സജി മത്തായി കാതേട്ടിന് തോന്നയ്ക്കൽ പുരസ്കാരം
ദുബായ്: ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ യുഎഇ ചാപ്റ്ററിന്റെ 2024ലെ തോന്നയ്ക്കൽ പുരസ്കാരത്തിന് സജി മത്തായി കാതേട്ട് അർഹനായി. ക്രൈസ്തവ സാഹിത്യ, പത്രപ്രവർത്തന രംഗത്തെ സമഗ്ര സംഭാവനകളെ മുൻനിർത്തിയാണ് ഈ പുരസ്കാരം. 2020 മാർച്ചിൽ നിത്യതയിൽ ചേർക്കപ്പെട്ട പാസ്റ്റർ തോമസ് തോന്നയ്ക്കലിന്റെ സ്മരണാർത്ഥം നൽകുന്ന പുരസ്കാരം ഷാർജയിൽ നടക്കുന്ന സാഹിത്യ സംഗമത്തിൽ സജി മത്തായിക്ക് സമ്മാനിക്കും.
മൂന്നു പതിറ്റാണ്ടിലേറെയായി ക്രൈസ്തവ മാധ്യമ രംഗത്തെ സജീവ സാന്നിധ്യമായ സജി മത്തായി കാതേട്ട് അറിയപ്പെടുന്ന സാമൂഹിക - ജീവകാരുണ്യ പ്രവർത്തകനും ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയിലെ അൽമായ പ്രമുഖരിൽ ഒരാളുമാണ്. ഗുഡ്ന്യൂസ് വാരികയുടെ എക്സിക്യൂട്ടീവ് എഡിറ്റർ, ഓൺലൈൻ ഗുഡ്‌ന്യൂസ് ചീഫ് എഡിറ്റർ, ക്രൈസ്തവ സാഹിത്യ അക്കാദമി ജനറൽ സെക്രട്ടറി , ഐ.പി.സി ഗ്ലോബൽ മീഡിയ ജനറൽ സെക്രട്ടറി, ഐപിസി വെൽഫെയർ ബോർഡ് ചെയർമാൻ, റേ ഓഫ് ലൗ ഡെവലെപ്പ്മെൻ്റ് ഫൗണ്ടേഷൻ എന്ന സാമൂഹിക സന്നദ്ധ സംഘടനയുടെ ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
'ഉപദേശിയുടെ മകൻ'(ജോർജ് മത്തായി സിപിഎ യുടെ ജീവചരിത്രം) എന്ന പുസ്തകത്തിൻ്റെ രചയിതാവാണ്. പിൽക്കാലത്ത് 'ഉപദേശിയുടെ മകൻ' എന്ന പേരിൽ പെന്തെക്കോസ്തിലെ ആദ്യത്തെ കൊമേഴ്സ്യൽ സിനിമയായി പുറത്തിറങ്ങിയത്
ഈ പുസ്തകത്തെ ഇതിവൃത്തമാക്കിയാണ്.
പ്രസിദ്ധമായ ഭാരതപുഴ കൺവൻഷൻ, ചേലക്കര യുപിഎഫ് , ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷൻ എന്നിവയുടെ സ്ഥാപകരിൽ ഒരാളാണ്.
സാമൂഹ്യ പ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദവും, പത്രപ്രവർത്തനത്തിൽ
ബിരുദാനന്തര ഡിപ്ലോമയും നേടിയിട്ടുണ്ട്. തൃശൂർ കൊണ്ടാഴി സ്വദേശിയാണ്.
ഭാര്യ: അദ്ധ്യാപികയും ഗായികയുമായ ലിഷ കാതേട്ട്.
മക്കൾ: ആശിഷ് കാതേട്ട്, അഭിഷേക് കാതേട്ട് .
ഐപിസി ഗോബൽ മീഡിയ യുഎഇ ചാപ്റ്റർ യോഗത്തിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. പ്രസിഡണ്ട് പി.സി.ഗ്ലെന്നിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഐപിസി യുഎഇ റീജിയൻ പ്രസിഡൻ്റ് പാസ്റ്റർ വിത്സൺ ജോസഫ്, മീഡിയ അസോസിയേഷൻ അന്തർദേശീയ സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ, ആന്റോ അലക്സ്, കൊച്ചുമോൻ അന്താര്യത്ത്, വിനോദ് എബ്രഹാം, ഡോ.റോയ് ബി കുരുവിള, ലാൽ മാത്യു, പാസ്റ്റർ ജോൺ വർഗീസ്, നെവിൻ മങ്ങാട്ട് , മജോൺ കുര്യൻ എന്നിവർ പങ്കെടുത്തു.
Advertisement