അധ്യാപനത്തിന്റെ സാമൂഹിക ദൗത്യ വീക്ഷണം
അധ്യാപനത്തിന്റെ സാമൂഹിക ദൗത്യ വീക്ഷണം
ജോമോൻ ജേക്കബ്
സ്കൂളിൽ പഠിക്കുന്ന കാലം എന്റെ കൂട്ടുകാർ മാണിയും, രാഹുൽ രാധാകൃഷ്ണനും, അഫ്സലും, അൻസാറും ഞാനും ഒരു ബെഞ്ചിൽ ... പല ചോറ്റു പാത്രങ്ങളിൽ നിന്ന് ആഹാരം ഒന്നിച്ചു പങ്കുവെച്ച്... ഒന്നിച്ച് കളിച്ചും... പഠിച്ചും സ്കൂൾ ജീവിതമാഘോഷമാക്കിയ കാലഘട്ടം... അവിടെ ഒരു സ്നേഹത്തിന്റെ മതിൽക്കെട്ടിനുള്ളിൽ.... അധ്യാപകരും.. കുട്ടികളും ഒന്നിച്ച് എല്ലാമായിരുന്ന കാലം. മതത്തിന്റെ അതിർവരമ്പുകൾ അവിടെ ഇല്ലായിരുന്നു എന്നതായിരുന്നു സ്കൂൾ ജീവിതം പകർന്നു നൽകിയ ഏറ്റവും വലിയ മൂല്യം.
മത ചിന്തകൾക്കപ്പുറമായി സമൂഹത്തിലേക്ക് ഇന്നും ഇറങ്ങിച്ചെന്ന് മൂല്യാധിഷ്ഠിതമായി ഒരു സാമൂഹിക നന്മയായി തീരുവാൻ വഴി വെട്ടിയത് ഒരുപറ്റം നല്ല മനുഷ്യസ്നേഹികളായ അധ്യാപകരായിരുന്നു എന്നത് ജീവിതത്തിന്റെ ഒരു വലിയ സമ്പത്ത് തന്നെയാണ്. തല്ലിയും തലോടിയും അധ്യാപകർ പകർന്നു തന്ന പാഠങ്ങൾ ഗ്രന്ഥങ്ങളിൽ നിന്നും ഉപരിയായി ജീവിതത്തിലേക്കുള്ള ശരിയായ ദിശയിലേക്കുള്ള വഴിത്താരകൾ ആയിരുന്നു.
ഈശ്വര ഉദ്ദേശമില്ലാതെ ഒരു ജന്മവും ഈ ഭൂമിയിൽ പിറന്നുവീഴുന്നില്ല... അങ്ങനെ പിറന്നുവീഴുന്ന ജന്മങ്ങൾക്ക് മാതാപിതാക്കൾ ജീവനെ നൽകിയപ്പോൾ... ആ ജീവിതം എങ്ങനെ ജീവിക്കണം എന്നത് ഏറ്റവും കൂടുതൽ പഠിപ്പിക്കുവാൻ സാധിക്കുന്ന സമൂഹം ആയി വേണം അധ്യാപക സമൂഹത്തെ നാം വിലയിരുത്തുവാൻ. കുട്ടികൾ മാതാപിതാക്കളോടൊപ്പം ചിലവിടുന്ന സമയത്തേക്കാൾ അധ്യാപകരോടൊപ്പം ആണ് എന്നത് ഈ ദൗത്യം കൂടുതൽ സാമൂഹിക നന്മയ്ക്കായി ഉപയോഗിക്കുവാൻ അധ്യാപക സമൂഹത്തിന് ഉത്തരവാദിത്തങ്ങളെ നൽകുന്നു. പുസ്തകപ്പുഴുക്കളെകാൾ സമൂഹത്തിന്റെ സ്പന്ദനങ്ങളെ വായിച്ചറിയുന്ന പൗര സമൂഹത്തെ രൂപപ്പെടുത്തിയെടുക്കുവാൻ അധ്യാപകർക്ക് കഴിയണം.
സമൂഹത്തിന്റെ ഉച്ചനീചതങ്ങളോടുള്ള പോരാട്ടം ആയിരുന്നു യേശുക്രിസ്തുവിന്റെ അധ്യാപനം. അന്നത്തെ പ്രബലമായ യഹൂദ മതസംവിധാനം പാവപ്പെട്ടവന്റെ നീതിയെ മറിച്ചു കളയുവാൻ ന്യായപ്രമാണത്തെ അവർക്കുവേണ്ടി മാത്രം വ്യാഖ്യാനിച്ചു പഠിപ്പിച്ചു. ആ സാഹചര്യത്തിൽ സമൂഹത്തിൽ നിലനിന്നിരുന്ന വേർതിരിവുകൾക്കെതിരെ.... പരീശന്മാരുടെയും ശാസ്ത്രിമാരുടെയും നീതിയെ കവിയുന്ന ബോധനം ആയിരുന്നു യേശുക്രിസ്തുവിന്റെ അധ്യാപനം. ദൈവരാജ്യത്തിൽ എല്ലാവർക്കും ഒരുപോലെ നീതി എന്ന യേശുക്രിസ്തുവിന്റെ പഠിപ്പിക്കൽ സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടിരുന്നവരെയും മുഖ്യധാരയിലേക്ക് കൊണ്ടുവരുവാൻ കാരണമായി തീർന്നു.
മതാധിഷ്ഠ ചിന്തകൾ പ്രബലമായിക്കൊണ്ടിരിക്കുന്ന വർത്തമാനകാല അന്തരീക്ഷത്തിൽ ജാതി വിവേചനം, വർണവെറി... ഇതെല്ലാം നിറഞ്ഞ് നിൽക്കുന്ന സമൂഹത്തിൽ വളർന്നുവരുന്ന സാമൂഹ്യ തിന്മകളിലെ ശരി തെറ്റുകളുടെ ബോധനം വിദ്യാർത്ഥികൾക്ക് നൽകിക്കൊണ്ട് മൂല്യമുള്ള ഒരു സാമൂഹിക ജീവിതം സൃഷ്ടിക്കുക എന്നതാണ് ഇക്കാലത്തിലെ അധ്യാപക സമൂഹം നേരിടുന്ന വെല്ലുവിളി. ഇത്തരത്തിൽ പകർന്നു കൊടുക്കുന്ന നല്ല പാഠങ്ങളിലൂടെ വിദ്യാർത്ഥികളുടെ ജീവിത പുസ്തകത്തിലെ നായകരായി മാറുക എന്ന അഭിമാനകരമായ കാര്യം നല്ലൊരു സമൂഹത്തിന്റെ പുനസൃഷ്ടിക്ക് കാരണമായി മാറുന്ന സാമൂഹിക ദൗത്യമായി നിർവഹിക്കുവാൻ ഓരോ അധ്യാപകർക്കും കഴിയട്ടെ
Advertisement
Advertisement