മുതിർന്നവരെ അറിയുക; ആദരിക്കുക

0
2869

മുതിർന്നവരെ അറിയുക;
ആദരിക്കുക

സാജു മാത്യു

ചെറിയ പ്രായത്തില്‍ അച്ഛന്‍ പറയുന്നതാണ് കുഞ്ഞിന് അവസാന വാക്ക്!. അന്തരീക്ഷത്തിലെ മേഘങ്ങളാണ് മഴ പെയ്യിക്കുന്നത് എന്നു ഗുരു പഠിപ്പിച്ചാല്‍ കുരുന്നു പറയും : “ടീച്ചർ, അതു ശരിയല്ല…. എന്‍റെ അച്ഛന്‍ പറഞ്ഞല്ലോ, ദൈവമാണ് മഴ പെയ്യിക്കുന്നതെന്ന്!. 
കൗമാരത്തിലെത്തുമ്പോള്‍ കുട്ടിക്ക് ടീച്ചറിന്‍റേതാണ് അവസാന വാക്ക്! അച്ഛന്‍ എന്തെങ്കിലും പറഞ്ഞാല്‍, “ഞങ്ങളുടെ ടീച്ചർ അങ്ങനെയല്ലല്ലോ പറഞ്ഞത്” എന്നാവും കുട്ടിയുടെ പ്രതികരണം!.
യൗവ്വനത്തിലെത്തിയാല്‍ കാര്യങ്ങള്‍ പിന്നെയും തിരിഞ്ഞു മറിയും… “ ഈ ടീച്ചർക്ക് ഒരു വിവരവുമില്ല…. അങ്ങേർക്ക് അറിയാന്‍ വയ്യ എങ്കില്‍ എന്നോടു ചോദിക്കേണ്ടേ? ഞാന്‍ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കാമല്ലോ…..
മദ്ധ്യ വയസ്സു കഴിയുമ്പോള്‍ ഇതേ ആള്‍ പറയും.: “ഞാന്‍ ആകെ കണ്‍ഫ്യൂഷനിലാണ്.. ടീച്ചറിന്‍റെ ഫോണ്‍‌ നമ്പർ ഒന്നു കിട്ടിയിരുന്നെങ്കില്‍!
വാർദ്ധക്യത്തിലേക്കു കടക്കുമ്പോള്‍ പിന്നെയും കാര്യങ്ങള്‍ മാറി…. ഞാനിത് ആരോടു ചോദിക്കും…. അച്ഛനുണ്ടായിരുന്നെങ്കില്‍‌..
മുതിർന്നവരുടെ മാഹാത്മ്യം യുവാക്കളായിരിക്കുമ്പോള്‍ നാം തിരിച്ചറിയുന്നില്ല….. എന്നാല്‍ നമ്മുടെ സമൂഹത്തിന്‍റെ ‘കിരീട’മാണ് മുതിർന്നവർ എന്ന് തിരുവചനം നമ്മെ പഠിപ്പിക്കുന്നു. “ നരച്ചതല ശോഭയുള്ള ഒരു കിരീടമാകുന്നു” (സദൃശ്യവാക്യങ്ങള്‍ 16:31)


‘മുതിർന്നവർ’ എന്നാല്‍ ആരാണ്?
അപ്പനും അമ്മയും തീർച്ചയായും അതില്‍ ഉള്‍പ്പെടും. എന്നാല്‍ എന്‍റെ സ്വന്തം അപ്പനും അമ്മയും മാത്രമല്ല, മുതിർന്നവർ… യുവാക്കളെ ‘പുതുതലമുറ’ എന്നു പറയുന്നതുപോലെ ഒരു കാലത്തു സമൂഹത്തിന്‍റെ മുഖ്യധാരയില്‍ നിന്ന് കുടുംബത്തിനും സമൂഹത്തിനും വേണ്ടി അദ്ധ്വാനിച്ച് പിന്നെ തളർന്ന് മുഖ്യധാരയില്‍ നിന്നു മാറി നില്‍ക്കേണ്ടി വരുന്നവരെല്ലാം മുതിർന്ന തലമുറയിലെ അംഗങ്ങളാണ്. അവരില്‍ ഒന്നാമതു നില്‍‌ക്കുന്നതു നമ്മുടെ മാതാപിതാക്കള്‍ തന്നെ. അവരെ നാം സ്നേഹിക്കണം, കരുതണം, ആദരിക്കണം! അത് ദൈവത്തിന്‍റെ മാറ്റിക്കൂടാത്ത കല്‍പനയാണ് (പുറപ്പാട് 20:12)
“നിന്നെ ജനിപ്പിച്ച അപ്പന്‍റെ വാക്കു കേള്‍ക്ക; നിന്‍റെ അമ്മ വൃദ്ധയായിരിക്കുമ്പോള്‍ അവളെ നിന്ദിക്കരുത്.” ‘’നിന്‍റെ അമ്മയപ്പന്‍മാർ സന്തോഷിക്കട്ടെ, നിന്നെ പ്രസവിച്ചവർ ആനന്ദിക്കട്ടെ…..’’(സദൃശ്യവാക്യങ്ങള്‍ 23-22, 25)
ഒരു കാലത്ത് ജേതാക്കളായി കഴിഞ്ഞിരുന്നവർ; എല്ലാവരെയും താങ്ങി നടത്തിയിരുന്നവർ ഇപ്പോള്‍ ഒരു താങ്ങിനായി കൊതിക്കുകയാണ്. നമ്മളവർക്ക് ‘സീനിയർ സിറ്റിസണ്‍സ്’ എന്ന ടൈറ്റില്‍ കൊടുത്ത് ഒരു മൂലയ്ക്കിരുത്തിയിരിക്കുന്നു.
ടൈറ്റിലൊക്കെ എന്‍ജോയ് ചെയ്യാന്‍ കഴിയുന്നത് നിങ്ങള്‍ നെഞ്ചു നിവർത്തി സ്വന്തം കാലില്‍ നില്‍ക്കുമ്പോഴാണ്. ഒടിഞ്ഞുകൂനി ഒരു മൂലയ്ക്കിരിക്കുമ്പോള്‍ വൃദ്ധനു വേണ്ടത് ടൈറ്റിലല്ല, ഒരു താങ്ങ് ആണ്. അവരുടെ സാമീപ്യത്തില്‍ നാം സന്തോഷിക്കുന്നുണ്ട് എന്ന ഒരു തിരിച്ചറിവ്….. അതുണ്ടായില്ലെങ്കില്‍ താന്‍ മറ്റുള്ളവർക്ക് ഒരു ബാധ്യതയാണെന്നും മക്കള്‍പോലും തന്‍റെ തിരോധാനമാണു കൊതിക്കുന്നതെന്നും ചിന്തിച്ച് അവർ മനസ്സു തകർന്നവരായേക്കാം. അവർക്കു വേണ്ടി നമുക്കു ചെയ്യാന്‍ കഴിയുന്ന ചില ചില്ലറ കാര്യങ്ങളുണ്ട്. ആദരവുള്ള ഒരു നോട്ടം; അവരുടെ വാക്കുകള്‍ കൗതുകത്തോടെ ശ്രവിക്കുന്നത്; കരുതലിന്‍റെ രണ്ടു വാക്കുകള്‍‌ സ്നേഹത്തിന്‍റെ ഒരു ആശ്ലേഷണം!


നമ്മുടെ മാതാപിതാക്കളെ സ്നേഹിക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍ നമ്മുടെ സ്നേഹവും ആദരവും ബഹുമാനവും നമ്മുടെ സ്വന്തം മാതാപിതാക്കള്‍ക്കു മാത്രമായി പരിമിതപ്പെടുത്തുരുത്. പൗലോസ് തിമൊഥെയോസിനോടു പറയുന്നതു ശ്രദ്ധിക്കുക.
‘’മൂത്തവരെ ശകാരിക്കാതെ നിന്‍റെ പിതാവിനോട് എന്നവണ്ണം അവരെ ഉദ്ബോധിപ്പിക്കുക. ചെറുപ്പക്കാരെ സഹോദരന്മാരെന്നപോലെയും പ്രായം ചെന്ന സ്ത്രീകളെ മാതാപിതാക്കളെപ്പോലെയും യുവതികളെ തികച്ചും നിർമല ഹൃദയത്തോടുകൂടി സഹോദരിമാരെപ്പോലെയും കരുതി ഉപദേശിക്കുക. യഥാർത്ഥ വിധവമാരെ ആദരിക്കണം (1 തിമൊഥെയോസ് 5:1-3)
വൃദ്ധരെ ബഹുമാനിക്കുന്നതിനെപ്പറ്റി പഴയ നിയമത്തിലും വ്യക്തമായ കല്‍പനകളുണ്ടായിരുന്നു.
“പ്രായം ചെന്ന തലനരച്ചവരുടെ മുമ്പില്‍ എഴുന്നേറ്റു നിന്ന് ആദരം കാണിക്കണം. നിന്‍റെ ദൈവത്തെ ഭയപ്പെടുക; ഞാന്‍ സർവ്വേശ്വരനാകുന്നു…” (ലേവ്യർ 19: 32- ആധുനിക പരിഭാഷ)
എന്നാല്‍, ആദരം വാക്കുകളില്‍ മാത്രം പോര, അവരെ കരുതുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.

Advertisement


‘’ഒരു വിധവയ്ക്ക് പ്രാപ്തിയായ മക്കളോ മക്കളുടെ മക്കളുടെ മക്കളോ ഉണ്ടെങ്കില്‍ ആ മക്കള്‍ സ്വന്തം കുടുംബത്തിലെ അഗതികളോടുള്ള ആത്മീയധർമം എന്തെന്നും മനസ്സിലാക്കി തങ്ങളുടെ മാതാപിതാക്കളെ യഥോചിതം ശുശ്രൂഷിക്കാന്‍ പഠിക്കട്ടെ. അത് ദൈവത്തിന് പ്രസാദമായിരിക്കും.
ഒരുവന്‍ അഗതികളായ ബന്ധു ജനങ്ങളുടെ പ്രത്യേകിച്ച് മാതാപിതാക്കള്‍, സഹോദരങ്ങള്‍ പോലെ സ്വന്ത കുടുംബാംഗങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നില്ലെങ്കില്‍ അയാള്‍ വിശ്വാസം പരിത്യജിച്ചവനും; അവിശ്വാസകളേക്കാള്‍ അധമനും ആകുന്നു (1 തിമൊഥെയോസ് 5: 4, 8 ആധുനിക പരിഭാഷ).

യേശു കർത്താവ് ഇക്കാര്യത്തിലും നമുക്ക് ഒരു മാതൃകയാണ്. ക്രൂശില്‍ പിടഞ്ഞു മരിക്കുമ്പോഴും യേശുവിന്‍റെ മനസ്സില്‍ തന്‍റെ മാതാവിന്‍റെ സംരക്ഷണം ഒരു വേദനയായിരുന്നു. തന്‍റെ മാതാവിനെ സംരക്ഷിക്കുവാന്‍ ശിഷ്യനായ യോഹന്നാനെ പറഞ്ഞേല്‍പ്പിച്ചിട്ടാണ് യേശു ജീവന്‍ വെടിഞ്ഞത്! ( യോഹന്നാന്‍ 19 : 26, 27)


മുതിർന്നവരെ അറിയുക; അംഗീകരിക്കുക; ആദരിക്കുക; കരുതുക…. നമ്മളതു ചെയ്യുമ്പോള്‍ നമ്മുടെ നാഥനായ യേശുവിന്‍റെ മുഖത്ത് ഒരു പുഞ്ചിരി വിരിയുന്നത് നമുക്ക് കാണുവാന്‍ കഴിയും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here