വിശ്വാസത്തിന്റെ കരുത്തോടെ സേവനത്തിൽ പതറാതെ; വൽസമ്മ ജോസിന് മന്ത്രിയുടെ പുരസ്കാരം

0
1980
ആരോഗ്യ മന്ത്രിയിൽ നിന്നും സിസ്റ്റർ വൽസമ്മ ജോസ് ഏറ്റുവാങ്ങുന്നു

ചാക്കോ കെ.തോമസ്, ബെംഗളുരു.

കോഴിക്കോട്. കഴിഞ്ഞ വർഷം കേരളത്തിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ച ദിനങ്ങളിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പേ വാർഡിൽ നിപ വൈറസ് ബാധിച്ച രോഗികളെ രാപകലില്ലാതെ ശുശ്രൂഷിച്ച നേഴ്സിംങ് തലവിയും (ഹെഡ് നേഴ്സ് ) ടി പി എം കോഴിക്കോട് സെന്റർ സഭാംഗവുമായ വൽസമ്മ ജോസിന് സ്തുത്യർഹമായ ആതുര ശുശ്രൂഷയ്ക്ക് നേഴ്സസ് ദിനത്തിൽ ആരോഗ്യ സാമൂഹ്യനീതി വനിതാ ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ അവാർഡ് നൽകി ആദരിച്ചു.
സമൂഹമാകെ ഭയപ്പെട്ടു പോയ അവസരമായിരുന്നു കേരളത്തിൽ നിപ വൈറസ്ബാധ സ്ഥിരീകരിച്ച ദിവസങ്ങൾ. കോഴിക്കോട് മെഡിക്കൽ കോളേജിലെ വൈറസ് ബാധിതരെ സംരക്ഷിക്കുന്നതിനായ് ആരോഗ്യ വകുപ്പ് തെരഞ്ഞെടുത്തത് സിസ്റ്റർ വത്സമ്മയുടെ നേതൃത്വത്തിലുള്ള പേവാർഡ് ആയിരുന്നു. നി പ വൈറസ് ബാധിച്ച് ജില്ലയിലെ വിവിധയിടങ്ങളിലായ് 16 പേര് മരണത്തിന് കീഴടങ്ങിയിരുന്നു. മെഡിക്കൽ കോളേജിലേക്ക് വൈറസ് ബാധിച്ച് വരുന്ന രോഗികൾക്കായ് സിസ്റ്റർ വൽസമ്മയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം ഐസോലേഷൻ വാർഡുകൾ തയ്യാറാക്കി രോഗികളെ പരിചരിക്കുകയായിരുന്നു. തന്റെ ഭർത്താവ് ജോസ് വർഗീസിനെയും ഏകമകൻ ബെൻ ജോസിനെയും ദൈവകരങ്ങളിൽ ഏൽപ്പിച്ച് വൽസമ്മ രാപകലില്ലാതെ വൈറസ് ബാധിതരായ രോഗികളെ ശുശ്രൂഷിച്ചിരുന്നു. ദി പെന്തെക്കോസ്ത് മിഷൻ കോഴിക്കോട് സെന്റർ സഭാംഗമായ വൽസമ്മ സൺഡെസ്ക്കൂൾ അദ്ധ്യാപികയും സഭയുടെ ആത്മീയ കാര്യങ്ങളിലും മുൻപന്തിയിലുമാണ്. അനേക ദൈവമക്കളുടെ പ്രാർഥനയാണ് തന്റെ ഔദ്യോഗിക ജീവിതത്തിൽ പ്രത്യാശയോടെ ഇന്ന് നിലനിൽക്കുന്നതെന്ന് വൽസമ്മ പറഞ്ഞു. പ്രശസ്തിക്കും പുകഴ്ചയ്ക്കും വേണ്ടിയല്ല ആതുരസേവനം ചെയ്യേണ്ടത്, ക്രിസ്തുവിൽ മറഞ്ഞിരുന്ന് ദൈവം നൽകിയ താലന്തുകൾ ദൈവനാമ മഹത്വത്തിനായ് ചെയ്യണമെന്ന് ഗുഡ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ വൽസമ്മ പറഞ്ഞു. കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ വാർഷികത്തിൽ അനേകരെ മരണമുഖത്തിൽ നിന്ന് രക്ഷപ്പെടുത്തിയ കോഴിക്കോട് മെഡിക്കൽ കോളേജ് ഗ്യാസ്ട്രോ വിഭാഗം ഉന്നത ചുമതല വഹിക്കുന്ന സിസ്റ്റർ വൽസമ്മയെ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ അവാർഡ് നൽകി ആദരിച്ചു.
കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം ചേവായൂർ ശാന്തിനഗർ കോളനി മുളംകുഴിയിൽ ജോസ് വർഗീസിന്റെ ഭാര്യയാണ്. ഏക മകൻ ബെൻ ജോസ് +2 വിദ്യാർഥി.

 

LEAVE A REPLY

Please enter your comment!
Please enter your name here