സ്വയം നേതാക്കളായി ചമയുന്നവര്‍

സ്വയം നേതാക്കളായി ചമയുന്നവര്‍

സ്വയം നേതാക്കളായി ചമയുന്നവര്‍

ലതരം നേതാക്കളുണ്ട്. തങ്ങളുടെ പ്രവര്‍ത്തനം കൊണ്ടും ജീവിതം കൊണ്ടും മറ്റും നേതാക്കളായി ജനം സ്വീകരിക്കുകയും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നവരാണ് യാഥാര്‍ത്ഥ നേതാക്കള്‍. പറയത്തക്ക നേതൃത്വ ഗുണങ്ങളോ ജനങ്ങളുടെ  അംഗീകാരമോ ഒന്നുമില്ലെങ്കിലും  സ്വയം നേതാക്കളായി ചമയുന്നവര്‍  വേറൊരു വിഭാഗം. തന്ത്രങ്ങളുപയോഗിച്ച് പണത്തിന്‍റെയും സ്വാധീനത്തിന്‍റെയും അകമ്പടിയോടെ കുറെപ്പേരെ സ്തുപാഠകരായി അവരോധിച്ച്  നേതൃസ്ഥാനത്തേയ്ക്ക്  സ്വയം ഉയരുവാന്‍ ശ്രമിക്കുന്ന വേറൊരു വിഭാഗം. അംഗീകരിച്ചാലും ഇല്ലെങ്കിലും ഏതു വേദിയിലും കയറിപ്പറ്റി സ്വയം നേതൃത്വം ഏറ്റെടുക്കുവാന്‍ ശ്രമിക്കുന്നവരുമുണ്ട്.  രാഷ്ട്രീയ രംഗത്ത് ഈ വിഭാഗങ്ങളിലെല്ലാം ഉള്‍പ്പെടുന്ന നേതാക്കളെ സുലഭമായി കാണാം. ആര്‍ക്കെങ്കിലും  എന്തെങ്കിലും നന്മയുണ്ടാകണമെന്നതിലുപരി സ്വന്ത കാര്യം നടക്കണമെന്നു മാത്രമാണിവരുടെ ലക്ഷ്യം.

ആത്മീയ രംഗത്തും ഇതുപോലെ വിവിധ തരത്തിലുള്ള നേതാക്കളെ കാണാം. സ്ഥാനത്തിനോ പദവിക്കോ അംഗീകാരത്തിനോ ആദരവിനോ ധനസമ്പാദനത്തിനോ വേണ്ടി ഒന്നും ചെയ്യാതെ ദൈവം നല്‍കിയ ദര്‍ശനപ്രകാരം ജീവിച്ചു പ്രവര്‍ത്തിക്കുന്ന നേതാക്കള്‍ കുറെയെങ്കിലുമുണ്ടിന്ന്. ഇവര്‍ എണ്ണത്തില്‍ വളരെ കുറയും. ലൗകികമായ ഒന്നും ഇവര്‍ക്കു പ്രലോഭനമാകില്ല. അകാരണമായി ആരെയും പ്രസാദിപ്പിച്ചു പ്രീതി സമ്പാദിക്കുവാന്‍  ഇവര്‍ ശ്രമിക്കയില്ല. ഉപദേശത്തിനും  ജീവിതത്തിനും  വളരെയേറെ വില കല്പിക്കുന്നവരായിരിക്കും ഇവര്‍. ഇത്തരക്കാര്‍ക്കാണ് ജീവിക്കുന്നതും മരിക്കുന്നതും ലാഭമെന്നു സധൈര്യം പറയുവാന്‍ കഴിയുക. അനാവശ്യമായി ഒത്തുതീര്‍പ്പിനു ഇവര്‍ ശ്രമിക്കുകയില്ല. ദുരുപദേശങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുവാന്‍ മടിക്കാത്തവരായിരിക്കും ഇവര്‍. ശുശ്രൂഷയ്ക്കു പ്രാധാന്യം നല്‍കുന്ന ഇത്തരക്കാരുടെ എണ്ണം ക്രൈസ്തവലോകത്തില്‍ കുറഞ്ഞു കൊണ്ടിരിക്കുകയാണ്. പ്രശംസ ആഗ്രഹിക്കാത്തവരെങ്കിലും  ആത്മാര്‍ത്ഥതയുള്ള ദൈവജനം ഇവരെ അംഗീകരിക്കയും മാനിക്കയും ചെയ്യും. നേതൃത്വത്തിന്‍റെ യഥാര്‍ത്ഥ ഗുണ ഗണങ്ങളുള്ളവരായിരിക്കും ഈ ചെറിയ വിഭാഗം.

നേതൃത്വത്തിലെത്തുവാനായി നിരന്തരം  വിവിധ തരത്തില്‍ പരിശ്രമിക്കുന്നവരുടെ എണ്ണം  ക്രൈസ്തവ സമൂഹത്തില്‍ വളരെയധികം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന കാലമാണിത്.  അംഗീകാരത്തിനു വേണ്ടി എന്തും ഏതും ചെയ്യുവാന്‍ മടിക്കാത്തവര്‍ നമ്മുടെയിടയില്‍ വളരെയേറെയായി. ക്രിസ്തീയ സഭകളുടെ ശാപമാണ് ഇത്തരം സ്വയം നിര്‍മ്മിത നേതാക്കള്‍. ഉപദേശം  ബലികഴിച്ച് ആരുമായി കൂട്ടുകൂടുന്നതിനു  മടിക്കാത്ത ഇത്തരക്കാരാണ് ദുരുപദേശങ്ങള്‍ സഭകളില്‍ പടര്‍ന്നു കയറുവാന്‍ സഹായിക്കുന്നത്. ഒരുവൻ അധ്യക്ഷ സ്ഥാനം കാംഷിക്കുവെങ്കിൽ നല്ലവേല ആഗ്രഹിക്കുന്നു. ഈ വചനം ഉള്ളതുകൊണ്ട് നേതാവാകാൻ ആഗ്രഹിക്കുന്നവർക്ക് അവർ  നല്ലവേലയാണ് തിരഞ്ഞെടുക്കാൻ ശ്രമിക്കുന്നതെന്ന് തെറ്റായ ഒരു ചിന്താഗതി  ഉള്ളിലുണ്ടായിരിക്കാം. എന്നാൽ അത് നാണംകെട്ട രീതിയിലുള്ള സഭാ പൊളിറ്റിക്സ്ന്റെ കാര്യമല്ല, ദൈവിക ശുശ്രൂഷയ്ക്കുള്ള  കാംഷയെക്കുറിച്ചാണ് എന്ന് എത്രപേർ മനസിലാക്കിയിട്ടുണ്ട് എന്നത് സംശയമാണ്. 

എനിക്കു ശേഷം പ്രളയം എന്നു ചിന്തിക്കുന്ന നേതാക്കളും ക്രൈസ്തവ  മണ്ഡലത്തിൽ ഇന്നുണ്ട്. എല്ലാ കമ്മറ്റികളിലും  പ്രവർത്തനമണ്ഡലങ്ങളിലും കയറിക്കൂടുവാന്‍ ശ്രമിക്കുന്നവര്‍ ഈ വിഭാഗത്തില്‍പ്പെടുന്നു. ദര്‍ശനമോ പ്രവര്‍ത്തനത്തോടുള്ള ആത്മാര്‍ത്ഥതയോ ഒന്നും വിഷയമല്ല. ഒരിക്കലും  ഒന്നും ചെയ്യുവാന്‍ കഴിഞ്ഞില്ലെങ്കിലും  സ്ഥാനത്തു നിന്നു മാറുവാന്‍ വളരെ വിഷമമാണിവര്‍ക്ക്. തങ്ങളില്ലാത്ത പ്രവര്‍ത്തനത്തെ ഏതുവിധേനയും തകര്‍ക്കുവാന്‍ ശ്രമിക്കുക ഇത്തരക്കാരുടെ സ്വഭാവത്തിന്‍റെ ഭാഗമാണ്.

സ്വയം നിര്‍മ്മിത നേതാക്കളുടെ ജീവിതമോ ഉപദേശത്തോടുള്ള സമീപനമോ ഒന്നും ഈയാംപാറ്റകള്‍ പോലെ പുറകെ കൂടുന്ന സാധുക്കളായ വിശ്വാസികള്‍ ചിന്തിക്കാറില്ല. ഇത്തരം ഘനമേറിയ കാര്യങ്ങള്‍ പറഞ്ഞ് ജനത്തെ അകറ്റുവാന്‍ ഇവര്‍ ശ്രമിക്കാറുമില്ല. സുവിശേഷത്തിന്‍റെ അന്തസത്തയ്ക്കും  അംഗീകാരത്തിനും വളരെയേറെ ദോഷം ചെയ്യുന്ന  ഇത്തരം ദുരുപദേഷ്ടാക്കളെ തിരിച്ചറിയുവാന്‍ ദൈവകൃപയുള്ള ശുശ്രൂഷകര്‍ക്കും നേതാക്കള്‍ക്കും വിശ്വാസികള്‍ക്കും കഴിയണം. ദൈവിക ഉപദേശത്തിനു  ഒന്നാം സ്ഥാനം നല്‍കാത്ത സംഘങ്ങള്‍ പച്ചച്ചെടി പോലെ പെട്ടെന്നു പടര്‍ന്നു കയറി എല്ലാറ്റിനെയും കീഴടക്കി ഒരു സുപ്രഭാതത്തില്‍ തകര്‍ന്നടിഞ്ഞു പോയേക്കാം. ആശയറ്റ അനേകരെ വിശ്വാസത്തില്‍ നിന്നകറ്റിക്കൊണ്ടായിരിക്കും ഇത്തരം പ്രസ്ഥാനങ്ങള്‍ തിരോധാനം ചെയ്യുക.

ദൈവസഭയ്ക്കു നേതൃത്വം നല്‍കുവാന്‍ ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ട ദൈവദാസന്മാര്‍ എഴുന്നേല്‍ക്കുവാന്‍  നമുക്കു പ്രാര്‍ത്ഥിക്കാം. ഉപദേശത്തിനും  ജീവിതത്തിനും  പ്രാധാന്യം നല്‍കുന്ന, അംഗീകാരത്തിനു വേണ്ടി വിട്ടുവീഴ്ചയ്ക്കു തയ്യാറില്ലാത്ത ദൈവത്താല്‍ നിയോഗിതരായ നേതാക്കളെയും ആത്മീയ ശുശ്രൂഷകരെയുമാണ്   ഇന്നു സഭയ്ക്കാവശ്യം.

Advertisement