നീയും ഞാനും സീയോൻ യാത്രയിൽ

0
1961

നീയും ഞാനും സീയോൻ യാത്രയിൽ
(നാലാം ഭാഗം)

സിസ്റ്റർ സൂസൻ പണിക്കർ

നീയും ഞാനും സീയോൻയാത്രയിൽ ആയിരിക്കുമ്പോൾ സർവ്വശക്തനായ ദൈവം നമ്മുക്ക് തന്നിരിക്കുന്ന ചെവികളെക്കുറിച്ചു ചിന്തിക്കാം.

സദൃശ്യവാക്യങ്ങൾ 23:12 ഇങ്ങനെ പറയുന്നു- നിന്റെ ചെവി പരിജ്ഞാനവചനങ്ങൾക്കു സമർപ്പിക്ക. നാം ഈ ലോകത്തിലായിരിക്കുമ്പോൾ പലതും നാം കേൾക്കാറുണ്ട്. ചിലത് കേൾക്കുന്നത് നാമെല്ലാപേരും തന്നെ ഒരു ചെവികൊണ്ട് കേട്ടു മറ്റേ ചെവിയിൽക്കൂടി പുറത്ത് കളയുന്നു. എന്നാൽ ചിലതു കേൾക്കുമ്പോൾ നാം അത് ഹൃദയത്തിൽ സംഗ്രഹിക്കുന്നു.

യേശുവിന്റെ മാതാവായ മറിയയുടെ അടുത്ത് ദൂതൻ കർത്താവിന്റെ ജനനത്തെകുറിച്ചു പറയുമ്പോൾ അത് മറിയ ഹൃദയത്തിൽ സംഗ്രഹിച്ചതായി കാണുന്നു. ഒരു ദൈവഭക്തനെ സംബന്ധിച്ചടത്തോളം ചെവി ദൈവശബ്ദം കേൾക്കുവാൻ കാതോർത്തിരിക്കുവാനുള്ളതാണ്.

കർത്താവിന്റെ ചെവി നമ്മുടെ ശബ്ദം കേൾക്കുവാനും തുറന്നിരിക്കുന്നു 40-ആം സങ്കീർത്തനത്തിൽ ഇങ്ങനെ പറയുന്നു “അവൻ എങ്കലേക്കു ചാഞ്ഞു എന്റെ നിലവിളി കേട്ടു”. നമ്മുടെ നിലവിളിയെ ശ്രദ്ധിക്കുന്ന, കേൾക്കുന്ന, പ്രാർത്ഥന കേൾക്കുന്ന, ഞരക്കങ്ങൾ അറിയുന്ന, കേട്ട് ഉത്തരമരുളുന്ന ഒരു കർത്താവിനെയാണ് നാം സേവിക്കുന്നതെന്നു പ്രിയരേ നാം മറന്നുപോകരുത്. യഹോവയുടെ ശബ്ദത്തെക്കുറിച്ചു 29-ആം സങ്കീർത്തനത്തിൽ നമ്മുക്ക് കാണാം. യഹോവയുടെ ശബ്ദം മാൻ പേടകളെ പ്രസവിപ്പിക്കുന്നു. ആ ശബ്ദം നമ്മൾ ചെവികൊണ്ട് കേട്ടാൽ യഹോവയിൽ പ്രമോദിക്കുവാൻ നാം ചെവി ചായിച്ചു കാത്തിരിക്കുന്നവർ ആയി ഓരോ ദിവസവും ഈ സീയോൻ യാത്രയിൽ ആയിത്തീരുന്നു. യഹോവയുടെ കണ്ണ് നീതിമാന്മാരുടെ മേലും ചെവി അവരുടെ നിലവിളിക്കും തുറന്നിരിക്കുന്നു. നീതിയോടെ ജീവിക്കുന്ന തന്റെ ഭക്തനെ ഒരുനാളും നിലംപരിചയാക്കാത്ത ഒരു ദൈവത്തെയാണ് നാം സേവിക്കുന്നത്.

വ്യർത്ഥ സംസാരങ്ങളിലും നേരംപോക്കിനും മ്ലേച്ഛതക്കും ചെവിയ്ക്ക് സമയം ഏല്പിച്ചുകൊടുക്കരുത്. ദൈവം അത് നമ്മിൽനിന്നും ആഗ്രഹിക്കുന്നില്ല. സദൃശ്യവാക്യങ്ങൾ 18:15 ജ്ഞാനികളുടെ ചെവി പരിജ്ഞാനം അന്വേഷിക്കുന്നു. സമ്പൂർണ്ണമായ ഒരു ജ്ഞാനം വേണമോ അത് ദൈവവചനത്തിൽനിന്നു മാത്രമേ നമ്മുക്ക് ലഭിക്കുകയുള്ളൂ. അത് തേനിലും തേൻകട്ടയിലും മധുരമുള്ളവ.

കർത്താവായ യേശു ഈ ലോകത്തിൽ ആയിരുന്നപ്പോൾ വചനം പ്രഘോഷിച്ചു സത്യസുവിശേഷത്തെ- സ്വർഗ്ഗരാജ്യത്തെക്കുറിച്ചു പ്രസംഗിച്ചു. അതു കേട്ടവർ മനസാന്തരപ്പെട്ടു. ദൈവരാജ്യത്തോട് അടുക്കുവാൻ, ചേരുവാൻ ഇടയായി തീർന്നു. അനേകം ആത്മീയ പ്രസംഗങ്ങൾ നാം ദിനംപ്രതി കേട്ടുകൊണ്ടിരിക്കുന്നു. എത്ര പേര് ഇത് ഹൃദയങ്ങളിൽ സംഗ്രഹിക്കുകയും അതിൻപ്രകാരം ജീവിക്കുവാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. കേൾക്കുന്ന വചനം ചെവിയിൽ നിന്നും ഒഴുകിപ്പോകാതിരിപ്പാൻ ഏറെ ശ്രദ്ധയോടെ വചനത്തെ ധ്യാനിച്ചാൽ അതു നമ്മുടെ ജീവിതത്തിൽ അനുഗ്രഹമായിത്തീരും.

സങ്കീർത്തനം 45:10 കേൾക്കുക, നോക്കുക, ചെവിചായിക്കുക. ദൈവവചനത്തിനായി ചെവിചായിച്ചാൽ, സർവ്വവും മറന്നു വചനത്തെ മാറോട് ചേർത്താൽ കർത്താവിന്റെ തേജസ് നമ്മിലേക്ക് ദൈവം പകരുവാൻ തുടങ്ങും.

വെളിപ്പാട് 22:18 ഇങ്ങനെ പറയുന്നു “ഈ പുസ്തകത്തിലെ പ്രവചനം കേൾക്കുന്ന ഏവനോടും” ഈ സത്യവേദ പുസ്തകത്തിലെ ഓരോ വചനവും പ്രവചനാത്മവിൽ എഴുതപ്പെട്ടതിനാൽ അതു കേട്ട് അനുസരിക്കുന്നവർക്ക് ദൈവം വാഗ്‌ദത്തം തരുന്ന നിത്യജീവനു അവകാശികൾ ആയിത്തീരുവാനുള്ള ഭാഗ്യം സിദ്ധിക്കും. ചെവിയുള്ളവൻ കേൾക്കട്ടെ!!!

വചനം കേൾക്കുന്നവരായിട്ട് മാത്രം ഇരിക്കുവാനായിട്ടല്ല അതു പ്രമാണിച്ചു അതിൻ പ്രകാരം ജീവിക്കുന്നവർക്കാണ് ഈ അനുഗ്രഹങ്ങൾ സിദ്ധിക്കുന്നത്. ചെവിയെ നട്ടവൻ കേൾക്കയില്ലയോ? (സങ്കീർത്തനം 94:9).

1 പത്രോസ് 3:12 കർത്താവിന്റെ കണ്ണു നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ പ്രാർഥനക്കും തുറന്നിരിക്കുന്നു. എന്നാൽ കർത്താവിന്റെ മുഖം ദുഷ്പ്രവർത്തിക്കാർക്ക് പ്രതികൂലമായിരിക്കുന്നു.

ദുഷ്ടനെ കണ്ടു കർത്താവു മുഖം തിരിക്കുന്നു. എന്നാൽ നീതിമാന്റെ പ്രാർത്ഥനയ്ക്ക് ചെവി തുറക്കുന്ന കർത്താവു!!! നമ്മുടെ ചെവി ഏതിനാണ് തുറന്നുകൊടുക്കേണ്ടത്? ഒരു ഭക്തനായ മനുഷ്യനെക്കുറിച്ചോ ദൈവദാസന്മാരെയോ ദാസിമാരെയോ പരദൂഷണം പറയാൻ തുടങ്ങുമ്പോൾ നിന്റെ ചെവി പൊത്തിപ്പോയാൽ ആ പാപത്തിൽ പങ്കാളിയാകാതെ രക്ഷപ്പെടാം. നമ്മുടെ ചെവികൾ കർത്താവിന്റെ ഇമ്പസ്വരം കേൾക്കാനുള്ളതായിത്തീരട്ടെ.

ദൈവശബ്ദം കേട്ട ശമുവേൽ ബാലനെപ്പോലെ മോശയെപ്പോലെ അബ്രഹാമിനെപ്പോലെ ദാനിയേലിനെപ്പോലെ പ്രവാചകന്മാരെപ്പോലെ അനേകർ വിശുദ്ധവേദപുസ്തകത്തിൽ ഉണ്ട്. അതുപോലെ ദൈവശബ്ദം കേൾക്കുവാൻ നമ്മുക്കും കാതോർക്കാം.

1 കൊരിന്ത്യർ 2:9 “ദൈവം തന്നെ സ്നേഹിക്കുന്നവർക്കു ഒരുക്കീട്ടുള്ളതു കണ്ണു കണ്ടിട്ടില്ല ചെവി കേട്ടിട്ടില്ല, ഒരു മനുഷ്യന്റെയും ഹൃദയത്തിൽ തോന്നീട്ടുമില്ല.”

പ്രിയ ദൈവപൈതലേ, ദൈവത്തെ സ്നേഹിക്കുന്ന നീയും ഞാനും ഈ വചനത്തെ മുറുകെപ്പിടിച്ചാൽ ദൈവം നമ്മുക്കായി ഒരുക്കിയിരിക്കുന്ന സൗഭാഗ്യം പറഞ്ഞു അറിയാൻ കഴിയാത്തതാണ്.  സീയോൻ യാത്രയിൽ നാം ആയിരിക്കുന്നു. ആ സ്വർഗ്ഗീയ സീയോനിൽ നാം എത്തുമ്പോൾ കണ്ണുകൾക്ക് അതിശയം കൂറുമാറ് ചെവികൾ ഇന്നുവരെ കേൾക്കാത്തത് ഒരു മനുഷ്യന്റെയും ഹൃദയത്തിൽ ഇന്നുവരെ തോന്നാത്തത് നമ്മുക്കായി ആ സ്വർഗ്ഗീയ സീയോനിൽ കാത്തിരിക്കുന്നു.

ദൈവം നമ്മെ ഏവരെയും അനുഗ്രഹിക്കുമാറാകട്ടെ.

Advertisement

 

LEAVE A REPLY

Please enter your comment!
Please enter your name here