ക്രൈസ്തവ വിശ്വാസത്തിന് ‘നിലപാട് ‘ എന്നൊരു അർത്ഥം കൂടിയുണ്ട് !

0
640

ക്രൈസ്തവ വിശ്വാസത്തിന് ‘നിലപാട് ‘ എന്നൊരു അർത്ഥം കൂടിയുണ്ട് !

പാസ്റ്റർ അനീഷ് കൊല്ലംകോട്

സ്നാപക യോഹന്നാന്റെ മരണം ധീരമായിരുന്നു. ജീവിതം അതിനേക്കാൾ ധീരമായിരുന്നു.

ആർക്കും അനുകരിക്കാൻ സാധിക്കാത്ത വർജ്ജനങ്ങൾ പാലിച്ചു,
നല്ല ഭക്ഷണം കഴിച്ചില്ല,
നല്ല വസ്ത്രം ധരിച്ചില്ല,
വിവാഹം കഴിച്ചില്ല,
വീട്ടിൽ ജീവിച്ചില്ല,
ജനങ്ങളിൽ നിന്ന് അകന്ന് വേർപാട് കാത്തു,
പണം ഉപയോഗിച്ചില്ല.

എല്ലാറ്റിലും ഉപരി
ദൈവരാജ്യത്തിന്റെ ഏറ്റവും ശക്തനായ പ്രഭാഷകൻ!

ആയിരങ്ങളെ ദൈവരാജ്യത്തിൽ എത്തിച്ചു. എന്തിനേറെ, സാക്ഷാൽ ദൈവരാജ്യത്തിന്റെ രാജാവായ ക്രിസ്തുവിനെ കാണാനും ലോകത്തിനു പരിചയപ്പെടുത്താനും ഭാഗ്യം കിട്ടിയ അപൂർവ്വ വ്യക്തിത്വം.

ഏറ്റവും ഒടുവിൽ ധീര മരണങ്ങളിൽ ഏറ്റവും ശ്രേഷ്‌ടമായ രക്ത സാക്ഷിത്വ മരണവും വരിച്ചു!

ക്രിസ്തുവും സാക്ഷ്യപ്പെടുത്തി:
“സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാനെക്കാൾ വലിയവൻ ആരുമില്ല”.

ഒറ്റവാക്കിൽ പറഞ്ഞാൽ ആരോടും തുലനം ചെയ്യാൻ കഴിയാത്ത വിധം സമാനതകൾ ഇല്ലാത്ത വ്യക്തി പ്രഭാവമായിരുന്നു യോഹന്നാൻ!

പക്ഷേ,
ക്രിസ്തുവിനെ അനുഗമിക്കാൻ സാധിച്ചില്ല.
പോരാത്തതിന് സംശയിക്കുകയും ചെയ്തു.

ഞങ്ങൾ മറ്റൊരാളെ പ്രതീക്ഷിക്കേണമോ? എന്ന ഒറ്റ ചോദ്യത്തിൽ, ഭൂമിയിൽ ജനിച്ചവരിൽ ഏറ്റവും വലിയവനും ദൈവ രാജ്യത്തിന്റെ ശക്തനായ പ്രഭാഷകനുമായ യോഹന്നാന്റെ സ്ഥാനം ദൈവരാജ്യത്തിലെ ഏറ്റവും ചെറിയവനേക്കാൾ താഴെയായി.

ഭൂമിയിൽ എല്ലാവരെക്കാളും വലിയ ആത്മീയൻ ദൈവ രാജ്യത്തിൽ എല്ലാവരിലും ചെറിയവനായി! എന്തൊരു വിരോധഭാസമാണിത് എന്നു തോന്നാം.

കൊല്ലുക എന്നതാണ് ലോകത്തിന്റെ തിയറി എങ്കിൽ മരിക്കുക എന്നതാണ് ക്രിസ്തുവിന്റെ തിയറി.

മരണത്തിൽ പകെച്ചു പോയതാണ് യോഹന്നാന്റെ സംശയത്തിന് കാരണമെങ്കിൽ….ക്രിസ്തു തന്റെ ശിഷ്യന്മാരോട് പറഞ്ഞു,

“ആരെങ്കിലും എന്നെ അനുഗമിക്കാൻ ഇച്ഛിച്ചാൽ തന്നെത്താൻ ത്യജിക്കണം. ക്രൂശ് എടുക്കണം, മരിക്കണം.”

വർജ്ജനങ്ങളും ആവേശവും പ്രസംഗവും ധീരതയും ഒന്നുമല്ല കാര്യം,
നിലപാടാണ് പ്രധാനം !. അവസാന ശ്വാസം വരെ നിലനിൽക്കുന്ന ധീരമായ നിലപാടാണ് ക്രിസ്തു ശിഷ്യനെ വ്യത്യസ്തനാക്കുന്നത്.

വീടും വാഹനവും ഒക്കെ ലഭിക്കാനുള്ള ഉപാദി എന്നതിപ്പുറമായി മരണത്തിനു പോലും പിന്തിരിപ്പിക്കാൻ കഴിയാത്ത നിലപാടായി വിശ്വാസത്തെ കാണണം!
വിശ്വാസത്തിന് നിലപാട് എന്നൊരു അർത്ഥം കൂടിയുണ്ട്.

ഗുഡ്ന്യൂസിൽ വിവാഹപരസ്യം നല്കുന്നതിനും കാണുന്നതിനും

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here