ഇതു ഒരു പുതിയ തുടക്കത്തിനുള്ള സമയം

0
424

ഇതു ഒരു പുതിയ തുടക്കത്തിനുള്ള സമയം

സജി ഫിലിപ്പ് തിരുവഞ്ചൂർ

കോവിഡ് പ്രതിസന്ധി ഏതാണ്ടൊക്കെ നിയന്ത്രണവിധേയമായി. ജനജീവിതം മിക്കവാറും പഴയപടിയിലേക്ക് വന്നുകൊണ്ടിരിക്കുന്നു. കലാലയങ്ങളും ആരാധനാലയങ്ങളുമെല്ലാം തുറന്നുകഴിഞ്ഞു. ജാഗ്രതയോടെ, സർക്കാർനിയന്ത്രണങ്ങൾ പാലിച്ച്, പൊതുസമൂഹത്തിൽ ഇറങ്ങാനുള്ള സാവകാശം സഭയ്ക്കു ലഭിച്ചിരിക്കുകയാണ്.

കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ സംഭവിച്ച കോവിഡ്മൂലം മരണമടഞ്ഞവർ നാട്ടിൽ നിരവധിയാണ്. മിക്കവരുടെയും ശവസംസ്‌കാരം ഉചിതമായ നിലയിൽ നടത്താനോ ബന്ധുക്കൾക്കോ മിത്രങ്ങൾക്കോ പങ്കെടുത്തു ദുഃഖം പ്രകടിപ്പിക്കാനോ, പരേതരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനോ കഴിഞ്ഞിട്ടില്ലെന്ന യാഥാർഥ്യം ഇനിയും അവശേഷിക്കുന്നു.

Advertisement

കുടുംബത്തിന്റെ പ്രധാന ഉത്തരവാദിത്വങ്ങൾ വഹിച്ചിരുന്ന പലരുടെയും പെട്ടെന്നുള്ള വേർപാടിന്റെ സങ്കീർണത അഭിമുഖീകരിക്കുന്ന പലർക്കും ഇപ്പോഴും തങ്ങളുടെ വേദനയും പ്രയാസവും എങ്ങനെ നേരിടണമെന്ന് അറിയില്ല. ഇതിനിടയിൽ ജോലി നഷ്ടപ്പെട്ട പലരും പുതിയ ജോലികളിലേക്കും സാമൂഹിക ജീവിതത്തിലേക്കും പഴയ ദിനചര്യകളിലേക്കും സ്വയം തിരികെയെത്താൻ ആഗ്രഹിക്കുന്നു. തങ്ങളുടെ നഷ്ടങ്ങൾ ഒരു പരിധിവരെ വീണ്ടെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണവർ.

ഈ അവസരത്തിലാണ് എവിടെനിന്നെങ്കിലും മാനസിക, വൈകാരിക പിൻതുണ ആവശ്യമുള്ളത്. ദുഃഖിതരായ ഇത്തരം ആളുകൾ നിറഞ്ഞ ഒരു സമൂഹത്തെ ശുശ്രൂഷിക്കുന്നതിനെക്കുറിച്ച് സഭ ഗൗരവമായി ചിന്തിച്ച്, അവ ഏറ്റവും ഫലപ്രദമായി നടപ്പിലാക്കേണ്ട സമയമാണിത്. യേശുക്രിസ്തുവിന്റെ സാന്ത്വനശുശ്രൂഷയുടെ പ്രസക്തി മനസിലാക്കി സഭ സമൂഹത്തിലിറങ്ങേണ്ട സമയം ഇതുതന്നെയാണ്.

പ്രിയപ്പെട്ടവരുടെ വേർപാടിൽ തകർന്നുപോയവർക്കു സുവിശേഷം പങ്കുവച്ച് പ്രത്യാശ നൽകാൻ സഭയ്ക്കാകണം. ഒപ്പം അവരുടെ വേദനകൾ പരിഹരിക്കാനും കൂടുതൽ കാര്യങ്ങൾ തിരിച്ചറിഞ്ഞ്, ഉത്തരം തേടാനും സമൂഹത്തിൽ നിന്നുള്ളവരെ ക്ഷണിക്കാനും അവസരമുണ്ട്.

ജീവിതപ്രതിസന്ധികളെ അഭിമുഖീകരിക്കാൻ പ്രയാസപ്പെടുന്നവർക്കു കർത്താവ് സന്നദ്ധനാണെന്നു വചനം പറയുന്നു. ” ഹൃദയം നുറുങ്ങിയവർക്ക് യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.” ദൈവത്തിന്റെ പ്രതിരൂപം വരിക്കുന്നവർ എന്ന നിലയിൽ ദുഃഖിതരുടെ അടുത്തെത്തി ആശ്വസിപ്പിക്കാനുള്ള വിളിക്കു നാം കാതോർക്കേണ്ട നിമിഷമാണിത്.

Advertisement

ബേഥാന്യയിലെ വിലാപഭവനത്തിലെത്തിയ യേശുവിന്റെ മാതൃക ആ നിലയിൽ നുക്കു പകർത്താവുന്നതാണ്. ലാസർ മരിച്ചിട്ട് നാലു ദിവസമായപ്പോഴാണ് കർത്താവ് അവിടെ എത്തിയത്. തങ്ങളുടെ സങ്കടത്തിൽ അവിടുന്നു വൈകിയെത്തിയതിൽ മറിയയും മാർത്തയും പരിഭവിക്കുന്നു. കർത്താവ് നേരത്തെ വന്നിരുന്നെങ്കിൽ, തങ്ങളുടെ സഹോദരൻ ജീവിക്കുമായിരുന്നെന്നു അവർ പറയുന്നു.

യേശുവിന്റെ അസാന്നിധ്യം അവരിൽ ശൂന്യത സൃഷ്ടിച്ചിരിക്കുകയാണ്. അവരുടെ കാഴ്ചപ്പാടിൽ, ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം തടയാൻ യേശുവിനു കഴിയുമായിരുന്നു. ഇതെല്ലാം കേട്ട്, മറിച്ചൊന്നും പറയാതെ യേശു അവരോടൊപ്പം കരയുകയാണ്. അവരുടെ വേദനയ്ക്ക് സാക്ഷ്യം വഹിച്ച്, അത് സ്വന്തം അനുഭവമാക്കുന്നു. ആഴത്തിലുള്ള സ്‌നേഹവും ദുഃഖവും ഒരുപോലെ പ്രകടിപ്പിക്കാനും പങ്കിടാനും യേശു ശ്രമിക്കുന്നതു നമ്മുടെ അന്തരംഗത്തെ ചലിപ്പിക്കേണ്ടതാണ്.

തീവ്രമായ വിരഹവേദനയിലുള്ളവരെ സർക്കാർ നിയന്ത്രണങ്ങൾ മൂലം നമുക്കു സമീപിക്കാനോ, സ്പർശിക്കാനോ, കൂടെയിരുന്നു ആശ്വസിപ്പിക്കാനോ കഴിഞ്ഞില്ല. മൂന്നു ദിവസം വൈകി കർത്താവ് എത്തിയതുപോലെ, താമസിച്ചെങ്കിലും നാം ചെല്ലുന്നത് അല്പമെങ്കിലും ആശ്വാസം അവർക്കു പകരുമെങ്കിൽ നാം ഇനിയും അതിനു വൈകരുത്.

വിലപിച്ചശേഷം യേശു ലാസറിനെ മരിച്ചവരിൽ നിന്ന് ഉയിർപ്പിക്കുന്നു. എന്തുകൊണ്ടാണു വന്നയുടൻ ലാസറിനെ ഉയിർപ്പിക്കാഞ്ഞത്? എന്തുകൊണ്ടാണ് ദൂരെ നിന്ന് സുഖപ്പെടുത്താതിരുന്നത് അഥവാ രോഗിയാകുന്നതിൽ നിന്നു ലാസറിനെ തടയാതിരുന്നത്? ഇതെല്ലാം അവിടുത്തെ അധികാരത്തിലായിരുന്നു. എന്നിട്ടും ഒരു കുടുംബം മുഴുവൻ ദുഃഖിക്കാൻ അവിടുന്ന് അനുവദിച്ചു. അവരുടെ കഷ്ടപ്പാടുകളിൽ അവിടുന്ന് അടുക്കലെത്തി, ദൈവിക സ്വഭാവം വെളിപ്പെടുത്തി.

വേദനിക്കുന്നവരുടെ അടുത്തെത്തി അവരുടെ സ്വന്തം സഹോദരന്മാരായി പരിണമിക്കാൻ കഴിയുന്നവിധം ആശ്വാസസംഘങ്ങൾ സഭയിൽ രൂപപ്പെടുത്തേണ്ട സമയമാണിത്. ദുരന്തങ്ങളിലും നഷ്ടങ്ങളിലും തിരക്കുകൂട്ടാതെ പരസ്പരം കരുതാനും അവയ്ക്ക് സാക്ഷ്യം വഹിക്കാനും വേദന പങ്കിടാനും കർത്താവ് നമ്മെ ക്ഷണിക്കുന്നു. ഈ സ്വരം കേൾക്കേണ്ടിടത്ത് ഭരണചക്രം കൈകളിലാക്കാനുള്ള തന്ത്രങ്ങൾ മെനയുന്നതു തികച്ചും അപലപനീയം തന്നെ എന്നും സൂചിപ്പിക്കുന്നു.

ഗുഡ്ന്യൂസിൽ വിവാഹപരസ്യം നല്കുന്നതിനും കാണുന്നതിനും

Advertisement

 

ശാലോം ക്രിസ്ത്യൻ അസംബ്ലി, സിഡ്നി സമർപ്പിക്കുന്ന പുതിയ ഗാനം

 

LEAVE A REPLY

Please enter your comment!
Please enter your name here