ദീർഘായുസ്സോ നിത്യജീവനോ ?
ദീർഘായുസ്സോ നിത്യജീവനോ ?
പാസ്റ്റർ ബി മോനച്ചൻ കായംകുളം
പഴയ നിയമ കാഴ്ചപ്പാടിൽ ദീർഘായുസ്സ് ആയിരുന്നു അനുഗ്രഹ നിദാനമായി കണ്ടിരുന്നതെങ്കിൽ പുതിയ നിയമത്തിൽ ദീർഘായുസ്സിനെക്കാൾ നിത്യജീവന് പ്രാധാന്യം നൽകുന്നു.
ദീർഘായുസ്സുകൊണ്ടു ഞാൻ അവന്നു തൃപ്തിവരുത്തും; എന്റെ രക്ഷയെ അവന്നു കാണിച്ചുകൊടുക്കും.(സങ്കീ. 91:16 )
അബ്രഹാമിനോട് ദൈവം വാഗ്ദത്വം ചെയ്യുന്നു " സമാധാനത്തോടെ നീ നിന്റെ പിതാക്കന്മാരോടു ചേരും; നല്ല വാർദ്ധക്യത്തിൽ അടക്കപ്പെടും."(ഉല്പത്തി 15:15). തന്റെ ജീവിത സായാഹ്നത്തിൽ ദൈവം ആ വാഗ്ദത്വം നിവർത്തിക്കുന്നു
അബ്രാഹാമിന്റെ ആയുഷ്കാലം നൂറ്റെഴുപത്തഞ്ചു സംവത്സരം ആയിരുന്നു. അബ്രാഹാം വയോധികനും കാലസമ്പൂർണ്ണനുമായി നല്ല വാർദ്ധക്യത്തിൽ പ്രാണനെ വിട്ടു മരിച്ചു, തന്റെ ജനത്തോടു ചേർന്നു. (ഉല്പത്തി 25;7,8) തൻ്റെ മകനായ യിസഹാക്കിനെ കുറിച്ചും ഇതേ വാചകം വിശുദ്ധ ബൈബിൾ എഴുതിയിരിക്കുന്നു (ഉല്പത്തി 35:29 ) ഇതുകൂടാതെ പഴയനിയമ പിതാക്കന്മാർ മിക്കാവാറും എല്ലാം വരും തന്നെ നല്ല വാർദ്ധക്യത്തിൽ മരിച്ചടക്കപ്പെട്ടവരായിരുന്നു.
എന്നാൽ പുതിയനിയമം ദീർഘായുസ്സിനല്ല പ്രാധാന്യം നൽകുന്നത് നിത്യജീവനാണ്.
പുതിയ നിയമത്തിലെ ആദ്യത്തെ രക്തസാക്ഷിയായ സ്തേഫാനോസ് വളരെ പ്രായം കുറഞ്ഞ ചെറുപ്പക്കാരനായിരുന്നു അദ്ദേഹത്തിന് തന്റെ ശുശ്രൂഷ കാലയളാവിൽ ഒരു പ്രസംഗം മാത്രമേ നടത്താൻ കഴിഞ്ഞുള്ളൂ. അദ്ദേഹം കല്ലേറുകൊണ്ട് മരിക്കുകയായിരുന്നു. സുവിശേഷ വിരോധികളുടെ കൺമുമ്പിൽ മരിച്ചുവീണ ആ ദൈവഭക്തനെ പരീശന്മാരും ശാസ്ത്രിമാരും യഹൂദ മതനുസാരികളുമായ അന്നത്തെ ക്രിസ്തു വിരോധികളെയും പേടിപ്പിക്കുവാൻ വേണ്ടി ദൈവം മരണത്തിൽ നിന്ന് ഉയർപ്പിച്ചില്ല; മറിച്ച് തന്നെ സ്വീകരിപ്പാൻ സ്വർഗ്ഗത്തിൽ കർത്താവ് എഴുന്നേറ്റു നിൽക്കുകയായിരുന്നു. കൂടാതെ ഭക്തിയുള്ള പുരുഷന്മാർ സ്താഫാനോസിനെ കുറിച്ച് വിലാപം കഴിക്കുകയും തൻ്റെ ഭൗതികശരീരം അടക്കം ചെയ്യുകയും ചെയ്തു. (അപ്പേ. പ്രവർത്തി 8:2)
യേശു കർത്താവ് മാനവ കുലത്തിനായി തൻ്റെ ജീവൻ കാൽവറി ക്രൂശിൽ ബലിയർപ്പിക്കുമ്പോൾ അവിടുത്തേക്ക് മുപ്പത്തി മൂന്നര വയസ്സിൽ കൂടുതൽ ഇല്ലായിരുന്നു എന്ന് വേദ പണ്ഡിതന്മാർ പറയുന്നു.
യേശു കർത്താവ് കഴിഞ്ഞാൽ ദൈവസഭയ്ക്ക് വേണ്ടി ഏറ്റവും അധികം കഷ്ടപ്പാട് സഹിച്ച വിശുദ്ധ പൗലോസ് രക്തസാക്ഷിയായി മരിക്കുമ്പോൾ അല്ലെങ്കിൽ ശിരഛേദം ചെയ്യപ്പെട്ടപ്പോൾ അദ്ദേഹത്തിന് 58 വയസ്സോ ഏറിയാൽ 60 വയസ്സു മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്ന് അദ്ദേഹത്തിന്റെ ജീവചരിത്രം പഠിച്ചാൽ മനസ്സിലാക്കാം.
പൗലോസ് ഫിലേമോന് എഴുതിയ ലേഖനത്തിൽ (1:9) പൗലോസ് എന്ന വയസ്സനും ഇപ്പോൾ ക്രിസ്തുയേശുവിന്റെ ബദ്ധനുമായിരിക്കുന്ന ഈ ഞാൻ സ്നേഹം നിമിത്തം അപേക്ഷിക്കയത്രേ ചെയ്യുന്നതു. എന്ന് എഴുതിയിരിക്കുന്നത് കണ്ടുകൊണ്ട് പൗലോസ് ഒത്തിരി വായസ്സനായിരുന്നു എന്ന് ചിന്തിക്കുന്നവർ ഉണ്ട്. സത്യത്തിൽ മനുഷ്യന്റെ ആയുസ്സ് 70 ഏറെയായാൽ 80 എന്ന തൊണ്ണൂറാം കീർത്തനത്തിൽ പറയുന്നതുപോലെ 70 വരെപോലും അദ്ദേഹം എത്തിയില്ല.
ഇത്രയും ശക്തനും ധൈര്യശാലിയും സുവിശേഷ സേനാനിയും അനവധി സഭകൾ സ്ഥാപിച്ചവനും വിശുദ്ധ നിരവധി പീഡനങ്ങൾ ഏറ്റുവാങ്ങിയവനും വേദപുസ്തകത്തിലെ പുതിയ നിയമത്തിലെ 14 ലേഖനങ്ങൾ എഴുതിയവനുമായ അപ്പോസ്തോലനായ വിശുദ്ധ പൗലോസിനൊരു പത്തു വർഷം കൂടെ ഭൂമിയിൽ ഇരുത്തിയിരുന്നെങ്കിൽ എന്തും മാത്രം ദൈവീക വേലകൾ അദ്ദേഹം പൂർത്തീകരിച്ചേനെ. ദൈവസഭയ്ക്ക് എത്രമാത്രം അനുഗ്രഹമായേനെ. എന്നാൽ ദൈവീക പദ്ധതി അതായിരുന്നില്ല. ദിർഘായുസ്സുള്ള ഒരു സാധാരണ മനുഷ്യ ജീവതം കൊണ്ട് സാധിക്കുന്നതിലപ്പുറം തൻ്റെ അൽപായുസ്സിൽ ദൈവം പൗലോസിനെ കൊണ്ട് ചെയ്തു എന്നത് മറ്റൊരു കാര്യം.
ഇനിയും സഭാ ചരിത്രം പരിശോധിച്ചാൽ എത്രയോ യുവാക്കളും പൈതങ്ങളും യേശു കർത്താവിനു വേണ്ടി അവരുടെ നല്ല പ്രായത്തിൽ അല്ലെങ്കിൽ ചെറുപ്രായത്തിൽ യേശു കർത്താവിനായി രക്തസാക്ഷികളായി മരിച്ചിട്ടുണ്ട്. അത് മാത്രമല്ല അവരെ കൊന്ന ക്രിസ്തുവിരോധികളായ ഭരണകർത്താക്കളും മതനേതാക്കളും വർഗീയ വെറി പൂണ്ടവരും എത്ര ക്രൂരവും നീചവും പൈശാചികവും ആയിട്ടായിരുന്നു അവരെ കൊന്നത്
ശവത്തോടെ കൂട്ടിക്കെട്ടി കൊല്ലുക , നാക്ക് നീട്ടി ആണി അടിച്ചു കൊല്ലുക, ഉമിയിൽ നിറ്റി കൊല്ലുക, തീയിൽ ഇട്ടും, രണ്ടായി വലിച്ചുകീറിയും ക്രൂര മൃഗങ്ങൾക്ക് മുമ്പിൽ ഇരയായി ഇട്ടുകൊടുത്തും ഇഷ്ടിയചൂളയില്‍ ചെളിയോടൊപ്പം ചവിട്ടിക്കുഴച്ച് ഇഷ്ടിക വാർക്കുമ്പോൾ കഷണങ്ങളായി മുറിച്ചു മാറ്റിയും ഇങ്ങനെ എത്രയെത്ര ക്രൂരതകൾ, എന്തുമാത്രം വേദന സഹിച്ച് ആദ്യകാല ക്രിസ്ത്യാനികൾ യേശുവിനു വേണ്ടി രക്തസാക്ഷികളായി മരിച്ചു . അവരെയൊന്നും ഉയർപ്പിക്കുവാനും ജീവിപ്പിക്കുവാനും കർത്താവ് ഇറങ്ങി വന്നില്ല. ദൈവീക പദ്ധതി അവർ അങ്ങനെ നിത്യതയിൽ എത്തണം എന്നതായിരുന്നു.
യേശു കർത്താവ് പറഞ്ഞു , ജീവിച്ചിരുന്ന എന്നിൽ വിശ്വസിക്കുന്നവൻ ആരും ഒരുനാളും മരിക്കുകയില്ല. എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. എന്നിൽ വിശ്വസിക്കുന്നവന് നിത്യജീവൻ ഉണ്ട്.
ഇവിടെ കർത്താവ് വിവക്ഷിക്കുന്നത് തന്നിൽ വിശ്വസിക്കുന്നവർ ആരും ശാരീരിക മരണത്തിന് അധീനരാകില്ല എന്നല്ല , മരിക്കാതെ ജീവിക്കുമെന്നും കർത്താവിന്റെ മടങ്ങിവരവിനു മുമ്പ് അനേക വിശുദ്ധന്മാർ തങ്ങളുടെ ദൗത്യം പൂർത്തീകരിച്ച് മരണം വഴിയായി നിത്യ നാട്ടിലെത്തും അപ്പോൾ തന്നെ കർത്താവിന്റെ വരവിങ്കൽ അന്ത്യ കാഹള നാദത്തിങ്കൾ ചിലർ മരണം കാണാതെ എടുക്കപ്പെടും . ഇതാണ് ക്രിസ്തീയ പ്രത്യാശ.
എത്രനാൾ ഇവിടെ ജീവിക്കുന്നു എന്നതിനേക്കാൾ എങ്ങനെ ജീവിക്കുന്നു എന്നതിനാണ് പ്രാധാന്യത അതിനേക്കാളല്ല ഉപരി ഈ ലോക വാസത്തിനുശേഷം നിത്യജീവനിൽ കടക്കുക. അതാണ് നമ്മുടെ ആത്യന്തിക ലക്ഷ്യം എന്നും അതിനായിട്ട് അത്രയേ കർത്താവ് നമ്മെ വിലയ്ക്ക് വാങ്ങിയത് വിളിച്ചത് വേർതിരിച്ചത്. എന്നും മറക്കാതിരിക്കുക.