ബാപ്പൂസ്ച്ചായൻ @ നിലമ്പൂർ

സജി മത്തായി കാതേട്ട്

ബാപ്പൂസ്ച്ചായൻ @ നിലമ്പൂർ

ബാപ്പൂസ്ച്ചായൻ @ നിലമ്പൂർ

തയ്യാറാക്കിയത്
സജി മത്തായി കാതേട്ട്

1957-ൽ ആലപ്പുഴയിലെ മാന്നാറിൽ നിന്നും പിതാവിനോടൊപ്പം നിലമ്പൂരിലേക്ക് കുടിയേറിയപ്പോൾ പി.കെ.കുരുവിള അച്ചായനോർത്തില്ല നിലമ്പൂരിലെ സഖാക്കൾ തനിക്ക് ബാപ്പൂസ്ച്ചായൻ എന്ന പേര് ചാർത്തുമെന്ന്. ആ സ്നേഹവിളിയിൽ പിന്നെ ബാപ്പൂസ്ച്ചായനും നിലമ്പൂരിലെ എണ്ണംപറഞ്ഞ സഖാക്കന്മാരിൽ നല്ലൊരു കമ്യൂണിസ്റ്റായി.

വിശപ്പകറ്റാൻ പിതാവിനൊടൊപ്പം മൈലുകൾ താണ്ടി നിലമ്പൂരെത്തിയത് കമ്യൂണിസ്റ്റാകാൻ മാത്രമല്ല ജീവിക്കാനും കൂടിയാണെന്ന് ബോധ്യം വന്ന ബാപ്പൂസ്ച്ചായൻ ആദ്യം വട്ടപ്പാടം വടക്കേകൈയിൽ  ചായക്കടയും പിന്നെ മുട്ടിക്കടവിൽ തുണിക്കടയും നടത്തി. ചായക്കടയിൽ വരുന്നവർക്കെല്ലാം പരിപ്പുവടയും കട്ടൻ ചായയും കാപ്പിയുമെല്ലാം ആവോളം വിളമ്പി. ഒപ്പം അറിയാവുന്നതു പോലെ കമ്യൂണിസവും പ്രത്യയശാത്രവും.  അതൊടുവിൽ സിപിഎം പാർട്ടിയുടെ ലോക്കൽ കമ്മിറ്റി (എൽ.സി) സെക്രട്ടറിയോളം എത്തിച്ചു. കമ്മിറ്റിയും കാൽനട ജാഥയും വലിയ റാലിയും ഒക്കെയായി ജീവിതം ചുവന്നുതുടുത്തു.  കമ്യൂണിസം അകത്തു മാത്രമല്ല  പുറത്തും വേണമെന്നറിഞ്ഞ  ബാപ്പൂസ് വേഷവിധാനവും ചുവപ്പാക്കി. എന്തിലേറെ ഭാര്യയും മക്കളും ചുവപ്പണിയണമെന്ന നിർബന്ധമായി.

ക്നാനായക്കാരനായതിനാൽ ഇടയ്ക്കൊക്കെ പള്ളിയിലും എത്തി നോക്കും. പിന്നെ പിന്നെ അതും വേണ്ടെന്നായി. അങ്ങനെയിരിക്കെ പാർട്ടിയുടെ ജില്ലാ ജാഥയ്ക്കായി മറ്റു സഖാക്കളോടൊപ്പം ലോറിയിൽ ആവുന്നത്ര ആളെ കയറ്റി കോഴിക്കോട്ടേയ്ക്ക് യാത്രയായി. കോഴിക്കോട് ടൗണിലെത്തിയപ്പോൾ   റോഡിൽ ട്രാഫിക് ജാം മൂലം വണ്ടികൾ പതുക്കെയായി. അപ്പോൾ മൈക്കിലൂടെ ഒരു അനൗൺസ്മെന്റ് തന്റെ കാതിലലച്ചു. ' തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും..... ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.' (യോഹ. 3:16).
അതു ടിപിഎം സഭക്കാരുടെ  കൺവൻഷൻ നഗറിൽ നിന്നും ആരോ ബൈബിൾ വാക്യങ്ങൾ വിളിച്ചു പറയുന്നതായിരുന്നു.  

യേശു ലോകത്തെ സ്നേഹിക്കുന്നെങ്കിൽ എന്നെയും സ്നേഹിക്കില്ലെ?. മനസിൽ ചോദ്യങ്ങൾ രൂപപ്പെട്ടു. സഹയാത്രികരുടെ 'ഇൻക്വിലാബ് ' വിളിയെക്കാളും അത്യുച്ചത്തിൽ ചില ചോദ്യത്തിൽ തന്റെയുള്ളിൽ പ്രതിധ്വനിച്ചു. യേശു എന്നെയും സ്നേഹിക്കുന്നില്ലെ?. ലോറിയിൽ നിന്നും  സമ്മേളന നഗരിയിൽ ഇറങ്ങിയ ഉടൻ ബാപ്പൂസ് സമ്മേളനത്തിൽ പങ്കെടുക്കാതെ തിരികെ രണ്ടു കിലോമീറ്ററോളം   റോഡിലൂടെ തിരികെ നടന്നു കൺവൻഷൻ നഗറിലെത്തി. അന്ന് അവിടെ കൺവൻഷനിൽ പങ്കെടുത്തു.

തന്റെ പാപം എത്ര കടും ചുവപ്പായാലും ഹിമം പോലെ വെളുപ്പിക്കാൻ ക്രിസ്തുവിന്റെ രക്തത്തിനു കഴിയുമെന്ന സൂത്രവാക്യം മനസിലാക്കിയ ബാപ്പൂസ് വാവിട്ടു കരഞ്ഞ് സമർപ്പണ വാചകം ചൊല്ലി. ആ ഹൃദയത്തിന്റെ ചുവന്ന നിറങ്ങളിൽ യേശുക്രിസ്തുവിന്റെ സ്നേഹ കിരണങ്ങൾ ആഴ്ന്നിറങ്ങി. അകത്തും മുഖത്തും പറഞ്ഞറിയിക്കാനാവാത്ത ആനന്ദത്തിന്റെ അലയൊലികൾ മിന്നിത്തിളങ്ങി. 

കൺവൻഷൻ കഴിഞ്ഞയുടൻ തിരികെ നടന്നു സമ്മേളന ടിപിഎം കൺവൻഷനിൽ കിട്ടിയ വിത്ത് മുളച്ചു തുടങ്ങി. പാസ്റ്റർ എം. രാജുവിന്റെ നിരന്തരമായ പ്രയത്നത്താൽ ബാപ്പുച്ചായൻ ക്രിസ്തുവിൽ പുതിയ മനുഷ്യനായി. മനസും ശരീരവും പ്രവർത്തിയുമെല്ലാം ശുഭ്രമായി. ചുവപ്പ് മാറ്റി വെള്ളവസ്ത്രധാരിയായി വേഷത്തിൽ വിളങ്ങി.

പാസ്റ്റർ വി.ജെ.ജോർജിന്റെ കൈ കീഴിൽ സ്നാനപ്പെട്ട തിനു ശേഷം ബാപ്പൂസ് പിന്നെ പരസ്യയോഗ പ്രിയനായി. കൈയിലും ബാഗിലുമെല്ലാം ലഘുലേഖകളുമായി ക്രിസ്തുവിനായി നാടുനീളെ നടന്നു. ചെറുതും വലുതുമായ എല്ലാ കൺവൻഷനുകളും മുൻ നിരയിൽ ആ ശുഭ്ര വസ്ത്രധാരിയുണ്ടാകും. എവിടെയും നടന്നും ആരുടെയെങ്കിലും വണ്ടിയിലായിരിക്കും യാത്ര.
കാൽനടയാണ് ഏറെ പ്രിയം.

കഴിഞ്ഞ 36 വർഷമായി കുമ്പനാട് കൺവൻഷനു മുടങ്ങാതെയെത്തും. പന്തലിൽ ഏറ്റവും മുൻനിരയിൽ  ബാപ്പൂസ് അച്ചായൻ സാന്നിധ്യമുറപ്പിക്കും.
ചെറു പുഞ്ചിരിയോടെ ഏതു സുവിശേഷയോഗങ്ങളിലും മരണ വീടുകളിലും നിറഞ്ഞു നില്ക്കുന്ന ബാപ്പൂസിനു ഇപ്പോൾ അതൊന്നും ആകാത്തതിലുള്ള പ്രയാസം ആ മുഖത്തുണ്ട്.
ഭവനത്തിൽ ഞാനും ജയിംസ് വർക്കി നിലമ്പൂരിനോടൊപ്പം എത്തിയപ്പോൾ  ആ കുഞ്ഞു വീട്ടിലെ ഇറയത്ത് പഴയകാല സ്മരണകളിൽ പുഞ്ചിരിതൂകി ഞങ്ങളൊടൊപ്പം കൂടി.


ഞാൻ, എന്റെ സഭ, എന്റെ പ്രതീക്ഷകൾ

1. ഒരു സീനിയർ വിശ്വാസി എന്ന നിലയിൽ ഇന്നത്തെ  പെന്തെകോസ്തിനെ എങ്ങനെ വീക്ഷിക്കുന്നു ?

ഒരു പെന്തെക്കോസ്തുകാരനായതിൽ ഞാൻ ഏറെ അഭിമാനിക്കുന്നു. ഇതിനെക്കാളും ശ്രേഷഠമായ മറ്റൊരു ഉപദേശമോ , ക്രിസ്തുവിങ്കലാകാനുളള മറ്റൊരു വഴിയോ ഇല്ല. പക്ഷെ പഴയകാല പെന്തെകോസതല്ല ഇപ്പോഴുളളതെന്നു മാത്രമേ എനിക്ക് പറയാനറിയൂ.

2. ഇന്നത്തെ പെന്തെക്കോസ്തു സഭകളിൽ വേണ്ടായിരുന്നു എന്നു കരുതുന്ന കാര്യങ്ങളിൽ മൂന്നെണ്ണം പറയാമോ?

  1.  പെന്തെക്കോസ്തു സത്യം അടിച്ചേല്പിക്കേണ്ട ഒന്നല്ല. അതുകൊണ്ട് അമിത നിയന്ത്രണം ആപത്ത്
  2.  സിനിമാ പാട്ടിനെ അനുകരിക്കുന്ന രീതിയിലുള്ള പാട്ടുകൾ
  3.  അമിതമായ സഭ രാഷ്ട്രീയവും വോട്ടെടുപ്പ് രീതിയും

3.ഇന്നത്തെ സഭകളിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട ചില ( മാറ്റങ്ങൾ) നിർദ്ദേശങ്ങൾ ?

  1. പഴയകാലത്തിലേക്ക് ഒരു മടങ്ങിപ്പോക്ക് സഭയ്ക്ക് അനിവാര്യം.
  2. നിരന്തരമായ ബൈബിൾ ക്ലാസുകളും വചന ധ്യാനവും
  3. യുവാക്കളെ സുവിശേഷ വേലയ്ക്ക് ഒരുക്കുന്ന ഒരിടമാവണം സഭ.

4. ജീവിതത്തിൽ മറക്കാനാവാത്ത അനുഭവം?

കുമ്പനാട് കൺവൻഷനിൽ പങ്കെടുക്കുന്നതും പിതാക്കന്മാരായ പാസ്റ്റർ ടി.ജി. ഉമ്മൻ, പാസ്റ്റർ പി.എം ഫിലിപ്പ് , പാസ്റ്റർ മുണ്ടിയപ്പള്ളി ചാക്കോച്ചൻ, പാസ്റ്റർ കെ.സി ജോൺ മുതലായവരുടെ ബൈബിൾ ക്ലാസും പ്രസംഗവും കേൾക്കുന്നതു  മൂലം ഉണ്ടാകുന്ന സന്തോഷം ഒരിക്കലും മറക്കാനാവില്ല. അമ്മാതിരിയുള്ള സന്തോഷമൊന്നും ഇപ്പോഴില്ല.

5. ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ദൈവവചന പ്രസംഗ വിഷയം ?

കർത്താവിന്റെ രണ്ടാം വരവും സഭയുടെ വീണ്ടെടുപ്പും. ഇപ്പോൾ ഇത്തരം പ്രസംഗങ്ങൾ വളരെ വിരളമാണ്.


6. ആത്മീയരംഗത്ത് ഏറ്റവും കൂടുതൽ സ്വാധീനിച്ച വ്യക്തി?
സ്വാധീനിക്കാനുണ്ടായ മൂന്നു സവിശേഷതകൾ ?

എന്നെ രക്ഷയിലേക്ക് നയിച്ച പാസ്റ്റർ എം.രാജു, പാസ്റ്റർ പി.എം ഫിലിപ്പ്, പാസ്റ്റർ വി.ജെ.ജോർജ്, പാസ്റ്റർ ബാബു ഏബ്രഹാം (കോഴിക്കോട്)

  1. ഇവരൊക്കെ ദൈവരാജ്യത്തിന്റെ കെട്ടുപണിക്കായി ഏറെ പ്രയത്നിച്ചു.
  2. കറകളഞ്ഞ പെന്തെക്കോസ്തു ഉപദേശം.
  3. സഭകൾ സ്ഥാപിക്കുന്നതിനായി സഹിച്ച കഷ്ടപാടുകൾ

7. മനസിനെ ഏറെ സ്വാധീനിച്ച (ഏറ്റവും ഇഷ്ടപ്പെട്ട ) ആത്മീയ ഗാനം ? 

  1. 1ഉയർപ്പിൻ ജീവനാം .....
  2. ദൈവകൃപയിൽ ഞാൻ ആശ്രയിച്ച് ......
  3. കുഞ്ഞാട്ടിൻ തിരുരക്തത്താൽ ഞാൻ ശുദ്ധനായി തീർന്നു......

8. ജീവിതചര്യ,ഭക്ഷണം,ഇഷ്ടങ്ങൾ ?

അതിരാവിലെ എഴുന്നേറ്റുള്ള പ്രാർഥനയും വചന ധ്യാനവും

മുടങ്ങാതെയുള്ള നടപ്പ്

ഏതു ഭക്ഷണവും കഴിക്കും. കപ്പയും മീൻ കറിയും കൂടുതൽ ഇഷ്ടം.

സുവിശേഷ യോഗങ്ങളിൽ പങ്കെടുക്കുന്നതാണ് ഏറ്റവും ഇഷ്ടം.

9. ഇന്നത്തെ തലമുറ ചെയ്യേണ്ട മൂന്നു കാര്യങ്ങൾ?

  1. മാതാപിതാക്കളെ  സ്നേഹിക്കുകയും വാർധ്യക്യത്തിൽ സംരക്ഷിക്കുയും വേണം.
  2.  സഭയുടെ പ്രവർത്തനങ്ങളിൽ സജീവമായി നിലകൊള്ളണം.
  3.  ദിവസവും ബൈബിൾ വായിക്കണം

9. സഭാ യോഗങ്ങൾ  അന്നും ഇന്നും ? മാറ്റേണ്ട മൂന്നു കാര്യങ്ങൾ ?

പഴയകാലത്തെ സഭായോഗങ്ങൾ ആത്മതപനത്തിനും ആത്മീയ ഉണർവിനും കാരണമാകും. സമയം നോക്കാതെ
അന്യഭാഷ പറഞ്ഞ് ആരാധിച്ച് ആഘോഷമായി അപ്പം നുറുക്കി ബലപ്പെടും.
ഇന്ന് അതൊന്നും ഇല്ല.

  1. സഭാ ശുശ്രൂഷകന്മാർ ആത്മാവിൽ ജാഗരിച്ച് ഒരുക്കുന്ന ദൂത് പ്രസംഗിക്കുക.
  2. ഏതു പാട്ടു പാടിയാലും അത് ആത്മാവിന്റെ തലത്തിലേക്ക് നയിക്കപ്പെടണം.
  3.  സഭായോഗാനന്തരം സുവിശേഷ പ്രവർത്തനം നിർബന്ധമാക്കണം.

11. കുടുംബം ?

ഭാര്യ മറിയാമ്മ കുരുവിള.
മക്കൾ: കുര്യക്കോസ് പി.കെ (കുഞ്ഞുമോൻ ), മറിയാമ്മ രാജു ( ജസി,കോയമ്പത്തൂർ ), ഏലിയാമ്മ റോയി (മിനി -മഞ്ചേരി ), എബ്രഹാം പി.കെ. (ബിജു - കോയമ്പത്തൂർ ).

നന്ദി : ജയിംസ് വർക്കി നിലമ്പൂർ

Advertisement