സഭയാം തോട്ടത്തെ നശിപ്പിക്കുന്ന വ്യാജനിഷ്പക്ഷർ
✍️ ജോമോൻ ജേക്കബ്, കോട്ടയം
സാമൂഹിക ആത്മീയ മേഖലകളിൽ ഇന്ന് പ്രകടമായി 'വ്യാജ നിഷ്പക്ഷത' പിന്തുടരുന്നവരാണ് കൂടുതലും വാഴ്ത്തപ്പെടുന്നത്. സ്ഥാനങ്ങൾ, അവസരങ്ങൾ, സ്വീകാര്യത എന്നിവ നഷ്ടപ്പെടുമോ എന്നുള്ള ഭയമാണ് സത്യത്തിന്റെയും അസത്യത്തിന്റെയും ഇടയിലുള്ള പക്ഷത്ത് നിലയുറപ്പിക്കുവാൻ ഇക്കൂട്ടരെ പ്രേരിപ്പിക്കുന്നത്. ഇങ്ങനെ 'വ്യാജ നിഷ്പക്ഷത' പിന്തുടരുന്നവരെ വേഗത്തിൽ തിരിച്ചറിയുവാൻ സാധിക്കും എന്നതാണ് വസ്തുത. സത്യത്തിന്റെ കൂടെയും, അസത്യത്തിന്റെ കൂടെയുമല്ല ഞങ്ങൾ..... അതിന്റെ രണ്ടിനും ഇടയിൽ പലതിനോടും കണ്ണടയ്ക്കുന്ന വ്യാജ നിലപാട് ആയിരിക്കും ഇക്കൂട്ടർ പിന്തുടരുക. സ്വീകാര്യതയും.. അവസരങ്ങളും കൂടുതൽ നേടിയെടുക്കുവാൻ വളച്ചൊടിക്കാതെ സത്യം പറയുവാൻ ആർജ്ജവത്വം കാണിക്കത്തുമില്ല, അസത്യവും, അനീതിയും തുടരുന്ന സംവിധാനങ്ങൾക്കെതിരെ മൗനം അവലംബിക്കുകയും ചെയ്യും. നീതിബോധവും, മൂല്യങ്ങളും ഉയർത്തിപ്പിടിക്കുവാൻ ശ്രമിക്കുന്ന വ്യക്തികൾ, അത്തരത്തിലുള്ള ആശയങ്ങൾ, ധാർമികതയ്ക്ക് വില കൊടുക്കുന്ന മാധ്യമങ്ങൾ എന്നിവരെല്ലാം ഇക്കൂട്ടരുടെ കണ്ണിലെ കരടായി മാറും എന്നതിൽ രണ്ടു പക്ഷമില്ല.
ആത്മീയ മേഖലയിൽ ഇക്കൂട്ടർ 'ഗുണത്തിനുമില്ല ദോഷത്തിനുമില്ല' എന്നുള്ള മുഖം ആയിരിക്കും പൊതുവേ വെളിപ്പെടുത്തുന്നത്. എന്നാൽ ഇത് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യുമെന്നത് അറിഞ്ഞിരിക്കേണ്ട വസ്തുതയാണ്. പ്രഭാഷണ മേഖലകളിലും, ആത്മീയതയുടെ പേരിലുള്ള മറ്റ് ഇതര തലങ്ങളിലും എല്ലാം ഇക്കൂട്ടർ ആർക്കും ദോഷമില്ലെന്ന മട്ടിൽ തഴച്ചു വളരുകയാണ്. തിരുവചന ഉപദേശത്തിൽ നിൽക്കുന്ന സഭാ സമൂഹത്തിൽ... ഉപദേശത്തിൽ ഊന്നിയുള്ള പ്രസംഗങ്ങളും, ദുരുപദേശ കൾട്ട് പ്രസ്ഥാനങ്ങളിൽ.. അവരുടെ രീതിക്ക് അനുസരിച്ചുള്ള പ്രസംഗങ്ങളും നടത്തിക്കൊടുക്കാൻ പ്രത്യേക കഴിവ് സിദ്ധിച്ചവരാണ് ഈ നിലയിലുള്ള 'വ്യാജ നിഷ്പക്ഷന്മാർ'.
20 വർഷത്തിലേറെയായി ആത്മീക സമൂഹത്തിൽ, പ്രത്യേകിച്ച് നവ-പെന്തക്കോസ്ത് സമൂഹത്തിൽ കടന്നു കയറിയ ദുരുപദേശങ്ങളായ 'പുത്തൻ പ്രവണതകളും, 'പുത്തൻ പരീക്ഷണങ്ങളും' ഒക്കെ ഇന്നത്തെ നിലയിൽ മുഖ്യധാര പെന്തക്കോസ്തിന്റെ അകത്തേക്കും വേരുറപ്പിക്കുവാൻ കാരണക്കാർ.....'ഓ ഇതൊന്നും കുഴപ്പമില്ല' എന്ന് കണ്ണടച്ചു കൊണ്ട് മൗനാനുവാദത്തിന്റെ നിലപാട് സ്വീകരിച്ച വ്യാജ നിഷ്പക്ഷന്മാർ ആണ് എന്നുള്ളത് ഇന്നിന്റെ ആത്മീയ സമൂഹം തിരിച്ചറിയുവാൻ വൈകിക്കൂടാ. ആയതിനാൽ നമ്മുടെ ഒരു കണ്ണ് തിരുവചന അടിസ്ഥാനത്തിലേക്കും, മറ്റൊരു കണ്ണ് ദുരുപദേശത്തിന്റെ പുത്തൻ പരീക്ഷണങ്ങളിലേക്കും നോക്കിക്കൊണ്ട് നല്ലതിനെ പുണർന്ന് തിരുവചന സത്യ പക്ഷത്തിന്റെ ഉറച്ച ശബ്ദമായി നിലകൊള്ളുവാൻ കഴിയണം.