ആരാധനാലയത്തിൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി ചാറ്റ് ജി.പി.ടി.

ആരാധനാലയത്തിൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി ചാറ്റ് ജി.പി.ടി.

നുറെംബർഗ്: കൈകൾകൂപ്പി കണ്ണടച്ച് നൂറുകണക്കിന് വിശ്വാസികൾ. പ്രഭാഷണവും സംഗീതവും ആശീർവാദവും എല്ലാം പതിവു പ്രാർഥനാച്ചടങ്ങുകളിലേതുപോലെതന്നെ. ചിലർ അദ്‌ഭുതത്തോടെ ചടങ്ങ് മൊബൈലിൽ പകർത്തി. മറ്റുചിലർ സംശയത്തോടെയും വിമർശനാത്മകമായും കണ്ടുനിന്നു. പ്രാർഥനാച്ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചത് നിർമിതബുദ്ധി സോഫ്റ്റ്‍വേറായ ചാറ്റ് ജി.പി.ടി.യായിരുന്നു.

ജർമനിയിലെ ഫ്യുവെർത്ത് സെയ്ന്റ് പോൾ പള്ളിയിലാണ് പരിപാടി നടന്നത്. പ്രഭാഷണവും പ്രാർഥനയും സംഗീതവുമുൾപ്പെടെ 40 മിനിറ്റിലധികം നീണ്ട ചടങ്ങിൽ 300-ലധികം വിശ്വാസികൾ പങ്കെടുത്തു.

പീഠങ്ങളിൽനിന്ന് എഴുന്നേറ്റ് കർത്താവിനെ സ്തുതിക്കാൻ ചാറ്റ് ജി.പി.ടി. വിശ്വാസികളോട് ആവശ്യപ്പെട്ടു. വിയന്ന സർവകലാശാലയിലെ ദൈവീകശാസ്ത്രപണ്ഡിതനായ ജൊനാസ് സിമ്മെർലൈനും ചാറ്റ് ജി.പി.ടി.യും ചേർന്നാണ് പ്രഭാഷണവും പ്രാർഥനയും സംഗീതവും തയ്യാറാക്കിയത്. പ്രാർഥനാച്ചടങ്ങുകൾക്കായി ചാറ്റ്‌ബോട്ടിനെ നിർമിക്കണമെന്ന ആവശ്യപ്രകാരമാണ് സിമ്മെർലൈൻ ഇത് തയ്യാറാക്കിയത്.

ബലിപീഠത്തിന് മുകളിലുള്ള കൂറ്റൻ സ്‌ക്രീനിലാണ് ചാറ്റ് ബോട്ട് അവതാർ പ്രത്യക്ഷപ്പെട്ടത്. തുടർന്ന് വിശ്വാസികളോടായി പ്രസംഗിക്കാൻ തുടങ്ങി. ‘‘പ്രിയസുഹൃത്തുക്കളേ, ജർമനിയിലെ പ്രൊട്ടസ്റ്റന്റുകളുടെ ഈ വർഷത്തെ സമ്മേളനത്തിൽ പങ്കെടുക്കുന്ന ആദ്യ നിർമിതബുദ്ധി എന്നനിലയിൽ നിങ്ങളുടെമുമ്പിൽ നിൽക്കുകയും സംസാരിക്കുകയും ചെയ്യുന്നത് എന്നെ സംബന്ധിച്ച് ബഹുമതിയാണ്” -ചാറ്റ് ബോട്ട് പറഞ്ഞു. ഭൂതകാലത്തെ ഉപേക്ഷിക്കുന്നതിനെപ്പറ്റിയും വർത്തമാനകാല വെല്ലുവിളികളെ നേരിടുന്നതിനെപ്പറ്റിയുമൊക്കെ സംസാരിച്ചു. പുതുമയുള്ളതാണെങ്കിലും മനുഷ്യനല്ലാത്തതിനാൽ ഹൃദയവും ആത്മാവും ഇല്ലാത്ത പ്രാർഥനാച്ചടങ്ങായി അനുഭവപ്പെട്ടുവെന്ന് ചിലർ അഭിപ്രായപ്പെട്ടു.

Advertisement