ഏറെ വിളവുതന്ന യുവജന ക്യാമ്പുകൾ

0
1844

ഓർമച്ചെപ്പ് -4

ഏറെ വിളവു തന്ന യുവജന ക്യാമ്പുകൾ

സി.വി മാത്യു, ചീഫ് എഡിറ്റർ ഗുഡ്ന്യൂസ്

മയം വൈകിട്ട് നാലുമണി കഴിഞ്ഞു, സ്ഥലം തൃശൂർ ‘തേക്കിൻ കാട് ‘ മൈതാനം – പേര് തേക്കിൻകാട് എന്നാണെങ്കിലും അവിടെ മരുന്നിനുപോലും തേക്ക് ഇല്ലാതിരുന്ന കാലം. ആളുകൾ സൗഹൃദത്തിനു ഒന്നിച്ചു കൂടുന്ന സ്ഥലം. സന്ധ്യമയങ്ങുമ്പോഴേക്കും മൈതാനം ജനനിബിഡമാകും. മരച്ചുവട്ടിലെല്ലാം കൊച്ചുകൊച്ചു കൂട്ടങ്ങൾ. ചിലർ നാട്ടുവിശേഷങ്ങൾ പറയുന്നു, മററു ചിലർ കവടികളി, ചീട്ടു – ചെസ് തുടങ്ങിയ വിനോദങ്ങളിലും. കടലാസ് കുമ്പിളുകളുമായി കടല കപ്പലണ്ടി വിളികളോടെ ഓടി നടക്കുന്ന കുട്ടികൾ.

ലോക പ്രസിദ്ധമായ തൃശൂർ പൂരം നടത്തുന്നതിനു ഒഴിച്ചിട്ടിരിക്കുന്ന സ്ഥലമാണ് തേക്കിൻകാടു മൈതാനം. തെക്കുവശത്ത് നെഹ്റു മണ്ഡപം, കുറച്ചു മുകളിൽ രാഷ്ട്രീയയോഗങ്ങൾ നടക്കുന്ന വിദ്യാർത്ഥി കോർണർ. കുന്നിൽ മുകളിൽ നാലു ദിക്കിലേക്കും ഗോപുര വാതിലുകൾ. ഇപ്പോൾ തെക്കു കിഴക്കേ മൂലയിൽ കുറച്ചു തേക്കു തൈകൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്, വടക്കു കിഴക്കേ മൂലയിൽ ചിൽഡ്രൻസ് പാർക്കും.

നഗരത്തിനു നടുക്ക് 65 ഏക്കർ വിസ്ത്രിതിയിൽ വൃത്താകൃതിയിലുള്ള മൈതാനത്തോട് ചേർന്നു മൈലുകൾ നീളുന്ന റോഡും നാനാഭാഗത്തേക്കു ഇരുപതോളം ഉപറോഡുകളുമായുള്ള സ്വരാജ് റൗണ്ട്.

ഈശോച്ചായൻ എന്നു ബഹുമാനത്തോടെ വിളിക്കുന്ന പാസ്റ്റർ ടി.സി. ഈശോയോടൊപ്പം ഞാനും അവിടെയെത്തി. എന്റെ ആത്മീയ വളർച്ചയിൽ വിസ്മരിക്കാനാവാത്ത വ്യക്തിയാണ് ഈശോച്ചായൻ. തിരക്കൊഴിഞ്ഞ സ്ഥലത്ത് ഒരു മരച്ചുവട്ടിൽ ഞങ്ങളിരുന്നു. കുറച്ചു നേരം പ്രാർത്ഥിച്ചു. സെന്ററിലെ സണ്ടേസ്കൂൾ,
പി.വൈ പി.എ പ്രവർത്തനങ്ങൾ സജീവമാക്കുന്നതിനെക്കുറിച്ചു സംസാരിച്ചു. നല്ല ലഘുലേഖകൾ കിട്ടാൻ പ്രയാസമുള്ള സമയമായിരുന്നു അന്ന്.

പാസ്റ്റർ ടി.സി. ഈശോ

കോട്ടയത്തുനിന്നു ‘സത്യവചനം’ പ്രസിദ്ധീകരിക്കുന്ന ലഘു ലേഖകളായിരുന്നു പ്രധാനമായും അന്നു ലഭിച്ചിരുന്നത്. യേശുനാമ ഉപദേശം അതിൽ മിക്കതിലും തിരുകി കയറ്റിയിരുന്നതിനാൽ പലതും പെന്തെക്കോസ്തു സഭകൾ വിതരണം ചെയ്യുവാൻ മടിച്ചിരുന്നു. (ഈ കുറവു ഒരു പരിധിവരെ നികത്തുവാൻ കഴിഞ്ഞത് വി.എം. മാത്യു സാറിന്റെ ഉത്സാഹത്തിൽ ആരംഭിച്ച ശാലേം ട്രാക്റ്റ് സൊസൈറ്റിയുടെ വരവോടെയാണ്. അതോടു ചേർന്നു പ്രവർത്തിക്കുവാൻ കഴിഞ്ഞ കാലവും ഓർമയിൽ സജീവമാണ്).

വിദേശത്തുനിന്നു വന്ന ചില നല്ല ലഘുലേഖകൾ ഈശോച്ചായന്റെ കൈവശമുണ്ടായിരുന്നു. അതിലെ വിലാസത്തിൽ ലഘു ലേഖകൾക്കായി അമേരിക്കയിലേക്കു എഴുതുവാൻ പറയുവാനാണ് എന്നെ തൃശൂർക്കു കൊണ്ടുപോയത്. പാസ്റ്റർമാരും മറ്റും സായിപ്പന്മാരെ പറ്റിച്ചു   പണം വാങ്ങി സമ്പന്നരാകുന്നതിനെക്കുറിച്ച് അന്നും പരാതികളുണ്ടായിരുന്നു. അത്തരത്തിൽ ഒരു ചീത്തപ്പേരുണ്ടാക്കുന്നത് ഈശോച്ചായനു ഭയമായിരുന്നു. അതുകൊണ്ട് എന്നോടു പറഞ്ഞു: ‘നാം വിദേശത്തേക്കു കത്തയച്ചത് ആരും അറിയരുത്, ലഘുലേഖയല്ലാതെ മറ്റൊരാവശ്യവും കത്തിൽ ഉണ്ടാകരുത് ‘.

അദ്ദേഹത്തിന്റെ നല്ല മനസിനോടെനിക്കു വലിയ മതിപ്പും ബഹുമാനവും തോന്നി. കത്തയച്ചെങ്കിലും പ്രതീക്ഷിച്ചത്രയും  ലഘുലേഖകൾ ലഭിച്ചില്ല. സായിപ്പിനെ കറക്കുവാനുള്ള അറിവുകേടോ, പൊടിപ്പും തൊങ്ങലുമുള്ള ഇല്ലാകഥകൾ നിരത്തി സോപ്പിടാനുള്ള എന്റെ കഴിവുകേടോ എന്തോ ആ ദൗത്യം വേണ്ടത്ര വിജയിച്ചില്ല.

ഒരു പ്രാവശ്യം വിദേശത്തു പോയി വരുന്നവർ പണിയുന്ന വീടും, വാങ്ങുന്ന കാറും, ആർഭാടവും അഹന്തയും മറ്റും കാണുന്ന പലരും പലവട്ടം വിദേശത്തു പോയ എന്നെ തെറ്റിദ്ധരിച്ചിട്ടുള്ളത് ഈയിടെയും ഞാൻ ഓർത്തു. അർഹിക്കാത്ത പണം കൈവശമാക്കുവാനോ കള്ളം പറയുവാനോ മാതാപിതാക്കൾ എന്നെ പഠിപ്പിച്ചില്ല. പക്ഷേ,അത് അനുഗ്രഹമായിത്തന്നെ ഞാനിന്നും കാണുന്നു. ഹൈസ്കൂളിൽ പഠിക്കുമ്പോൾ എന്റെ ക്ലാസിൽ സാധാരണക്കാരനായ ഞാനും മറ്റൊരു കുട്ടിയും മാത്രമാണ് ഫീസു കൊടുത്തു പഠിച്ചത്. സമ്പന്നമാരുടെ മക്കൾ പലർ അന്നു സഹപാഠികളായി ഉണ്ടായിരുന്നു. എനിക്കൊരു വാച്ചു വേണമെന്നു പറഞ്ഞപ്പോൾ സ്മഗിൾഡു വാച്ചു കിട്ടാനുണ്ടായിരുന്നിട്ടും പ്രിയ പിതാവ് കടയിൽ പോയി ഒരു ‘ഫേവർ ലൂബ’ വാച്ചു വാങ്ങിത്തന്നതു ഞാൻ ഇടയ്ക്കിടെ ഓർക്കാറുണ്ട്.

വിഷയത്തിലേക്കു മടങ്ങിവരട്ടെ. സണ്ടേസ്ക്കൂൾ, പി.വൈ പി.എ. പ്രവർത്തനങ്ങൾ ജില്ലാ തലത്തിൽ നന്നായി നടക്കുന്ന സമയമായിരുന്നു അത്. സഭയിലെ പരിമിതമായ പ്രവർത്തനങ്ങളിൽ നിന്നു ജില്ലാ തലത്തിലേക്കും പിന്നീട് സ്റ്റേറ്റിലേക്കും എന്നെ പ്രോത്സാഹിച്ച് കൊണ്ടുപോയതും ഈശോച്ചായനായിരുന്നു. തൃശൂർ ജില്ലയിൽ പി.വൈ.പി.എ.ക്ക് നല്ല വേരോട്ടമുണ്ടായ കാലങ്ങളായിരുന്നു തുടർന്നങ്ങോട്ട്. അന്നത്തെ പി.വൈ.പി.എ. ക്യാമ്പുകൾ ആർക്കും മറക്കാനാവില്ല. കടലാസു പദ്ധതികളോ ഷോ ഐറ്റംസോ അല്ലായിരുന്നു അന്നുണ്ടായിരുന്നത്. ഉച്ചക്കു വന്നു ഹാജർവച്ച് സന്ധ്യയാകുമ്പോൾ മടങ്ങുകയല്ലായിരുന്നു അന്നത്തെ രീതി.

ഒരു പഴയകാല ഓർമ്മ- സുവിശേഷ റാലി (ഫയൽ ചിത്രം)

മിക്കവാറും എല്ലാവരും തന്നെ ക്യാമ്പു സ്ഥലത്തു താമസിക്കും. സ്കൂളോ ഏതെങ്കിലും വീടോ ഒക്കെയായിരിക്കും ക്യാമ്പു സെന്റർ. പരിമിതമായ സൗകര്യത്തിൽ സന്തോഷത്തോടെ താമസിക്കുവാൻ എല്ലാവരും ഒരുക്കമായിരിക്കും. യുവാക്കളുടെ പല്ലുതേപ്പും കുളിയുമെല്ലാം അടുത്ത പുഴയിലോ കുളത്തിലോ ആയിരിക്കും.
പ്രഭാത പ്രാർത്ഥന സമയത്തു ആരും പുതപ്പിനുള്ളിൽ ചുരുളില്ല, അതിനു അനുവദിക്കുകയുമില്ല. ക്യാമ്പിലെ കട്ടൻ കാപ്പിയാണ് എല്ലാവരെയും ഊർജസ്വലരാക്കുന്നത്.

 

പ്രഭാത ഭക്ഷണത്തിനു ശേഷം ഭവന സന്ദർശനമാണ്. ലീഡേഴ്സ് ഒപ്പമുണ്ടാകും, കമ്മറ്റിയുടെ പേരിൽ ആരും ക്യാമ്പിൽ തങ്ങുകയില്ല. നടക്കുവാൻ ബുദ്ധിമുട്ടുള്ളവർ ആ സമയം പ്രാർത്ഥനക്കു ചെലവഴിക്കും. ഉച്ചയോടെ ടീമംഗങ്ങൾ മടങ്ങിയെത്തും. തുടർന്നള്ള സമയം ഭവന സന്ദർശന അനുഭവങ്ങൾ പങ്കുവക്കാൻ ഉള്ളതാണ്. ഓരോ ക്യാമ്പിലും സ്തുതി സ്തോത്രങ്ങൾക്കുള്ള ധാരാളം അനുഭവങ്ങൾ ഉണ്ടായതു ഓർമയിലുണ്ട്.

തിക്തമായ അനുഭവങ്ങൾ പ്രാത്ഥനക്കു സമർപ്പിക്കും.   ഉച്ചഭക്ഷണത്തിനു ശേഷം പ്രാർത്ഥനക്കും ചർച്ചകൾക്കും താലന്തു പ്രദർശനത്തിനുമായിരിക്കും ചെലവഴിക്കുക.നാലു മണിക്ക് പരസ്യ യോഗം. വാക്യങ്ങൾ വിളിച്ചു പറഞ്ഞുകൊണ്ടുള്ള റാലിയായിട്ടായിരിക്കും പരസ്യ യോഗത്തിനു പോവുകയും മടങ്ങി വരികയും ചെയ്യുക. സന്ധ്യയാകുമ്പോൾ  പൊതുയോഗം. അക്കാലത്തെ മിക്ക സ്ഥലങ്ങളിലെയും രീതിയായിരുന്നു ഇത്.

ഇന്നത്തെ പോലെ  സംഗീതോപകരണങ്ങളുടെ പ്രകമ്പനത്തിൽ മാസ്മരികത സൃഷ്ടിച്ചു ഇളക്കമുണ്ടാക്കി യുവജനങ്ങളെ ശൂന്യ ഹൃദയങ്ങളോടെ മടക്കി അയക്കുകയല്ല, പകരം അവരെ സുവിശേഷ ദർശനമുള്ളവരാക്കുകയായിരുന്നു ക്യാമ്പുകളുടെ ലക്ഷ്യം. മുസ്ലീം സെന്ററിൽ അവരുടെ വീട് വാടകക്കെടുത്ത് താമസിച്ച് അവരുടെ ഗ്രൗണ്ടിൽ രാത്രി യോഗവും നടത്തിയ അനുഭവവും മറക്കാനാവില്ല. അന്നത്തെ യുവജന പ്രവർത്തനങ്ങൾ സഭാ വളർച്ചക്കും പുതിയ മിഷൻ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനും സുവിശേഷ പ്രവർത്തകരെ ഒരുക്കിയെടുക്കുന്നതിനും കാരണമായതും നല്ല ഓർമകളാണ്.

പുതിയ ലക്കം ഗുഡ്‌ന്യൂസ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here