താറാവിൻ കുഞ്ഞിനൊരു മുന്നറിയിപ്പ്

0
1662

താറാവിൻ കുഞ്ഞിനൊരു മുന്നറിയിപ്പ്

ജോൺ എം. തോമസ്, ഡൽഹി

ഴമക്കാർ പറഞ്ഞു കേട്ടൊരു കഥ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ സഖാവ് കുറിച്ചപ്പോൾ വലിയ സംസാരവിഷയമായിരുന്നു.

കഥയിങ്ങനെ; പണ്ട് പണ്ട് വളരെ പണ്ട് ഒരിടത്തൊരു കോഴി ഉണ്ടായിരുന്നു. ഒരു പിടക്കോഴി, ഒരു തവണ അടയിരുന്നപ്പോൾ കൂട്ടത്തിൽ ഒരു താറാവിൻ മുട്ടയും അവൾ വച്ചു. കോഴി മുട്ടകൾ വിരിഞ്ഞതിനൊപ്പം താറാവിൻ മുട്ടയും വിരിഞ്ഞു. ആറിന്റെ തീരത്തായിരുന്നു തള്ളക്കോഴിയും കുഞ്ഞുങ്ങളും താമസം.

ഭക്ഷണം കഴിക്കാൻ വളരെ പിന്നിലായിരുന്ന താറാവിൻ കുഞ്ഞിനെ തള്ളക്കോഴി കരുതലോടെയാണ് വളർത്തിയത്. വാഴതോപ്പിലും ചീരച്ചുവട്ടിലും കൊണ്ടുപോയി ചികഞ്ഞ് കൊത്തിയെടുത്ത് ഭക്ഷണവും വെള്ളവും കൊടുത്ത് വളർത്തി .

പതിവുപോലെ തീറ്റതേടിയിറങ്ങി കോഴി അമ്മയും മക്കളും പുഴയുടെ തീരത്തേക്ക് പോയി. കുറച്ചു കഴിഞ്ഞ് കോഴി അമ്മ കൊക്കി നിലവിളിക്കുന്ന ശബ്ദം കേട്ട് മറ്റ് കോഴിക്കുഞ്ഞുങ്ങൾ ഓടിചെന്നു. പുഴയുടെ തീരത്തു കൂടി ഓടിയാണ് കോഴി അമ്മയുടെ കൊക്കി വിളി. തങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന കുഞ്ഞ് താറാവ് മീനച്ചിലാറ്റിലെ കയത്തിലേക്ക് ചാടി നീന്താൻ പ്രയാസപ്പെടുന്നത് അവരും കണ്ടു. അതുകണ്ടാണ് തള്ളക്കോഴിയുടെ ബഹളം.

ഇത് കണ്ട് കൂടെനിന്ന കോഴിക്കുഞ്ഞിൽ ഒന്നു പറഞ്ഞു, കണ്ടോ അവൻ ചാടിയതിന്റെ സങ്കടത്തിൽ അമ്മ കരയുവാ.

ഇത് കേട്ട തള്ളക്കോഴി ഒന്നു നിന്നു, എന്നിട്ടു പറഞ്ഞു, ‘മക്കളെ അവൻ കയത്തിൽ ചാടിയാൽ നമ്മുക്കോ നമ്മുടെ വംശത്തിനോ ഒന്നും സംഭവിക്കില്ല, മാത്രമല്ല നമ്മൾക്ക് ഒരാളിന്റെ ഭക്ഷണത്തിന്റെ കരുതലും ഇനി വേണ്ട. പക്ഷെ അവൻ ചാടിയിരിക്കുന്നത് കയത്തിലേക്കാണെന്ന് അവന് അറിയില്ലല്ലോ. അവിടെ നീർനായും, നീർക്കോലിയും ചീങ്കണ്ണിയുമെല്ലാമുണ്ട്. അവർ അവനെ ഇരയാക്കും. അക്കാര്യം അവനോട് പറയാൻ ശ്രമിച്ചതാ.
എവിടെ കേൾക്കാൻ. വാ നമ്മൾക്ക് പോവാം.’ കോഴി അമ്മ മക്കളെയും കൂട്ടി തീരത്തുനിന്ന് മടങ്ങി.

കോവിഡ് കാലം പിന്നിടുമ്പോൾ സഭാ – കൂട്ടായ്മ വിട്ട് നീർച്ചാലിലേക്ക് ചാടാൻ കണ്ണും നട്ടിരിക്കുന്നവർക്കും ഇതൊരു മുന്നറിയിപ്പാണ്. മറ്റുള്ളവരെപ്പോലെയല്ല, എനിക്ക് സ്വയമായി എല്ലാം അറിയാം എന്ന ചിന്ത ചിലപ്പോൾ അപകടം വരുത്തി വെയ്ക്കാം.

കോവിഡ് കാലഘട്ടത്തിന് മുൻപ് തന്നെ ഞങ്ങളുടെ കൂട്ടായ്മയിൽ നിന്നും ഒരു പഞ്ചാബി കുടുംബം ഒരു വലിയ തുക അടച്ച് പഞ്ചാബിലെ ഒരു വലിയസഭയുടെ ഓൺലൈൻ മെമ്പറായി. ഫേസ്ബുക്ക് ചാറ്റ് വഴി വിശ്വാസികളെ അവർ തിരെഞ്ഞു കണ്ടെത്തി വർഷാവർഷം പുതുക്കേണ്ട മെമ്പർഷിപ്പ് വിവിധ ‘ഓഫറുകൾ’ നല്കി വലയിലാക്കുന്ന രീതി. സാധാരണ, പ്രീമിയം, ഗോൾഡ് മെമ്പർഷിപ്പുകൾക്ക് അനുസരിച്ച് തുകയും കൂടുതലാണ്. പെന്തെക്കോസ്ത് പ്രസ്ഥാനത്തിൻ്റെ ദിവ്യനായ നേതാവിനൊപ്പം ഒരു മലയിൽ ഉപവസിക്കുക, പഞ്ചാബിലെ സഭയിൽ ചെല്ലുമ്പോൾ നേതാവ് തന്നെ തലയിൽ കൈവച്ച് പ്രാർത്ഥിക്കുക, ഫോൺ വിളിക്കുമ്പോൾ നേതാവിനോട് സംസാരിക്കാം മുതലായ ഓഫറുകൾ അടങ്ങിയ മെമ്പർഷിപ്പു തന്നെ കരസ്ഥമാക്കി.

പ്രാദേശിക കൂടിവരവുകൾ ഇല്ലാത്ത സ്ഥലത്തു നിന്നും ഇങ്ങനെ അനേകം പ്രാദേശിക സഭാംഗങ്ങളെ ‘ഇലട്രോണിക് ചർച്ച് (Electronic Church)’ പ്ലാറ്റ്ഫോമിൽ സാങ്കല്പിക സഭാംഗങ്ങളാക്കി (Virtual Followship). എന്നാൽ രണ്ടു മാസങ്ങൾക്ക് മുൻപ് ആ കുടുംബത്തിൽ നിന്നുമൊരു ഫോൺ കോൾ; ആ വീട്ടിലെ മാതാവിൻ്റെ മാനസീക നില താളം തെറ്റിയിരിക്കുന്നു. പ്രാർത്ഥിപ്പാനും ആശ്വസിപ്പാടും വേറെ ആരും കൂടെയില്ല. ഇവിടെയാണ് കൂട്ടായ്മയുടെ മഹത്വം. കൂടിവരവുകൾ തിരെഞ്ഞെടുക്കുന്നതിൻ്റെ പ്രാധാന്യം.

ചെറുതാണെങ്കിലും വലുതാണെങ്കിലും നമ്മെ ‘ദൈവം ആക്കി വെച്ച ഒരിടം’ ഉണ്ട്. നല്ല ശമര്യാക്കാരൻ മടങ്ങിയെത്തുമ്പോൾ താൻ രക്ഷിച്ച മനുഷ്യനെ എവിടെയാണ് അന്വേഷിക്കുന്നത്? “എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും (യോഹ 14:2,3).

കർത്താവിൻ്റെ ഈ വാഗ്ദത്തെ അനുദിനം സ്മരിക്കാം; അവൻ ആക്കിയിരിക്കുന്നിടത്ത് വിശ്വസ്തതയോടെ നിലനിൽക്കാം.

ഗുഡ്ന്യൂസിൽ വിവാഹപരസ്യം നല്കുന്നതിനും കാണുന്നതിനും

Advertisement   

 

LEAVE A REPLY

Please enter your comment!
Please enter your name here