ആരാധന; ഒരു പഠനം

0
685

നമ്മെത്തന്നെ നല്‍കുന്നതാണ് ആരാധന

ജോണ്‍സണ്‍ കണ്ണൂര്‍

റോമാലേഖനത്തില്‍ നമ്മെത്തന്നെ യാഗമാക്കുന്നതാണ് ആരാധന എന്ന് വ്യക്തമായി പറയുന്നു. ആരാധനയില്‍ നാം ഒന്നും ഇങ്ങോട്ട് നേടിയെടുക്കുകയല്ല, മറിച്ച് ദൈവത്തിന് നമ്മെത്തന്നെ അങ്ങോട്ട് നല്കുകയാണ്. നമ്മുടെ ആരാധന ഇങ്ങോട്ട് എന്തെങ്കിലുമൊക്കെ ലഭിക്കാനുള്ള സൂപ്പര്‍ മാര്‍ക്കറ്റായി മാറുന്നതാണ് പരിതാപകരം. നമുക്കുള്ളതെല്ലാം ദൈവത്തിന് അര്‍പ്പിക്കുക. നാം ദൈവസാന്നിദ്ധ്യം അനുഭവിക്കും അത്രമാത്രം. ഇവിടുത്തെ ഭൗതികമായത് ലഭിക്കാനല്ലാതെ ഒന്നിനും നമ്മള്‍ സമയം ചിലവഴിക്കാന്‍ തയ്യാറല്ല. ഇന്നു പലരും ദൈവത്തെ സ്തുതിക്കുന്നത് ഇങ്ങോട്ട് ലഭിക്കാനാണ്. ആ ചിന്താഗതി മാറിയേ തീരൂ. അവിടുന്ന് സാക്ഷാല്‍ ദൈവമായതുകൊണ്ട് മാത്രമാണ് നാം അവനെ സ്തുതിക്കുന്നത്. അല്ലാതെ ചില്ലറ കിട്ടാനല്ല. ദൈവത്തെ ഒഴികെ അബ്രഹാം ഒന്നും നെഞ്ചില്‍ കൊണ്ടുനടന്നില്ല. താന്‍ സ്വന്തം മകനെപ്പോലും മുറുകെപ്പിടിച്ചില്ല. ചോദിച്ചവനേക്കാള്‍ വലുതായിട്ട് തനിക്ക് ചോദിച്ചതൊന്നും ഇല്ല. ദൈവം എന്താണോ ചോദിച്ചത് അത് അബ്രഹാം കൊടുത്തു. ഇതത്രേ ആരാധന. പുതിയനിയമത്തില്‍ നമ്മെയും നമുക്കുള്ളതിനെയും ദൈവത്തില്‍ അര്‍പ്പിക്കുന്നതാണ് ആരാധന. അതിന് വില കൊടുക്കാന്‍ തയ്യാറാകണം. സങ്കീര്‍ത്തനം 95 ന്റെ 1 മുതല്‍ 3 വരെ നോക്കുക. അവിടെ ദൈവത്തിന് അങ്ങോട്ട് നല്കുന്ന കാര്യമാണ് പറയുന്നത്. ”നാം സ്‌തോത്രത്തോടെ അവന്റെ സന്നിധിയില്‍ ചെല്ലുക.” ഞായറാഴ്ച നമ്മള്‍ കൂടിവരുന്ന സഭാഹാളില്‍ ചെല്ലുന്ന കാര്യമല്ല ഇത്. അബ്ബാ പിതാവേ എന്ന് വിളിച്ചുകൊണ്ട് കൃപാസനത്തോടടുത്തുചെല്ലുവാനുള്ള പുത്രത്വത്തിന്റെ പദവി ലഭിച്ചവരാണ് നാം. രണ്ടോമൂന്നോ പേര്‍ എന്റെ നാമത്തില്‍ എവിടെ കൂടിയാലും ഞാന്‍ അവരുടെ മദ്ധ്യേ ഉണ്ട്. അങ്ങനെയെങ്കില്‍ ഏതു സമയത്തും സാഹചര്യത്തിലും ദൈവസന്നിധിയിലേക്ക് സ്‌തോത്രത്തോടെ നമുക്ക് ചെല്ലുവാന്‍ കഴിയണം. ”നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമത്തില്‍ ദൈവവും പിതാവുമായവന് എല്ലായ്‌പ്പോഴും എല്ലാറ്റിനും സ്‌തോത്രം ചെയ്തുകൊള്‍വീന്‍” (എഫെസ്യര്‍ 5:20).

Advertisement

 

ഇരവിലും നിനവിലും ഗമനാഗമനങ്ങളിലും ഊണിലും ഉറക്കത്തിലും ജോലിസ്ഥലങ്ങളിലും ദൈവത്തിന് സ്‌തോത്രം അര്‍പ്പിക്കുന്ന ഒരു സിസ്റ്റം നമ്മുടെ രക്തത്തില്‍ അലിയണം. തമ്മില്‍ സംസാരിക്കുന്നതുപോലും ആത്മീയ വിഷയങ്ങളായിരിക്കണം. ചര്‍ച്ചില്‍ വരുമ്പോള്‍ കേള്‍വിക്കാരോട് സ്റ്റേജില്‍ നില്ക്കുന്ന വിരുതന്മാര്‍ പോരാ, പോരാ എന്നു പറയുന്നതിലെ യുക്തി മനസ്സിലാകുന്നില്ല. സദസ്സ് സ്തുതിക്കുന്നതിന്റെ അളവുകോല്‍ തീരുമാനിക്കുന്നത് സ്റ്റേജില്‍ നില്ക്കുന്നവരാണോ? സംസാരശേഷിയില്ലാത്ത ഊമരുടെ ചര്‍ച്ചുകളുണ്ട്. ആംഗ്യഭാഷയിലാണ് അവര്‍ ദൈവത്തെ സ്തുതിക്കുന്നത്. അവരില്‍ ദൈവം പ്രസാദിക്കുകയില്ലേ? ഉത്തരം വായനക്കാര്‍ തന്നെ പറയണം. ഓര്‍ഗന്‍ വായിക്കുന്നയാള്‍ യാദൃശ്ചികമായി വരാതിരുന്നതിനാല്‍ സമുദായക്കാരായ ചെറുപ്പക്കാരെ കൊണ്ടുവന്ന് ആരാധന കൊഴുപ്പിച്ച വീരന്മാര്‍ വരെയുണ്ട്.
ഇനിയും ഇവയെല്ലാം ലൈവായിട്ട് നാട്ടുകാരെ കാണിക്കുന്നുവെന്നതാണ് അതില്‍ ഏറെ വിചിത്രം. ഇത്ര മണിക്ക് ചാനല്‍ നോക്കിയാല്‍ ഇല്ലെങ്കില്‍ യു ട്യൂബില്‍ ശ്രദ്ധിച്ചാല്‍ ഞങ്ങളുടെ ചര്‍ച്ചിലെ ആരാധന കാണാം എന്നു പറയുന്നവരോട് പുച്ഛം തോന്നുന്നു. സ്വര്‍ഗ്ഗത്തില്‍ ഇരിക്കുന്നവര്‍ ഇതൊക്കെ കണ്ട് ചിരിക്കുന്നു. 24 മണിക്കൂറും ചെയ്യേണ്ട കാര്യം അപ്രകാരം ചെയ്യാതെ കേവലം 2 മണിക്കൂര്‍ ക്യാമറയുടെ മുമ്പില്‍ നടക്കുന്ന പ്രദര്‍ശനങ്ങളൊന്നും സ്വര്‍ഗ്ഗം അംഗീകരിക്കുകയില്ല. വിവരം ഉള്ളവര്‍ ചിന്തിക്കട്ടെ. വചനം അറിയാത്ത ഇന്നത്തെ ജനപ്രിയ പ്രഭാഷകര്‍ ജനത്തെ തുള്ളിക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്. ആഴമേറിയ വചനചിന്തകള്‍ പറയുമ്പോള്‍ ജനം സ്വയം പ്രതികരിക്കുന്നതിനെ അംഗീകരിക്കാം. അതിന് വചനം പറയണം.
എല്ലായ്‌പ്പോഴും എല്ലാറ്റിനും സ്‌തോത്രം അര്‍പ്പിക്കുന്ന രീതി ജനങ്ങളില്‍ ഉണ്ടാകണമെങ്കില്‍ വചനം നല്‍കി അവരെ അതിനായി സജ്ജരാക്കണം. പാപത്തോട് എതിര്‍ത്തുനില്‍ക്കുന്നതില്‍ പ്രാണത്യാഗത്തോളം പോരാടാന്‍ അവര്‍ കരുത്തരാകണം. വചനം പറയണമെങ്കില്‍ വചനം പഠിക്കാന്‍ തയ്യാറാകണം. കേവലം ബഹളം കൊണ്ട് കാര്യമില്ല. വചനം അല്പം മതി ആരാധനയ്ക്കാണ് പ്രാധാന്യമെന്ന് പറയുന്നവര്‍ക്ക് ആരാധന എന്താണെന്നുപോലും അറിയില്ല. വചനം ജഡമെടുത്ത് നമ്മുടെ ഇടയില്‍ പാര്‍ത്തു. സാക്ഷാല്‍ വചനമായവന്‍ ജഡത്താല്‍ വെളിപ്പെട്ടു. അപ്പോള്‍ ക്രിസ്തുവിനല്ല പ്രാധാന്യം പിന്നെ ആരാധനയ്ക്കാണുപോലും. തീരെ ബോധമില്ലെങ്കില്‍ എന്തുചെയ്യും. ലോകം മുഴുവന്‍ പറന്നു നടക്കുന്ന ജനപ്രിയര്‍ പറയുന്നത് ഇത്രയും കാലം നമ്മള്‍ പ്രസംഗിച്ചില്ലേ. ഇനി നമുക്ക് അന്യഭാഷയില്‍ ആരാധിക്കാം. കൈയ്യില്‍ സ്റ്റോക്കില്ലാത്തതുകൊണ്ട് സമയം കളയാനുള്ള തന്ത്രങ്ങള്‍ മാത്രമാണിത്.

”നിങ്ങളുടെ സഭായോഗങ്ങളില്‍ എനിക്കു പ്രസാദമില്ല; നിങ്ങള്‍ എനിക്ക് ഹോമയാഗങ്ങളും ഭോജനയാഗങ്ങളും അര്‍പ്പിച്ചാലും ഞാന്‍ പ്രസാദിക്കുകയില്ല” (ആമോസ് 5:20). ദൈവത്തിങ്കലേക്ക് തിരിയാതെ നമ്മുടെ ബാഹ്യമായ പ്രകടനങ്ങളില്‍ ദൈവം പ്രസാദിക്കുന്നില്ല. ആമോസ് 4:6,9,11 എന്നീ വേദഭാഗങ്ങള്‍ ചേര്‍ത്ത് പഠിക്കുക. ഹൃദയം കൊണ്ട് ദൈവത്തിങ്കലേക്കു തിരിയാതെ നടത്തുന്ന അധരചര്‍വ്വണങ്ങള്‍ അര്‍ത്ഥശൂന്യമാണ്.
ഭര്‍ത്താവ് ഭാര്യയോടും ഭാര്യ ഭര്‍ത്താവിനോടും മക്കള്‍ മാതാപിതാക്കളോടും ഹൃദയംകൊണ്ട് ചേര്‍ച്ചയില്ലാതെ അന്യോന്യം മുഖം നല്കാതെ പിണങ്ങിയിരുന്നിട്ട് കൈയടിച്ച് അന്യഭാഷ പറയുന്നത് എന്തിനാണ്? യാഗമായി സമര്‍പ്പിക്കാത്തതിന്റെ പ്രശ്‌നമാണിത്. യാഗമായാല്‍ നമ്മുടെ ജഡം, സ്വയം എല്ലാം കത്തി ചാരമാകും. എല്ലാദിവസവും നമ്മെ യാഗമാക്കണം. ഇപ്രകാരം പ്രസംഗിച്ചാല്‍ ജനപ്രിയരാവില്ല.
സത്യത്തില്‍ വര്‍ഷിപ്പ് ലീഡര്‍ എന്ന ഒരു പദവി പുതിയനിയമത്തിലില്ല. ക്വയര്‍ ലീഡറുണ്ട്. എന്റെ ആരാധന മറ്റൊരാള്‍ക്ക് നയിക്കാന്‍ കഴിയില്ല. നല്ല ഒരു ആരാധന ഇന്ന് ലഭിച്ചു എന്നു പറയുന്നത് മണ്ടത്തരമല്ലേ. ആരാധന ദൈവത്തിന് നമ്മള്‍ നല്കിയതല്ലേ പിന്നെന്തുവാണ് ലഭിച്ചത്?
വചനശുശ്രൂഷയേക്കാള്‍ ആരാധനയ്ക്കാണ് പ്രാധാന്യമെന്നു പറയുന്ന വെളിപ്പാടുകാരോട് ചോദിക്കുന്നു: വചനത്തിന്റെ ആഴങ്ങള്‍ ദൈവം ഇങ്ങോട്ടു തരുന്നതല്ലേ? ആരാധന നമ്മള്‍ അങ്ങോട്ട് കൊടുക്കുന്നതല്ലേ. ഇതില്‍ ഏതിനാണ് കൂടുതല്‍ സമയം ചിലവഴിക്കേണ്ടത്?
വായനക്കാര്‍ എന്നെ തെറ്റിദ്ധരിക്കരുത്. സ്‌തോത്രത്തോടെ അവിടുത്തെ സന്നിധിയില്‍ എല്ലായ്‌പ്പോഴും ചെല്ലണം. എന്നാല്‍ കൂടിവരവുകളില്‍ ദൈവദാസന്മാരിലൂടെ ആഴമേറിയ വചനകേള്‍വിക്ക് സമയം ചെലവഴിക്കണം. പണ്ടൊക്കെ അപ്പച്ചന്മാന്‍ സഭായോഗങ്ങളില്‍ ഒന്നര മണിക്കൂര്‍ ദൈവവചനം പ്രസംഗിക്കും. ഇന്ന് വര്‍ഷിപ്പ് ലീഡര്‍മാര്‍ സമയം കൊന്നുകളയുകയാണ്. ഇടയോഗങ്ങളില്‍ ചെറുപ്പക്കാരുടെ സാന്നിദ്ധ്യം നന്നേ കുറവാണ്. ഞായറാഴ്ച കറതീര്‍ന്ന വചനം പറഞ്ഞാല്‍ പുതിയ തലമുറയ്ക്ക് അസ്വസ്ഥതയാകുന്നു. പാസ്റ്റര്‍ അങ്കിള്‍ എന്നും ഇതു മാത്രമാണ് പറയുന്നത്. അതുകൊണ്ട് ഞങ്ങള്‍ ഞായറാഴ്ച പോകുന്നില്ല. മാതാപിതാക്കളും ഇതിന് അനുകൂലമാണ്. ആട്ടുംപാട്ടും മാത്രമുള്ള സ്ഥലങ്ങള്‍ നോക്കി യൗവ്വനക്കാര്‍ പോകുകയാണ്. ഉപദേശം പറയാത്ത സ്ഥലങ്ങളില്‍ ആളുകള്‍ ഇടിച്ചുകയറും. മെഗാ ചര്‍ച്ച് വീരന്മാര്‍ക്ക് ഈ കൂട്ടരെക്കൊണ്ട് സ്‌തോത്രകാഴ്ച പാത്രങ്ങള്‍ നിറയുകയും ചെയ്യും. സ്വയത്തെ യാഗമാക്കുവാന്‍ മനസ്സില്ലാത്ത ആധുനിക തലമുറയുടെ പാട്ടും മേളവും ദൈവസാന്നിദ്ധ്യമൊന്നുമല്ല. കേവലം വെറും വികാരപ്രകടനങ്ങള്‍ മാത്രമാണ്.
യാഗമായ് സമര്‍പ്പിച്ചാല്‍
* ഭാവിക്കേണ്ടതിന് മീതെ ഭാവിച്ചുയരുകയില്ല.
* ബഹുമാനിക്കുന്നതില്‍ അന്യോന്യം മുന്‍പിലായിരിക്കും.
* കഷ്ടതയില്‍ സഹിഷ്ണുത കാണിക്കും.
* പ്രാര്‍ത്ഥനയില്‍ ഉറ്റിരിക്കും.
* വിശുദ്ധന്മാരുടെ ആവശ്യങ്ങളില്‍ കൂട്ടായ്മ കാണിക്കും.
* ഉപദ്രവിക്കുന്നവരെ അനുഗ്രഹിക്കും.
* വലിപ്പം ഭാവിക്കാതെ എളിയവരോട് ചേര്‍ന്നു നില്ക്കും.
* പ്രതികാരം ചെയ്യാതെ ദൈവകോപത്തിന് ഇടംകൊടുക്കും.
* തിന്മയോട് തോല്‍ക്കാതെ നന്മയാല്‍ തിന്മയെ ജയിക്കും.
ആകയാല്‍ നമ്മെത്തന്നെ യാഗമായി സമര്‍പ്പിക്കാം. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.

Advertisement

 

LEAVE A REPLY

Please enter your comment!
Please enter your name here