നിങ്ങളുടെ സ്വകാര്യത നിങ്ങളുടെ സ്വാതന്ത്യമാണ്

സ്വകാര്യത മൗലീകാവകാശമാവുമ്പോൾ
സജി മത്തായി കാതേട്ട്
സുപ്രീം കോടതി ഇന്ത്യൻ പൗരന് നല്കിയ ഈ അവകാശം ഭരണഘടന നല്കുന്ന 'ജീവിക്കാനുള്ള അവകാശത്തിന്റെ' ഭാഗമായുള്ള സ്വാതന്ത്ര്യമാണ്. സ്വകാര്യത ഒരു മനുഷ്യന്റെ സ്വത്തിന്റെ ഭാഗമാണ്. അത് സുരക്ഷിതമായിരിക്കുന്നു എന്ന തിരിച്ചറിവാണ് ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തിന്റെ കാതൽ. വ്യക്തി സ്വകാര്യതയും വ്യക്തി സ്വാതന്ത്യവും ഒരളവോളം ഒന്നു തന്നെ. അതു കൊണ്ട് സ്വകാര്യത സുരക്ഷിതമായിരിക്കന്നു എന്ന തിരിച്ചറിവ് ഓരോ വ്യക്തിയെ സംബന്ധിച്ചടത്തോളം ആത്മവിശ്വാസമുളവാക്കുന്ന കാര്യവുമാണ്. അതു കൊണ്ട് സ്വകാര്യത ഒരു പൗരന്റെ മൗലീകാവകാശമാണ് (Right of Privacy) എന്ന സുപ്രീം കോടതി വിധി ഒരിക്കൽ കൂടി ചർച്ചയാവുന്നു.
തന്റെ സ്വകാര്യത ആർക്കൊക്കെയോ പ്രാപ്യമായ തരത്തിൽ എവിടെയൊക്കെയോ ഉണ്ട് എന്ന തോന്നലുണ്ടായാൽ വ്യക്തിയുടെ കർമ്മശേഷിയെ അത് പ്രതികൂലമായി ബാധിക്കും. താൻ അസ്വാതന്ത്യനാണെന്ന ധാരണ വ്യക്തിയിൽ രൂഢമൂലമാകും. അത് വികസനോന്മുഖമായ ഒരു സമൂഹത്തിനു ഭൂഷണമല്ല.
അതു കൊണ്ട് സ്വകാര്യത മൗലീകാവകാശമാവുന്നത് ഒരോ വ്യക്തിയുടെയും അന്തസിന്റെയും (dignity) കാര്യമാണ്.
സ്വകാര്യത മനുഷ്യന്റെ ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നാണ് കോടതിയുടെ നിരീക്ഷണം. തന്റെ സ്വകാര്യതയിലേക്ക് കടന്നു കയറാൻ അധികാര കേന്ദ്രങ്ങൾക്ക് അധികാരമില്ലെന്ന തിരിച്ചറിവ് വ്യക്തിക്കു നല്കുന്ന ആത്മവിശ്വാസം വളരെ വലുതാണ്. നിങ്ങളുടെ സ്വകാര്യത നിങ്ങളുടെ സ്വാതന്ത്യമാണ്. സ്വകാര്യത ഹനിക്കുമ്പോൾ സ്വാതന്ത്യവും ഇല്ലാതാവുന്നു. ഇത്തരത്തിൽ വ്യക്തിയുടെ സ്വാതന്ത്ര്യത്തെ ശക്തിപ്പെടുത്തുകയാണ് കോടതി ചെയ്തിരിക്കുന്നത്. അതായത് ഭരണഘടന ഉറപ്പ് നല്കുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ് സ്വകാര്യതയെന്നും കോടതി വിലയിരുത്തി. സ്വകാര്യത മൗലീകാവകാശമാവുമ്പോൾ മനുഷ്യരുടെ അന്തസിന്റെ പൂർത്തീകരണം ഉറപ്പുവരുത്തുകയാണെന്നാണ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് വിലയിരുത്തുന്നത്.
വ്യക്തിയുടെ സ്വയംഭരണാധികാരം ഉറപ്പ് വരുത്തുന്നത് സ്വകാര്യതയാണ്. ജീവിതത്തിലെ സുപ്രധാന വിഷയങ്ങൾ നിയന്ത്രിക്കാൻ സ്വകാര്യതയാണ് വ്യക്തികൾക്ക് കഴിവ് നല്കുന്നതെന്നും ചന്ദ്രചൂഡൻ പറയുന്നു.
ജീവിതം അമൂല്യമാണ്. അതിനെ മൂല്യവത്താക്കുന്നത് സ്വാതന്ത്യമാണ്. എങ്ങനെയാണ് നന്നായി ജീവിക്കേണ്ടതെന്നത് വ്യക്തികളിൽ അധിഷ്ഠിതമാണ്. അതിന് ആ വ്യക്തിക്ക് ഏത് മതവും ഏത് സംസാകാരവും സ്വീകരിക്കാം. ഒരാൾ അനുവർത്തിക്കുന്ന മതവും സംസ്കാരവും ആശയവും വേഷവും ഭക്ഷണവും കൈവെടിയാനും മറ്റൊന്നിനെ സ്വീകരിക്കാനും സ്വാകാര്യത മൗലീകാവകാശമാവുമ്പോൾ സ്വാതന്ത്ര്യമുണ്ട്. അതിനെ വിലക്കാനാർക്കുമാവില്ല. ഈയവസരത്തിലാണ് ചിലയിടങ്ങളിൽ മതത്തിന്റെ പേരിൽ ചിലരെ തിരഞ്ഞുപിടിച്ച് ജയിലിലടയ്ക്കുന്നതും ക്രൂരമായി മർദ്ദിച്ച് സമൂഹത്തിൽ ഒറ്റപ്പെടുത്തുന്നതും തികച്ചും അന്യായമാവുന്നതും അനീതിയാവുന്നതും.
ഏതു മതവും സ്വീകരിക്കാനും നിരസിക്കാനും അതിനുള്ള തീരുമാനമെടുക്കാനും സ്വയം ഭരണത്തിനുമുള്ള വ്യക്തികളുടെ കഴിവിനെ സംരക്ഷിക്കുകയാണ് സർക്കാരിന്റെ കർത്തവ്യം. അല്ലാതെ ഇന്ന തീരുമാനമെടുക്കണമെന്ന് ആർക്കും നിഷ്കർഷിക്കാനാവില്ല. അങ്ങനെയായാൽ അത് ഫാസിഷം ആവുന്നു.
എന്തു കഴിക്കണം എന്തു ധരിക്കണം ആരെ ആരാധിക്കണം വ്യക്തി ജീവിതത്തിലും സമൂഹ്യ രാഷ്ട്രീയ ജീവിതത്തിലും ആരെക്കെയുമായി ബന്ധപ്പെടേണം തുടങ്ങിയ കാര്യങ്ങൾ നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം വ്യക്തിക്കാണുള്ളത്. മറിച്ച് സർക്കാരോ സംഘടനയോ അല്ല. അതാണ് സ്വകാര്യത മൗലീകാവശമായപ്പോൾ ഓരോ പൗരനും ലഭിച്ച സ്വാതന്ത്ര്യം.
ചിന്ത, ആശയാവിഷ്കാരം, വിശ്വാസം, ഭക്തി, ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം വ്യക്തിയുടെ അന്തസ് ഉറപ്പു നല്കുന്ന സാഹോദരത്വം എന്നിവയിൽ സ്വകാര്യതയ്ക്കുള്ള അവകാശം അന്തർലീനമായി കിടപ്പുണ്ട്. അസഹിഷ്ണതയുടെ അലോരസങ്ങളിലുടെയാണ് നമ്മുടെ നാട് പ്രയാണം ചെയ്യുന്നത്. ഈ വരികളെഴുതുമ്പോൾ ഉത്തർപ്രദേശിൽ മലയാളി പാസ്റ്ററെയും ഭാര്യയെയും മതത്തിന്റെ പേരിൽ അറസ്റ്റ് ചെയ്ത വാർത്ത ജനാധിപത്യ മനസുകളെ വേദനിപ്പിക്കുന്നത്. തുടർ മാനമായുള്ള വേട്ടയാടലിൽ മനം മടുത്താണ് കഴിഞ്ഞയാഴ്ച ഡൽഹിയിലെ പ്രഗതി മൈതാനത്ത് ക്രിസ്ത്യാനികൾ ഒത്തുകൂടി സർക്കാരിനോട് ഞങ്ങളുടെ സ്വകാര്യതയിലും മത സ്വാതന്ത്യത്തിലും സംരക്ഷണം ആവശ്യപ്പെട്ടത്.
ആരാധിക്കുന്നതിന്റെ പേരിൽ ആലയത്തിലും ഭക്ഷണത്തിന്റെ പേരിൽ അടുക്കളയിലും വേഷത്തിന്റെ പേരിൽ വീട്ടുമുറ്റത്തും ജാതിയുടെ പേരിൽ തെരുവിലും ആക്രോശിക്കുന്ന മതാന്ധത ഒരളവോളം ഓരോ പൗരന്റെയും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം തന്നെ. ഇത്തരം കടന്നുകയറ്റങ്ങൾക്ക് ചൂട്ടു പിടിക്കുന്ന ശക്തികൾക്കെതിരെയുളള ശക്തമായ താക്കീതും കൂടിയാവുകയാണ് സ്വകാര്യത മൗലീകാവശമെന്ന അവകാശം. ആപത് ഘട്ടത്തിന്റെ വക്കിലെത്തിയിരിക്കുന്ന ഇക്കാലഘട്ടത്തിൽ ഓരോ പൗരനും ലഭിച്ച അന്തസിന്റെ അമൂല്യമുത്താണ് സ്വാകര്യത മൗലീകാവകാശമെന്ന അവകാശം.
Advertisement