളത്തരങ്ങൾ പറഞ്ഞും കുസൃതികൾ കാണിച്ചും സുഹൃത്തുക്കളേയും പ്രിയപ്പെട്ടവരേയും പറ്റിക്കുന്നതിൽ സന്തോഷിച്ചിരുന്ന ദിവസം. ഉക്രെയ്നിലെ ഒഡേസായിൽ യുമോറിന അഥവാ നർമ്മദിവസം എന്നറിയപ്പെടുന്ന ഈ ദിവസം പൊതു അവധി നല്കിയാണ് ആഘോഷിക്കുന്നത്.

പതിനാറാം നൂറ്റാണ്ടിൽ ഫ്രാൻസിൽ തുടങ്ങി എന്നു കരുതപ്പെടുന്ന ഏപ്രിൽ ഫൂൾ ഡേ ഇപ്രാവശ്യം അതിൻ്റെ തനതായ ശൈലിയിൽ ആഘോഷിക്കുവാൻ ലോകത്ത് ആരും തന്നെ അത്രയ്ക്ക് വിഡ്ഢികളാണെന്ന് തോന്നുന്നില്ല. കോവിഡ് 19 ബന്ധത്തിൽ ഇന്ത്യയിലെ പല സ്ഥലങ്ങളിലും വിഡ്ഢിദിന സ്പെഷ്യലായ തെറ്റായ വാർത്തകളും പറ്റിക്കലുകളും നിയമപ്രകാരം തടഞ്ഞിട്ടുമുണ്ട്. കേരളവും മഹാരാഷ്ട്ര ഇതിനെതിരെ ശക്തമായ മുന്നറിയിപ്പുകൾ നല്കിയിരുന്നു. തായ്വാനിൽ 1 ലക്ഷത്തിനടുത്ത് പിഴയാണ് ശിക്ഷ. 2000 മുതല്‍ ഏപ്രില്‍ 1 ന് എല്ലാ വര്‍ഷവും പുതിയ തമാശകള്‍ അവതരിപ്പിക്കാറുള്ള ഗൂഗിള്‍ ഇന്നേ ദിനത്തില്‍ പറ്റിക്കുന്ന വിനോദത്തില്‍ ഏര്‍പ്പെടില്ലെന്ന് തീരുമാനിച്ചു. 8 ലക്ഷത്തിലേറെ പേർ ഈ മഹാവ്യാധിയുമായി മല്ലിടുകയും 40,000 ൽ അധികം ജീവനുകൾ മരണത്തിന് കീഴടങ്ങുകയും ചെയ്തിരിക്കുന്നു. കോവിഡ് ഭീതി പരത്തുന്ന 200 ൽ അധികം രാജ്യങ്ങളിൽ മിക്കതും അടഞ്ഞുകിടക്കുന്നു. ഈ അസാധാരണ സന്ദർഭത്തിൽ അനാവശ്യ ആശങ്കകൾ സൃഷ്ടിക്കപ്പെടാതിരിക്കാൻ അധികാരികൾ കർശന നിർദ്ദേശം നല്കിയിരിക്കുന്നതിൻ്റെ ഗൗരവം നാം തിരിച്ചറിയണം. അതിൻ്റെ ഗാംഭീര്യം മനസിലായതിനു ശേഷവും മറ്റുള്ളവരെ പറ്റിക്കുന്നതിലും കള്ളത്തരങ്ങൾ പരത്തുന്നതിലും വിനോദം കണ്ടെത്താൻ കഴിയുന്നുണ്ടെങ്കിൽ അത് “പുര കത്തുമ്പോൾ വാഴവെട്ടുന്ന” മനോനിലയല്ലാതെ മറ്റൊന്നല്ല.

 

ബുദ്ധിയാൽ അനവധി അത്ഭുതങ്ങൾ കാണിച്ച മനുഷ്യൻ കലണ്ടറിലെ ഒരു ദിവസം വിഡ്ഢിദിനമായി തിരെഞ്ഞെടുത്തത് ലോകമെങ്ങും സ്വീകാര്യമായത് മറ്റുള്ളവർ തങ്ങളുടെ മുമ്പിൽ ഒരു നിമിഷത്തേക്കെങ്കിലും മണ്ടരാകുന്നതിലെ സന്തോഷമായിരിക്കാം. മറ്റുള്ളവരെ മണ്ടന്മാരാക്കുന്നത് വേണ്ടെന്നു വച്ച ദിവസവും സ്വയം മണ്ടരാകുന്ന ചിലരെക്കുറിച്ച് ബൈബിൾ പറയുന്നു. ദൈവം ഇല്ല എന്നു പറയുകയും ദൈവത്തെ നിന്ദിക്കുകയും ചെയ്യുന്നവരെ മൂഢൻ എന്നാണ് വിളിച്ചിരിക്കുന്നത് (സങ്കീർത്തനം 14:1, 53.1, 74:22).

സദൃശ്യവാക്യങ്ങൾ മൂഢനെപ്പറ്റി പറഞ്ഞിരിക്കുന്ന ചില കാര്യങ്ങൾ വളരെ ശ്രദ്ധേയമാണ്;

തൻ്റെ മനസ്സു വെളിപ്പെടുത്തുന്നതിൽ അല്ലാതെ മൂഢനു ബോധത്തിൽ ഇഷ്ടമില്ല (18:2).

മൂഢൻ്റെ വായ് അവന് നാശം (18:7).

ജ്ഞാനികൾ ബഹുമാനത്തെ അവകാശമാക്കുമ്പോൾ ഭോഷന്മാരുടെ ഉയർച്ചയോ അപമാനം തന്നെ (3:35).

വേനൽക്കാലത്തു ഹിമവും കൊയ്ത്തുകാലത്തു മഴയും എന്ന പോലെ ‘ഭോഷനു ബഹുമാനം പൊരുത്തമല്ല’ (26: 1).

വിഡ്ഢിദിനത്തിൽ കുറികൊള്ളേണ്ട ഒരു ദൈവവചനമാണ്,
‘കൂട്ടുകാരനെ വഞ്ചിച്ചിട്ട് അതു കളി എന്നു പറയുന്ന മനുഷ്യൻ തീക്കൊള്ളികളും അമ്പുകളും മരണവും എറിയുന്ന ഭ്രാന്തനെപ്പോലെയാകുന്നു’ (സദൃശ്യവാക്യങ്ങൾ 26:18,19).

ആയതിനാൽ മൂഢൻ്റെ മുമ്പിൽ നിന്നു മാറിപ്പോകുക (14:7) എന്നാണ് ബൈബിൾ ഉപദേശിക്കുന്നത്.

ബുദ്ധിജീവികളായ നമ്മുക്ക് ഇതുപോലെ ബുദ്ധിമുട്ടേറിയ ഒരു സമയം ചരിത്രത്തിൽ വളരെ വിരളമാണ്. അനിശ്ചിതത്വത്തിൻ്റെ നടുവിൽ ബുദ്ധിയോടെ എന്തു ചെയ്യുവാൻ കഴിയും എന്നാണ് ലോകം നോക്കുന്നത്. ബൈബിളിൽ “ദൈവത്തെ അന്വേഷിക്കുന്നവർ ബുദ്ധിയുള്ളവരാണെന്നും അങ്ങനെയുള്ളവർക്കായി ദൈവം സ്വർഗ്ഗത്തിൽ നിന്നും മനുഷ്യപുത്രന്മാരെ ഒക്കെയും നോക്കുന്നു” (സങ്കീർത്തനം 14:2, 53:2) എന്നുമാണ് പറഞ്ഞിരിക്കുന്നത്. യഹോവ ഭക്തി ജ്ഞാനത്തിൻ്റെ ആരംഭം (സദൃശ്യവാക്യങ്ങൾ 1:7, 9:10, സങ്കീർത്തനം 111:11) എന്നു മനസിലാക്കി ദൈവത്തിങ്കലേക്ക് പ്രാർത്ഥനയാൽ ദൈവത്തിൻ്റെ സഹായം തേടുക എന്നതാണ് ഈ സമയത്തിൻ്റെ ഏറ്റവും വലിയ ആവശ്യം.

ലോകം ഇന്ന് ഒരു യുദ്ധ ദൗത്യത്തിലാണ്. ശത്രു അദൃശ്യനാണ്. ശുദ്ധിയാണ് നമ്മുടെ ആയുധം. അതിജീവനമാണ് ലക്ഷ്യം. ‘കോവിഡ് ഒരു തമാശയല്ല’ എന്നാണ് ജർമ്മനിയുടെ ആരോഗ്യവകുപ്പ് പ്രസ്താവിച്ചിരിക്കുന്നത്. കൊറോണയ്ക്ക് മരുന്നായി ഗോമൂത്രവും ഉള്ളിയും വരെ ഉപയോഗിക്കാം എന്നത് ഇപ്പോഴും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഈ സന്ദർഭത്തിൽ പ്രചരിക്കുന്ന തെറ്റായ വാർത്തകളും കിംവദന്തികളും ഭയവും ഭീതിയും തെറ്റായ ധാരണകളും ഉണ്ടാക്കുന്നതിനാൽ ലോകാരോഗ്യ സംഘടന ഇതിനെ “വിവരവ്യാധി” (infodemic) എന്നാണ് വിളിച്ചത്.

കോവിഡ് 19 രോഗത്തിനെതിരെ പോരാടുന്നതില്‍ ലോകം വ്യാപൃതമായിരിക്കുമ്പോൾ ജാഗ്രതയോടെ നമ്മുക്കും മുന്നേറാം. വിഡ്ഢിത്തകൾക്ക് ഇടം കൊടുക്കാതിരിക്കാം. കിംവദന്തികളിൽ നിന്നും നമ്മുക്ക് ഒഴിഞ്ഞിരിക്കാം. നാം അതിജീവിക്കുക തന്നെ ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here