സാമൂഹ്യ മാധ്യമങ്ങളുടെ (Social Media) പ്രസക്തി ആത്മീയ ലോകത്തിൽ

0
688

അഡ്വ.ജോണി കല്ലൻ

ധുനിക മനുഷ്യൻ്റെ തിരക്കേറിയ ജീവിത വ്യാപാരങ്ങൾക്കിടയിൽ പുസ്തകവായനക്കായി സമയം മാറ്റിവക്കാൻ സമയമില്ലാത്തതിനാൽ, അച്ചടിമാധ്യമം ഉപയോഗിക്കുന്ന പത്രസ്ഥാപനങ്ങളും പുസ്തക പ്രസാധകരും ഇന്ന് പ്രതിസന്ധിയെ നേരിടുകയാണ്. ഈ യാഥാർത്ഥ്യം മനസ്സിലാക്കി മുഖ്യധാരാ മാധ്യമളൊക്കെത്തന്നെ ദൃശ്യശ്രാവ്യ മാധ്യങ്ങളുടെ സഹായത്തോടെയുള്ള ഓൺലൈൻ പതിപ്പുകളും e -ബുക്കുകളും (online editions) ഇതിനോടകം വിപണിയിലെത്തിച്ചുകഴിഞ്ഞു.

നേരിൽ കണ്ടും കേട്ടും വായിച്ചും ഗ്രഹിക്കാൻ കഴിയുന്ന, ദൃശ്യ ശ്രാവ്യ ലിഖിത മാദ്ധ്യമങ്ങൾ (ടtage, audio & print), പുരാതനകാലം മുതലേ സുവിശേഷീകരണത്തിന് ഉപയോഗിച്ചിരുന്നു. പാപ്പീറസുകളിലും (മരത്തൊലി) തുകൽ ചുരുളുകളിലും തുടങ്ങിയ എഴുത്ത് ഇന്ന് ആർട്ടു പേപ്പർ വരെയെത്തി നില്ക്കുന്നു. ഉച്ചഭാഷിണിയുടെ വരവോടെ വലിയ യോഗങ്ങളിലെ പ്രസംഗം ഏറ്റുപറയുന്ന രീതി നേരത്തേതന്നെ ആവശ്യമില്ലാതായിരുന്നു.. വളരെ അദ്ധ്വാനവും പണവും സമയവും ചിലവഴിച്ച്, ജനത്തെ ഒരുമിച്ചുകൂട്ടിയിരുന്ന മെഗാ കൺവൻഷനുകളുടെ കാലവും ഒരു പരിധിവരെ ഇപ്പോൾ അവസാനിച്ചിരിക്കുന്നു. TV സാങ്കേതിക വിദ്യയുടെ ആവിർഭാവത്തോടെ വിദൂരദർശനവും, പുന:സംപ്രേഷണവും, ചിലവു കുറഞ്ഞ ഇലക്ട്രോണിക് കോംപാക്ട് ഡിസ്ക് (CD & pendrive) പകർപ്പുകളും സാദ്ധ്യമായതോടെ ജനങ്ങളുടെ വലിയ കൂടിവരവുകളും ഇന്ന് ആവശ്യമില്ലാതായിരിക്കുന്നു.

ഇൻ്റേണറ്റിൻ്റെ വരവോടെ വിവരസാങ്കേതികവിജ്ഞാനം അതിൻ്റെ പരമകാഷ്ഠയിലെത്തിയിരിക്കുന്ന ഇന്ന്, ലോകം തന്നെ ഒരു ചെറുഗ്രാമമായി മാറ്റപ്പെട്ടിരിക്കുന്നു. ആധുനിക വിവരസാങ്കേതിക വിദ്യകളെല്ലാം ഒത്തൊരുമിക്കുന്ന ഒരു സ്മാർട് ഫോൺ കയ്യിലുണ്ടെങ്കിൽ, ഏതു വിവരവും ഞൊടിയിടക്കുള്ളിൽ ലഭ്യമാക്കുവാനും, ലോകത്തെവിടേയും എത്തിക്കുവാനും കഴിയുമെന്നായിരിക്കുന്നു.
ചിലവു കുറഞ്ഞ സാമൂഹ്യ മാധ്യമങ്ങളുടെ ആരംഭത്തോടെ, ആർക്കും എവിടേയും എന്തും പങ്കുവക്കാമെന്ന സ്പോടനാത്മകമായ അവസ്ഥയും ഇന്ന് സംജാതമായിരിക്കുന്നു.

ലോക മനുഷ്യർ അവരുടെ സാമ്പത്തിക നേട്ടത്തിനും സുഖഭോഗങ്ങൾക്കും, മ്ലേഛത പ്രചരിപ്പിക്കുന്നതിനുമൊക്കെ ഈ പുതിയ അറിവുകൾ പരമാവധി ഉപയോഗിക്കുമ്പോഴും, ദൈവമക്കൾ ഇതിൻ്റെ സാദ്ധ്യതകൾ ദൈവരാജ്യവ്യാപനത്തിനായി ഫലപ്രദമായി ഉപയോഗപ്പെടുത്താൻ ഇപ്പോഴും ശ്രമിച്ചിട്ടില്ല എന്നതല്ലേ യാഥാർത്ഥ്യം.? പുതിയ സാങ്കേതിക വിദ്യകൾ വിശ്വാസികൾക്കിടയിൽ ഉപയോഗപ്പെടുത്താൻ കോവിഡ് മഹാമാരി ഒരു പരിധിവരെ നമ്മെ നിർബന്ധിതരാക്കിയിട്ടുണ്ടെങ്കിലും, അവിശ്വാസികളെ ലക്ഷ്യമാക്കി സമൂഹമാദ്ധ്യമങ്ങളിലൂടെയുള്ള സുവിശേഷീകരണപദ്ധതികൾ ഇനിയും ജനകീയമായിട്ടില്ല എന്നതാണ് സത്യം.

ലഘുലേഖ വിതരണം, ഭവന സന്ദർശനം, കൺവൻഷനുകൾ തുടങ്ങിയ പാരമ്പര്യ ശൈലിയിലുള്ള സുവിശേഷീകരണരീതികൾ കൊറോണാരോഗ ഭീതിയാൽ ഇന്ന് അസാദ്ധ്യമായിരിക്കയാണ്. സുവിശേഷീകരണതല്പരരായ എല്ലാവർക്കും, സമൂഹമാദ്ധ്യമങ്ങൾ മികവോടെ ഉപയോഗിക്കുവാൻ പരിശീലനം ലഭിക്കേണ്ടത്, ഈ കോവിഡ് ലോക്ഡൗൺ കാലത്ത് അത്യന്താപേക്ഷിതമായിരിക്കുകയാണ്. ഇതിനായി മുന്നോട്ടുവന്നിരിക്കുന്ന സാഹിത്യകാരന്മാരുടെ കൂട്ടായ്മകളും മാധ്യമ പ്രസ്ഥാനങ്ങളും, എല്ലാ സഭകളുടേയും ദൈവമക്കളുടേയും പ്രോത്സാഹനത്തിനും സഹായസഹകരണങ്ങൾക്കും തീർച്ചയായും
അർഹരാണ് എന്ന് നാം മറക്കാതിരിക്കുക. കർത്താവിൻ്റെ രണ്ടാംവരവ് ഏറ്റവും ആസന്നമായ ഈ അന്ത്യകാലത്ത് നമുക്കൊത്തൊരുമിച്ച് സർവ്വ ജനത്തോടുമുള്ള ആ സന്തോഷവാർത്ത (Good news) ലോകത്തിൻ്റെ അറ്റത്തോളം നവ മാധ്യമങ്ങളുപയോഗിച്ച് നമുക്ക് ഘോഷിക്കാം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here