ജീവന കലയിലെ ദൈവീക തത്വം

ജീവന കലയിലെ ദൈവീക തത്വം

ജീവന കലയിലെ ദൈവീക തത്വം

 പാസ്റ്റര്‍ കെ.എസ്. സാമുവേല്‍

നമ്മുടെ മനോഹര ഭൂമിയെ പരിപാലിക്കുവാന്‍ ദൈവം മനുഷ്യ കരങ്ങളില്‍ ഏല്പിച്ചു. വൈവിധ്യവും നിഗൂഢതകളും ഉള്ള ഭൂമിയെ കാവല്‍ ചെയ്യുകയെന്നതും സ്‌നേഹിക്കുകയെന്നതും മനുഷ്യ ദൗത്യമാണ്. 'യഹോവയായ ദൈവം, മനുഷ്യനെ കൂട്ടിക്കൊണ്ടു പോയി ഏദെന്‍ തോട്ടത്തില്‍ വേല ചെയ്യുവാനും അതിനെ കാപ്പാനും അവിടെയാക്കി. 

'നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി, ഭൂമിയില്‍ നിറഞ്ഞ് എന്ന ദൈവിക പദ്ധതിയില്‍, മനുഷ്യന്‍ ഭൂമിയില്‍ പരക്കണമെന്ന ആശയമാണ് നാം മനസ്സിലാക്കുന്നത്. എന്നാല്‍ ഇന്നത്തെ നാഗരിക സംസ്‌ക്കാരം അതിനെതിരാണ്. മനുഷ്യന്‍ സുഖസൗകര്യങ്ങളും ആയാസരഹിതമായ ജീവിതവും മാത്രം ലക്ഷ്യമിട്ട് വലിയ അപ്പാര്‍ട്ടുമെന്റുകളും പട്ടണങ്ങളും പണിതുയര്‍ത്തി. അതിന്റെ സുരക്ഷിതത്വത്തില്‍ ജീവിക്കുവാന്‍ ആഗ്രഹിക്കുന്നു. ഇന്ന് ഗ്രാമീണ ജനത പട്ടണങ്ങളിലേക്ക് ഒഴുകുകയാണ്. 

സാമ്പത്തീക ലാഭവും സ്വയ സുഖങ്ങളും മാത്രം ലക്ഷ്യമിട്ട് ജനങ്ങളെല്ലാം ഒരു സ്ഥലത്ത് തമ്പടിക്കുമ്പോള്‍, ജലശ്രോതസ് വറ്റിപ്പോവുകയും ശുദ്ധവായു ഇല്ലാതാവുകയും മാലിന്യം കുമിഞ്ഞു കൂടുകയും ചെയ്യും. ഉല്പത്തി 11-ാം അദ്ധ്യായത്തില്‍ ജനങ്ങള്‍ ഒന്നിച്ചു കൂടി ബാബേലില്‍ ഒരു പട്ടണം പണിയുവാന്‍ പദ്ധതിയിടുന്നു. ദൈവിക ജീവന കലയുടെ തത്വത്തിനെതിരെ നിന്നതുകൊണ്ട് ദൈവം മനുഷ്യരെ ഭൂമിയില്‍ ചിതറിച്ചു. ഭൂമിയെ മനോഹരമായി സൂക്ഷിക്കുവാന്‍ ഏല്പിക്കപ്പെട്ട മനുഷ്യന്‍ തന്നെ ഭൂമിയുടെ അന്തകനായി മാറരുത്. ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ട ഈ മനോഹര ഭൂമിയെ പരിപാലിക്കുവാനുള്ള ഉത്തരവാദിത്വം പ്രത്യേകാല്‍ ദൈവസസയ്ക്കുണ്ട്. പാരിസ്തിതിക വിഷയങ്ങളില്‍ ദൈവസഭ കണ്ണടയ്ക്കുന്നത് കൃത്യവിലോപമല്ലേ?

ദൈവസഭയുടെ കാര്യം പറഞ്ഞപ്പോഴാണ് അപ്പോസ്‌തോല പ്രവര്‍ത്തി 1:8 ഓര്‍ത്തത്: 'പരിശുദ്ധാത്മാവ് നിങ്ങളുടെ മേല്‍ വരുമ്പോള്‍ നിങ്ങള്‍ ശക്തി ലഭിച്ചിട്ട് യെരൂശലേമിലും യഹൂദ്യയില്‍ എല്ലായിടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളം എന്റെ സാക്ഷികള്‍ ആകും.'

സുവിശേഷവുമായി ഭൂമി മുഴുവന്‍ സാക്ഷികള്‍ ആകുവാനാണ് ദൈവീക പദ്ധതി. എന്നാല്‍ ഇന്ന് ബാബേലില്‍ ജനം ഒന്നിച്ച് തമ്പടിച്ചതു പോലെ നമ്മുടെ സഭ മെഗാ സഭയാക്കുകയാണ് ആത്മീയ നേതാക്കളുടെ ലക്ഷ്യം. വലിയ സഭയിലെ അംഗമാണെന്ന് അഹങ്കാരത്തോടെ പറയാന്‍ വിശ്വാസിയും!

ശിഷ്യത്വ ചിന്തകള്‍ക്കപ്പുറം ദേശത്തെ വലിയ സഭ പണിയുവാന്‍ ക്രൈസ്തവര്‍ ആഗ്രഹിക്കുമ്പോള്‍ ഭൂമിയില്‍ എല്ലാം സാക്ഷികള്‍ ആകുവാനാണ് നമ്മെ കുറിച്ച് ദൈവേഷ്ടം!

മെഗാ സഭകള്‍ വലിയ ആവേശവും ആരവവും ആണ്. എന്നാല്‍ ആത്മീയ ഉത്തരവാദിത്വം ഉണ്ടാകണമെന്ന് നിര്‍ബന്ധവുമില്ല! 'ആത്മീയത കാപ്പാന്‍ ഞങ്ങള്‍ക്ക് സെല്‍ ലീഡേഴ്‌സ് ഉണ്ടെന്നേ'... ഉത്തരവുണ്ട്. എന്നാല്‍ ഈ സെല്‍ ലീഡേഴ്‌സിനെ പരിശീലിപ്പിച്ച് ആ ജനത്തെ ഏല്പിച്ചു കൊടുക്കാന്‍ നേതൃത്വം ധൈര്യം കാണിക്കാറില്ല! 'ദീപസ്തംഭം മഹാശ്ചര്യം!'

അപ്പോസ്‌തോല പ്രവര്‍ത്തി 8-ാം അദ്ധ്യായത്തില്‍ സഭയ്ക്ക് വലിയ പീഢനമുണ്ടായി. സഭ ചിതറിപ്പോയി. ദേശം സുവിശേഷം അറിയുവാന്‍ ഇടയായി. സുവിശേഷത്തെ പറ്റി പറഞ്ഞപ്പോഴാണ്, ഇന്ന് സോഷ്യല്‍ മീഡിയയ്ക്കുള്ളില്‍ നിറയുന്ന സുവിശേഷ കവല പ്രസംഗങ്ങളെ പറ്റി ഓര്‍ത്തത്.

അറുത്ത കൈയ്ക്ക് ഉപ്പു തേക്കാത്ത 'മത്തായി' തൊണ്ടയലറി കവലയില്‍ കര്‍ത്താവിന്റെ സുവിശേഷം പറയുന്നതിലും നല്ലത്, ജീവിക്കുന്ന സുവിശേഷമായി മാറുന്നതാണ്. ജീവിതമാണ് നമ്മുടെ സുവിശേഷം. കവല പ്രസംഗം നിര്‍ത്തണമെന്നല്ല, നാം ഭൂമിയുടെ ഉപ്പായതിനു ശേഷം പ്രസംഗിക്കുകയല്ലേ നല്ലത്?

Advertisement