ക്രൈസ്തവചിന്ത വി.എം മാത്യു പുരസ്‌കാരം പവ്വര്‍വിഷന് ഡിസം.20 ന്  സമ്മാനിക്കും

ക്രൈസ്തവചിന്ത വി.എം മാത്യു പുരസ്‌കാരം പവ്വര്‍വിഷന് ഡിസം.20 ന്  സമ്മാനിക്കും

എറണാകുളം: ഈ പ്രാവശ്യത്തെ ക്രൈസ്തവചിന്ത വി.എം മാത്യു പുരസ്‌കാരം പവർ വിഷന് ഡിസംബർ 20 ന്  സമ്മാനിക്കും. 

ഒരു ലക്ഷം രൂപയും ഫലകവും പവർവിഷൻ ചെയര്‍മാന്‍ പാസ്റ്റർ കെ.സി ജോണ്‍  ഏറ്റുവാങ്ങും. 2023-24 വർഷത്തെ അവാർഡാണ് നൽകുന്നത്. അവാർഡ് ദാനസമ്മേളനത്തിൽ വിശിഷ്ട വ്യക്തികൾ പങ്കെടുക്കും.

ക്രൈസ്തവചിന്ത എഡിറ്റര്‍ വര്‍ഗീസ് ചാക്കോ ഷാര്‍ജ, മാത്യു കോര ഡാളസ് (ഫിന്നി കെല്ലര്‍), ഡോ. ഓമന റസ്സല്‍ എന്നിവരടങ്ങിയ കമ്മറ്റിയാണ്  അവാര്‍ഡിനായി തെരഞ്ഞെടുത്തത്.

 പിവൈപിഎ മുൻ പ്രസിഡൻ്റും ഐപിസി തിരുവല്ല സെൻറർ സെക്രട്ടറിയും കൗൺസിൽ അംഗവുമായ പാസ്റ്റർ അജു അലക്സാണ് അവാർഡ് സമ്മേളനത്തിൻ്റെ ജനറൽ കോ- ഓർഡിനേറ്റർ.    

 സുവിശേഷ വിഹിത പ്രസ്ഥാനങ്ങളുടെ ഇടയില്‍ ഗണ്യമായ സ്വാധീനം ചെലുത്തിയ ചാനലാണ് പവര്‍വിഷന്‍. 2006-ലാണ് പവര്‍വിഷന്‍ ചാനല്‍ ആരംഭിക്കുന്നത്. സുവിശേഷീകരണത്തിനും സഭകളുടെ ഐക്യത്തിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമായിരുന്നു ചാനല്‍ മുന്‍തൂക്കം നല്‍കിയിരുന്നത്.

ലോകത്തെയാകമാനം പിടിച്ചുലച്ച കോവിഡ് കാലഘട്ടത്തില്‍ പവര്‍വിഷന്‍ ചാനലിന്റെ 'വീട്ടിലെ സഭായോഗം' ഏറെ ശ്രദ്ധിക്കപ്പെടുകയും സഭാചാനല്‍ എന്ന നിലയില്‍ വളരെ മുന്നേറ്റം സൃഷ്ടിക്കുകയും ചെയ്തു. ഈ മാര്‍ഗ്ഗത്തിലൂടെ അനേകായിരങ്ങളില്‍ സുവിശേഷം എത്തിക്കാനും ചാനലിന് കഴിഞ്ഞു.

വ്യത്യസ്ത മേഖലകളിലെ മികവ് പരിഗണിച്ചാണ് പാസ്റ്റര്‍ കെ സി ജോണിനെ അവാര്‍ഡിനായി തിരഞ്ഞെടുത്തതെന്ന് അവാര്‍ഡ് നിര്‍ണയ കമ്മിറ്റി പറഞ്ഞു.

പവര്‍ വിഷന്‍ ചാനല്‍ തുടങ്ങുന്നതിന് മുന്‍കൈയെടുത്ത് പ്രവര്‍ത്തിച്ചത് പാസ്റ്റര്‍ കെ സി ജോണ്‍ ആണ്. 

വിശ്വാസ സമൂഹത്തിന് മുന്നിലേക്ക് ഒരു ചാനല്‍ ആവശ്യമാണോ എന്നതിനെ സംബന്ധിച്ച് 2006 ല്‍ ഒരു ചര്‍ച്ച സംഘടിപ്പിച്ചത് ''ക്രൈസ്തവ ചിന്ത'' യായിരുന്നു.

മാക്‌സി വിശ്വാസ് മേനയാണ് ചര്‍ച്ചയ്ക്ക് ആധാരമായ ലേഖനം തയ്യാറാക്കിയത്. എല്ലാവരും തന്നെ ചാനല്‍ എന്ന ആശയത്തെ സ്വാഗതം ചെയ്തു.ഷാജന്‍ ജോണ്‍ ഇടയ്ക്കാടിന്റെ ലേഖനത്തൊടെയാണ് അന്ന് ചര്‍ച്ച അവസാനിപ്പിച്ചത്.

ചാനല്‍ പ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടത്തില്‍ ഒരു ഭാഗമാകാന്‍ ക്രൈസ്തവ ചിന്തയ്ക്കും കഴിഞ്ഞിരുന്നു. അറിയപ്പെടുന്ന സുവിശേഷ പ്രസംഗകനാണ് ചാനലിന്റെ ചെയര്‍മാന്‍ കൂടിയായ കെ. സി. ജോണ്‍. ഐപിസി സഭാ നേതൃസ്ഥാനത്ത് തിളങ്ങി നില്‍ക്കുന്ന ആദരണീയനായ വ്യക്തി കൂടിയാണ് 76 കാരനായ അദ്ദേഹം.

1947 സെപ്റ്റംബര്‍ 8- ന് കുട്ടനാട് താലൂക്കില്‍ തലവടി വില്ലേജില്‍ ഇടത്തറ വീട്ടില്‍ കര്‍ഷക ദമ്പതികളായ ചാക്കോയുടെയും ശോശാമ്മയുടേയും മൂന്നാമത്തെ പുത്രനായി കെ സി ജോണ്‍ ജനിച്ചു.

ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കുന്നത് തലവടി ഗവണ്‍മെന്റ് ഹൈസ്‌കൂളിലാണ് . എസ്എസ്എല്‍സിക്ക് ഫസ്റ്റ് ക്ലാസ് ആര്‍ക്കെങ്കിലും ലഭിച്ചാല്‍ അക്കാലത്ത് അത് വലിയ വാര്‍ത്തയായിരുന്നു. പത്താംതരം പരീക്ഷാ ഫലം വന്നപ്പോള്‍ കെ സി ജോണ്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് ഫസ്റ്റ് ക്ലാസ് കിട്ടി. അതില്‍ ആണ്‍കുട്ടിയായി കെസി ജോണ്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. അന്നത് സ്‌കൂളിനെ സംബന്ധിച്ച് വലിയ സംഭവം തന്നെയായിരുന്നു.

പിന്നീട് പ്രസിദ്ധമായ ആലുവ യു സി കോളേജില്‍ നിന്നും ഫിസിക്‌സില്‍ ബിരുദം നേടി . ജേഷ്ഠ സഹോദരന്‍ കെ സി ജോര്‍ജ് ഇതിനോടകം ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ ഉദ്യോഗസ്ഥനായി കഴിഞ്ഞിരുന്നു. ഡിഗ്രി പഠനം ജോണ്‍ പൂര്‍ത്തിയാക്കിയതോടെ ഇന്ത്യന്‍ എയര്‍ലൈന്‍സ് ഓഫീസ് ട്രെയിനിയായി ജോലി ശരിയാക്കി കൊടുക്കാന്‍ ജ്യേഷ്ഠ സഹോദരന് സാധിച്ചു. എന്നാല്‍ തന്റെ വിളിയും തെരഞ്ഞെടുപ്പും മനസ്സിലാക്കിയ കെ സി ജോണ്‍ ജോലിക്ക് പോകാന്‍ വിസമ്മതിച്ചു.

കുടുംബത്തില്‍ നിന്നും ശക്തമായ എതിര്‍പ്പാണ് ഈ കാര്യത്തില്‍ ഉണ്ടായത് . ' നീ പട്ടിണി കിടന്ന് തെണ്ടിത്തിരിഞ്ഞ് വീട് തോറും കയറി ഇറങ്ങി ജീവിച്ചോണം. ഞങ്ങളാരും തിരിഞ്ഞുനോക്കില്ല .'' എന്ന ശാപവാക്കും ജ്യേഷ്ഠനില്‍ നിന്ന് കേള്‍ക്കേണ്ടി വന്നെങ്കിലും തന്റെ തീരുമാനത്തില്‍ ഉറച്ചു തന്നെ നിന്നു കെ സി ജോണ്‍.

പില്‍ക്കാലത്ത് സഹോദരങ്ങളെല്ലാം മുഴുവന്‍ സമയ സുവിശേഷകരായി എന്നതും ചരിത്ര സത്യം.

പന്ത്രണ്ടാമത്തെ വയസ്സില്‍ തന്നെ യേശുക്രിസ്തുവിനെ രക്ഷിതാവായി സ്വീകരിച്ചിരുന്നു കെ സി .തുടര്‍ന്നിങ്ങോട്ടുള്ള ഓരോ കാലഘട്ടങ്ങളിലും ദൈവ വിളി തന്റെ ഉള്ളില്‍ ശക്തമായി കൊണ്ടിരുന്നു . ബൈബിള്‍ സ്‌കൂളില്‍ പഠനത്തിന് ശേഷം മുഴുവന്‍ സമയവും സുവിശേഷപ്രവര്‍ത്തനത്തില്‍ വ്യാപൃതനായി. തുടര്‍ന്ന് അദ്ദേഹം പ്രഭാഷകന്‍, എഴുത്തുകാരന്‍, മാധ്യമപ്രവര്‍ത്തകന്‍, അദ്ധ്യാപകന്‍, ജീവകാരുണ്യ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ തന്റെ കഴിവ് തെളിയിച്ചു .ഐപിസി സഭയുടെ ജനറല്‍ സെക്രട്ടറിയായും പ്രസിഡണ്ടായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Advertisement