ഡോ. തോമസ് ഏലിയാസും ഭാര്യ ഡോ. ഗ്രേസി ഏലിയാസും ചേർന്നെഴുതിയ ‘വിശ്വാസജീവിതത്തിന്റെ കാണാപ്പുറങ്ങൾ’ പുറത്തിറങ്ങി
ഡോ. തോമസ് ഏലിയാസും ഭാര്യ ഡോ. ഗ്രേസി ഏലിയാസും ചേർന്നെഴുതിയ ‘FROM GOD’S OWN COUNTRY TO THE LAND OF MILK AND HONEY’ എന്ന പുസ്‌തകത്തിന്റെ മലയാളം പരിഭാഷ ‘വിശ്വാസജീവിതത്തിന്റെ കാണാപ്പുറങ്ങൾ’ പുറത്തിറങ്ങി.
ഹ്യൂസ്റ്റൺ: ഡോ.തോമസ് ഏലിയാസും ഭാര്യ ഡോ. ഗ്രേസി ഏലിയാസും ചേർന്നെഴുതിയ ‘FROM GOD’S OWN COUNTRY TO THE LAND OF MILK AND HONEY’ എന്ന പുസ്‌തകത്തിന്റെ മലയാളം പരിഭാഷയായ ‘വിശ്വാസജീവിതത്തിന്റെ കാണാപ്പുറങ്ങൾ’ എന്ന പുസ്തകം ഹ്യൂസ്റ്റണിൽ നടന്ന പിസിനാക്കിൽ ഡോ. ഏബ്രഹാം ചാക്കോ പിസിഎൻഎകെ നാഷണൽ സെക്രട്ടറി രാജു പൊന്നോലിന് നൽകി പ്രകാശനം ചെയ്തു.
ഗ്രന്ഥരചയിതാക്കളുടെ ജീവിതത്തിന്റെ നേർചിത്രമാണ് പുസ്‌തകത്തിന്റെ ഉള്ളടക്കം. കുടുംബ പശ്ചാത്തലം, ദൈവ ഭക്തിയിൽ മക്കളെ വളർത്തിയത്, അവരുടെ വിദ്യാഭ്യാസം, അവരുടെ തൊഴിൽ മേഖലയൊക്കെ പുസ്‌തകത്തിൽ കാണാം.
ഗ്രന്ഥകർത്താക്കളുടെ ജീവിതത്തിൽ ഉണ്ടായ ദൈവത്തിൻെറ വിശ്വസ്തതയാണ് ഈ പുസ്തകത്തിൻെറ പ്രമേയം. ദൈവത്തിൻ്റെ കരുതലിനെ ‘കർത്താവ് ചെയ്തത് നോക്കൂ’ എന്ന് പുസ്തകത്തിലുടനീളം വായിക്കാൻ കഴിയും. നശിച്ചുപോകുന്ന ജീവിതങ്ങൾ ക്രിസ്തുവിനെ പിൻപറ്റുന്നവരായിരിക്കണമെന്ന് രചയിതാക്കൾ വളരെയേറെ ആഗ്രഹിക്കുന്നു.
ഗ്രന്ഥകർത്താക്കളായ ഡോക്ടർ തോമസും ഡോക്ടർ ഗ്രേസിയും കേരളത്തിലെ സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്നവരാണ്. അവരുടെ ആവശ്യഭാരങ്ങളെ ദൈവം വിശ്വസ്തതയോടെ നിറവേറ്റി കൊടുത്തു.
ശാസ്ത്രലോകത്തെ ഏറ്റവും ബഹുമാന്യനും മുൻ രാഷ്ട്രപതിയുമായ ഡോക്ടർ എപിജെ അബ്ദുൾ കലാമിനോടൊപ്പമുള്ള ഡോക്ടർ തോമസിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ നീൽ ആംസ്ട്രോങ്, അമേരിക്കയിലെ തോമസിന്റെ ഉപരിപഠന വേളയിലെ പ്രൊഫസറായിരുന്നു.
ഡോക്ടർ തോമസ് ഒരു എഞ്ചിനീയറും എൻജിനീയറിങ് പ്രൊഫസറുമാണ്. എല്ലാറ്റിനുമുപരി ഒരു ദൈവദാസനുമാണ്. മുപ്പതിലധികം വർഷങ്ങളായി തൻ്റെ സഭയിലും മറ്റ് അനേകം ഇടങ്ങളിലും ദൈവവചനം പഠിപ്പിക്കുന്നതിലും, പ്രസംഗിക്കുന്നതിലും അദ്ദേഹം വളരെ ശ്രദ്ധാലുവാണ്.
ഡോക്ടർ തോമസിന്റെ സഹധർമ്മിണി ഡോ. ഗ്രേസി ഏലിയാസ് ഒരു ശാസ്ത്രജ്ഞയും യൂണിവേഴ്സിറ്റി പ്രൊഫസറുമാണ്. സുവിശേഷ വേലയിൽ ഇരുവരും ചേർന്ന് ഇന്ത്യ, അമേരിക്ക, മെക്സിക്കോ, കെനിയ, സൗത്ത് അമേരിക്ക എന്നിവിടങ്ങളിൽ ശുശ്രൂഷിച്ചിട്ടുണ്ട്.
ഇവർക്ക് രണ്ട് ആൺമക്കളാണുള്ളത്. കുടുംബസ്ഥരായി ഇവർ അമേരിക്കയിലെ ടെക്സാസ് ഷുഗർ ലാൻഡിൽ താമസിക്കുന്നു.
ഈ പുസ്തകം ആദ്യമായി ഇംഗ്ലീഷ് ഭാഷയിൽ അമേരിക്കയിലെ ട്രിനിറ്റി ബ്രോഡ്കാസ്റ്റിംഗ് നെറ്റ്‌വർക്ക് (TBN) ആണ് പ്രസിദ്ധീകരിച്ചത്. ക്രിസ്ത്യൻ ബുക്ക്സ്റ്റാളുകൾക്ക് പുറമേ ആമസോൺ വഴിയും താമസം കൂടാതെ പുസ്തകം ലഭ്യമാകും. മലയാള പരിഭാഷ പുറത്തിറക്കിയിരിക്കുന്നത് ഗുഡ്ന്യൂസ് ബുക്സ് ആണ്.