മിഷനറി മാമ്മൻ ജോസഫിന് ജന്മനാടിൻ്റെ സ്വീകരണവും ജീവചരിത്ര പ്രകാശനവും നാളെ മുണ്ടത്താനത്ത്

മിഷനറി മാമ്മൻ ജോസഫിന് ജന്മനാടിൻ്റെ സ്വീകരണവും ജീവചരിത്ര പ്രകാശനവും നാളെ മുണ്ടത്താനത്ത്

മുണ്ടത്താനം: പശ്ചിമബംഗാളിലെ സിലിഗുരി കേന്ദ്രമാക്കി അരനൂറ്റാണ്ടായി മിഷനറി പ്രവർത്തനവും വിദ്യാഭ്യാസ പ്രവർത്തനങ്ങളും നടത്തുന്ന പാസ്റ്റർ മാമ്മൻ ജോസഫിനെ ജന്മനാട് ആദരിക്കുന്നു. നവംബർ രണ്ട് ശനി 10 ന് മുണ്ടത്താനം ഐപിസി  എബനേസർ സഭയിൽ നടക്കുന്ന സമ്മേളനത്തിൽ  പാസ്റ്റർ യേശുദാസ് അധ്യക്ഷത വഹിക്കും. റവ. എം ഐ ഈപ്പൻ, റവ ജോൺസൺ ജോർജ്, പാസ്റ്റർ കെ വി ചാക്കോ, പാസ്റ്റർ ടി എ ചെറിയാൻ, പാസ്റ്റർ സാംകുട്ടി ചാക്കോ നിലമ്പൂർ എന്നിവർ പ്രസംഗിക്കും.

50 വർഷം മുൻപ് പശ്ചിമബംഗാളിന്റെ പടിഞ്ഞാറെ അറ്റത്ത് ഡാർജെലിങ്ങ് ജില്ലയിൽ നിരക്ഷരരായ ഗ്രാമീണരുടെ ഇടയിൽ മിഷനറി പ്രവർത്തനം ആരംഭിച്ച മാമ്മൻ ജോസഫ് വിദ്യാഭ്യാസ പ്രവർത്തനങ്ങളും നിരവധി സാമൂഹ്യ സേവന പദ്ധതികളും നടപ്പിലാക്കി. പെനിയേൽ ഗോസ്പൽ ടീം, നോർത്ത് ഈസ്റ്റ് ബൈബിൾ സെമിനാരി, ഹെബ്രോൻ ഗ്രൂപ്പ് ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ, വയോജന വിദ്യാഭ്യാസ കേന്ദ്രങ്ങൾ, ചൈൽഡ് ഡെവലപ്മെൻറ് പ്രൊജക്ടുകൾ, സ്ത്രീശാക്തീകരണ പദ്ധതികൾ തുടങ്ങിയ നിരവധി സാമൂഹ്യ സേവന പദ്ധതികൾ വിജയകരമായി നടപ്പാക്കിയതിലൂടെ മേഖലയിലെ ഗ്രാമീണ ജനതയുടെ സാമൂഹ്യ ഉന്നമനത്തിനായി ത്യാഗോജ്വലമായ പ്രവർത്തനങ്ങളാണ് പാസ്റ്റർ മാമ്മൻ ജോസഫും ഭാര്യ ഏലിയാമ്മ മാമ്മനും നടത്തിയത്. അരനൂറ്റാണ്ട് നീണ്ട തീവ്രമായ സുവിശേഷീകരണ പദ്ധതികളിലൂടെ പതിനായിരങ്ങളെ ക്രിസ്തു സ്നേഹത്തിലേക്ക് നയിക്കുവാൻ മാമ്മൻ ജോസഫിന് സാധിച്ചു.

മിഷനറി പ്രവർത്തനത്തിന്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന സമ്മേളനത്തിൽ നിർധനരായ 12 കുടുംബങ്ങൾക്ക് വീട് വയ്ക്കുവാനുള്ള സ്ഥലവും ഭവന നിർമ്മാണ സഹായവും കൈമാറും. പഞ്ചായത്ത് പ്രസിഡണ്ടും പഞ്ചായത്ത് വൈസ് പ്രസിഡണ്ടും ചേർന്ന് സഹായങ്ങൾ കൈമാറും.

മാമ്മൻ ജോസഫിന്റെ അരനൂറ്റാണ്ട് ജീവിതാനുഭവങ്ങൾ വിവരിക്കുന്ന 'ഡാർജെലിങ്ങ് താഴ്‌വരയിലെ സുവിശേഷ വിപ്ലവം'  എന്ന ജീവചരിത്ര ഗ്രന്ഥത്തിന്റെ പ്രകാശനവും നടക്കും . ഹാലേലൂയ പത്രാധിപർ സാംകുട്ടി ചാക്കോ നിലമ്പൂർ ആണ് ഗ്രന്ഥകാരൻ. ഹാലേലുയ്യ ബുക്സ് ആണ് പ്രസാധകർ. 300 രൂപ വിലയുള്ള ഈ പുസ്തകം അടുത്ത ഒരു മാസത്തേക്ക് 180 രൂപയ്ക്ക് ലഭിക്കും. കോപ്പികൾ ആവശ്യമുള്ളവർ വാട്സ്ആപ്പ് ചെയ്യുക 6282936289, 8921861968

Advertisement