പഠിച്ച് തുടങ്ങാം സ്മാർട്ടായി

പഠിച്ച് തുടങ്ങാം സ്മാർട്ടായി

പഠിച്ച് തുടങ്ങാം സ്മാർട്ടായി

ഷിബു കെ ജോൺ കല്ലട

ണ്ടൊരിക്കൽ ഒരു മ്യൂസിയത്തിൽ മനോഹരമായ ജീവൻ തുടിയ്ക്കുന്ന ഒരു ശില്പമുണ്ടായിരുന്നു. ഈ ശില്പത്തെ ഒരു നോക്കു കാണുവാനായി ദിവസവും ആയിരക്കണക്കിന് ആളുകളാണ് മ്യൂസിയം സന്ദർശിച്ചിരുന്നത്. ഇത് കണ്ട് ആ ശില്പത്തിൻ്റെ തൊട്ടടുത്ത് കിടന്നിരുന്ന മാർബിൾ കല്ലിന് വിഷമം തോന്നി. തന്നെപ്പോലെ തന്നെയുള്ള മറ്റൊരു മാർബിൾ കല്ലിന് ലഭിയ്ക്കുന്ന ഇത്ര വലിയ ആദരവിൻ്റെ രഹസ്യം അറിയുവാനുള്ള ആകാംക്ഷ അവളിൽ വർധിച്ചു. അവൾ ശില്പത്തോട് ചോദിച്ച ചോദ്യത്തിന് ശില്പം പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു: ശില്പി എന്നെയും നിന്നെയും ഒരേ കരകൗശലപ്പണിയ്ക്കായി തെരഞ്ഞെടുത്തിരുന്നു. എന്നാൽ ശില്പിയുടെ ഉളി സമ്മാനിക്കുന്ന വേദനകൾക്കു മുമ്പിൽ സമർപ്പിക്കുവാൻ നീ തയ്യാറായില്ല; ഞാൻ തയ്യാറായി! ഒരു വർഷം മുഴുവൻ ഒരു കലാസൃഷ്ടിയുടെ വേദന മുഴുവൻ ഞാനനുഭവിച്ച്, സുന്ദര ശില്പമായി പുറത്തു വന്നു..! എന്നാൽ നിനക്ക് നിലത്ത് വെറുതെ കിടക്കുന്നതായിരുന്നു ഇഷ്ടം!

വീണ്ടും ഒരു അധ്യയന വർഷം കൂടി ആഗതമായിരിക്കുകയാണല്ലോ! മധ്യവേനലവധിയുടെ ആലസ്യത്തിൽ നിന്ന് വിദ്യാലയവും വിദ്യാർത്ഥി സമൂഹവും ഉണർന്ന് കഴിഞ്ഞു. പുത്തനുടുപ്പും പുതിയ കുടയും ബാഗുമായി കുരുന്നുകൾ അക്ഷരമുറ്റത്തേക്ക് ജൈത്രയാത്ര തുടങ്ങിക്കഴിഞ്ഞു! ജീവിതം പോലെ തന്നെ വിദ്യാഭ്യാസവും വെല്ലുവിളികൾ നിറഞ്ഞതാണ്. സമരവും പ്രളയവും മഹാമാരിയും എന്തിനേറെ പറയുന്നു ഇലക്ഷനുകൾ വരെ ബാധിക്കുന്നത് നമ്മുടെ കുട്ടികളെയാണ്. വർഷം മുഴുവൻ നീണ്ട് നിൽക്കുന്ന സപര്യയാണ് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം. ഇവിടെ വിജയിക്കുന്നത് കഠിനാധ്വാനം ചെയ്യുന്നവർ തന്നെയാവണമെന്നില്ല. മറിച്ച് സ്മാർട്ടായി പഠിയ്ക്കുന്നവരാണ് വിജയിക്കുന്നത്!! ഇക്കൊല്ലം പഠനം സ്മാർട്ടാക്കാനുള്ള ചില വഴികൾ നാം ചിന്തിക്കുകയാണ്. 

ആൽബർട്ട് ഐൻസ്റ്റീൻ പറഞ്ഞിട്ടുള്ള ഒരു കാര്യമിതാണ്: "നിങ്ങൾക്ക് സന്തോഷകരമായ ജീവിതം നയിക്കണമെങ്കിൽ, അത് ഒരു ലക്ഷ്യവുമായി ബന്ധിപ്പിക്കുക, ആളുകളുമായോ വസ്തുക്കളുമായോ അല്ല." Aim High അഥവാ ഉയർന്ന ലക്ഷ്യം നിങ്ങൾക്കുണ്ടായിരിക്കട്ടെ! ഒരു സ്ഥാപനത്തിന് ഒരു ലക്ഷ്യമുണ്ടെങ്കിൽ മാത്രമേ ആ ലക്ഷ്യത്തിലേക്ക് പ്രയാണം ഉണ്ടാവുകയുള്ളു. ലക്ഷ്യമില്ലാതെയുള്ള പ്രവർത്തനങ്ങൾ ചിതറിക്കിടക്കുന്ന കല്ലുകൾ പോലെയാണ്. കെട്ടിടം പണിയുവാൻ അത് ഉപകരിക്കുകയില്ല. ഈ വർഷത്തെ സംസ്ഥാന സർക്കാരിൻ്റെ പ്രവേശനോത്സവത്തിൽ ശ്രീ മുരുകൻ കാട്ടാക്കട രചിച്ച ഗാനം ഉയർന്ന ലക്ഷ്യബോധത്തെ അടിവരയിടുന്നതാണ്: മിന്നാമിനുങ്ങിനെ പിടിക്കലല്ല ജീവിതം. സൂര്യനെ പിടിക്കണം...

പാഠത്തെ സ്നേഹിക്കുകയാണ് അടുത്ത പടി. സ്റ്റീവ് ജോബ്സ് പറഞ്ഞിരിക്കുന്ന ഒരു സുപ്രധാന വരിയുണ്ട്: വലിയ ജോലി ചെയ്യാനുള്ള ഒരേയൊരു മാർഗ്ഗം നിങ്ങൾ ചെയ്യുന്നതിനെ സ്നേഹിക്കുക എന്നതാണ്. അതെ, പഠനമായാലും തൊഴിലായാലും ചെയ്യുന്നതിനെ ഇഷ്ടപ്പെടുമ്പോഴാണ് ആസ്വാദ്യത വർധിക്കുന്നതും കൂടുതൽ പ്രവർത്തിക്കുവാൻ നമുക്ക് ഊർജ്ജം ലഭിക്കുന്നതും! പാഠ്യവിഷയങ്ങളെ ഇഷ്ടപ്പെടുക, പുസ്തകങ്ങളെ കൂട്ടുകാരാക്കുക അധ്യാപകരുമായി നല്ല ആശയ വിനിമയം കാത്തു സൂക്ഷിക്കുക തുടങ്ങിയ കാര്യങ്ങൾ നിങ്ങളുടെ പഠനത്തിന് 'എജ്ജ്' (Edge) തരുന്ന കാര്യങ്ങളാണ്.

തിന്മകൾക്കെതിരെ ജാഗരൂകരായിരിക്കുക എന്നതും അതിപ്രധാനമാണ്. തൻ്റെ ഗ്രാമവാസികളെല്ലാം സൽസ്വഭാവികളായിരിക്കണമെന്ന് നിർബന്ധമുള്ള ഒരു ഗുരു ഉണ്ടായിരുന്നു. ഗ്രാമവാസികൾ കാൺകെ വലിയ ഭാരമുള്ള കല്ല് അദ്ദേഹം ഒരു വലിയ കുന്നിൻ മുകളിലേക്ക് തള്ളിക്കയറ്റി. പൊടുന്നനെ അത് അവിടെ നിന്നും താഴേക്ക് തള്ളിയിട്ടു. ഇത് പല തവണ ആവർത്തിച്ചപ്പോൾ ആളുകൾ അദ്ദേഹത്തിന് സമനില തെറ്റിയതായി തെറ്റിദ്ധരിച്ചു. എന്നാൽ നിർമ്മാണ പ്രക്രിയകളെല്ലാം ദൈർഘ്യമേറിയതും നശീകരണ പ്രക്രിയകളെല്ലാം വേഗത്തിലുള്ളതുമാണ് എന്ന സത്യം ഗ്രാമവാസികളെ പഠിപ്പിക്കുവാനായി അദ്ദേഹം തെരഞ്ഞെടുത്ത മാർഗ്ഗമായിരുന്നു കല്ല് ഉരുട്ടി കയറ്റൽ. നാർക്കോട്ടിക്സ് ഇൻ്റലിജൻസ് പറയുന്നതനുസരിച്ച് കേരളത്തിലെ  1100 സ്കൂളുകൾ ലഹരിമാഫിയയുടെ പ്രശ്നബാധിത പട്ടികയിലുള്ളവയാണ്. മറ്റ് കുട്ടികൾ വച്ചുനീട്ടുന്ന യാതൊരു വസ്തുക്കളും നിങ്ങൾ മണത്ത് നോക്കുകയോ രുചിച്ച് നോക്കുകയോ ചെയ്യരുത്. സ്കൂൾ പരിസരത്ത് സംശയാസ്പദ സാഹചര്യങ്ങളിൽ കാണപ്പെടുന്നവരുടെ വിവരങ്ങൾ പ്രിൻസിപ്പലിനെയോ ബന്ധപ്പെട്ട അധ്യാപകരെയോ അറിയിക്കുവാൻ മടിക്കരുത്! 

ഒപ്പം പാഠ്യേതര പ്രവർത്തങ്ങളിൽ പങ്കെടുക്കുക. ഇതിലൂടെ കായിക ക്ഷമത വർധിക്കുകയും തോൽവിയെ നേരിടാൻ പഠിയ്ക്കുകയും ചെയ്യുന്നു. കലാ - കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നതിലൂടെ നിങ്ങളുടെ സ്വതസിദ്ധമായ കഴിവുകളെ കണ്ടെത്തി വളർത്തുവാനും സാധിക്കും..! കൂട്ടായ പ്രവർത്തനം, സഹിഷ്ണുത തുടങ്ങിയ ജീവിത നൈപുണ്യങ്ങളും ( Life skills) ആർജ്ജിക്കുന്നത് പാഠ്യേതര പ്രവർത്തനങ്ങളിലൂടെയാണ്.

പ്രാർത്ഥനയും, ദൈവാശ്രയവുമുണ്ടെങ്കിൽ ഏതൊരു സാഹചര്യങ്ങളെയും രൂപാന്തരപ്പെടുത്തിയെടുക്കുവാൻ നമുക്ക് കഴിയും. ആകയാൽ ഇവ രണ്ടും രണ്ട് ചിറകുകൾ പോലെ സൂക്ഷിക്കുക. ഇവയുടെ സഹായത്തിൽ നിങ്ങൾക്ക് 'നിങ്ങൾ പ്രത്യാശിക്കുന്ന ശുഭഭാവി ' കരഗതമാക്കുവാൻ നിശ്ചയമായും സാധിക്കും! അതു കൊണ്ട് പഠനം സ്മാർട്ടാക്കുന്ന മേൽപ്പറഞ്ഞ വഴികൾ തുടക്കത്തിലേ ശീലമാക്കിക്കൊള്ളുക..!

Advertisement