എന്തിനായി വിളിക്കപ്പെട്ടിരിക്കുന്നു ?

എന്തിനായി വിളിക്കപ്പെട്ടിരിക്കുന്നു ?
എന്തിനായി വിളിക്കപ്പെട്ടിരിക്കുന്നു ?

നെവിൻ മങ്ങാട്ട്

"ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന സ്വന്ത ജനം" ചെറുപ്പം മുതലേ കേട്ട് പഴകിയ ഒരു വാക്യമായി ഇന്നത്തെ പാരമ്പര്യ പെന്തക്കോസ്ത് തലമുറക്ക് ഈ വാക്കുകൾ മാറി കഴിഞ്ഞിരിക്കുന്നു. യോഹന്നാൻ 15:16 -ൽ പറയുന്നപ്രകാരം നിങ്ങൾ എന്നെ തിരഞ്ഞെടുത്തു എന്നല്ല, ഞാൻ നിങ്ങളെ തിരഞ്ഞെടുത്തു എന്നാണ്.

എന്നാൽ കാലങ്ങൾ പിന്നിട്ടപ്പോൾ ദൈവത്തെ നമ്മൾ തിരഞ്ഞെടുത്തു വെച്ചതുപോലെ ആയി കഴിഞ്ഞു. ഭൂമിയിലെ എല്ലാ കാര്യങ്ങൾക്കും ഇന്ന് നിരവധി ഓപ്ഷനുകൾ ഉണ്ടെന്നത് സത്യമാണ്, ദൈവങ്ങളെപ്പോലും അതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. സമാധിയിൽ വിശ്രമിക്കുന്ന ദൈവങ്ങൾ, കറുത്ത കല്ലായി മാറുമെന്ന് അവകാശപ്പെടുന്ന ദൈവങ്ങൾ തുടങ്ങിയ നിരവധി ഓപ്ഷനുകളിൽ നിന്ന് നമുക്ക് ഏറ്റവും അനുയോജ്യമായ ദൈവത്തെ തിരഞ്ഞെടുത്തതാണോ?. ദൈവവമാണ് നമ്മെ തിരഞ്ഞെടുത്തത് എന്ന ഉറച്ച ബോധ്യം നമുക്ക് ഉണ്ടെങ്കിൽ, എന്തിനായിട്ടാവും ഈ തലമറയിൽ ദൈവം നമ്മെ വിളിച്ചു വേർതിരിച്ചിരിക്കുന്നത് ? ആ പരമ വിളിയുടെ ഉദ്ദേശ്യം നമുക്ക് നടപ്പാക്കാൻ സാധിക്കുന്നുവോ?

ദൈവം നമ്മെ വിളിച്ചു  വേർതിരിച്ചതിൻ്റെ ഉദ്ദേശ്യം സുവിശേഷീകരണത്തിനായിട്ടാണ്. എന്നാൽ അതിൻ്റെ ആദ്യപടി നമ്മിൽ നിന്ന് നല്ല ഫലങ്ങൾ കായിക്കേണം എന്നതാണ്. ദൈവം നമ്മെക്കൊണ്ട് ആഗ്രഹിക്കുന്നതും അതു തന്നെ. അതെ, ദൈവം നമ്മെ നല്ല ഫലങ്ങൾ പ്രദാനം ചെയ്യാനായി രൂപവത്കരിച്ചു. ക്രിസ്തുവിന്റെ സുവിശേഷ വാഹകരായ നാം, ആ മഹത്തായ വിളിയുടെ ഉദ്ദേശ്യം നിറവേറ്റാതെ നല്ല ഫലങ്ങൾ കായിക്കുന്നതിൽ വീഴ്ച വരുത്തുകയാണെങ്കിൽ, മറ്റുള്ളവർക്കു മുന്നിൽ മാതൃകയായിത്തീരുക ദുർലഭമായിരിക്കും.

"വൃക്ഷത്തെ ഫലം കൊണ്ടാണ് തിരിച്ചറിയുക" എന്ന യേശുവിന്റെ വചനം നമ്മുടെ ജീവിതത്തെ വളരെ പ്രാധാന്യമുള്ള ഒരു ശബ്ദമായി നയിക്കുന്നു. നമ്മിൽ നിന്നു പുറപ്പെടുന്ന പ്രവൃത്തികളും വാക്കുകളും മറ്റുള്ളവർക്ക് നമ്മുടെ സത്യ സ്വഭാവത്തെയും ആത്മീയ അവസ്ഥയെയും വെളിവാക്കുന്നു. നമ്മുടെ ജീവിതം, പ്രവർത്തികൾ, ബന്ധങ്ങൾ, എല്ലാം ദൈവം പ്രസാദിക്കുന്ന ഒരു ജീവിപ്പിന്റെ വാസനയായി മാറ്റപ്പെടണം. നല്ല ഫലങ്ങൾ ദൈവത്തിന്റെ മഹത്വത്തിന്റെ പ്രതിബിംബമാണ്. അവ മനുഷ്യർക്കും സമൂഹത്തിനും മാത്രം അല്ല, അവിടുത്തെ സൃഷ്ടിയുടെ മറ്റു മേഖലകൾക്കും അനുഗ്രഹം പകരുന്നവയാണ്. ഫലം കായ്ച്ചു ഇലയുടെ അടിയിൽ ഒളിപ്പിച്ചു വയ്ക്കുവാനല്ല, ദൈവം നമ്മെക്കൊണ്ട് ആഗ്രഹിക്കുന്നത്.  നമ്മുടെ പ്രവൃത്തികളും, ഫലങ്ങളും, മറ്റു ജീവജാലങ്ങൾക്ക് പ്രയോജനം ആയിരിക്കട്ടെ എന്നും ആഗ്രഹിക്കുന്നു. നല്ല വൃക്ഷം, തന്നിൽ ആശ്രയം തേടുന്ന പക്ഷികൾക്കും ജീവജാലങ്ങൾക്കുമെല്ലാം ആശ്വാസവും സംരക്ഷണവും നൽകുന്നതുപോലെ, നല്ല ഫലം കായ്ക്കുന്നവരായ നമ്മുടെ ജീവിതവും ലോകത്തിന് ഒരു പ്രത്യാശയും ആശ്വാസവും നൽകണം. ഒരു വൃക്ഷം അതിനു വേണ്ടുന്ന പദാർത്ഥങ്ങൾ മണ്ണിൽ നിന്ന് വലിച്ചെടുക്കുന്ന പോലെ, നല്ല ഫലം കായിച്ചു അത് പുറപ്പെടുവിക്കണമെങ്കിൽ ക്രിസ്തുവിൽ വേരുന്നുവാൻ നമുക്ക് സാധിക്കണം. വാക്കുകളിൽ പറയാൻ എളുപ്പമാണെങ്കിലും നമ്മുക്ക് ഇന്നതിൽ സാധിക്കാതെ പോവുന്നു. സ്വന്ത ബുദ്ധിയിലും കഴിവിലും ആത്മവിശ്വാസം കൂടിയ പോയ ഈ തലമുറയ്ക്ക് ക്രിസ്തു പിൻപേയും, സ്വയം മുൻപേയും ആയി മാറി. ക്രിസ്തുവുമായുള്ള നമ്മുടെ ബന്ധത്തിന്റെ ആഴവും സത്യവുമാണ് നമ്മിൽ നിന്ന് പുറപ്പെടുവിക്കുന്ന ഫലങ്ങൾ കൊണ്ട് വെളിവാകുന്നത്.

നല്ല ഫലം കായ്ച്ച് പുറപ്പെടുവിക്കുന്നവരായി നമുക്ക് തുടരാനും അത് നിലനിർത്താനും ദൈവം നമ്മോടുള്ള ആഗ്രഹം വ്യക്തമാക്കുന്നു. അല്പനാൾ കായ്ച്ചു, പിറകേ ഉണങ്ങിയ കൊമ്പായി കഴിയുന്നതല്ല ദൈവം നമ്മുടെ ജീവിതംകൊണ്ട് പ്രതീക്ഷിക്കുന്നത്. ക്രിസ്തു ഭക്തന്റെ ജീവിതം നല്ല ഫലങ്ങൾ നിറഞ്ഞ ജീവിതമാകണം. കുറച്ചു നാൾ നല്ല ഫലമൊക്കെ പുറപ്പെടുവിച്ചു വരുമ്പോൾ നമ്മൾ പോലും അറിയാതെ നമുക്ക് ചുറ്റുമുള്ള സ്തുതിപാഠകർ നമുക്ക് വിനയാകും. "നമ്മൾ എന്തൊക്കെയോ ആയിരുന്നു, ഇപ്പോഴും ആണെന്നുള്ള അഹംഭാവം", നമ്മെ സാത്താൻ തകർക്കുവാൻ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ ആയുധങ്ങളിൽ ഒന്നാണ്.

ഗർവവും, ആത്മത്യപ്തിയും, ക്രിസ്തുവിൽ നിന്നും നമ്മെ അകലത്താക്കുകയും, നമ്മുടെ ആത്മീയ വളർച്ചയെ തകർക്കുകയും ചെയ്യും. എന്നാൽ നമ്മൾ ഒന്നോർക്കണം, നമ്മുടെ വിജയങ്ങളുടെ ഉറവിടം നമ്മുടെ കഴിവോ ബുദ്ധിയോ അല്ല; അത് ക്രിസ്തുവിൽ വേരൂന്നിയതുകൊണ്ടാണ് എന്നുള്ള അവബോധം നിലനിർത്തുക അനിവാര്യമാണ്. വേരുകൾ ഉറച്ചവണ്ണം നമുക്ക് ക്രിസ്തുവിൽ ദൃഢതയും സാക്ഷ്യവും നിലനിർത്താൻ സഹായിക്കും. റോമർ 11:18ൽ പറയുന്ന പോലെ കൊമ്പുകളുടെ നേരേ പ്രശംസിക്കരുത്; പ്രശംസിക്കുന്നുവെങ്കിൽ നീ വേരിനെ അല്ല വേർ നിന്നെയത്രേ ചുമക്കുന്നു എന്ന് ഓർക്ക. എത്ര വലിയ വൃക്ഷമായാലും, അതിന്റെ വേരുകൾക്ക് ഉറപ്പില്ലെങ്കിൽ, അതിനെ നിലനിൽക്കാൻ കഴിയില്ല; അപ്പോൾ അത് കടപുഴകി വീഴും. വൃക്ഷത്തിന്റെ ബാഹ്യഭാഗം എത്ര സുന്ദരമായാലും, വേരുകളുടെ ആഴവും കരുത്തും മാത്രമേ അതിന്റെ നിലനിൽപ്പിനും ശക്തിക്കും അടിസ്ഥാനമാകൂ.കാട്ടൊലിവായിരുന്ന നമ്മെ നാട്ട് ഒലിവോട് ചേർത്ത് ഒട്ടിച്ചത് ദൈവകൃപയാണ്. സ്വഭാവത്താൽ കാട്ടുമരമായതിൽനിന്നു നമ്മെ മുറിച്ചെടുത്തു സ്വഭാവത്തിനു വിരോധമായി നല്ല ഒലിവുമരത്തിൽ ഒട്ടിച്ചു എങ്കിൽ, സ്വാഭാവികകൊമ്പുകളായവരെ സ്വന്തമായ ഒലിവുമരത്തിൽ എത്ര അധികമായി ഒട്ടിക്കും എന്ന് വചനം പഠിപ്പിക്കുന്നു. നമ്മുടെ നല്ല ജീവിതത്തിൻ്റെ ഉറവിടം യേശു മാത്രമാണ്. നാം ക്രിസ്തുവിൽ വസിക്കുകയും ക്രിസ്തു നമ്മിൽ വസിക്കുകയും ചെയ്യുമ്പോൾ, യേശു ആയിരിക്കുന്ന എല്ലാറ്റിൻ്റെയും പ്രയോജനം നമുക്ക് ലഭിക്കും. ഏത് വ്യക്തിയുടെ വളർച്ചയും ക്രമേണയുള്ള പ്രക്രിയയാണ്; അതിന് സമയം ആവശ്യമാണ്. ഒരു വൃക്ഷം ഒരു രാത്രിയിലോ ഒരു ദിവസത്തിലോ ഫലം കായ്ക്കുന്നില്ല, അതുപോലെ ആത്മീയ വളർച്ചയും ജീവിതത്തിലെ നല്ല ഫലങ്ങളുമെല്ലാം ഒരു ദീർഘകാലത്തെ പ്രക്രിയയിലൂടെയാണ് സാക്ഷാത്‌കരിക്കുക.

നമ്മുടെ ഓരോ ദിനവും വിളിച്ച വിളിക്ക് ഒത്തവണ്ണം നല്ല ഫലം കായ്ച്ചു, അതിനെ പകർന്നുവിടുകയും നിലനിർത്തുകയും ചെയ്തുകൊണ്ട് പോകുവാൻ നമുക്ക് സാധിക്കട്ടെ. ആദ്യത്തേതിലും നമ്മുടെ ഒടുക്കം നന്നായിരിക്കുവാൻ പ്രയത്നിക്കാം. അന്ത്യത്തോളം വിശ്വസ്തത ദാസരായി തീരാം. ഫലങ്ങൾ കൊണ്ട് സാക്ഷ്യം പറയുന്നവരായി, നമ്മിൽ നിന്നു സ്നേഹത്തിന്റെയും, സന്തോഷത്തിന്റെയും, സമാധാനത്തിന്റെയും, ദീർഘക്ഷമയുടെയും, ദയയുടേയും, പരോപകാര പ്രിയത്തിലും, ദൈവത്തോടും മനുഷ്യരോടുമുള്ള വിശ്വസ്ഥതയിലും, സകല സൗമ്യതയിലും, ഇന്ദ്രിയ ജയത്തിലും പ്രതിഫലനങ്ങൾ പകർന്ന് നമുക്കു ചുറ്റുമുള്ള ലോകം യേശുവിന്റെ പ്രതിരൂപത്തെ നമ്മിലൂടെ കാണട്ടെ ! !