മരണക്കളിയാകുന്ന കുട്ടിക്കളികൾ  

0
1564

മരണക്കളിയാകുന്ന കുട്ടിക്കളികൾ

സന്ദീപ് വിളമ്പുകണ്ടം

നിരായുധനായി നിസ്സഹായതയോടെ നിൽക്കുന്ന എതിരാളിയുടെ ശിരസ്സിൽ ആ പന്ത്രണ്ടുകാരൻ തോക്കു ചേർത്തുപിടിച്ചു. ‘ഇനി നിനക്കു രക്ഷയില്ല!’ കമ്പ്യൂട്ടർ സ്‌ക്രീനിലെ കഥാപാത്രത്തെ നോക്കി അവൻ ഒരു കൊലച്ചിരി പാസ്സാക്കി. ‘നിന്നെ ഞാൻ തട്ടും!’ അവൻ ബട്ടണിൽ വിരലമർത്തി. കഥാപാത്രത്തിന്റെ മുഖത്തുതന്നെ വെടിയേറ്റു, ചീറ്റിയ രക്തം അയാളുടെ വെള്ളക്കുപ്പായത്തിലേക്കു തെറിച്ചു, അയാൾ കുഴഞ്ഞുവീണു. ‘അവന്റെ കഥ കഴിഞ്ഞു!’ പയ്യൻ തിമിർത്തു ചിരിച്ചു.”

ഓൺലൈൻ ഗെയിം ആവേശത്തോടെ കളിക്കുന്ന ഒരു പന്ത്രണ്ടുകാരൻ്റെ പ്രകടനത്തിലെ ഒരു ചെറിയ രംഗമാണിത്. നിഗ്രഹിക്കാനുള്ള വ്യഗ്രത വർധിപ്പിക്കുന്ന ഇത്തരം കുട്ടികളികൾ മരണകളികളാകുന്ന വാർത്തകൾ സമൂഹത്തെ ദിനവും ഞെട്ടിക്കുകയാണ്. കേരളത്തിലെ നിരവധി കുടുംബങ്ങളെ കണ്ണീരിലാഴ്ത്തിയ ഓൺലൈൻ ഗെയിം ‘ഫ്രീ ഫയർ’ എന്ന പേരിലാണ് ഈ കോവിഡ് കാലം കളം നിറഞ്ഞു നിൽക്കുന്നത്. നിരവധി കുഞ്ഞുങ്ങളെ മരണത്തിലേക്ക് തള്ളിയിട്ട ഈ മരണകളി പല മാതാപിതാക്കൾക്കും ലക്ഷങ്ങളുടെ നഷ്ടവും വരുത്തുന്നുണ്ട്.

“ഒരു പാരച്യൂട്ടിൽ ദ്വീപിലേക്ക് പരനിറങ്ങുന്നവർ, യുദ്ധഭൂമിയിലേക്ക് ഇറങ്ങുന്ന ഇവർ ആയുധങ്ങൾ നേടുന്നു, പിന്നീട് ഈ ആയുധങ്ങളുമായി പരസ്പരം പോരാടുന്നു” ഇത്തരത്തിൽ പോരടിക്കുന്ന സർവൈവൽ ഗെയിമായ ഫ്രീ ഫയർ നിരോധിക്കപ്പെട്ട പബ്‌ജിക്കു സമാനമാണ്. ഗെയിം സൗജന്യമാണ്. കളിക്കാൻ എളുപ്പമാണ്. വേഗത കൂടുതലുണ്ട്. വിലകുറഞ്ഞ സ്‌മാർട്ട് ഫോണുകളിൽ പോലും കളിക്കാം. സുഹൃത്തുക്കളുമായി ഒരുമിച്ച് കളിക്കാം. ചാറ്റിനെത്തുന്നവർ യഥാർത്ഥ കഥാപാത്രങ്ങളെ പോലെ അപകടത്തിൽ പെട്ട് മരിക്കാൻ നേരത്ത് വിലപിക്കുകയും രക്തം ഒഴുക്കുകയും ചെയ്യുന്നതൊക്കെ കാണുമ്പോൾ കുട്ടികളുടെ മനസും വൈകാരികമായി പ്രതിപ്രവർത്തിക്കുന്നു. അപ്പോൾ തന്നെ കുലപാതകത്തെ കുറ്റം വിധിക്കുന്ന ധാർമിക ബോധത്തെ മറികടക്കാനുള്ള പരിശീനനവും ഈ കുട്ടികൾക്ക് ലഭിക്കുന്നു.

കളിയുടെ ഓരോ ഘട്ടം കഴിയുമ്പോഴും വെർച്വൽ കറൻസി വാങ്ങാനും ആയുധങ്ങൾക്കും വസ്ത്രങ്ങൾക്കുമായി ഷോപ്പിംഗ് നടത്താനും മറ്റു ചൂതാട്ട ഗെയിമുകൾ കളിക്കാനുള്ള പ്രേരണയും ഫ്രീഫയറിലുണ്ട്. തുടർച്ചയായ പരസ്യങ്ങളിലൂടെയോ കളിക്കാർക്കുള്ള ദൗത്യങ്ങളായി മറച്ചുവച്ചോ ഓൺലൈൻ പർച്ചേസിനുള്ള സമ്മർദ്ദം ഈ ഗെയിമുകളിൽ കൂടുതലാണ്. ടൂർണമെന്റുകൾ സംഘടിപ്പിച്ചു ഉയർന്ന പ്രവേശന ഫീസും ഈ സർവൈവൽ കളിയിലുണ്ട്.

തിരുവന്തപുരത്തും, കട്ടപ്പനയിലും കുട്ടികളുടെ ജീവനെടുത്ത ഈ മരണക്കളിയ്ക്ക് നിരവധി കുട്ടികൾ അടിമകളാണ്.  വലിയ സാമ്പത്തിക നഷ്ട്ടങ്ങൾ സംഭവിച്ച പല കുടുംബങ്ങളും നാണക്കേട് കാരണം പുറത്തു പറയാതിരിക്കുകയാണ്. മാനസീക വ്യതിയാനകൾ സംഭവിച്ചു അനേക കുട്ടികൾ ചികിത്സാസഹായം തേടുന്നു. കളിയുടെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുവാൻ ആവശ്യമായ പണം ഏതു വിധേനയും കണ്ടെത്തുവാൻ ശ്രമിക്കുകയാണ് ഫ്രീ ഫയർ അടിമകൾ. പണം ലഭിക്കാതെ വരുമ്പോൾ കുടുംബാംഗങ്ങളോട് പരുഷമായി ഇടപെടുകയും ആക്രമണ സ്വഭാവം പ്രകടിപ്പിക്കുകയും, കുടുംബത്തിലെ സമാധാന അന്തരീക്ഷം തകർക്കുകയും ചെയ്യുന്നു. പല മാതാപിതാക്കളും പുറത്തുവരുന്ന വാർത്തകൾ ശ്രവിച്ചു ഞെട്ടി തരിക്കുകയാണ്. ഓൺലൈൻ പഠനമെന്ന വ്യാജേന നിരവധി കുഞ്ഞുങ്ങളാണ് ദിവസവും ഫ്രീ ഫയറിനു അടിമകളാകുന്നത്.

നാണയം ഇട്ടു കളിക്കുന്ന ‘ഡെത്ത്‌ റേസ്‌’ എന്ന പേരോടുകൂടിയ ഒരു ഗെയിം 1976-ൽ പുറത്തിറങ്ങി. ഈ കളിയിൽ, സ്‌ക്രീനിലൂടെ തലങ്ങും വിലങ്ങും നീങ്ങുന്ന വഴിയാത്രക്കാരെ വണ്ടിയിടിപ്പിച്ചു കൊല്ലുകയാണ്‌ കളിക്കാരൻ ചെയ്യേണ്ടിയിരുന്നത്‌. ഏറ്റവും കൂടുതൽ പേരെ കൊല്ലുന്ന കളിക്കാരനായിരിക്കും വിജയി. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന ഗെയിമുകൾക്ക്‌ എതിരെയുള്ള പൊതുജന പ്രതിഷേധം അന്നുമുതൽ ആരംഭിച്ചതാണ്. ഇത്തരം ഗെയിമുകൾ വിവിധ പേരുകളിൽ എക്കാലവും പ്രത്യക്ഷപെടാറുണ്ട്.  നിരവധി പരാതികൾ  റിപ്പോർട്ട് ചെയ്യുമ്പോൾ അവ നിരോധിക്കുകയും, ഉടൻ തന്നെ സമാന സ്വഭാവമുള്ള ഗെയിം മറ്റൊരു പേരിൽ കളം നിറയുകയും ചെയ്യും. കുറഞ്ഞു കാലയളവുകൊണ്ട്  ഓരോ ഗെയിമുകളും സമൂഹത്തിൽ വരുത്തുന്ന നഷ്ട്ടം ചെറുതല്ല.  ഇന്ന് സാങ്കേതിക വിദ്യ വികസിച്ചു, സങ്കീർണമായ അത്യാധുനിക ഗെയിമുകൾ ദൃശ്യപ്രതിരൂപങ്ങളെ അതീവ വ്യക്തതയോടെ ആവിഷ്കരിക്കുമ്പോൾ കുട്ടികൾ വേഗത്തിൽ ആകർഷരാകും.

ഫ്രീ ഫയറിനു വിലക്കേർപ്പെടുത്തേണ്ടത് അത്യാവശ്യമാണെകിലും, നിരോധനം ശാശ്വത പരിഹാരമല്ല.  പുതിയ പേരിൽ സമാനമായ ഗെയിം പ്രത്യക്ഷപ്പെട്ട് സാമൂഹിക വിപത്തുകൾ ആവർത്തിക്കുക തന്നെ ചെയ്യും. ബോധവത്കരണവും കുട്ടികളുടെ ദൈനംദിന പ്രവർത്തികളിൽ രക്ഷിതാക്കളുടെ ശ്രദ്ധയുമാണാവശ്യം. പ്രത്യേകിച്ച് ഈ അടച്ചിടലിന്റെ കാലം അതീവ ജാഗ്രത പുലർത്തണം മുതിർന്നവർ.  സാങ്കേതിക വിദ്യയിലുള്ള കഴിവിൽ പ്രശംസിക്കുമ്പോൾ തന്നെ കുട്ടികൾ വിർച്യുൽ ലോകത്തിലെ  നീരാളിയുടെ കൈയിൽ അകപ്പെട്ടോ  എന്നുകൂടി വേണ്ടപ്പെട്ടവർ ശ്രദ്ധിക്കുക. ഇനി ഒരു കുടുംബത്തിനും നഷ്ടങ്ങൾ ഉണ്ടാകാതിരിക്കണം, ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കാം, സഭയും പോഷക സംഘടനകളും കുഞ്ഞുങ്ങളെ സംരക്ഷിക്കാം മുൻകൈ എടുക്കാം. നമുക്ക് പ്രാർത്ഥിക്കാം തലമുറകൾ വഴിതെറ്റാതിരിക്കാൻ.

ഗുഡ്ന്യൂസിൽ വിവാഹപരസ്യം നല്കുന്നതിനും കാണുന്നതിനും

 

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here