വെളിപ്പാട് പുസ്‌തകം; ഒരു സമഗ്ര പഠനം

വെളിപ്പാട് പുസ്‌തകം; ഒരു സമഗ്ര പഠനം

ഗ്രന്ഥാവലോകനം| അനീഷ് കൊല്ലംകോട് (ജനറൽ സെക്രട്ടറി, ശാരോൻ റൈറ്റേഴ്‌സ് ഫോറം, തിരുവല്ല)

ഗ്രന്ഥകർത്താവ്: ബോബി തോമസ് മാഞ്ഞൂരാൻ

വെളിപ്പാട് പുസ്തക പഠനം എന്നത് ക്രൈസ്തവ സഭയെ സംബന്ധിച്ചിടത്തോളം എക്കാലത്തും പ്രസക്തിയുള്ളതാണ്. അന്ത്യകാല ശാസ്ത്രവുമായി ബന്ധപ്പെട്ട് മലയാള ഭാഷയിൽ ഈ അടുത്തകാലത്തൊന്നും ഒരു ഗ്രന്ഥം പ്രസിദ്ധീകരിച്ചതായി അറിവില്ല.

ഭാവികാല വിജ്ഞാനീയത്തിൽ ഒരു സമഗ്ര പഠനം സംഭാവന ചെയ്യുക എന്നത് എല്ലാവർക്കും സാധിക്കുന്നതോ അത്ര എളുപ്പമുള്ളതോ ആയ കാര്യവുമല്ല.

ബോബി തോമസ് മാഞ്ഞൂരാൻ തയ്യാറാക്കിയിരിക്കുന്ന വെളിപ്പാട് പുസ്‌തകം ഒരു സമഗ്ര പഠനം എന്ന ഗ്രന്ഥം തന്റെ 23 വർഷത്തെ ഗവേഷണത്തിന്റെ ഫലമാണ് എന്നത് ഈ ഗ്രന്ഥത്തിന്റെ മാറ്റ് വർധിപ്പിക്കുന്നു. 

പെന്തെക്കോസ്തു പ്രത്യയ ശാസ്ത്രത്തിൽ നിന്ന് അണുവിട വ്യതിചലിക്കാതെയും അതേസമയം, ഇന്നലെകളിലെ വ്യാഖ്യാനഗ്രന്ഥങ്ങളെ ബഹുദൂരം പിന്നിലാക്കിക്കൊണ്ടും ആത്മീയ വെളിപ്പാടുകളുടെ കലവറയാണ് ഈ മഹത്ഗ്രന്ഥം സമകാലിക ക്രൈസ്തവ സമൂഹത്തിന് കൈമാറുന്നത്.

അതിശയോക്തികൾ കുത്തി നിറച്ചുള്ള ഇന്നലെകളിലെ അനാവശ്യ വർണ്ണനകളെ ചോദ്യം ചെയ്തുകൊണ്ടും വസ്തുതാപരമായ തെളിവുകൾ നിരത്തി വിമർശകരുടെ വായടപ്പിച്ചും അനുവാചകരെ അമ്പരപ്പിക്കുന്ന ചരിത്രപരമായ രേഖകൾ ഈ ഗ്രന്ഥത്തിന്റെ മുഖ്യ ആകർഷണമാണ്. 

വെളിപ്പാട് പുസ്തകത്തിലെ അപ്പോക്കലിപ്‌റ്റിക് ഇമേജറി, സങ്കീർണ്ണമായ പ്രതീകാത്മകത, പ്രാവചനിക ഉള്ളടക്കം എന്നിവ വളരെക്കാലമായി ദൈവശാസ്ത്രജ്ഞർക്കും സാധാരണ വായനക്കാർക്കും ഇടയിൽ ആകർഷകത്വത്തിൻ്റെ മാത്രമല്ല, സംവാദത്തിൻ്റെയും ഉറവിടമാണ്.

തേജോമയനായ ക്രിസ്തുവിന്റെ രൂപം, ഏഴു സഭകൾക്കുള്ള സന്ദേശങ്ങൾ, സഭയുടെ ഉത്പ്രാപണം ഉൾപ്പടെയുള്ള അഞ്ച് ഉയിർത്തെഴുന്നേൽപ്പുകൾ, ഏഴു മുദ്രകളുടെ ഭേദനം, മൃഗത്തിന്റെ സംഖ്യയായ 666, ഏഴു കാഹളങ്ങൾ, ഏഴു കലശങ്ങൾ, സൂര്യ ധാരിണിയായ സ്ത്രീയും ആൺകുട്ടിയും, മുദ്രയിടപ്പെട്ട 144000 ഇസ്രായേല്യർ, രണ്ടു സാക്ഷികൾ, എതിർ ക്രിസ്തുവിന്റെ ഭരണവും മഹോപദ്രവകാല സംഭവ വികാസങ്ങളും, സഹസ്രാബ്ദ വാഴ്ച്ച, വെള്ള സിംഹാസനം, അന്ത്യ ന്യായവിധി, പുതിയ യെരുശലേം, പുതിയ ആകാശം പുതിയ ഭൂമി, തുടങ്ങി ചെറുതും വലുതുമായ വിഷയങ്ങൾ ആഴത്തിൽ പര്യവേക്ഷണം ചെയ്തുകൊണ്ട് സന്തുലിതവും പെന്തെക്കോസ്തു ദൈവശാസ്ത്രത്തിലധിഷ്‌ടിതവുമായ ഏറ്റവും മികച്ച വ്യാഖ്യാനമാണ് വെളിപ്പാട് പുസ്തകം ഒരു സമഗ്ര പഠനം എന്ന ഗ്രന്ഥം.

 കാൽ നൂറ്റാണ്ടിന്റെ സുദീർഘമായ പഠനത്തിനു മപ്പുറത്ത് അനുബന്ധ വിഷയങ്ങളിന്മേലുള്ള ഗ്രന്ഥകാരന്റെ അവഗാഹവും വേദപുസ്തക വ്യഖ്യാന വൈദഗ്ധ്യവും ഗ്രന്ഥത്തിന്റെ ഓരോ പേജിലും നിഴലിക്കുന്നത് അനുവാചകർക്ക് വരികൾക്കിടയിലൂടെ വായിക്കാൻ സാധിക്കും. 

ഇത് ഒരു സാധാരണ പുസ്തകമല്ല, അമൂല്യമായ ഒരു റഫറൻസ് ഗ്രന്ഥമാണ്. ഉപദേശം തെറ്റാതെ വെളിപ്പാട് പുസ്തകം പഠിക്കാൻ ആഗ്രഹിക്കുന്ന ഒരാളുടെ പഠന മുറിയിൽ ഈ പുസ്തകത്തിന് പ്രഥമ സ്ഥാനം നൽകണം. ദൈവശാസ്ത്രജ്ഞരും, വേദ പണ്ഡിതരും, വേദ അധ്യാപകരും, പ്രാവചനിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്നവരും സഭയെ സ്നേഹിക്കുന്ന ഉപദേഷ്‌ടാക്കന്മാരായ പാസ്റ്റർമാരും വേദ പഠിതാക്കളും ഈ ഗ്രന്ഥം തീർച്ചയായും വായിച്ചിരിക്കേണ്ടതാണ്.  

ഈ പുസ്തകത്തെ ഒരു അക്കാദമിക് പഠനമായി മാത്രമല്ല, വിജയകരമായ ദൈനം ദിന ആത്മീയ ജീവിതത്തിന്റെ വഴി വിളക്ക് എന്ന നിലയിലും സമീപിക്കാൻ അനുവാചകരെ ആഹ്വാനം ചെയ്യുന്നു.  

ഇതഃപര്യന്തം ശാരോൻ റൈറ്റേഴ്‌സ് ഫോറം പ്രസിദ്ധീകരിച്ചതിൽ ഏറ്റവും മികച്ച ഗ്രന്ഥമാണ് " വെളിപ്പാട് പുസ്തകം ഒരു സമഗ്ര പഠനം" എന്ന ഈ കൃതി. ഈ മഹത് ഗ്രന്ഥത്തിന് പിന്നിൽ ഗ്രന്ഥകാരൻ ചിലവഴിച്ച സമയത്തിനും സമ്പത്തിനും അധ്വാനത്തിനും ദൈവം അത്യധികം പ്രതിഫലം നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ഈ ഗ്രന്ഥം അനേകർക്ക് ഒരു വഴിത്തിരിവായി മാറട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു.