അരങ്ങും അണിയറയും

അരങ്ങും അണിയറയും

  പാസ്റ്റർ സുഭാഷ് കെ.റ്റി നിലമ്പൂർ

ലാസാഹിത്യ സാംസ്കാരിക പരമായി ഉയർച്ചയുടെ കൊടുമുടിയിലേക്ക് ഉയർന്നുകൊണ്ടിരിക്കുന്ന സാംസ്കാരിക ലോകത്തിലാണ് നാം ജീവിക്കുന്നത്. ജന്മസിദ്ധമായും ദൈവദത്വമായും ലഭിച്ചിരിക്കുന്ന കഴിവുകളും താലന്തുകളും പ്രയോജനപ്പെടുത്തുവാൻ നിരവധി വേദികൾ അഥവാ അവസരങ്ങൾ നമ്മുടെ മുമ്പിലുണ്ട്. അരങ്ങാണ് എല്ലാവരും ശ്രദ്ധിക്കുന്നതെങ്കിൽ അണിയറകളാണ് അരങ്ങിനെക്കാൾ പ്രാധാന്യമർഹിക്കുന്നത്. അണിയറകളിലെ ഒരുക്കമാണ് അരങ്ങിനെ ശ്രദ്ധേയമാക്കുന്നത്. അണിയറയിൽ വിയർപ്പൊഴുക്കുന്നവരുടെയും കഠിനാധ്വാനം ചെയ്യുന്നവരുടെയും പേരുകളോ വിവരങ്ങളോ പൊതുവേ പ്രസിദ്ധപ്പെടാറില്ല. എന്നാൽ അരങ്ങിലെത്തിയതിന്റെ പുറകിൽ നിഴലുപോലെ ചിലർ കൂടെയുണ്ടാകും. അരങ്ങിൽ പ്രസിദ്ധരാകുമ്പോൾ അണിയറയിലെ പ്രവർത്തകരെ പരിഹസിക്കുന്നതും പുച്ഛിക്കുന്നതും ഒക്കെ സർവ്വസാധാരണമായി കൊണ്ടിരിക്കുന്നു. അടുക്കളയിൽ പുകയും കരിയും വക വയ്ക്കാതെ കഠിനാധ്വാനം ചെയ്തതിൻ്റെ ഫലമായുണ്ടാകുന്ന രുചികരമായ ഭക്ഷണം ഊൺ മേശയിൽ എത്തുന്നത് അതിൻ്റെ പുറകിലെ അഥവാ അണിയറയിലെ പ്രവർത്തനം ആണ്.

യോഹന്നാൻ സ്നാപകന്റെ തല താലത്തിൽ വേണമെന്ന് പറഞ്ഞത് അരങ്ങിലാണെങ്കിലും അതിന്റെ പുറകിലെ പ്രവർത്തികൾ അണിയറയിൽ നടന്നതാണ്. അത് അവളുടെ അമ്മയുടെ രഹസ്യ അജണ്ടയും ഉപദേശവുമാണ്. പിതാക്കന്മാരുടെ അവകാശമായ മുന്തിരിത്തോട്ടം ചീരത്തോട്ടം ആക്കാൻ കൊടുക്കാതിരുന്നപ്പോൾ നാബോത്തിനെതിരെ പദ്ധതി തയ്യാറാക്കിയതും അണിയറയിലാണ്. 

ഏശാവിൻ്റെ ജ്യേഷ്ഠാവകാശം യാക്കോബിനു ലഭിച്ചത് അടുക്കളയെന്ന അണിയറയിലൂടെയാണ്. അടിച്ചുമാറ്റിയ ജ്യേഷ്ഠാവകാശം സന്തോഷത്തോടെ അനുഭവിക്കാൻ യാക്കോബിനു കഴിഞ്ഞില്ല. യേശുക്രിസ്തുവിന്റെ ക്രൂശീകരണത്തിനു തന്നെ കാണിച്ചു കൊടുക്കാൻ യൂദയുടെ പരസ്യ ചുംബനം അണിയറയിലെ രഹസ്യ കരാറുകൾ ആയിരുന്നു.

ഒരു ഭക്തനെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായി അണിയറയിലെ പ്രാർത്ഥനകളും അനുസരണവും ആണ് അരങ്ങിലെത്തിക്കുന്നത്. അപ്പൻ്റെ കഴുതകളെ തേടിയിറങ്ങി തിരിച്ച ശൗൽ പലപ്പോഴും പുറകോട്ടു പോകാൻ പല കാരണങ്ങൾ അന്വേഷിച്ചപ്പോൾ അവനെ എത്തിക്കേണ്ട ദിശയിൽ അഥവാ ശമുവേലിന്റെ മുമ്പിൽ കൊണ്ടെത്തിച്ചതിലും രാജാവായി അഭിഷേകം ചെയ്തതിലും ബാല്യക്കാരന്റെ പങ്ക് ഏറ്റവും വലുതാണ്. 

ഓട്ടക്കളത്തിൽ ഓടി ഒന്നാം സ്ഥാനം നേടുന്നത് ദിവസങ്ങളുടെ പരിശ്രമമാണ്. ഏലിയാവ് മുഴങ്കാലുകളുടെ നടുവിൽ മുഖം മറച്ച് നിരവധി തവണ പ്രാർത്ഥിച്ചപ്പോൾ ദൈവപ്രവൃത്തി കടലിൽ വെളിപ്പെട്ടു. രഹസ്യമായി പ്രാർത്ഥിച്ചതിന് പരസ്യമായി മനുഷ്യനാൽ ചെയ്യാൻ കഴിയാത്ത മറുപടി നൽകാൻ ദൈവത്തിനു മാത്രമേ കഴിയുകയുള്ളു. അണിയറയിലെ പ്രാർത്ഥനക്ക് മറുപടിയായി ശമുവേലിനെ ദാൻ മുതൽ ബെർശേബ വരെയുള്ള ജനത്തെ ഭരിക്കാൻ കഴിഞ്ഞത് ഹന്ന എന്ന അമ്മയുടെ രഹസ്യമായ പ്രാർത്ഥനയാണ്. ഭൂമിശാസ്ത്രപരമായി പ്രകമ്പനം ഒരു സ്ഥലത്ത് സംഭവിക്കുമ്പോൾ അതിന്റെ പ്രഭവ കേന്ദ്രം

മറ്റൊരു സ്ഥലം ആയിരിക്കുന്നതു പോലെ അരങ്ങുകളുടെ പുറകിൽ അണിയറയുടെ പ്രവർത്തനം അത്യാവശ്യമാണ്.

Advertisement

Advertisement