കൊറോണ വെളിപ്പെടുത്തുന്ന യഥാർത്ഥ്യങ്ങൾ

0
1398

കൊറോണ വെളിപ്പെടുത്തുന്ന സത്യ യാഥാർത്ഥ്യങ്ങൾ

ഡോ. തോംസൺ കെ മാത്യു

ഞാനീ വരികൾ എഴുതുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ കോവിഡ് ബാധിച്ച്  തീവ്ര പരിചരണ വിഭാഗത്തിൽ ശുശ്രൂഷയിൽ ആശുപത്രിയിൽ കഴിയുന്നു. ചാൾസ് രാജകുമാരനു രോഗം ബാധിച്ചു എന്ന് നേരത്തേ വെളിപ്പെടുത്തിയിരുന്നു. അമേരിക്കയിൽ സെനറ്റംഗങ്ങളും കോടീശ്വരന്മാരും സാമ്പത്തിക ഭദ്രത ഇല്ലാത്തവരും ഒന്നുപോലെ രോഗബാധിതരുടെ ഇടയിലുണ്ട്.

ലോകരാജ്യങ്ങളുടെ നിലയും ലോകജനതയുടെ ജീവിത ശൈലികളും കൊറോണ മാറ്റിമറിച്ചു കഴിഞ്ഞു. “ലോക് ഡൗൺ ” ഇന്ന് സർവ ഭാഷകളിലെയും അർഥവ്യക്തമായ വാക്കാണ്. ഹംഗേറിയയിൽ പ്രസിഡണ്ടിന് അവിടത്തെ നിയമസഭ രാജാധികാരം നൽകി. കോവിഡിനെ നേരിടാനുള്ള തീരുമാനങ്ങൾ സമയം കളയാതെ എടുക്കാനാണ് ഈ അധികാരം നൽകിയത്. കോവിഡ് പോയാലും ഈ അധികാരം കുറയ്ക്കാൻ കഴിയുകയില്ല എന്ന് ഭയപ്പെടുന്നവരുണ്ട്.

തെക്കേ ആഫ്രിക്ക ഭവനരഹിതരെ തെരുവുകളിൽ നിന്നും നിർബന്ധിച്ച് കൊണ്ടുപോകുന്നു. ഹോങ്കോങ്ങിൽ ക്വാറൻ്റൈയിനിലുള്ളവരുടെ  കാലിൽ സ്ഥലനിശ്ചയം വരുത്തുന്ന ജിപിഎസ് ഉപകരണം ഘടിപ്പിക്കുന്നു. ലംഘിക്കുന്ന വരിൽ നിന്നും വലിയ ഫൈൻ ഈടാക്കുന്നു.

ന്യൂയോർക്കിൽ വലിയ മരണസംഖ്യ. മരിച്ചവരിൽ മലയാളികളും ഉൾപ്പെടുന്നു. സന്നദ്ധപ്രവർത്തകർ മാസ്ക്കുകൾ തയ്ക്കുന്നു. കാർകമ്പനികൾ കൃത്രിമശ്വസന യന്ത്രം നിർമ്മിക്കുന്നു, സ്റ്റോക്കുകൾ ഇടിയുന്നു, തൊഴിൽരഹിതരുടെ സംഖ്യ കുതിച്ചു കയറുന്നു.

ഈ വാർത്തകൾ കേൾക്കുമ്പോൾ കോവിഡ് നൽകുന്നത് മഹാദോഷങ്ങൾ മാത്രമാണെന്ന് ചിന്തിച്ചുപോകും. അതല്ല പൂർണ്ണ ചിത്രം. കൊറോണ വൈറസ് കുറേ നല്ല സത്യങ്ങളെ ലോകത്തിന് വെളിപ്പെടുത്തി എന്നത് വാസ്തവമാണ്. ചിലത് ഇവിടെ കുറിക്കുന്നു.

1) നാം എല്ലാവരും തുല്യരാണ്

സമ്പന്നനും ദരിദ്രനും കറുത്തവനും വെളുത്തവനും ഒരുപോലെ കൊറോണയുടെ ഭീഷണിയിലാണ്. ആർക്കും പ്രതിരോധമില്ല. കതകിൻ്റെ പിടി സ്വർണം കൊണ്ടുള്ളതാണെങ്കിലും ഇരുമ്പു കൊണ്ടുള്ളതാണെങ്കിലും അതിൽ ദിവസങ്ങളോളം ജീവിക്കാൻ കഴിയും ഈ വൈറസിന്.

കുരിശിൻ്റെ ചുവട് നിരപ്പുള്ള നിലം ആണെന്ന് ഭക്തന്മാർ പറഞ്ഞിട്ടുണ്ട്. ദൈവമുമ്പാകെ നാം എല്ലാവരും തുല്യരാണ്. ദൈവതേജസ് നഷ്ടമാക്കിയവർ. ദൈവ കൃപയാൽ മാത്രം രക്ഷപ്രാപിക്കേണ്ടവർ. ദൈവത്തിൻ്റെ കരുണയാണ് നമുക്കേവർക്കും ഒന്നുപോലെ ആവശ്യമുള്ളത് എന്ന സത്യം ഈ വൈറസ് നമ്മെ ഓർപ്പിക്കുന്നു.

2) ഭീതിജനകമായ ദുർഘട സമയത്ത് അനേകരിൽ നന്മ വെളിപ്പെടുന്നു

അവശ്യസാധനങ്ങൾക്ക് ക്ഷാമം ഉള്ളപ്പോൾ മുഴുവനും കൈക്കലാക്കി കുന്നുകൂട്ടി വയ്ക്കുന്നവരെക്കുറിച്ചും അത്യാവശ്യ സാധനങ്ങളുടെ വില പതിന്മടങ്ങ് വർധിപ്പിച്ച് അമിതലാഭം ഉണ്ടാക്കുന്നവരെ കുറിച്ചും നാം വാർത്തകളിൽ കേട്ടു. എന്നാൽ കരുണയുടെയും നിസ്വാർത്ഥതയുടെയും എത്രയോ കഥകൾ ഈ വൈറസ് വെളിപ്പെടുത്തിയിരിക്കുന്നു!

നിസ്സഹായർക്കും വൃദ്ധർക്കും ഭക്ഷണം വീടുകളിൽ എത്തിച്ചു കൊടുക്കുന്ന ചെറുപ്പക്കാർ, ബാങ്കിൽ നിന്നും പണം കടംവാങ്ങി തങ്ങളുടെ പണിചെയ്യാൻ കഴിയാത്ത തൊഴിലാളികൾക്ക് ശമ്പളം നൽകുന്ന ചെറുകിട വ്യവസായികൾ, ഭക്ഷണം ആശുപത്രികളിൽ എത്തിക്കുന്ന ഭക്ഷണശാലകൾ, രോഗികളെ സന്ദർശിച്ചതു മൂലം രോഗി ആയപ്പോൾ അത്യാവശ്യമായി ഉപയോഗിച്ചുകൊണ്ടിരുന്ന വെൻറിലേറ്റർ സ്വമനസ്സോടെ മറ്റുള്ളവർക്കായി ഉപേക്ഷിച്ച് മരണംവരിച്ച ഇറ്റലിയിലെ കത്തോലിക്കാ പുരോഹിതൻ റവ. ബെറാർഡെല്ലി. ഇങ്ങനെ നന്മയുടെ എത്രയധികം കഥകളാണ് ദുഷ്ട വൈറസ് പുറത്തുകൊണ്ടുവന്നത്.

3) ഐക്യത സാധ്യമാണ്

അമേരിക്കയിലും ഇന്ത്യയിലും രാഷ്ട്രീയ കക്ഷികൾ തമ്മിൽ എന്തൊരു വിദ്വേഷവും വൈരാഗ്യവും ആയിരുന്നു അടുത്ത സമയം വരെ. അവർ ആ രീതിയിലേക്ക് മടങ്ങി പോയേക്കാം. പക്ഷേ വൈറസ് വരുത്തിയ ദുരിതത്തിന് എതിരായി സാമ്പത്തിക പാക്കേജ് പാസാക്കുന്ന കാര്യത്തിൽ അസാധാരണ ഐക്യതയാണ് വെളിപ്പെട്ടത്. അമേരിക്കയുടെ സെനറ്റിൽ പാക്കേജിന് എതിരായി ഒരു വോട്ട് പോലും ഇല്ലായിരുന്നു. അവശ്യ കാര്യങ്ങളിൽ ഐക്യത സാധ്യമാണെന്ന സത്യം ഈ വൈറസ് പുറത്തുകൊണ്ടുവന്നു. വിശ്വാസികളായ നാം ഇത് ശ്രദ്ധിച്ചോ എന്തോ?

4 ) സഭ കെട്ടിടമല്ല ദൈവജനം ആണ്

സഭാഹോളുകൾക്കും പള്ളികൾക്കും ആരാധനാ സ്ഥലങ്ങൾ എന്ന നിലയിൽ പ്രാധാന്യമുണ്ടെങ്കിലും വാസ്തവമായ സഭ ദൈവജനമാണെന്നു കൊറോണ വൈറസ് എല്ലാ ക്രിസ്ത്യാനികളെയും ഓർമിപ്പിച്ചു. ഒരു കെട്ടിടത്തിൽ ആയിരിക്കുമ്പോഴും, നാടുനീളെ വീടുകളിൽ ചിതറിപ്പാർത്തു ആരാധിക്കുമ്പോഴും ദൈവജനം ആണ് സത്യസഭ. കൂട്ടായ്മക്കും കർത്തൃ മേശക്കും കെട്ടിടങ്ങൾ സഹായകമാണ്. എന്നാൽ കെട്ടിടങ്ങൾ (Buildings) സഭ (church) ആകുന്നില്ല. സഭയുടെ കൂടി വരവിനുള്ള സ്ഥാപനങ്ങൾ മാത്രം. മാരകമായ കൊറോണ വൈറസ് വെളിപ്പെടുത്തിയ നല്ലൊരു സത്യമാണിത്.

കോവിഡ് – 19 എന്ന മഹാമാരി ചരിത്രമാകുമ്പോൾ നാം ഈ സത്യങ്ങൾ മറക്കാതെയിരിക്കട്ടെ !

LEAVE A REPLY

Please enter your comment!
Please enter your name here