നീയും ഞാനും സീയോൻ യാത്രയിൽ

0
1024

സൂസൺ പണിക്കർ

നീയും ഞാനും സീയോൻ യാത്രയിൽ ആയിരിക്കുമ്പോൾ ദൈവം നമുക്ക് നൽകിയിരിക്കുന്ന ” ഹൃദയ”ത്തെക്കുറിച്ച് നമുക്കൊന്ന് ചിന്തിക്കാം. നമ്മുടെ ഹൃദയം നിർമ്മലവും നിഷ്കളങ്കവുമായിരിപ്പാൻ ദൈവം ആഗ്രഹിക്കുന്നു. എന്നാൽ ഉൽപത്തി 6:5 ഇങ്ങനെ പറയുന്നു ” ഭൂമിയിൽ മനുഷ്യന്റെ ദുഷ്ടത വലിയതെന്നും അവന്റെ ഹൃദയവിചാരങ്ങളുടെ നിരൂപണമൊക്കെയും എല്ലായ്പ്പോഴും ദോഷമുള്ള തെന്നും യഹോവ കണ്ടു “. താൻ ഭൂമിയിൽ മനുഷ്യനെ ഉണ്ടാക്കുക കൊണ്ട് യഹോവ അനുതപിച്ചതായി കാണുന്നു. പ്രിയ ദൈവ പൈതലേ, നീയും ഞാനും ദൈവസന്നിധിയിൽ എങ്ങനെയാണ്? കർത്താവിന് ആനന്ദം നൽകുന്നവരാണോ – അതോ ദുഃഖിപ്പിക്കുന്നവരാണോ?

നാം ഹൃദയത്തിൽ നിരൂപിക്കുന്നത് ആർക്കും അറിയുവാൻ കഴിയുന്നില്ല. എന്നാൽ ഹൃദയത്തെ ശോധന ചെയ്യുന്ന ദൈവം – അന്തരംഗത്തെ സൃഷ്ടിച്ച ദൈവം അതിന്റെ അറകളിലേക്ക് കടന്നു ഹൃദയ വിചാരങ്ങളെ അറിയുന്നു. മനുഷ്യന്റെ നിരൂപണങ്ങൾ ദൈവത്തിന് പ്രസാദമല്ലെങ്കിൽ എല്ലാം വ്യത്ഥമായി തീരുന്നു.

യഹോവയിൽ പ്രമോദിക്കുന്ന ഒരു ഭക്തൻ, പൂർണ്ണഹൃദയത്തോടെ ആരാധിക്കുന്ന വ്യക്തിയെ വചനവും പറയുന്നത്. സങ്കീ. 4:7- ധാന്യവും വീഞ്ഞും വർധിച്ചപ്പോൾ അവർക്കുണ്ടായതിലും അധികം സന്തോഷം നീ എന്റെ ഹൃദയത്തിൽ നല്കിയിരിക്കുന്നു. ഹൃദയത്തിന്റെ പഠനം നോക്കിയാൽ – ഹൃദയത്തിന് അറകൾ ഉണ്ട്. അതിന്റെ ഞരമ്പുകളെല്ലാത്തിനെയും കുറിച്ച് പഠിച്ചാൽ നമുക്ക് വളരെ അതിശയം തോന്നും. 24 മണിക്കൂറും ഒരു വിശ്രമവും ഇല്ലാതെ പ്രവൃത്തിച്ചുകൊണ്ടിരിക്കുന്നു. കുറെയേറെ അധ്വാനിക്കുമ്പോൾ നാം ക്ഷീണിക്കും. ഹൃദയത്തിന് ക്ഷീണം വന്നാൽ നമ്മുടെ കഥ കഴിഞ്ഞു. ആഹാരത്തിലെ അമിതകൊഴുപ്പിന്റെ ഉപയോഗം ഹൃദയവാൽവുകളിൽ ബ്ലോക്ക് ഉണ്ടാക്കുന്നു. ഇതു പോലെയാണ് ജീവിതത്തിലും അനാവശ്യ കാര്യങ്ങളിൽ ഇടപെട്ട് ഹൃദയത്തെ വേദനിപ്പിക്കുന്നു. അനുഗ്രഹ തടസ്സമായി ബ്ലോക്കുകൾ ഉണ്ടാകുന്നു. മനുഷ്യന്റെ ഹൃദയ നിരൂപണം ശരിയല്ലെങ്കിൽ നിത്യത നഷ്ടമായിപ്പോകും. ദൈവജനമേ നാം ദൈവത്തെ ഭയപ്പെട്ട് ദൈവഹൃദയത്തിന്റെ ആലോചന കേൾപ്പാൻ ആ ഹൃദയത്തോട് നമുക്ക് ചേർന്നിരിക്കാം. കർത്താവിന്റെ മാരോടു ചേർന്നിരുന്നാൽ ആ ഹൃദയതുടിപ്പ് നമുക്ക് മനസ്സിലാക്കാൻ പറ്റും.

സദൃശ്യ. 4:23- ഇങ്ങനെ പറയുന്നു. ” സകലജാഗ്രതയോടു കൂടി നിന്റെ ഹൃദയത്തെ കാത്തുകൊൾക; ജീവന്റെ സ്ഥിതിഗതികൾ നമ്മുടെ ജീവിതത്തെ നിയന്ത്രിക്കുന്ന നമ്മുടെ ഹൃദയം എപ്പോഴും പരിശുദ്ധാത്മാവിന്റെ നിറവിലും നിയന്ത്രണത്തിലുമാണെങ്കിൽ നാം ജനഭൂമിയിലെ ഭാഗ്യവാന്മാർ ആണ്. ജ്ഞാന ഹൃദയൻ വിവേകി എന്ന് വിളിക്കപ്പെടും.

മനുഷ്യന്റെ ഹൃദയത്തിലെ ആലോചന ആഴമുള്ള വെള്ളം; വിവേകമുള്ള പുരുഷനോ അത് കോരി എടുക്കും – സൈക്കോളജിസ്റ്റുകളെ നമുക്ക് അറിയാം. അവർ ഒരു മിനിട്ട് സംസാരിക്കുമ്പോൾ തന്നെ ഒരു വിധം കാര്യങ്ങളെ ഹൃദയത്തിൽ നിന്നും മനസ്സിലാക്കും. മനുഷ്യന്റെ ഹൃദയത്തിൽ പല വിചാരങ്ങളും ഉണ്ട്. എന്നാൽ യഹോവയുടെ ആലോചനയോ നിവൃത്തി. ആകും. (സദൃശ 19:2)

ഒരു മനുഷ്യന്റെ ഹൃദയത്തിലാണ് ദയ, കരുണ, വിശ്വസ്തത, ന്യായം എന്നിവയിരിക്കുന്നത്. എന്നാൽ ഞാൻ എന്റെ ഹൃദയത്തെ ശുദ്ധീകരിച്ചു പാപം ഒഴിഞ്ഞു നിർമലൻ ആയിരിക്കുന്നു എന്ന് ആർക്ക് പറയാം?

മനുഷ്യന്റെ ആത്മാവ് യഹോവയുടെ ദീപം. അത് ഉദരത്തിന്റെ അറകളെ ഒക്കെയും ശോധന ചെയ്യുന്നു. സദൃശ 20:27 ദൈവം സൃഷ്ടിച്ച ഓരോ മനുഷ്യനിലും ദൈവത്തിന്റെ ആത്മാവ് വസിക്കുന്നു. ആ ദീപമാണ് നമ്മുടെ ജീവിതത്തിൽ ഓരോ ദിവസവും വെളിച്ചമായി തീരുന്നത്. ഹൃദയശുദ്ധിയുള്ളവർ ദൈവത്തെ കാണും. അവർ അധരലാവണ്യമുള്ളവരായിരിക്കും. നമ്മുടെ ഹൃദയത്തെ ദൈവവചനത്തിന്റെ പ്രബോധനങ്ങൾക്കും ജ്ഞാനത്തിനും സമർപ്പിക്കും. സദൃശ. 23:17 – ” നിന്റെ ഹൃദയം പാപികളോട് അസൂയപ്പെടരുത്;നീ എല്ലായ്പോഴും യഹോവ ഭക്തിയോടിരിക്ക. ഒരു പ്രതിഫലം ഉണ്ടാകും നിശ്ചയം. നിന്റെ പ്രത്യാശക്ക് ഭംഗം വരികയുമില്ല. ചില പാപ ജീവിതം നയിച്ച് ദൈവത്തെ തന്നെ മറന്ന് അഹങ്കാരത്തിലും പണക്കൊഴുപ്പിലും പ്രശംസിച്ച് ജീവിക്കുന്ന വ്യക്തികൾ നമുക്ക് ചുറ്റുമുണ്ട്. ഇവരെ നോക്കി അസൂയപ്പെട്ടിട്ട് എന്തു പ്രയോജനം? അസൂയ ഹൃദയത്തെ ജീർണ്ണിപ്പിക്കുന്ന ഒരു ഹീന വികാരമാണ്. അത് മനുഷ്യനിൽ കടന്നാൽ അവർ ദുഷ്ട ഹൃദയരായി തീരുകയും എന്ത് പ്രവൃത്തിയും ദൈവത്തെ ഭയപ്പെടാതെ ചെയ്യുകയും ചെയ്യും. അവരുടെ ഹൃദയം സാഹസം പ്രവർത്തിക്കും. എന്നാൽ ഒരു ദൈവഭക്തന്റെ ഹൃദയം എപ്പോഴും യഹോവയിലാണെങ്കിൽ അവന്റെ ഹൃദയത്തിലെ സകല ആഗ്രഹങ്ങളെയും അവൻ നിവർത്തിച്ചു തരുമെന്ന് വചനം പറയുന്നു.

നമുക്ക് ദൈവത്തോടു പ്രാർഥിക്കാം – സങ്കീർത്തനക്കാരനോടൊപ്പം സങ്കീ 51 :10 “ദൈവമേ, നിർമലമായോരു ഹൃദയം എന്നിൽ സൃഷ്ടിച്ചു സ്ഥിരമായോരാത്മാവിനെ എന്നിൽ പുതുക്കണമേ “

ദൈവം വസിക്കുന്ന നമ്മുടെ ഹൃദയം അതി പവിത്രതയോടെ നമുക്ക് ഓരോ ദിവസവും ഓരോ നിമിഷവും സൂക്ഷിക്കാൻ ശ്രമിക്കാം. അതിനായി കർത്താവിനോട് യാചിക്കാം. കർത്താവിന്റെ ഇഷ്ടങ്ങൾ മാത്രം നമ്മുടെ ജീവിതത്തിൽ നടക്കുവാൻ നമ്മെ ഓരോരുത്തരെയും ദൈവം സഹായിക്കട്ട. ദൈവം നമ്മെ ഓരോരുത്തരേയും അനുഗ്രഹിക്കുമാറാകട്ടെ.

LEAVE A REPLY

Please enter your comment!
Please enter your name here